Friday, April 24, 2015

"പണം കണ്ടാൽ പിണവും "


ഇരുപത്തി അഞ്ചു വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ ഞാനും എന്റെ കുടുംബവും കൂടി ചെന്നൈ VGP ഗോൾഡൻ ബീച്ച് സന്ദർശിച്ചു. എന്ററൻസിന് സമീപം ഒരു കാവലാളി ഉണ്ടായിരുന്നു. ദൃഷ്ടി ചലിപ്പിക്കുകയോ ഒന്ന് മിണ്ടുകയോ ചെയ്യാതെയുള്ള അദ്ദേഹത്തിൻറെ സ്റ്റെഡിയായുള്ള നിൽപ്പ് സന്ദർശകരിൽ പലരെയും ആകര്ഷിച്ചതായി കാണാൻ സാധിച്ചു. ചില കുട്ടികൾ, കൗമാരപ്രായമുള്ളവർ ഈ കാവലാളിയുടെ ശ്രദ്ധ തിരിക്കാനും സംസാരിപ്പിക്കുവാനും ശ്രമിച്ചു കൊണ്ടിരുന്നു. ചിലർ പച്ചത്തെറിവരെ പറഞ്ഞു നോക്കി. അദ്ദേഹം ചലിച്ചില്ല. അദ്ദേഹം മൌനമായി തന്റെ ജോലിയോടുള്ള ആത്മാർത്ഥത പാലിച്ചു. കൈക്കൂലി വാങ്ങുന്ന എത്രയോ അധികാരികൾ ഉള്ള നമ്മുടെ രാജ്യത്ത് തുശ്ചമായ വരുമാനം വാങ്ങിക്കൊണ്ട് ഈ നിശ്ചലമായി നിൽക്കുന്ന കാവലാളിയെ അഭിമാനത്തോടെ ഞാനും കുറച്ചു സമയം നോക്കി നിന്നു.

                                                VGP Golden beach -ലെ ഒരു കാവലാളി 

ഈ സന്ദർഭത്തിലാണ് രണ്ടു കോളേജു വിദ്യാർത്ഥികൾ അവിടെയെത്തി കാവലാളിയെക്കൊണ്ട് ചലിപ്പിക്കുവാൻ ശ്രമിച്ചത്‌. ഇവർ പരിശ്രമം തുടങ്ങിയപ്പോൾ കാഴ്ചക്കാരും കൂടി. കാവലാളിയുടെ മുഖത്തേക്ക് നോക്കി അസഭ്യവും മറ്റും പറഞ്ഞിട്ടും കാവലാളി പ്രതികരിച്ചില്ല. അപ്പോഴാണ്‌ ഒരു വിരുതൻ തന്റെ പോക്കറ്റിൽ നിന്നും "ഇരുപതു രൂപയുടെ ഒരു നോട്ട് "എടുത്ത് കാവലാളിയുടെ പോക്കറ്റിൽ വെച്ചത്. അപ്പോഴും കാവലാളി കുലുങ്ങിയില്ല. 

      VGP Golden beach -ലെ ഒരു കാവലാളിയെ ചലിപ്പിക്കുവാൻ ശ്രമിക്കുന്ന വിരുതന്മാർ  

രണ്ടു മിന്നിട്ടു കഴിഞ്ഞപ്പോൾ മറ്റൊരു വിരുതൻ കാവലാളിയുടെ പോക്കറ്റിൽ നിന്നും ആ ഇരുപതു രൂപാ നോട്ട് എടുക്കാനായി ശ്രമിച്ചപ്പോഴാണ് കാവലാളിയുടെ തനിനിറം പുറത്തു വന്നത്. രൂപ എടുക്കാൻ ശ്രമിച്ചവന്റെ കയ്യിൽ നിന്നും പണം പിടിച്ചു വാങ്ങി തന്റെ പാന്റിന്റെ പോക്കറ്റിൽ തിരുകിക്കൊണ്ട് നാല് തെറിയും പറഞ്ഞിട്ട് പഴയത്പോലെ അറ്റൻഷനായി ഒരു നിൽപ്പും.

Sunday, April 12, 2015

"നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും".


1990 - ൽ ഞാൻ നാട്ടിലെത്തി ചെന്നൈയ്ക്ക് മടങ്ങുവാൻ ചെന്നിത്തല കല്ലുംമൂട്ടിൽ മാവേലിക്കരയ്ക്ക് ബസുകാത്തു നില്ക്കുമ്പോഴാണ് മാവേലിക്കരയിൽ നിന്നും പുത്തുവിളപ്പടി, എണ്ണയ്ക്കാട്‌ , പുലിയൂർ വഴി ചെങ്ങന്നൂരിനു പോകുന്ന ഒരു പ്രൈവറ്റ് ബസ് വന്നത്. ചെങ്ങന്നൂർ റെയിൽവേസ്റ്റേഷൻ വഴി പോകുന്ന ബസ് ആകയാൽ യാത്രാസൗകര്യം കണക്കിലെടുത്ത് അതിൽ കയറി. എണ്ണയ്ക്കാട്‌ കഴിഞ്ഞാൽ കുറെ വളവുകൾ ഉണ്ട്. ഒരു വളവിൽ വെച്ച് എതിരെ വന്ന ഒരു കാറുമായി ബസ് കൂട്ടിമുട്ടി.ഭാഗ്യത്തിന് കാറിനു നിസ്സാരമായ കേടുപാടുകൾ മാത്രമേ സംഭവിച്ചുള്ളൂ.

55 വയസ്സിനുമേൽ പ്രായം തോന്നിക്കുന്ന ഒരു അച്ചായന്റെ കാറായിരുന്നു അത്. അച്ചായാൻ കാറിനു വെളിയിൽ എത്തി ബസ്സിന്റെ ഡ്രൈവറോട് കയർത്തു. ബസ്സിന്റെ ഡ്രൈവർ ഒന്നും പ്രതികരിക്കാതെ സീറ്റിൽ തന്നെ ഒരേ ഇരിപ്പ്. അയാൾ ആ ബസ്സിലെ സ്ഥിരം ഡ്രൈവർ അല്ല. പകരത്തിനു കൂട്ടി വന്നതാണ്. അതുകൊണ്ടായിരിക്കാം മൌനമായിരുന്നത്. അച്ചായനെ സമാധാനപ്പെടുത്തുവാൻ ബസ്സിന്റെ കണ്ടക്റ്ററും ചില യാത്രക്കാരും ശ്രമിച്ചു കൊണ്ടിരുന്നു. അച്ചായാൻ ഒട്ടും വിടുന്ന ലക്ഷണമില്ല എന്ന് വന്നപ്പോൾ എന്റെ അന്നത്തെ യാത്ര മുടങ്ങിപ്പോകും എന്ന് ഞാൻ ഉറപ്പിച്ചു. പോലീസ്സിനെ അറിയിക്കാം. പോലീസ് വന്നിട്ടാകാം ബാക്കി എന്ന് പറഞ്ഞുകൊണ്ട് ബസ്സിലുണ്ടായിരുന്ന ഒരുവൻ പ്രതികരിക്കുവാൻ തുടങ്ങി. അപ്പോൾ ബസ് ഓടിച്ചിരുന്ന ഡ്രൈവർക്കും കാർ ഓടിച്ചുവന്ന കാറിന്റെ ഉടമയുമായ അച്ചായനും ചെറിയ പരിഭ്രമം ഉണ്ടായതായി മനസിലാക്കുവാൻ കഴിഞ്ഞു.

അച്ചായന്റെ കാറിനു പറ്റിയ കേടുപാടുകൾ ശരിചെയ്യാൻ എന്ത് തുക വേണം എന്ന് പറഞ്ഞാൽ ആതുക നല്കാം എന്ന് പറഞ്ഞ് ഒരു കോമ്പ്രമൈസിന് ബസ്സിന്റെ കണ്ടക്റ്റർ തയ്യാറായി. എനിക്ക് നിങ്ങളുടെ പണം ആവശ്യമില്ല എന്ന് അൽപ്പം ഇടറിയ സ്വരത്തിൽ പറഞ്ഞുകൊണ്ട് ഒരു കോമ്പ്രമൈസിന്അച്ചായാൻ തയ്യാറായി. അച്ചായാൻ ബസ്സിന്റെ പേര് നോക്കി. (രാജേശ്വരി എന്നോ മറ്റോ ആയിരുന്നു ആ ബസ്സിന്റെ പേര്. ഈ അപകടം നടന്ന സ്ഥലത്തിനു കുറച്ചു മുൻപ് ഒരു ക്ഷേത്രമുണ്ട്. കുട്ടംപേരൂർ ദേവീക്ഷേത്രം.) എന്നിട്ട് നൂറു രൂപ കുട്ടംപേരൂർ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ ഇടുക എന്നതായിരുന്നു അച്ചായൻ വിധിച്ച ശിക്ഷ.

ഉടൻ തന്നെ ബസ്സ് തിരിച്ചു വിട്ട് കാണിക്ക സമർപ്പിച്ച്‌ യാത്ര തുടരുവാൻ തയ്യാറായപ്പോൾ അച്ചായൻ ഒരു കണ്‍സ്സഷൻ കൂടി അനുവദിച്ചു. ബസ്സ് മടങ്ങി വരുമ്പോൾ കാണിക്ക സമർപ്പിച്ചാൽ മതിയെന്ന്. അച്ചായന്റെ സന്മനസ്സിന് ഒരായിരം നന്ദി മനസാ പറഞ്ഞു കൊണ്ടാണ് ആ  യാത്ര തുടർന്നത്.
കുട്ടംപേരൂർ ദേവിയുടെയും അച്ചായൻ വിശ്വസിക്കുന്ന യേശുദേവന്റെയും അനുഗ്രഹം കൊണ്ടുതന്നെയാവും ട്രെയിൻ എത്തുന്നതിനു ചില നിമിഷങ്ങൾക്ക് മുൻപ് ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാൻ സാധിച്ചത്