Sunday, June 14, 2015

മലയാളമാസം ഒന്നാം തീയതി



എന്റെ വീടിന്റെ  അയൽ വീട്ടിൽ മിക്ക ദിവസങ്ങളിലും കുടുംബ വഴക്ക് പതിവായിരുന്നു. ഒരു സാധുവായ, അനാരോഗ്യവാനായ ഗൃഹനാഥൻ. അദ്ദേഹത്തിൻറെ ഭാര്യയും നാല് പെണ്മക്കളും അടങ്ങുന്ന കുടുംബം. മൂത്ത പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞ് മരുമകനും ഒപ്പം താമസം. മരുമകനാണ് വില്ലൻ. 
മിക്ക ദിവസങ്ങളിലും രാത്രിയിൽ മരുമകൻ മദ്യപിച്ചാവും എത്തുക. മദ്യപിച്ച് എത്തുന്ന മരുമകന്റെ രീതികളോട് കുടുംബാംഗങ്ങൾ പ്രതികരിച്ചു തിടങ്ങും. അൽപ്പസമയത്തിനുള്ളിൽ അവിടെ  ഒരു കൂട്ട ബഹളമാവും തുടർന്ന് മരുമകന്റെ അസഭ്യവാക്കുകളും.

ഞാൻ SSLC പൂർത്തിയാക്കിയ വര്ഷമാണ് (1970) എന്നാണ് ഓർമ്മ. അപ്രതീക്ഷിതമായി ഒരു മലയാളമാസം ഒന്നാം തീയതി രാവിലെ എന്തോ ആവശ്യത്തിനായി ഞാൻ ആ വീട്ടിലേക്കു പോകേണ്ടതായി വന്നു. എന്തുകൊണ്ടോ അന്നു മുതൽ ഒരു മാസം മുഴുവൻ മരുമകൻ മദ്യപിച്ചില്ല. അതിനാൽ അവിടെ പതിവ് ബഹളമോ ചീത്ത വിളിയോ ഉണ്ടായില്ല. എല്ലാ അയൽവാസികൾക്കും ആശ്ചര്യവും   ആശ്വാസവുമായി. പലരും ഗൃഹനാഥനോടും ഗൃഹനാഥയോടും മരുമകൻ സ്ഥലത്തില്ലേ  എന്ന് ചോദിക്കുവാനും  തുടങ്ങി.  മരുമകൻ സ്ഥലത്തുണ്ട്. ഈ മാസം  ഒന്നാം തീയതി രാവിലെ ശ്രീരംഗത്തെ അംബുജൻ ഞങ്ങളുടെ വീട്ടിൽ  രാവിലെ കാലുകുത്തിയതിന്റെ ഐശ്യര്യമാണ് ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ സമാധാനം എന്ന് അവർ മറുപടി പറഞ്ഞും തുടങ്ങി. ഇതിനിടെ പ്രസ്തുത വീട്ടിലെ കുടുംബാംഗങ്ങളെല്ലാം ഈ സന്ദേശം  പറഞ്ഞു പരത്തുകയും ചെയ്തു.

അടുത്ത മലയാളമാസം ഒന്നാം തീയതി രാവിലെ മറ്റാരും ആ വീട്ടിലേക്കു ചെല്ലുന്നതിനു മുൻപ് ഞാൻ ചെല്ലണം എന്ന് ആ വീട്ടിലെ ഗൃഹനാഥ എന്റെ വീട്ടിലെത്തി എന്നെ അറിയിച്ചു. എനിക്കും വളരെ സന്തോഷമായി. ഞാൻ പ്രസ്തുത ദിവസം അതിരാവിലെ കുളിച്ച് സമീപ ക്ഷേത്രത്തിൽ ദർശനവും കഴിഞ്ഞ് ആ വീട്ടിലേക്കു ചെന്നു. എന്നെ വളരെ സ്നേഹത്തോടെ സ്വീകരിക്കുകയും ചെയ്തു. രാവിലത്തെ കാപ്പികുടി കഴിഞ്ഞാണ് ഞാൻ അവിടെ നിന്നും മടങ്ങിയത്.

അന്ന് ആ വീട്ടിലെ മരുമകന് ലോട്ടറി അടിച്ച് കുറച്ചു പണം ലഭിച്ചു. പണം ലഭിച്ച സന്തോഷത്താൽ നല്ലതുപോലെ മദ്യപിച്ചാണ് അയാൾ എത്തിയത്. ഒരു മാസം അദ്ദേഹം നിർത്തി വെച്ചിരുന്ന ബഹളം വീണ്ടും ആരഭിച്ചു. രാത്രി ഒന്പത് മണിയോടെ ബഹളം തീവ്രതയിലെത്തി. മരുമകൻ അമ്മായിയച്ഛനെ അടിക്കുകയും ചെയ്തു. പിന്നീട് അവിടെ ഒരു കൂട്ടയടി തന്നെയാണ് നടന്നത്. കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് അയാളെ തിരിച്ചടിച്ചു. അടിയും ബഹളവും കേട്ട് എല്ലാ അയൽവാസികളും അവിടേക്ക് ഓടിച്ചെന്ന് അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഞാൻ മാത്രം അവിടേക്ക് പോയില്ല. എന്റെ ഉള്ളിൽ ഒരു നേരിയ ഭയം. 

ഒരു മാസം ബഹളം ഉണ്ടാകാതിരുന്നതിനു ഞാൻ കാരണമെന്ന് വിശ്വസിച്ചിരുന്ന ആ കുടുംബാംഗങ്ങൾ ഇന്നത്തെ ഈ ബഹളത്തിനു ഞാനാണ് കാരണമെന്ന് അവർ വിശ്വസിക്കുന്നതിൽ തെറ്റില്ലല്ലോ ?