Monday, July 19, 2010

1981- ലെ പോണ്ടിച്ചേരി യാത്ര

പോണ്ടിച്ചേരി ചുറ്റി കാണണം. ജോലി കിട്ടിയ അന്ന് മുതലുള്ള മോഹമാണ്   .
ഇനി മോഹം നീട്ടിവെയ്ക്കുന്നതില്‍ അര്‍ത്ഥം ഇല്ല.
188, 188A  എന്നീ വളരെ ചുരുക്കം ചില ബസ്സുകളാണ് അന്ന് കല്പാക്കം വഴി പോണ്ടിച്ചേരിയിലേക്കുള്ള  സര്‍വീസ്‌.
ചെങ്കല്‍പട്ടു നഗരത്തില്‍ നിന്നും കല്പാക്കം വഴി 212 M എന്ന നമ്പരില്‍ മരക്കാണം പോകുന്ന ബസ്സില്‍ മരക്കാണത്തു എത്തിയാല്‍ അവിടെ നിന്നും സുമാര്‍ ഒരു മണിക്കൂര്‍ യാത്രയില്‍ പോണ്ടിച്ചേരിയില്‍ എത്താം. മരക്കാണം വരെയുള്ള എല്ലാ ഗ്രാമവാസികള്‍ക്കും ഒരേ ഒരു ആശ്രയം അന്ന് ഈ ബസ് മാത്രം.

രാവിലെ ആറര മണിക്ക് കല്പാക്കത്ത് നിന്നും 212 M ബസ്സില്‍ തിരിച്ചാല്‍ എട്ടു മണിക്ക് മരക്കാണം  എത്തി അവിടെനിന്നും ഒന്നര മണിക്കൂറിനുള്ളില്‍ പോണ്ടിച്ചേരിയില്‍ എത്തി വൈകിട്ട് നാലര  മണിക്ക്  മടങ്ങണം എന്ന് പദ്ധതിയിട്ടു .

ശനിയാഴ്ച രാവിലെ കൃത്യം ആറര മണിക്ക് 212 M ബസ് എത്തി. ഒരു സൈഡ് സീറ്റ് പിടിച്ചു. ധാരാളം ഗ്രാമങ്ങള്‍ വഴി യാത്ര. ധാരാളം സ്റ്റോപ്പുകള്‍.   മൂന്നും നാലും കിലോമീറ്റര്‍ ഉള്ളില്‍ ഉള്ള കടലൂര്‍, കടപ്പാക്കം എന്നീ കുഗ്രാമങ്ങള്‍ക്ക് ഉള്ളില്‍ പോയി മടങ്ങി പ്രധാന റോഡിലേക്ക് വന്ന്‌ യാത്ര തുടര്‍ന്നു കൊണ്ടിരുന്നു. 
കണ്ടു രസിക്കാന്‍ പോകുന്ന പോണ്ടിച്ചേരിയിലെ മനോഹരമായ ബീച്ചും, ബോട്ടാനിക്കള്‍ ഗാര്‍ഡനും, അരവിന്ദ ആശ്രമവും എല്ലാം മനസ്സില്‍ രൂപം നല്‍കി ആസ്വദിച്ച് കൊണ്ടിരിക്കെ അറിയാതെ ഒന്ന്  മയങ്ങിപ്പോയി.

ഒരു ബഹളം കേട്ടാണ് ഉണര്‍ന്നത്.
ബസ് ഒരു ഗ്രാമത്തില്‍ ഗ്രമാവസികളാല്‍ തടഞ്ഞു വെച്ചിരിക്കുന്നു.  അധികവും മുഷിഞ്ഞ   പകുതി വസ്ത്ര ധാരികളായ ഗ്രാമവാസികള്‍     വല്ല്യമ്മമാര്‍,വല്ല്യപ്പന്മാര്‍  മുതല്‍  ചെറു ബാലന്മാരും ബാലികമാരും  വരെ ബസ്സിനു മുന്‍പില്‍ ഉണ്ട്.

ഡ്രൈവര്‍ , കണ്ടക്ടര്‍, ചില യാത്രക്കാര്‍ ഇവരെല്ലാം ഗ്രാമവാസികളുമായി    വാക്കുവാദത്തിലാണ് . തമിഴ്  മനസിലാക്കി വരുന്നതെയുള്ളു.  അതുകൊണ്ട് എന്താണ് പ്രശ്നം എന്ന് മനസിലാകുന്നുമില്ല.

കുറച്ചു സമയം കഴിഞ്ഞു ഡ്രൈവര്‍ " ഈ മടപ്പസങ്ങളോട് പേശി ഒന്നും സാധിക്ക പോറത് ഇല്ലായ്‌" എന്ന് പറഞ്ഞു എവിടെക്കോ  നടന്നു പോയി.

ഞാനും ബസു വിട്ടു വെളിയില്‍ വന്നു. എന്താണ് പ്രശ്നം എന്ന് മനസിലാക്കാന്‍ ഒരു ശ്രമം നടത്തി. കാര്യത്തിന്റെ ഗൌരവം അറിഞ്ഞപ്പോള്‍ പതറിപ്പോയി.

തലേ ദിവസം രാത്രിയില്‍ ഒരു കള്ളന്‍ ആ ഗ്രാമത്തില്‍ എത്തി മോഷണം നടത്തിയിട്ട് മോഷണ വസ്തുവുമായി  ഈ ബസ്സില്‍ ആണത്രേ രക്ഷപെട്ടത്. ആ കള്ളനെ കിട്ടുന്നതു വരെ ബസ്സ് വിടില്ല.  ഇതാണ് പ്രശ്നം.
വലഞ്ഞല്ലോ ദൈവമേ !  ഇനി അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ലെങ്കില്‍ എന്ത് ചെയ്യും?
മണി പത്തരക്ക് മേല്‍ ആയി. ഈ പ്രശ്നം എങ്ങിനെ ആര് പരിഹരിക്കും?

പോണ്ടിച്ചേരിയിലെ മനോഹരമായ ബീച്ചും, ബോട്ടാനിക്കള്‍ ഗാര്‍ഡനും എല്ലാം മനസ്സില്‍ നിന്നും നീങ്ങി എങ്ങിനെ രക്ഷപെടും എന്ന ചിന്തയിലേക്ക് മാറി. ഒടുവില്‍ ബസു വിട്ടു താഴെ ഇറങ്ങി.
ഒരു ചായ കുടിക്കാന്‍ പോലും കടകള്‍ അവിടെ ഇല്ല.

ബസ്സിനു ചുറ്റും പല പ്രാവശ്യം നടന്നു. ഗ്രാമത്തില്‍ മുഴുവന്‍ മുള്‍ ചെടികള്‍ . ചെടികള്‍ക്കിടയില്‍ ധാരാളം ഓലക്കുടിലുകള്‍. പ്ലാസ്റ്റിക്‌ പേപ്പര്‍ കൊണ്ട് ഉണ്ടാക്കിയ ചില കുടിലുകളും കാണാം . ഒന്നോ രണ്ടോ വീടുകള്‍ ആസ്ബസ്ടോസ് ഇട്ടതുണ്ട്. ധാരാളം പശുക്കള്‍, എരുമകള്‍,കോഴികള്‍  സ്വാതന്ത്ര്യമായി റോഡിലും ഗ്രാമത്തിലും ചുറ്റി തിരിയുന്നു. ചാണകത്തിന്റെ രൂക്ഷ ഗന്ധം മൂക്കിനെ തുളക്കുന്നു. ഈച്ചയും കൊതുകുകളും ശല്ല്യം ചെയ്യുന്നുമുണ്ട്.

സമയം നീണ്ടു കൊണ്ടേ പോകുന്നു.
പതിനൊന്നേകാല്‍ മണിക്ക് ഒരു പോലീസ് ജീപ്പ് വന്നെത്തി . അതില്‍ നിന്നും നാലു പോലീസ് ഉദ്യോഗസ്ഥരും  ബസ് ഡ്രൈവറും ഇറങ്ങി വന്നു.  ബസ്സ് വിട്ടു ഇറങ്ങിപ്പോയ ഡ്രൈവര്‍ അടുത്ത ഗ്രാമത്തില്‍ പോയി ആരുടെയോ സഹായത്താല്‍ പോലീസിനു വിവരം നല്‍കി സഹായിച്ചിരിക്കുന്നു. തെല്ലൊരു ആശ്വാസം തോന്നി.

പോലീസും ഗ്രാമവാസികളും തമ്മില്‍ ചര്‍ച്ച തുടങ്ങി.
അടിക്കടി കോപാകുലാരാകുന്നു  പോലീസും ഗ്രാമവാസികളും.
ഒടുവില്‍ ബസ്സിനു യാത്ര തുടരാന്‍ അനുവാദം വാങ്ങിത്തന്നു പോലീസ്.
ഒരു ആഴ്ചക്കുള്ളില്‍ കള്ളനെ പിടിച്ചു ഗ്രാമത്തില്‍ എത്തിക്കാമെന്നു പോലീസ് സമ്മതിച്ചതിന് ശേഷമാണ് ഗ്രാമവാസികള്‍ തൃപ്തരായത്.
ഇന്നിനി പോണ്ടിച്ചേരിക്ക് പോയി എന്ത് കാണാനാണ്. മരക്കാണം വരെ  പോയി ഇതേ ബസ്സില്‍ തന്നെ തിരികെ മടങ്ങുക.

മടക്കയാത്രയില്‍ ആ ഗ്രാമത്തില്‍ ബസ്സ് നിന്നപ്പോള്‍ ഒരു ഭീതി. വീണ്ടും ആ  ഗ്രാമവാസികള്‍   ബസ് തടയുമോ എന്ന്?

No comments:

Post a Comment