Wednesday, February 4, 2015

ടൂറിസ്റ്റ് ഹോം


1981- ജൂണിലാണ്  തമിഴ് നാട്ടിലുള്ള കൽപ്പാക്കം ആറ്റോമിക് റിസർച്ച് സെന്ററിൽ ഞാൻ ഉദ്യോഗസ്ഥനാകുന്നത്. 1983- ൽ തമിഴ് നാട്ടിലുള്ള  തഞ്ചാവൂർ ക്ഷേത്രം, വേളാങ്കണ്ണി ചർച്ച്, നാഗൂർ ദർഗ എന്നിങ്ങനെ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം ആരാധനാലയങ്ങൾ സന്ദർശിക്കുവാൻ അവസരം ഉണ്ടായി. 
വേളാങ്കണ്ണി ബസ് സ്റ്റാൻഡിൽ ചെന്നിറങ്ങുമ്പോൾ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് നിരീശ്വരവാദികളുടെ റിക്കാർഡു  ചെയ്യപ്പെട്ട പ്രസംഗത്തിന്റെ ശബ്ദമാണ്. 
"ദൈവം ഇല്ല", "ദൈവത്തെ വിശ്വസിക്കുന്നവൻ മൂഡൻ", 
"ദൈവത്തെ മറക്കൂ മനുഷ്യനെ സ്നേഹിക്കൂ",     കൊള്ളക്കാരുടെ താവളമാണ് ആരാധനാലയങ്ങൾ.     
 ഒരു നിമിഷം മനുഷ്യനെ ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന അതി ഗംഭീരമായ വചനങ്ങൾ!
ക്ഷേത്രത്തിലും, ചർച്ചിലും, ദർഗ്ഗയിലും സന്ദർശിക്കാൻ ഇറങ്ങിത്തിരിച്ച എനിക്ക് ദ്രാവിഡ കഴകം എന്ന സംഘടനയുടെ പ്രസ്തുത നിരീശ്വരവാദത്തിലും മനുഷ്യ സ്നേഹത്തിലും അൽപ്പം താല്പ്പര്യം തോന്നാതിരുന്നില്ല.

വേളാങ്കണ്ണി ചർച്ചും ബീച്ചും മറ്റും സന്ദർശിച്ച് ഒരു രാത്രി വേളാങ്കണ്ണിയിൽ താമസിച്ച് മടങ്ങുമ്പോൾ പ്രസ്തുത പ്രസംഗം എന്റെ ഹൃദയത്തിൽ പതിഞ്ഞിരുന്നു. പ്രസംഗത്തിൽ എന്തൊക്കയോ സത്യങ്ങൾ ഇല്ലേ? എന്നൊരു തോന്നൽ, അത് എന്റെ മനസ്സിനെ അപ്പോഴപ്പോൾ അലട്ടിക്കൊണ്ടിരുന്നു.

ദക്ഷിണ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഉത്സവകാലങ്ങളിൽ ശ്രീകൃഷ്ണനായും, ശ്രീരാമനായും, അർജുനനായും, ബ്രഹ്മവാചാ നളനെയും ദമയന്തിയും ഒന്നിപ്പികാൻ ഭൂമിയിലെത്തിയ "ഹംസ"മായുമൊക്കെ കഥകളി അരങ്ങുകളിൽ എന്റെ പിതാവ് വേഷമിട്ടു സമ്പാദിച്ചാണ് എന്നെ വളർത്തി വലുതാക്കിയത്. ദൈവസങ്കല്പം ഇല്ലെങ്കിൽ ക്ഷേത്രമില്ല, ക്ഷേത്രമില്ലെങ്കിൽ കഥകളി ഇല്ല എന്നൊരു കാലഘട്ടമായിരുന്നു അന്ന്.

മൂന്ന് നാലുവർഷം ഈശ്വര വിശ്വാസവും നിരീശ്വരവിശ്വാസവും എന്റെ മനസ്സിനെ തകിടം മറിച്ചുകൊണ്ടേയിരുന്നു. പിന്നീടൊരിക്കൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുവാൻ വേളാങ്കണ്ണിയിൽ എത്തിയപ്പോഴാണ് ഈ നിരീശ്വരവാദവും കഥകളിയിൽ നടന്മാർ ഒരു അരങ്ങിൽ ദുര്യോധനൻ, രാവണൻ വേഷങ്ങൾ ചെയ്യുകയും അടുത്ത അരങ്ങിൽ രൗദ്രഭീമനും, കൃഷ്ണനും, ശ്രീരാമനും ചെയ്യുന്നത് പോലെ ഒരു വേഷംകെട്ടൽ മാത്രമാണ് എന്ന് എനിക്ക് മനസിലാക്കുവാൻ സാധിച്ചത്. 
ഇപ്പോൾ അവിടെ നിരീശ്വരവാദികളുടെ പ്രസംഗം ഇല്ല. എങ്ങും ശാന്തമായ അന്തരീക്ഷം.
ഞാൻ വളരെ അത്ഭുതത്തോടെ ചുറ്റും നോക്കി. ഞാൻ മുൻപ് വേളാങ്കണ്ണിയിൽ എത്തിയപ്പോൾ ഒരു രാത്രി താമസിച്ച വീട് നിന്ന സ്ഥലത്ത് വേളാങ്കണ്ണിയിൽ എത്തുന്ന ഭക്തർക്കായി താമസിക്കുവാൻ വേണ്ടി പുതിയ ടൂറിസ്റ്റ് ഹോം കെട്ടിയിരിക്കുന്നു. തമിഴിൽ എഴുതി വെച്ചിരുന്ന ടൂറിസ്റ്റ് ഹോമിന്റെ പേര് ഞാൻ വായിച്ചു നോക്കി. 
കഴിഞ്ഞ തവണ ഞാൻ എത്തിയപ്പോൾ നിരീശ്വരവാദം പ്രചരിപ്പിച്ച സംഘടനയായ "ദ്രാവിഡ കഴകം" നിർമ്മിച്ച ടൂറിസ്റ്റ് ഹോം.
"വേളാങ്കണ്ണിയിൽ എത്തുന്ന ഭക്തജനങ്ങൾക്ക്‌ താമസ സൗകര്യം ഒരുക്കി അവരെ സ്വീകരിക്കുന്ന നിരീശ്വരവാദികൾ"!.