Monday, December 6, 2010

ശാസ്ത്രജ്ഞന്റെ ഭയം

മിക്ക ദിവസങ്ങളിലും പുലര്‍ച്ച നാലു മണിക്ക് ഒരു സ്പീഡ് വാക്കിംഗ് പതിവുണ്ട്. ഡിസംബറിന്റെ തുടക്കം മഴ ആയിരുന്നതു കൊണ്ട് അന്ന് നല്ല തണുപ്പ് തോന്നിച്ചു. അതു കൊണ്ട് തലയില്‍ ഒരു തോര്‍ത്ത്‌ കെട്ടിയാണ് അന്ന് നാലുമണിക്ക് നടക്കാന്‍ ഇറങ്ങിയത്‌. ടൌണ്‍ ഷിപ്പിലെ DAE സ്കൂള്‍ റോഡില്‍ അന്ന് എന്തു കൊണ്ടോ സ്ട്രീറ്റ് ലൈറ്റ് പ്രവര്‍ത്തിച്ചിരുന്നില്ല. ഞാന്‍ നടക്കുമ്പോള്‍ എന്റെ എതിര്‍ ദിശയില്‍ നിന്നും സാധാരണ നടക്കാന്‍ വരാറുള്ള ശാസ്ത്രജ്ഞനായ എന്റെ ഒരു സുഹൃത്ത്‌ വരുന്നത് കണ്ടു. ഞാന്‍ അടുക്കും തോറും സുഹൃത്തിന്റെ നടപ്പിനു വേഗത കുറയുന്നതു പോലെ ഒരു തോന്നല്‍. അദ്ദേഹത്തിന്റെ തയക്കം എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. 

ഞാന്‍ ഒരു ലോഹ്യം എന്നോണം ഇന്നെന്തു പറ്റി വളരെ നേരത്തെ ഇറങ്ങിയോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പെട്ടെന്ന് പറഞ്ഞു.
ഇതെന്തു പണിയാ സുഹൃത്തേ ? താന്‍ എന്നെ ശരിക്കും  ഭയപ്പെടുത്തിയല്ലോ!   എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം നടന്നു നീങ്ങി.
അദ്ദേഹം ഭയപ്പെടുവാന്‍ ഉണ്ടായ കാരണം മനസ്സിലാക്കുവാന്‍ അധിക നേരം വേണ്ടി വന്നില്ല. ഞാന്‍ ഒരു നീല നിറ പാന്റും പച്ച നിറ ഷര്‍ട്ടും ധരിച്ചു, വെള്ള നിറ തോര്‍ത്ത്‌ തലയിലും കെട്ടിയപ്പോള്‍ ഇരുട്ടില്‍ ഞാന്‍ തലയില്‍ കെട്ടിയിരുന്ന തോര്‍ത്തിന്റെ വെളുപ്പ്‌ നിറം മാത്രം നീങ്ങുന്നത്‌ കണ്ടു അദ്ദേഹം ഭയന്നതാണ് എന്ന് മനസ്സിലായി.
 ശാസ്ത്രജ്ഞനും മനുഷ്യനല്ലേ!


Wednesday, August 25, 2010

പൌലോസ് അച്ചായന്‍

പൌലോസ് അച്ചായന്‍ ഒരു കൊച്ചു ഫൈനാന്‍സര്‍ കൂടി ആയിരുന്നു. പലിശ നിരക്ക് വളരെ കുറവാണ്. നൂറു രൂപയ്ക്ക് വെറും മൂന്നു രൂപ മാത്രം. അച്ചായാൻ ഒരു വലിയ വിശ്വാസികൂടിയാണ്. പലിശക്കു പണം കടം നല്കുന്നത് പാപമല്ലേ, ബൈബിളിൽ പലിശവാങ്ങരുത് എന്ന് പറഞ്ഞിട്ടില്ലേ എന്ന് ആരെങ്കിലും അച്ചായനോട് ചോദിച്ചാൽ "എന്റെ ദുഃഖം കർത്താവിനു നല്ലതു പോലെ അറിയാം എന്നാവും മറുപടി. 

 ടൌണ്‍ ഷിപ്പില്‍ അപകട മരണം നടന്നാല്‍ അച്ചായന്‍ അവിടെ എത്തിയിരിക്കും. അപ്പോള്‍ ഷര്‍ട്ടിന്റെ  പോക്കറ്റ് വീര്‍ത്തിരിക്കും. പതിനായിരം രൂപയില്‍ കുറയാതെ അദ്ദേഹം  പോക്കറ്റിൽ  കരുതിയിട്ടുണ്ടാവും.  വീർത്ത പോക്കറ്റ് മരണ വീട്ടിലുള്ളവരുടെ ശ്രദ്ധയിൽപ്പെടും വിധത്തിലാവും അച്ചായന്റെ അവിടെയുള്ള പ്രകടനങ്ങൾ. ഈ സമയങ്ങളില്‍ മരണവീട്ടില്‍ പണത്തിനു ബുദ്ധിമുട്ട് ഉണ്ടാകാന്‍ സാദ്ധ്യതകള്‍ മുന്നില്‍ കണ്ടു കൊണ്ടാകും അച്ചായന്റെ ഈ പദ്ധതി. എന്നാല്‍ ഇത് വലിയ ഒരു സഹായം എന്നാണ് അച്ചായന്‍ വിശ്വസിക്കുന്നത്.  എന്ത് തന്നെ അത്യാവശ്യം ആയാലും ആദ്യ മാസത്തെ പലിശ എടുത്തു കൊണ്ട് മാത്രമേ ആവശ്യക്കാരന് അച്ചായന്‍ പണം നല്‍കുക ഉള്ളൂ. മരണ വീട്ടുകാര്‍  പണം വാങ്ങിയില്ലെങ്കില്‍ അദ്ദേഹം നിരാശനാകും. ഞാന്‍ പണവുമായിട്ടാണ് എത്തിയത് , അവര്‍ എന്നോട് പണം ചോദിച്ചില്ല  എന്ന് പരിചയക്കാരോട് തൊണ്ട ഇടറിക്കൊണ്ട് പറയും.

പണത്തിനു ആവശ്യക്കാര്‍ ഏറുമ്പോള്‍ സ്നേഹിതരോട് പണം കടമായി വാങ്ങി ആവശ്യക്കാര്‍ക്ക് കൊടുക്കും.  സ്നേഹിതന്റെ പണത്തിനുളള  പലിശ അച്ചായന് സൌജന്യമായി ലഭിക്കുകയും ചെയ്യും.
ചില സമയങ്ങളില്‍ അച്ചായനോട് പണം വാങ്ങിയവര്‍ അസ്സല്‍ തുക നല്‍കാന്‍ അമാന്തിക്കാറുണ്ട്. അപ്പോള്‍ സ്നേഹിതന്മാരില്‍  നിന്നും വാങ്ങിയ പണം തിരികെ നല്‍കാന്‍ അച്ചായനും അമാന്തിക്കുക സഹജം ആണല്ലോ?. പണം തിരികെ ചോദിയ്ക്കാന്‍ സ്നേഹിതര്‍ വീട്ടില്‍ എത്തുന്നത്‌ അച്ചായന് തൃപ്തികരം അല്ല. അവര്‍ നിര്‍ബ്ബന്ധം കാട്ടിയാല്‍ അച്ചായന്‍ അല്‍പ്പം പൌരുഷത്തോടെ പറയും.
എന്താ എന്നെ വിശ്വാസം ഇല്ലേ? . ശരി. ഞാന്‍ തന്നോട് വാങ്ങിയ പണം തിരികെ തരുന്നില്ല എന്ന് തന്നെ കരുതുക. എന്ത് ചെയ്യും? അടിക്കുമോ? എങ്കില്‍ അടിച്ചോളൂ. ഞാന്‍ തന്നോട് വാങ്ങിയ മൂവായിരം രൂപയ്ക്കു ഉള്ള അടി, എത്ര വേണം എങ്കിലും അടിച്ചോളൂ. അടിച്ചാല്‍ പിന്നെ ഞാന്‍ പണം തരേണ്ടതില്ലല്ലോ ?.
അടിക്കുന്നില്ലെങ്കില്‍ ഇനി എന്നോട് പണം ചോദിച്ചു കൊണ്ട് വീട്ടിലേക്കു വരരുത്.  എന്റെ കയ്യില്‍ പണം വരുമ്പോള്‍ താങ്കളുടെ പണം വീട്ടില്‍ എത്തിക്കാം.
അച്ചായനെ അടിച്ചിട്ട് ആ സ്നേഹിതന് എന്ത് നേടാന്‍ ? രോഷം അടക്കി തല കുനിഞ്ഞു കൊണ്ട് അയാള്‍ മടങ്ങും.എന്ത് ചെയ്യാം നല്കിയ പണം  തിരികെ ലഭിക്കണം എന്നതല്ലേ ആവശ്യം.

Sunday, August 22, 2010

ഓണാശംസകള്‍ 2010

  
എല്ലാവര്‍ക്കും പൊന്നോണ  ആശംസകള്‍ !

Friday, August 6, 2010

അന്നമിട്ട കൈ


സി ഐ എസ് എഫ് -ലാണ്  ദിവാകരന് ജോലി . ഭാര്യ   മാലതിക്ക്   ശരീരത്തിന് സുഖം ഇല്ലാത്ത കാരണത്താല്‍ കല്പ്പാക്കത്തിനു സ്ഥലം മാറ്റം വാങ്ങി എത്തിയതാണ് ദിവാകരന്‍. കല്പാക്കത്തിലെ  അറ്റോമിക്  എനര്‍ജി ഹോസ്പിറ്റല്‍  സൗകര്യം    പ്രധാനമായും  മനസ്സില്‍  കണ്ടു കൊണ്ട് ആണ് സ്ഥലം മാറ്റത്തിന്  ശ്രമിച്ചതു തന്നെ.
 
ആശുപത്രിയില്‍ നിന്നും ഡോക്ടറെ കണ്ടു സി ഐ എസ് എഫ്  ക്വാട്ടേഴ്സിലേക്ക്  മടങ്ങുമ്പോള്‍   എതിര്‍  ദിശയില്‍ നിന്നും  വേഗമായി  സൈക്കിളില്‍   വന്ന ഒരു ബാലന്‍ പെട്ടെന്ന് സൈക്കിള്‍  നിര്‍ത്തി ഇറങ്ങി വന്നു മാലതിയുടെ മുന്‍പില്‍ നിന്നത്.
അമ്മാ, എന്നെ ഞാപകം ഇല്ലെയാ ( എന്നെ ഓര്‍മ്മിക്കുന്നില്ലേ )?
മാലതിക്ക് എത്ര ചിന്തിച്ചിട്ടും ആ ബാലനെ ഓര്‍മ്മ വന്നില്ല. പതിനാലുവര്‍ഷങ്ങള്‍ക്കു മുന്‍പ് കല്‍പ്പാക്കം വിട്ടു പോയതാണ് ദിവാകരനും കുടുംബവും.  പത്തൊന്‍പതു വയസ്സിനു മേല്‍ പ്രായം ഉള്ള ബാലനെ മാലതി എങ്ങിനെ ഓര്‍ത്തിരിക്കാന്‍ ?
അങ്ങിനെ ഒന്നും മാലതിയുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നില്ല.
മാലതിയുടെ ഭാവം ശ്രദ്ധിച്ച ആ ബാലന്‍ ഇങ്ങിനെ പറഞ്ഞു. അമ്മാ നീങ്കള്‍ എവളവു നാള്‍ എനിക്ക് സാപ്പാട്  പോട്ടീര്‍കള്‍. നാന്‍ എപ്പടി ഉങ്കളെ മറക്ക മുടിയും?
 
മാലതിക്ക് ഓര്‍മ്മ വന്നു. പതിനാലുവര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥിരമായി ഒരു അലൂമിനിയം പാത്രവും കൊണ്ട് മൂന്നോ നാലോ വയസ്സ് തോന്നിക്കുന്ന ആ  ഗ്രാമത്തു ബാലന്‍, മുഷിഞ്ഞു നാറിയ ഒരു ഹാഫ് പാന്റും ധരിച്ചു കൊണ്ട്  ദിനവും വീട്ടു വാതിലില്‍ രാവിലെ അമ്മാ അമ്മാ എന്ന് വിളിച്ചിരുന്ന ആ ബാലനെ. അവനു തലേ നാള്‍ അധികം വരുന്ന ചോറും  കറിയും രാവിലത്തെ പലഹാരത്തിന്റെ പങ്കും  ഉണ്ടെങ്കില്‍ അതും നല്‍കിയിരുന്നത്  ഓര്‍മ്മയില്‍ എത്തി.
അമ്മാ നാന്‍ ഇപ്പോള്‍ മീന്‍ പിടിക്ക ദിനവും ഇരവു  കടലുക്ക് പോകിറേന്‍. എന്‍  ഉടല്‍ ശക്തി പൂരാവും നീങ്ക പോട്ട സപ്പാട് താന്‍.   വളരെ വിനയപൂര്‍വ്വം അവന്‍ പറഞ്ഞു.
ഉന്‍ പേര് എന്നെടാ തമ്പീ ? മാലതി തിരക്കി
ശരവണന്‍
അമ്മാ നീങ്കള്‍ എന്ന നമ്പര്‍ വീട്ടില്‍ ഇരുക്കിരീങ്കെ ? അയ്യാ എപ്പോ വരുവാര്‍ ? ശരവണന്‍ തിരക്കി.
അന്ത പളയ വീട്ടില്‍ താന്‍. അയ്യാ സായന്ത്രം വരുവാര്‍.
നാന്‍ കാലെയില്‍ വീട്ടുക്ക് വരികിരേന്‍ എന്ന് പറഞ്ഞു ശരവണന്‍ സൈക്കിളില്‍ യാത്രയായി.
അടുത്ത നാള്‍ രാവിലെ ആറു മണിക്ക് അമ്മാ എന്ന ശബ്ദം കേട്ട് മാലതി വീട്ടു വാതില്‍ തുറന്നു. ശരവണന്‍ നില്‍ക്കുന്നു. ഒരു വലിയ മത്സ്യം അവന്റെ കയ്യില്‍ ഉണ്ട്. അമ്മാ ഇത് അപ്പടിയേ കുഴമ്പു വെയ്യമ്മാ , ഉങ്കള്‍ കയ്യാലെ സമച്ച സപ്പാട് സാപ്പിട്ട് എവളവു നാള്‍ ആച്ചു.
ദിവാകരനും വാതുക്കല്‍ എത്തി. ശരവണന്‍ ദിവാകരന്റെ കാലില്‍ തൊട്ടു വണങ്ങി. നാന്‍ ഉങ്കള്‍ക്ക്‌ രൊമ്പ കടമപ്പെട്ടു ഉള്ളെന്‍.
മാലതി ശരവണനെ കണ്ടത് ദിവാകരനോട്  പറഞ്ഞിരുന്നു. അതിനാല്‍ ദിവാകരന് അത്ഭുതം ഒന്നും തോന്നിയില്ല.
ശരവണാ നീ മദ്ധിയം വരുവിയാ എന്ന് ചോദിച്ചു.
ഒരു മണിക്ക് വരുകിറെന്‍ എന്ന് പറഞ്ഞു ശരവണന്‍ യാത്രയായി.
ഉച്ചക്ക് ശരവണന്‍
എത്തി. അവന്‍ വയറു നിറയെ ആഹാരം കഴിച്ചു.
ശരവണാ മീനുക്ക്  എന്ന  വില ?    യാത്ര പറയുമ്പോള്‍ മാലതി തിരക്കി
എന്നമ്മാ  മീനുക്ക് പണമോ ? എനക്ക് നീങ്കള്‍ പോട്ട സപ്പാടുക്ക് നാന്‍
എന്നാ പണമാ തന്തെന്‍ ?  
നാന്‍ കടലില്‍ പോയി പിടിച്ചു വന്ന മീന്‍. ഇനി ഞാന്‍ എപ്പോള്‍ കടലുക്ക് പോണാലും  ഉങ്കളുക്കു ഒരു  മീന്‍  കൊണ്ടു വരുവേന്‍.
ശരവണന്റെ സ്നേഹ ബന്ധം നാല് വര്‍ഷം തുടര്‍ന്നു. ശരവണന്‍ കടലില്‍ പോകാത്ത നാള്‍കളില്‍ നാട്ടു കോഴി മുട്ട പത്തെണ്ണം വീതം മാലതിയുടെ വീട്ടില്‍ എത്തിക്കും.
 ഞാന്‍ വിവാഹിതനാകുന്നു എന്ന് ശരവണന്‍ അറിയിച്ചപ്പോള്‍ വിവാഹത്തിന്  എന്ത് സമ്മാനം നല്‍കണം എന്ന് ദിവാകരന്‍ മലതിയോടു തിരക്കി.
എന്റെ സഹോദരന്റെ വിവാഹത്തിന് കൊടുത്ത പോലെ ഒരു പവന്‍ മോതിരം നല്‍കണം.
ദിവാകരനും മാലതിയും ശരവണന്റെ വിവാഹത്തിന് പങ്കെടുത്തു.
മാലതി ശരവണനു മോതിരം അണിയിച്ചപ്പോള്‍ സന്തോഷം കൊണ്ട് ശരവണന്റെ കണ്ണ് നിറഞ്ഞു.
ശരവണാ! നീ ഞായറ്റു കിഴമെ ( ഞായറാഴ്ച )  ഉന്‍  മനൈവിയെയും കൂട്ടി വീട്ടുക്ക് വാങ്കെ. ഉങ്കളുക്കു അന്ട്രേക്ക് എങ്ക വീട്ടില്  താന്‍ വിരുന്ത്‌.
ശരവണനും മനൈവിയും ഞായറാഴ്ച ഉച്ചക്ക്  എത്തി. ഇരുവര്‍ക്കും   മീന്‍ കറിയും മീന്‍ പൊരിച്ചതും എല്ലാം വെച്ച് ഒരു സാപ്പാട്   വിരുന്ത്‌  അവര്‍ നല്‍കി.
 

അമ്മാ ഇവളോട്‌ നാന്‍ ചൊല്ലിയിരുക്കിരേന്‍ നീങ്ക താന്‍ എന്‍ കടവുള്‍  എന്റു. ഉങ്കളുക്കു എന്താ ഉതവി വേണം എന്‍റാലും ഇവള്‍  ചെയ് വാള്‍.
 

രൊമ്പ സന്തോഷം ശരവണാ. നാന്‍ ഒരു വിഷയം ചൊല്ല മറന്നിട്ടെന്‍. എങ്കളുക്ക്‌  ഇടം മാറുതല്‍ ആയിട്ട്. നാങ്കള്‍ നാളേക്ക് കേരളാ പോയി ഒരു വാരം കഴിച്ചു  അങ്കിരുന്തു  നേരടിയാ  കല്ക്കട്ടാ പോകിറോം. വീട്ടു പൊരുളെല്ലാം ലാറിയില്‍ ഏറ്റി കല്ക്കട്ടാ അനുപ്പ ഏര്‍പ്പാട് ചെയ്തു ഉള്ളോം എന്ന് പറയുമ്പോള്‍ മാലതിയുടെ തൊണ്ടയും ഇടറി.

ശരവണന്റെ മുഖം പെട്ടെന്ന് വാടി. ശരീരവും മനസ്സും എല്ലാം തളരുന്നത് പോലെ അവനു തോന്നി. കുറച്ചു സമയം അങ്ങിനെ മാലതിയേയും നിശബ്ദനായി നിന്നിരുന്ന ദിവാകരനെയും നോക്കി നിന്നു. ഒടുവില്‍ ധൈര്യം സമ്പാദിച്ചു  ദിവാകരന്റെ കാലില്‍ തൊട്ടു വണങ്ങി. പിന്നീട് മാലതിയുടെ വലതു കരത്തില്‍ പിടിച്ച് ആ അന്നമിട്ട കൈ വെള്ളയില്‍ഒരു മുത്തം ഇട്ടു. പിന്നീട്  അവന്റെ ഭാര്യയുടെ കയ്യില്‍ പിടിച്ച് കൊണ്ട്   ഒന്നു മിണ്ടുകയോ  ഒന്നു തിരിഞ്ഞു നോക്കുകയോ ചെയ്യാതെ അവന്‍ നടന്നു നീങ്ങി.  

ദിവാകരനും  മാലതിയും  ഒരു നെടു വീര്‍പ്പോടെ അവര്‍ നടന്നു  നീങ്ങുന്നതും നോക്കി  കുറച്ചു സമയം  അവിടെത്തന്നെ നിന്നു.

Tuesday, August 3, 2010

കണ്ണീര്‍ അഞ്ജലി

        ജീവിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ വിധി വളരെ ക്രൂരമായി
          തട്ടിയെടുത്തതു എത്ര എത്ര സ്വപ്‌നങ്ങള്‍ കണ്ടിരുന്ന                            സുന്ദരമായ ഒരു ജീവിതം.


ആഗസ്റ്റ്‌ ഒന്നാം തീയതി രാത്രി ഒന്‍പതു മണിക്ക്  ചെന്നൈ, കത്തിപ്പാറ പാലത്തില്‍ ഉണ്ടായ അപകടത്തില്‍ ഇഹലോകവാസം വെടിഞ്ഞ ശ്രീ. അനില്‍ ഉണ്ണിത്താന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു. ഈ വേര്‍പാടില്‍ ദുഖിക്കുന്ന  എല്ലാവര്‍ക്കും പ്രത്യേകിച്ച്   കല്‍പ്പാക്കം / അണുപുരം ടൌണ്‍ ഷിപ്പ് നിവാസികള്‍ക്കും, ചെന്നിത്തല തൃപ്പെരുംതുറ    നിവാസികള്‍ക്കും പരേതന്റെ  കുടുംബ അംഗങ്ങള്‍ക്കും ബന്ധു മിത്രാദികള്‍ക്കും ധൈര്യവും  സമാധാനവും  ദൈവം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Monday, July 19, 2010

1981- ലെ പോണ്ടിച്ചേരി യാത്ര

പോണ്ടിച്ചേരി ചുറ്റി കാണണം. ജോലി കിട്ടിയ അന്ന് മുതലുള്ള മോഹമാണ്   .
ഇനി മോഹം നീട്ടിവെയ്ക്കുന്നതില്‍ അര്‍ത്ഥം ഇല്ല.
188, 188A  എന്നീ വളരെ ചുരുക്കം ചില ബസ്സുകളാണ് അന്ന് കല്പാക്കം വഴി പോണ്ടിച്ചേരിയിലേക്കുള്ള  സര്‍വീസ്‌.
ചെങ്കല്‍പട്ടു നഗരത്തില്‍ നിന്നും കല്പാക്കം വഴി 212 M എന്ന നമ്പരില്‍ മരക്കാണം പോകുന്ന ബസ്സില്‍ മരക്കാണത്തു എത്തിയാല്‍ അവിടെ നിന്നും സുമാര്‍ ഒരു മണിക്കൂര്‍ യാത്രയില്‍ പോണ്ടിച്ചേരിയില്‍ എത്താം. മരക്കാണം വരെയുള്ള എല്ലാ ഗ്രാമവാസികള്‍ക്കും ഒരേ ഒരു ആശ്രയം അന്ന് ഈ ബസ് മാത്രം.

രാവിലെ ആറര മണിക്ക് കല്പാക്കത്ത് നിന്നും 212 M ബസ്സില്‍ തിരിച്ചാല്‍ എട്ടു മണിക്ക് മരക്കാണം  എത്തി അവിടെനിന്നും ഒന്നര മണിക്കൂറിനുള്ളില്‍ പോണ്ടിച്ചേരിയില്‍ എത്തി വൈകിട്ട് നാലര  മണിക്ക്  മടങ്ങണം എന്ന് പദ്ധതിയിട്ടു .

ശനിയാഴ്ച രാവിലെ കൃത്യം ആറര മണിക്ക് 212 M ബസ് എത്തി. ഒരു സൈഡ് സീറ്റ് പിടിച്ചു. ധാരാളം ഗ്രാമങ്ങള്‍ വഴി യാത്ര. ധാരാളം സ്റ്റോപ്പുകള്‍.   മൂന്നും നാലും കിലോമീറ്റര്‍ ഉള്ളില്‍ ഉള്ള കടലൂര്‍, കടപ്പാക്കം എന്നീ കുഗ്രാമങ്ങള്‍ക്ക് ഉള്ളില്‍ പോയി മടങ്ങി പ്രധാന റോഡിലേക്ക് വന്ന്‌ യാത്ര തുടര്‍ന്നു കൊണ്ടിരുന്നു. 
കണ്ടു രസിക്കാന്‍ പോകുന്ന പോണ്ടിച്ചേരിയിലെ മനോഹരമായ ബീച്ചും, ബോട്ടാനിക്കള്‍ ഗാര്‍ഡനും, അരവിന്ദ ആശ്രമവും എല്ലാം മനസ്സില്‍ രൂപം നല്‍കി ആസ്വദിച്ച് കൊണ്ടിരിക്കെ അറിയാതെ ഒന്ന്  മയങ്ങിപ്പോയി.

ഒരു ബഹളം കേട്ടാണ് ഉണര്‍ന്നത്.
ബസ് ഒരു ഗ്രാമത്തില്‍ ഗ്രമാവസികളാല്‍ തടഞ്ഞു വെച്ചിരിക്കുന്നു.  അധികവും മുഷിഞ്ഞ   പകുതി വസ്ത്ര ധാരികളായ ഗ്രാമവാസികള്‍     വല്ല്യമ്മമാര്‍,വല്ല്യപ്പന്മാര്‍  മുതല്‍  ചെറു ബാലന്മാരും ബാലികമാരും  വരെ ബസ്സിനു മുന്‍പില്‍ ഉണ്ട്.

ഡ്രൈവര്‍ , കണ്ടക്ടര്‍, ചില യാത്രക്കാര്‍ ഇവരെല്ലാം ഗ്രാമവാസികളുമായി    വാക്കുവാദത്തിലാണ് . തമിഴ്  മനസിലാക്കി വരുന്നതെയുള്ളു.  അതുകൊണ്ട് എന്താണ് പ്രശ്നം എന്ന് മനസിലാകുന്നുമില്ല.

കുറച്ചു സമയം കഴിഞ്ഞു ഡ്രൈവര്‍ " ഈ മടപ്പസങ്ങളോട് പേശി ഒന്നും സാധിക്ക പോറത് ഇല്ലായ്‌" എന്ന് പറഞ്ഞു എവിടെക്കോ  നടന്നു പോയി.

ഞാനും ബസു വിട്ടു വെളിയില്‍ വന്നു. എന്താണ് പ്രശ്നം എന്ന് മനസിലാക്കാന്‍ ഒരു ശ്രമം നടത്തി. കാര്യത്തിന്റെ ഗൌരവം അറിഞ്ഞപ്പോള്‍ പതറിപ്പോയി.

തലേ ദിവസം രാത്രിയില്‍ ഒരു കള്ളന്‍ ആ ഗ്രാമത്തില്‍ എത്തി മോഷണം നടത്തിയിട്ട് മോഷണ വസ്തുവുമായി  ഈ ബസ്സില്‍ ആണത്രേ രക്ഷപെട്ടത്. ആ കള്ളനെ കിട്ടുന്നതു വരെ ബസ്സ് വിടില്ല.  ഇതാണ് പ്രശ്നം.
വലഞ്ഞല്ലോ ദൈവമേ !  ഇനി അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ലെങ്കില്‍ എന്ത് ചെയ്യും?
മണി പത്തരക്ക് മേല്‍ ആയി. ഈ പ്രശ്നം എങ്ങിനെ ആര് പരിഹരിക്കും?

പോണ്ടിച്ചേരിയിലെ മനോഹരമായ ബീച്ചും, ബോട്ടാനിക്കള്‍ ഗാര്‍ഡനും എല്ലാം മനസ്സില്‍ നിന്നും നീങ്ങി എങ്ങിനെ രക്ഷപെടും എന്ന ചിന്തയിലേക്ക് മാറി. ഒടുവില്‍ ബസു വിട്ടു താഴെ ഇറങ്ങി.
ഒരു ചായ കുടിക്കാന്‍ പോലും കടകള്‍ അവിടെ ഇല്ല.

ബസ്സിനു ചുറ്റും പല പ്രാവശ്യം നടന്നു. ഗ്രാമത്തില്‍ മുഴുവന്‍ മുള്‍ ചെടികള്‍ . ചെടികള്‍ക്കിടയില്‍ ധാരാളം ഓലക്കുടിലുകള്‍. പ്ലാസ്റ്റിക്‌ പേപ്പര്‍ കൊണ്ട് ഉണ്ടാക്കിയ ചില കുടിലുകളും കാണാം . ഒന്നോ രണ്ടോ വീടുകള്‍ ആസ്ബസ്ടോസ് ഇട്ടതുണ്ട്. ധാരാളം പശുക്കള്‍, എരുമകള്‍,കോഴികള്‍  സ്വാതന്ത്ര്യമായി റോഡിലും ഗ്രാമത്തിലും ചുറ്റി തിരിയുന്നു. ചാണകത്തിന്റെ രൂക്ഷ ഗന്ധം മൂക്കിനെ തുളക്കുന്നു. ഈച്ചയും കൊതുകുകളും ശല്ല്യം ചെയ്യുന്നുമുണ്ട്.

സമയം നീണ്ടു കൊണ്ടേ പോകുന്നു.
പതിനൊന്നേകാല്‍ മണിക്ക് ഒരു പോലീസ് ജീപ്പ് വന്നെത്തി . അതില്‍ നിന്നും നാലു പോലീസ് ഉദ്യോഗസ്ഥരും  ബസ് ഡ്രൈവറും ഇറങ്ങി വന്നു.  ബസ്സ് വിട്ടു ഇറങ്ങിപ്പോയ ഡ്രൈവര്‍ അടുത്ത ഗ്രാമത്തില്‍ പോയി ആരുടെയോ സഹായത്താല്‍ പോലീസിനു വിവരം നല്‍കി സഹായിച്ചിരിക്കുന്നു. തെല്ലൊരു ആശ്വാസം തോന്നി.

പോലീസും ഗ്രാമവാസികളും തമ്മില്‍ ചര്‍ച്ച തുടങ്ങി.
അടിക്കടി കോപാകുലാരാകുന്നു  പോലീസും ഗ്രാമവാസികളും.
ഒടുവില്‍ ബസ്സിനു യാത്ര തുടരാന്‍ അനുവാദം വാങ്ങിത്തന്നു പോലീസ്.
ഒരു ആഴ്ചക്കുള്ളില്‍ കള്ളനെ പിടിച്ചു ഗ്രാമത്തില്‍ എത്തിക്കാമെന്നു പോലീസ് സമ്മതിച്ചതിന് ശേഷമാണ് ഗ്രാമവാസികള്‍ തൃപ്തരായത്.
ഇന്നിനി പോണ്ടിച്ചേരിക്ക് പോയി എന്ത് കാണാനാണ്. മരക്കാണം വരെ  പോയി ഇതേ ബസ്സില്‍ തന്നെ തിരികെ മടങ്ങുക.

മടക്കയാത്രയില്‍ ആ ഗ്രാമത്തില്‍ ബസ്സ് നിന്നപ്പോള്‍ ഒരു ഭീതി. വീണ്ടും ആ  ഗ്രാമവാസികള്‍   ബസ് തടയുമോ എന്ന്?

Tuesday, July 6, 2010

ആദ്യത്തെ മദ്രാസ്‌ ഡ്യൂട്ടി

  1981 - ല്‍ കല്പ്പാക്കത്തു ജോലി കിട്ടിയ ശേഷം ഓഫീസിലെ ജോലിക്കായി മദ്രാസ്‌ നഗരത്തിലേക്ക്  ഒരു ആദ്യ യാത്ര. മദ്രാസിലെ   ബ്രോഡ്‌ വേക്ക് സമീപം തമ്പുചെട്ടി സ്ട്രീറ്റില്‍ പോയി അഞ്ചു   "ഓറിംഗ് " വാങ്ങി വരണം.  അത് മാത്രമാണ്  ജോലി.  ആ  യാത്രക്ക് വളരെ അധികം സന്തോഷം തോന്നി. കാരണം വേറൊന്നുമല്ല. എന്റെ അമ്മയുടെ ഇളയ  സഹോദരി  സകുടുംബം മദ്രാസില്‍ താമസിച്ചിരുന്നു. ജോലി വേഗം തീര്‍ന്നാല്‍ കുഞ്ഞമ്മയെയും കുടുംബാംഗങ്ങളെയും കണ്ടു വരികയും ചെയ്യാം എന്നുള്ളതു തന്നെ.    തമ്പുചെട്ടി സ്ട്രീറ്റില്‍ പോയി ഓഫീസിലേക്കുള്ള സാധനം വാങ്ങിക്കഴിഞ്ഞാല്‍  വേറെ  ജോലികള്‍ ഒന്നും ഇല്ലല്ലോ. അതുകൊണ്ട് രാവിലെ തന്നെ കല്പാക്കത്ത് നിന്നും മദ്രാസിനു തിരിച്ചു. തമ്പുചെട്ടി സ്ട്രീറ്റിലെ കടയുടെ അഡ്രസ്‌, സാമ്പിള്‍ "ഓറിംഗ് " ഇതെല്ലം ഭദ്രമായി കയ്യില്‍ ഉണ്ടോ എന്ന് ഉറപ്പു വരുത്തി. എല്ലാം ഭദ്രം. എന്റെ മേലുദ്യോഗസ്ഥന്‍ ഒരു "ഓറിംഗ് " നുള്ള വില സൂചിപ്പിച്ചതും ഒന്ന് ഓര്‍ത്തു നോക്കി. വെറും അമ്പതു പൈസ മാത്രം.

രാവിലെ എട്ടര  മണിക്ക് ബ്രോഡ്‌വേ ബസ്‌ സ്റ്റാന്‍ഡില്‍ എത്തി തമ്പുചെട്ടി സ്ട്രീറ്റ് ലക്ഷ്യമാക്കി നടന്നു. തമിഴ് നാട്ടില്‍ എത്തിയിട്ട് ഒരു ചില മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.  തമിഴ്  സംസാരിക്കാന്‍ അറിയില്ല. പറഞ്ഞാല്‍ മനസിലാകും അത്ര തന്നെ. തമ്പുചെട്ടി സ്ട്രീറ്റിലൂടെ കടയുടെ അഡ്രസ്സും നോക്കി നടന്നു. തെരുവില്‍ ജനം വളരെ കുറവ്. കടകള്‍ അധികവും  തുറന്നിട്ടില്ല.  എനിക്ക് എതിരില്‍ വന്ന ഒരുവന്‍ ഞാന്‍ ഏതോ കട തേടുന്നത് മനസിലാക്കിയിട്ടു എന്നോട് ചോദിച്ചു.
എന്നാ വേണം സര്‍ ?
എന്റെ കയ്യില്‍ വെച്ചിരുന്ന അഡ്രെസ്സ് കാണിച്ചു അയാളോട് പറഞ്ഞു . "എനിക്ക് ഈ കട എവിടെ എന്ന് അറിയണം. അത്ര തന്നെ".
സര്‍. ഉങ്കളുക്ക്‌ എന്നാ വേണം ? അത് ചോല്ലുങ്കോ? എന്നായി അയാള്‍.
എന്റെ കയ്യില്‍ ഇരുന്ന "ഓറിംഗ് "  കാട്ടി ഇത് അഞ്ചു നമ്പര്‍ വേണം.

അതുക്കെന്ന സര്‍. വാങ്കോ , ഒരു ഹോള്‍ സെയില്‍ കട ഇരുക്ക്‌. നാന്‍ വാങ്കി തരെന്‍ .
അയാളുടെ പിന്നാലെ ചെന്നു. അതേ സ്ട്രീറ്റില്‍ ഒരു കട  തുറന്നിരിക്കുന്നു. വെളിയില്‍ നിന്ന് നോക്കിയാല്‍ ഒരു ഓഫിസ്. അത്രതന്നെ. അവിടെ ഒരു സാധനവും വില്‍പ്പനക്ക് കണ്ടില്ല. അയാള്‍ എന്നോട് ഇരിക്കുവാന്‍ പറഞ്ഞിട്ട് ഓഫീസിനു ഉള്ളിലേക്ക് പോയി. അയാള്‍ തിരികെ വരുമ്പോള്‍ കൂടെ ഒരു ടിപ് ടോപ്‌ ആസാമിയും.
ടിപ് ടോപ്‌ ആസാമി എന്നോട് എന്തൊക്കയോ ചോദിച്ചു . അയാളുടെ  ഭാഷ  എന്താണെന്നു എന്ന് എനിക്ക് മനസിലായില്ല. എന്നെ കൂട്ടി വന്ന അയാള്‍ സാമ്പിള്‍ "ഓറിംഗ് " എന്റെ കയ്യില്‍ നിന്നും വാങ്ങി വെളിയിലേക്ക് പോയി.
ചില നിമിഷങ്ങള്‍ക്കുള്ളില്‍ ഓഫിസ് ബോയി ഒരു കാഫിയുമായി എത്തി. ഞാന്‍ അത് കുടിക്കുകയും ചെയ്തു.

സുമാര്‍ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സാമ്പിള്‍  "ഓറിംഗ് " വാങ്ങിപ്പോയ അയാള്‍ തിരികെ വന്നു ഓഫീസിനു ഉള്ളിലേക്ക് പോയി. അഞ്ചു നിമിഷങ്ങള്‍ കഴിഞ്ഞു ടിപ് ടോപ്‌ ആസാമി ഒരു ബില്ല് ,   "ഓറിംഗ് "അടങ്ങുന്ന ഒരു പാക്കട്ട് , എന്റെ കയ്യില്‍ നിന്നും വാങ്ങിയ  സാമ്പിള്‍ "ഓറിംഗ് "  ഇവ എന്നെ ഏല്‍പ്പിച്ചു.
ഞാന്‍ പാക്കെറ്റ് തുറന്നു നോക്കി.  പത്തു "ഓറിംഗ് ". ബില്ല് നോക്കിയപ്പോള്‍ വില അമ്പതു രൂപ.

സര്‍, ഞാന്‍ അഞ്ചു രൂപയേ കൊണ്ട് വന്നിട്ടുള്ളു . ഓറിംഗ് ഒന്നിന് അമ്പതു പൈസ മാത്രമേ വിലയുള്ളൂ എന്നും അഞ്ചു ഓറിംഗ് മാത്രം മതി എന്നും ഞാന്‍ അറിയിച്ചു.
ഡേയ് ,  കാലം കാത്താലെ വന്നു തൊല്ല ചെയ്റിയാ! മര്യാദയാ പണത്തെ കൊടുത്തിട്ട് പൊരുള്‍ എടുത്തുകിട്ടു  പോ. ഇല്ലെന്നാല്‍ നീ  ഉത പെടുവേന്‍. എന്നായി ടിപ് ടോപ്‌ ആസാമി.
പണം  കൊടുത്തിട്ട്  സാധനവും എടുത്തു പോയില്ലെങ്കില്‍ അടി കിട്ടും എന്നാണ്  അവന്‍ പറഞ്ഞത്  എന്ന്  എനിക്ക് മനസിലായി . പിന്നീടൊന്നും സംസാരിക്കാതെ പണവും കൊടുത്തു ഭദ്രമായി സാധനം ബാഗില്‍ സൂക്ഷിച്ചു വെച്ച് കടയില്‍ നിന്നിറങ്ങി.

കൊച്ചമ്മയുടെ വീട്ടില്‍ ചെന്നു സുഖമായി ആഹാരം കഴിക്കുമ്പോഴും, ബസില്‍ കല്പാക്കത്തെക്കു മടങ്ങുമ്പോഴും താന്‍ കബളിപ്പിക്കപ്പെട്ടത്തിന്റെ വിഷമവും ഓഫീസില്‍ ചെന്നിട്ടു വെറും അഞ്ചു രൂപയ് വിലയുള്ള പൊരുള്‍ അമ്പതു രൂപയ്ക്ക് വാങ്ങിയതിന്റെ നാണക്കേടും അനുഭവിക്കേണ്ടി വരുമല്ലോ എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു.

Saturday, July 3, 2010

എന്റെ ആദ്യ കല്‍പ്പാക്കം അനുഭവം.

1981- ജനവരി മാസത്തില്‍ ആറ്റോമിക് റിസര്‍ച് സെന്ററില്‍ എനിക്ക് ഇന്റെര്‍വ്യുവിനു കാര്‍ഡ്‌ ലഭിച്ചു. എന്റെ സുഹൃത്തുക്കള്‍ കെ. ജെ. കാരണവരും, കെ. ടി.എം. പിള്ളയും കല്പാക്കം ആറ്റോമിക് പവര്‍ പ്ലാന്റില്‍ ഉദ്യോഗസ്ഥര്‍ ആയിരുന്നതിനാല്‍ കല്പാക്കത്തെക്കുള്ള യാത്ര ഒരു  വലിയ പ്രശ്നമായി തോന്നിയില്ല. 

മാവേലിക്കരയില്‍ നിന്നും മദ്രാസിലേക്ക് മദ്രാസ്‌ മെയിലില്‍  ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ആദ്യമായി ഒരു രാത്രി യാത്ര.  മാവേലിക്കരയില്‍ നിന്നും മദ്രാസ്സില്‍ എത്തുന്നതുവരെ ട്രയിനിലെ തിരക്ക്.  നാല്‍പ്പതു രൂപ ചിലവില്‍   ആ ദുസ്സഹമായ യാത്രയെ പറ്റി ഇന്നും ആലോചിക്കാന്‍ വയ്യ. പ്രാഥമിക ആവശ്യങ്ങള്‍ പോലും മദ്രാസില്‍ എത്തിയശേഷം മാത്രമാണ് ചെയ്യാന്‍ സാധിച്ചത് .

മദ്രാസ്‌ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും ബ്രോഡ് വേ ബസ് സ്റ്റാന്‍ഡില്‍ എത്തി, നമ്പര്‍.108 ബസില്‍ കല്പാക്കം ടൌണ്‍ ഷിപ്പില്‍ സുമാര്‍ മൂന്നു മണിക്കൂര്‍ യാത്രക്ക് ശേഷം എത്തിച്ചേര്‍ന്നു (അന്നത്തെ  ബസ് ചാര്‍ജ് മൂന്ന് രൂപായ് നാല്‍പ്പതു പൈസ).

കല്പാക്കം ടൌണ്‍ ഷിപ്പില്‍ ബസ്സില്‍ നിന്നിറങ്ങിയതും ബാഗു തുറന്നു എന്റെ സുഹൃത്തുക്കളുടെ അഡ്രെസ്സ് എടുത്തു. നമ്പര്‍.47,21st street . ബസ് സ്റ്റാന്റ് വിട്ടു മുന്നോട്ടു നടന്നു നീങ്ങി. എതിരെ സൈക്കിളില്‍ വരുന്ന ഒരു ചെറു ബാലനെ കണ്ടു, അവനോട് സ്ട്രീറ്റ് നമ്പരും റൂം നമ്പരും പറഞ്ഞു. എനിക്ക് തമിഴ് വശമില്ല എന്ന് ആ ബാലന്‍ മനസിലാക്കിയിരിക്കുന്നു .അതുകൊണ്ട് എനിക്ക് മനസിലാകും വിധത്തില്‍ വഴി പറഞ്ഞു തന്നു. 
അവനോടു ഒരു നന്ദിവാക്കു പറയാന്‍ പോലും നില്‍ക്കാതെ മുന്നോട്ടു നീങ്ങി.അല്പ്പദൂരം മുന്നോട്ടു നീങ്ങിക്കാണും ഒരു ശബ്ദം

" വാങ്ക സാര്‍, ഉക്കാരുങ്കോ " ഞാന്‍ തിരിഞ്ഞു നോക്കി . ആ ബാലന്‍!.
ആ ബാലന്റെ സൈക്കിളിന്റെ പിന്നില്‍ കയറി ഇരുന്നു. കുറച്ചു ദൂരം യാത്ര കഴിഞ്ഞപ്പോള്‍ അവന്‍ സൈക്കിള്‍ നിര്‍ത്തി
( കൈ ചൂണ്ടി ) " സാര്‍! . മേലെ പാറുങ്കോ അത് താന്‍ നീങ്കള്‍ തേടും മുഖവരി".
അവനു താങ്ക്സ് പറഞ്ഞു ഞാന്‍  മുകളിലത്തെ നിലയിലേക്ക് കയറി.

ഇന്റെര്‍വ്യൂ കഴിഞ്ഞു ആറു മാസം കഴിഞ്ഞു കല്‍പ്പാക്കം വാസിയായി കഴിയുന്ന ഞാന്‍ പിന്നീട് ആ ബാലനെ കണ്ടതായി ഓര്‍ക്കുന്നില്ല. എന്നാലും അന്യ സംസ്ഥാനത്ത് നിന്നും എത്തിയ, തമിഴ് അറിയാത്ത എന്നെ ഒരു ആദായവും പ്രതീക്ഷിക്കാതെ എന്നെ സഹായിച്ച ആ ബാലനെ ഇന്നും മനസ്സില്‍  സ്മരിക്കാറുണ്ട്.

ആ ബാലന്‍ ചെയ്തപോലുള്ള നിസ്സ്വാര്‍ത്ഥ സേവനം ചെയ്യാന്‍ എപ്പോഴെങ്കിലും എനിക്ക് സാധിച്ചിട്ടുണ്ടോ എന്ന് ചിന്തിച്ചിട്ടുമുണ്ട്‌ . 

എന്നേക്കാള്‍ അവന്‍ എത്രയോ വലിയവന്‍!