Saturday, January 24, 2015

ഒരിക്കൽ കൂടി ഞാൻ മണ്ടനായി

ഞാൻ താമസിക്കുന്ന അണുപുരം  ടവുണ്‍ഷിപ്പിൽ നിന്നും ചെന്നൈ - പോണ്ടിച്ചേരി കിഴക്കുകടൽക്കരശാലയിലുള്ള വെങ്കപ്പാക്കം ജംഗഷനിലേക്ക്  സുമാർ രണ്ടരകിലോമീറ്റർ ദൂരമുണ്ട്.  ചെന്നൈയിൽ നിന്നും   കിഴക്കുകടൽക്കരശാല വഴി അണുപുരം ടവുണ്‍ഷിപ്പിൽ ബസ്സുമൂലം എത്തുവാൻ വെങ്കപ്പാക്കം ജംഗഷനിൽ ഇറങ്ങിവേണം വരേണ്ടത്. ചെന്നൈയിൽ നിന്നും എന്റെ മകനും മകളും ഉറ്റ സ്നേഹിതരും എത്തുമ്പോൾ ഞാൻ  സ്കൂട്ടറിൽ വെങ്കപ്പാക്കം ചെന്ന് അവരെ വീട്ടിലേക്ക് കൂട്ടി വരികയാണ് പതിവ്. 

16-01-2015 വെള്ളിയാഴ്ച വൈകിട്ട് ഏഴരമണിക്ക് വെങ്കപ്പാക്കം ജംഗ്ഷനിൽ നിന്നും എൻറെ മകളെ കൂട്ടിവരുവാനായി ഞാൻ സ്കൂട്ടറിൽ  പുറപ്പെട്ടു. ടവുണ്‍ഷിപ്പ് വിട്ട് വെളിയിൽ എത്തിയപ്പോൾ ഒരാൾ ലിഫ്റ്റ്‌ ചോദിച്ചു. അദ്ദേഹത്തിൻറെ മട്ട് കണ്ടപ്പോൾ എന്തോ അത്യാവശ്യം ഉള്ളതുപോലെ  എനിക്ക് തോന്നി. വെങ്കപ്പാക്കംവരെയാണ് എന്റെ യാത്രയെന്നു പറഞ്ഞപ്പോൾ  അദ്ദേഹം മതി എന്ന് പറഞ്ഞു. 

ഞാൻഅദ്ദേഹത്തിന്  ലിഫ്റ്റ് നല്കി. 45 കിലോമീറ്റർ വേഗതയിൽ ഞാൻ സ്കൂട്ടർ ഓടിച്ചിരുന്ന എന്നോട് കുറച്ചുകൂടി സ്പീടായി വണ്ടി ഓടിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഞാൻ  ആദ്യം വഴങ്ങിയില്ല.  അതേ  ആവശ്യം വീണ്ടും ആവർത്തിച്ചപ്പോൾ അദ്ദേഹത്തിന് അത്രകണ്ട്   അത്യാവശ്യം  ഉണ്ടാകും എന്ന ധാരണയിൽ ഞാൻ സ്കൂട്ടറിന്റെ വേഗത കൂട്ടി. വെങ്കപ്പാക്കം ജംഗ്ഷനിൽ എത്തിയപ്പോൾ അദ്ദേഹം എനിക്ക് നന്ദി പറഞ്ഞുകൊണ്ട് വേഗത്തിൽ ഇറങ്ങി റോഡ്‌ ്രോസ് ചെയ്ത് ചെന്നുകയറിയത് തമിഴ്നാട് ഗവണ്മേന്റ് നടത്തുന്ന (TASMAC) മദ്യശാലയിലേക്കായിരുന്നു. 




ഒരു മദ്യപാനി എന്നെ മണ്ടനാക്കിയതോർത്ത് ഒരു ജാള്യതയോടെയാണ് ഞാൻ എന്റെ മകളെയും     കൂട്ടി വീട്ടിലേക്കു മടങ്ങിയത്.