Friday, April 24, 2015

"പണം കണ്ടാൽ പിണവും "


ഇരുപത്തി അഞ്ചു വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ ഞാനും എന്റെ കുടുംബവും കൂടി ചെന്നൈ VGP ഗോൾഡൻ ബീച്ച് സന്ദർശിച്ചു. എന്ററൻസിന് സമീപം ഒരു കാവലാളി ഉണ്ടായിരുന്നു. ദൃഷ്ടി ചലിപ്പിക്കുകയോ ഒന്ന് മിണ്ടുകയോ ചെയ്യാതെയുള്ള അദ്ദേഹത്തിൻറെ സ്റ്റെഡിയായുള്ള നിൽപ്പ് സന്ദർശകരിൽ പലരെയും ആകര്ഷിച്ചതായി കാണാൻ സാധിച്ചു. ചില കുട്ടികൾ, കൗമാരപ്രായമുള്ളവർ ഈ കാവലാളിയുടെ ശ്രദ്ധ തിരിക്കാനും സംസാരിപ്പിക്കുവാനും ശ്രമിച്ചു കൊണ്ടിരുന്നു. ചിലർ പച്ചത്തെറിവരെ പറഞ്ഞു നോക്കി. അദ്ദേഹം ചലിച്ചില്ല. അദ്ദേഹം മൌനമായി തന്റെ ജോലിയോടുള്ള ആത്മാർത്ഥത പാലിച്ചു. കൈക്കൂലി വാങ്ങുന്ന എത്രയോ അധികാരികൾ ഉള്ള നമ്മുടെ രാജ്യത്ത് തുശ്ചമായ വരുമാനം വാങ്ങിക്കൊണ്ട് ഈ നിശ്ചലമായി നിൽക്കുന്ന കാവലാളിയെ അഭിമാനത്തോടെ ഞാനും കുറച്ചു സമയം നോക്കി നിന്നു.

                                                VGP Golden beach -ലെ ഒരു കാവലാളി 

ഈ സന്ദർഭത്തിലാണ് രണ്ടു കോളേജു വിദ്യാർത്ഥികൾ അവിടെയെത്തി കാവലാളിയെക്കൊണ്ട് ചലിപ്പിക്കുവാൻ ശ്രമിച്ചത്‌. ഇവർ പരിശ്രമം തുടങ്ങിയപ്പോൾ കാഴ്ചക്കാരും കൂടി. കാവലാളിയുടെ മുഖത്തേക്ക് നോക്കി അസഭ്യവും മറ്റും പറഞ്ഞിട്ടും കാവലാളി പ്രതികരിച്ചില്ല. അപ്പോഴാണ്‌ ഒരു വിരുതൻ തന്റെ പോക്കറ്റിൽ നിന്നും "ഇരുപതു രൂപയുടെ ഒരു നോട്ട് "എടുത്ത് കാവലാളിയുടെ പോക്കറ്റിൽ വെച്ചത്. അപ്പോഴും കാവലാളി കുലുങ്ങിയില്ല. 

      VGP Golden beach -ലെ ഒരു കാവലാളിയെ ചലിപ്പിക്കുവാൻ ശ്രമിക്കുന്ന വിരുതന്മാർ  

രണ്ടു മിന്നിട്ടു കഴിഞ്ഞപ്പോൾ മറ്റൊരു വിരുതൻ കാവലാളിയുടെ പോക്കറ്റിൽ നിന്നും ആ ഇരുപതു രൂപാ നോട്ട് എടുക്കാനായി ശ്രമിച്ചപ്പോഴാണ് കാവലാളിയുടെ തനിനിറം പുറത്തു വന്നത്. രൂപ എടുക്കാൻ ശ്രമിച്ചവന്റെ കയ്യിൽ നിന്നും പണം പിടിച്ചു വാങ്ങി തന്റെ പാന്റിന്റെ പോക്കറ്റിൽ തിരുകിക്കൊണ്ട് നാല് തെറിയും പറഞ്ഞിട്ട് പഴയത്പോലെ അറ്റൻഷനായി ഒരു നിൽപ്പും.

No comments:

Post a Comment