Monday, January 7, 2019

ബംഗാളികളുടെ ട്രെയിൻ യാത്ര


ബംഗാളികളുടെയും ആസ്സാമികളുടെയും മാത്രമല്ല നോർത്തിന്ത്യൻ സംസ്ഥാന തൊഴിലാളികളുടെ  ഗൾഫ് ആണ് നമ്മുടെ കൊച്ചുകേരളം. ജീവിക്കുവാൻ വേണ്ടി ആദ്യകാലത്ത് കള്ളത്തോണിയിൽ അറബികളുടെ നാട്ടിലേക്ക് പോയവരാണ് മലയാളികൾ. കൊടും ചൂടിൽ മരുഭൂമിയിൽ കഷ്ടപ്പെട്ട് കേരളമണ്ണിൽ അറബിപ്പണം എത്തിച്ചിരുന്നു മലയാളികൾ. കാലത്തിന്റെ മാറ്റം ധാരാളം മലയാളികളെ അവിടേക്കെത്തിച്ചു. ഗൾഫ് പണം കേരളത്തിന്റെ മുഖം മാറ്റി. കേരളമെങ്ങും ഗൾഫ് പണത്തിന്റെ അടയാളങ്ങളായി കെട്ടിടങ്ങൾ ഉയർന്നു.

അദ്ധ്വാനം കൈമുതലാക്കി, ഉപജീവനം തേടി കേരളത്തിലേക്ക് എത്തിയവർ ആദ്യം തമിഴ് ജനതയായിരുന്നു. തമിഴരുംഗൾഫിലേക്കു എത്തി തുടങ്ങിയപ്പോൾ ആ സ്ഥാനത്തേക്ക് ബംഗാളികൾ എത്തി. അവരെ തുടർന്ന് ആസ്സാം, ഒറീസ്സാ, ബീഹാർ തുടങ്ങിയ നോർത്ത് ഇന്ത്യൻ സംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.    ഇന്ന് കേരളം ചലിക്കണമെങ്കിൽ ബംഗാളികൾ ഉൾപ്പടെയുള്ള നോർത്തിന്ത്യൻ തൊഴിലാളികളുടെ അദ്ധ്വാനം വേണം.   അവരുടെ നാട്ടിൽ അദ്ധ്വാനത്തിനു അവർക്ക് ലഭിക്കുന്നത് വളരെ തുശ്ചമായ വേതനമാണ്. അതുകൊണ്ടുതന്നെയാണ് അവർ കേരളത്തിലേക്ക് ചേക്കേറുന്നത്. അങ്ങിനെ കേരളത്തിൽ എത്തുന്നവരിൽ പലരും രണ്ടോ മൂന്നോ മാസത്തേക്ക് മാത്രം കരാർ വ്യവസ്ഥയിൽ എത്തുകയും കരാർ കഴിഞ്ഞാൽ മടങ്ങുകയും അടുത്ത കരാർ ലഭിക്കുമ്പോൾ എത്തുന്നവരുമാണ്. കരാർ അടിസ്ഥാനത്തിൽ ഇങ്ങിനെ ജോലിക്കെത്തുന്നവർക്ക് ഒരു തരത്തിലും പ്ലാൻ ചെയ്തുള്ള യാത്ര തരപ്പെടുകയില്ല. അതിനാൽ മിക്കവരും ട്രെയിനിൽ അൺ റിസർവ്ഡ് കമ്പാർട്ട്മെന്റിലാവും യാത്ര ചെയ്യുക. ദുരിതപൂർണ്ണമായ യാത്ര. തിരുവനന്തപുരത്തുനിന്നും വെസ്റ്റ് ബംഗാളിലെ കൽക്കത്തയിലേക്കുള്ള ഒരു ട്രെയിനിലെ യാത്രയുടെ സമയ ദൈർഘ്യം നാം ചിന്തിക്കേണ്ടതാണ് . ഉദാഹരണത്തിന് വൈകിട്ട് 4 -മണിക്ക് തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന ട്രെയിൻ കൃത്യ സമയം പാലിച്ചാൽ മൂന്നാം ദിവസം ഉച്ചയ്ക്ക് ഏകദേശം 2 മണിയോടയാകും ഹൗറ സ്റ്റേഷനിൽ എത്തിച്ചേരുക. ഈ ദൂരയാത്രാ ട്രെയിനുകൾ ഒന്നും തന്നെ കൃത്യ സമയം പാലിക്കാറില്ല എന്നതാണല്ലോ മറ്റൊരു സത്യം. ട്രെയിൻ ആലുവയിൽ എത്തുമ്പോഴേക്കും ബംഗാളികളെകൊണ്ട് നിറഞ്ഞിരിക്കും. ബാത്ത്റൂമിനുള്ളിൽ പോലും യാത്രചെയ്യുന്ന സ്ഥിതി. നിലത്തിരുന്നും നിന്നുമൊക്കെയായി അവരുടെ യാത്ര വളരെ വളരെ ക്ലേശകരമാണ്. പലരും ട്രെയിനിന്റെ ലഗ്ഗേജ് കാരൃറിൽ തൊട്ടിൽ കെട്ടി കിടന്നുറങ്ങി യാത്ര ചെയ്യുന്നത് കാണാം. ഈ തൊട്ടിൽ അഴിഞ്ഞാലുള്ള സ്ഥിതിയും നമുക്ക് മനസ്സിലാക്കാം.









ഈ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിനെ അടിക്കടി ഹർത്താൽ നടത്തി കേരളം ബുദ്ധിമുട്ടിക്കാറുണ്ട്. ഇവർ അനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരമായ നില. കേന്ദ്രഭരണമായാലും സ്റ്റേറ്റ് ഭരണമായാലും ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുന്നില്ല എന്നതാണ് ഇന്ത്യയിലെ സ്ഥിതി.

Tuesday, January 1, 2019

പുതുവർഷം 2019.

ഇന്ന് പുതുവർഷം ആരംഭിക്കുന്നു. പുതുവർഷ ആരംഭത്തിൽ  നമ്മുടെ കൊച്ചുകേരളം നവോഥാന മൂല്യങ്ങൾ ഉയർത്തുവാൻ വനിതാ മതിൽ സംഘടിപ്പിക്കുന്നു.  ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പ്രതിപക്ഷം  എതിർപ്പും പ്രകടിപ്പിക്കുന്നു. ശബരിമല വിവാദം, പള്ളിത്തർക്കം, വർക്കല കോളേജ് സംഭവ വിവാദങ്ങൾ എന്നിങ്ങനെ പലതും  മുൻവർഷത്തിലെ വിവാദ വിഷയങ്ങളായിരുന്നു. ഈ വിഷയങ്ങൾ പുതുവർഷം 2019 -ലും തുടരും എന്നതിൽ സന്ദേഹമേതും വേണ്ടാ എന്നാണല്ലോ മാധ്യമങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സന്ദേശങ്ങൾ. 

ഞാൻ താമസിക്കുന്നത് തമിഴ്‌നാട്ടിലാകയാൽ കൊച്ചുകേരളത്തിലെ പുതുവർഷ കോലാഹലങ്ങൾ ഒന്നും നേരിട്ടു കാണുവാൻ സാധിക്കുന്നില്ല എങ്കിലും പല പല മലയാളം ചാനലുകളിലെ  വാർത്തകൾ തങ്ങളുടെ രാഷ്‌ട്രീയ ചിന്താഗതികൾക്ക് അനുസരണമായി ചില വാർത്തകൾ മറച്ചും ചിലതിന് കൂടുതൽ ശ്രദ്ധയും നൽകി പ്രക്ഷേപണം ചെയ്യുന്നതുകൊണ്ട് എല്ലാ ചാനലുകളിലെയും വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്ത് മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്.  

പുതുവർഷാരംഭത്തിൽ എന്തെങ്കിലും രസകരമായ വിഷയങ്ങൾ കാണാനാകുമോ എന്നുകൂടി ചിന്തിച്ചുകൊണ്ടാണ് ഞാൻ പ്രഭാത നടത്തത്തിന് ഇറങ്ങിയത്.   ജീവിക്കുവാൻ വേണ്ടി അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന് എന്ത്‌ പുതുവർഷം ? ഭിക്ഷ  എടുത്തു ജീവിക്കുന്നവർക്ക് എന്തു പുതുവർഷം? പ്രഭാതത്തിൽ തന്നെ റോഡിലെ കുപ്പകൾ വാരി സൈക്കിൾ ഘടിപ്പിച്ച വണ്ടികൾ തള്ളിക്കൊണ്ട് ജീവിക്കുന്നവർക്കും കുപ്പയിൽ    നിന്നും പ്ലാസ്റ്റിക്ക് ബോട്ടിലുകളും മറ്റു ഉപയോഗപ്പെടുത്താവുന്ന സാധനങ്ങൾ വേർതിരിച്ചെടുത്ത് അത് വിറ്റു ജീവിക്കുന്നവർക്കും അധ്വാനിച്ചാലേ ജീവിക്കാനാവൂ എന്നുള്ളവരും എല്ലാ ദിവസങ്ങളിലും എന്നപോലെ പതിവ് ജോലികളിൽ വ്യാപൃതരായിരിക്കുന്നു എന്നല്ലാതെ അവരിൽ പുതുവർഷത്തിന്റെ ഒരു തിളക്കവും കാണുന്നില്ല. സാമാന്യം ജീവിക്കുവാൻ മാർഗ്ഗമുള്ളവർ പുലർച്ചയിൽത്തന്നെ  കുളിച്ചു  പുതു വസ്‌ത്രം  ധരിച്ചു ആരാധനാലയങ്ങളിലേക്ക്  കുടുംബ സമേതം പോകുന്നു.  പരസ്പരം പുതുവർഷ ആശംസകൾ നേരുന്നു.   ഇങ്ങിനെ പലതും ശ്രദ്ധിച്ചു നടന്ന് ചെന്നൈയിലെ കെ.കെ നഗറിലെ ശിവൻ പാർക്കിനു സമീപമുള്ള വിനയാകർ കോവിലിനു സമീപം എത്തിയപ്പോഴാണ് അൽപ്പമെങ്കിലും രസകരമായ ഒരു കാഴ്ച എന്നെ ആകർഷിച്ചത്. വിനായകൻ കോവിലിൽ ദർശനം കഴിഞ്ഞു കോവിലിനു വെളിയിൽ എത്തിയ ഒരു മുത്തശി തൻ്റെ പേഴ്സിൽ സൂക്ഷിച്ചിരുന്ന ചില്ലറ കാശുകൾ എടുത്ത് ക്ഷേത്രത്തിനു വെളിയിൽ രണ്ടുവരികളിൽ ഇരിക്കുന്ന ഭിക്ഷക്കാർക്ക്  നൽകുന്നു. ഇതിലെന്തു രസകരമായ കാഴ്ച എന്താണുള്ളത് എന്ന് ഈ പോസ്റ്റ് വായിക്കുന്ന പലരും ചിന്തിക്കുന്നുണ്ടാവും. അതെന്താണ് എന്ന് വ്യക്തമാക്കേണ്ടത് എൻ്റെ കടമയുമാണല്ലോ? ആ മുത്തശ്ശി പുരുഷന്മാരായ ഭിക്ഷക്കാർക്ക് പണം നൽകാതെ, അവരെ അവഗണിച്ചുകൊണ്ട്  സ്ത്രീകളായ ഭിക്ഷക്കാർക്ക് മാത്രം പണം നൽകി മടങ്ങുന്ന കാഴ്ചയാണ് ഞാൻ അവിടെ കണ്ടത്. 








കേരളം ഭരിക്കുന്ന ഗവണ്മെന്റ് വനിതാ മതിൽ സംഘടിക്കുമ്പോൾ അയൽ സംസ്ഥാനത്തിലെ ഒരു മുത്തശ്ശി തൻ്റെ മനസ്സിൽ നിന്നും  പുരുഷന്മാരെ അകറ്റി നിർത്തി സ്ത്രീകൾക്കായി ഒരു മതിൽ സൃഷ്ടിച്ചിരിക്കുന്നു എന്നതാണ് എനിക്കേറ്റവും രസകരമായി തോന്നിയ ഒരു സംഭവം.  ഒരു പക്ഷേ ആ മുത്തശ്ശിയുടെ കുടുംബ പശ്ചാത്തലമോ അല്ലെകിൽ മറ്റേതെങ്കിലും സംഭവങ്ങളോ ആയിരിക്കാം ഈ മാനസീകമതിലിന് ഊക്കം നല്കിയത്.