Tuesday, March 14, 2017

അഴീക്കൽ


അഴീക്കൽ കൊല്ലം ജില്ലയുടെ ഭാഗമാണ്. അഴീക്കൽ ബീച്ച് സന്ദർശകരെ വളരെയധികം ആകർഷിക്കുന്നുണ്ട്. എന്നാൽ പകൽ നേരങ്ങളിൽ സൂര്യൻറെ വെയിൽ കിരണങ്ങൾ നമ്മെ വല്ലാതെ കഷ്ടപ്പെടുത്തും എന്നതിന് സംശയവും വേണ്ട.  കരുനാഗപ്പള്ളിയിൽ നിന്നും ചെറിയഴീക്കൽ ആയിരംതെങ്ങു് അമൃതപുരി വഴിയാണ് യാത്രാ സൗകര്യം.  അഴീക്കൽ കഴിഞ്ഞാൽ കായൽ പ്രദേശമുണ്ട്. കായൽ കടന്ന് വേണം ആലപ്പുഴ ജില്ലയുടെ ഭാഗമായ വലിയഴീക്കലിൽ എത്തുവാൻ. വലിയഴീക്കലിൽ നിന്നും ആറാട്ടുപുഴ തൃക്കുന്നപ്പുഴ പല്ലന വഴി തോട്ടപ്പള്ളി എന്നീ ഭാഗത്തേക്ക് യാത്രാസൗകര്യം ഉണ്ട്. കായംകുളം കായലിൽ കൂടി ബോട്ട് യാത്ര ചെയ്തുകൊണ്ട് ആസ്വദിക്കുവാനുള്ള സൗകര്യങ്ങൾ ഉണ്ട്. കായംകുളത്തിനു സമീപം കീരിക്കാട് ജെട്ടിയിലെത്തി കായലിലൂടെ സഞ്ചരിച്ചാൽ പ്രകൃതി രമണീയമായ കേരളത്തിൻറെ ഭംഗി നമുക്ക് ആസ്വദിക്കാനാകും. 


\

\

കടലും കായലും തമ്മിൽ കരിങ്കൽ അടുക്കി ക്ഷോഭത്തോടെ കരയിലേക്ക് അടുക്കുന്ന  തിരമാലകളെ  നിയന്ത്രിച്ചിരിക്കുകയാണ് ഇവിടെ.  കായലിൽ വഴിയാകെ  കടലിലേക്ക്  മീൻ പിടിക്കാൻ ചെറുതും വലുതുമായ ബോട്ടുകളിൽ പോവുകയും മടങ്ങുകയും ചെയ്യുന്നത്   ഒരു നല്ല കാഴ്ചയാണ്. 


അഴീക്കലിൽ നിന്നും വലിയഴീക്കലിലേക്കും അവിടെനിന്നും തിരിച്ചും യാത്രാ ബോട്ടുകൾ ഉണ്ട്. പത്തു രൂപയാണ് യാത്രാക്കൂലി. കായലിന്റെ മനോഹാരിത ചുറ്റിക്കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം ബോട്ടുകൾ  സുലഭമാണ്.  

  
ആലപ്പുഴയിൽ നിന്നും കായൽ വഴിയാകെ കൊല്ലം വരെ സഞ്ചരിക്കാവുന്ന ജലപാത ധാരാളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. അവർക്ക് വേണ്ടി നിർമ്മിച്ച് അവരുമായി കടന്നുപോകുന്ന അനേകം ഹവുസ്  ബോട്ടുകൾ  അഴീക്കൽ കായലിലെ ആകർഷണീയമായ കാഴ്ചയാണ്. 





ഒരു കാലത്ത് പ്രസിദ്ധമായിരുന്ന  മീൻപിടി ചീനവല. കാലം പുരോഗമിച്ചപ്പോൾ ചീനവല പലരും ഉപേക്ഷിച്ചു. പ്രവേശിക്കുന്ന ചീനവലയുടെ അസ്ഥിക്കൂടം മാത്രം കാഴ്ചവസ്തുവായി മാറി. 


ചെറുമൽസ്യങ്ങൾ തേടിയുള്ള ഈ കൊക്കിൻറെ കാത്തിരിപ്പും കാണാൻ ഒരു രസമാണ്. കൂട്ടമായി ചെറുമൽസ്യങ്ങൾ തേടി കായലിനു ചുറ്റും പറക്കുകയും ഇര കണ്ണിൽ പെട്ടാൽ കായലിലേക്ക് കുതിച്ചു ഇരയുടെ പൊങ്ങി മറയുന്ന പലതരം പക്ഷികൾ അഴീക്കൽ കായലിലെ മനോഹരമായ കാഴ്ചകളിൽ ഉൾപ്പെടുന്നു. 








അഴീക്കലിന്റെ മുഖം മാറുന്ന കാഴ്ചയും നമുക്ക് കാണാവുന്നതാണ്. അഴീക്കലിനെയും വലിയഴീക്കലിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിൻറെ പണി തുടങ്ങിക്കഴിഞ്ഞു. പാലം പണി പൂർത്തിയായാൽ കൊല്ലം ജില്ലയിൽ നിന്നും ആലപ്പുഴ ജില്ലയിലേക്ക് ഇതുവഴി യാത്ര ചെയ്യുന്നവർക്ക് അഴീക്കലിൽ ഇറങ്ങാതെ തന്നെ യാത്ര തുടരാം.