Wednesday, February 23, 2011

കൊല്ലൂര്‍ / മുരുദേശ്വര്‍ യാത്ര - 6


ഞങ്ങള്‍ ബോട്ടില്‍ കയറി. അലകളുടെ ഘോര താണ്ഡവത്തിന് ഒത്ത് നൃത്തമാടി ക്കൊണ്ട് ബോട്ട് കടലിലേക്ക്‌ നീങ്ങി. ചെറിയ ബോട്ടുകള്‍,  ധാരാളം  വാട്ടര്‍ സ്കൂട്ടര്‍ എന്നിവ ചീറി പാഞ്ഞു പോകുമ്പോള്‍ ഞങ്ങളുടെ ശരീരത്തിലേക്ക് വെള്ളം ശക്തിയില്‍  തെറിച്ചു കൊണ്ടിരുന്നു. അങ്ങകലെ ചെടികൊടികള്‍ നിറഞ്ഞു പച്ച നിറത്തില്‍  ഒരു ചെറിയ  ദ്വീപു കാണാം. കടലിനു നടുവില്‍ അങ്ങുമിങ്ങും ചില പാറക്കൂട്ടങ്ങള്‍. ചില മിനി ബോട്ടുകള്‍ പാറക്കൂട്ടം വരെ പോയി മടങ്ങുന്നു. അങ്ങിനെ മനോഹരമായ കടല്‍ കാഴ്ചകള്‍ക്കിടയില്‍  മുരുദേശ്വര്‍ ഗോപുരത്തെയും ശിവ ശിലകളെയും നോക്കി കാണുന്നത് നയനാനന്ദകരം എന്നെ വിശേഷിപ്പിക്കാനാവൂ.

                                          ബോട്ടില്‍ യാത്ര

                   അസ്തമയ സൂര്യന്റെ കിരണമേറ്റ് തിളങ്ങുന്ന പരമശിവന്‍
                                                    
                                                     ബോട്ടില്‍ യാത്ര

                                                 മുരുദേശ്വര്‍ വീക്ഷണം

                                                    സ്കൂട്ടര്‍ ബോട്ടുകള്‍

                                                     സ്കൂട്ടര്‍ ബോട്ടുകള്‍

                                          മുരുദേശ്വര്‍  കടല്‍ക്കരയില്‍


                                           മുരുദേശ്വര്‍ കടല്‍ക്കരയില്‍

ഞങ്ങളുടെ ബോട്ട് കന്തുകഗിരിയെ ഒന്നു ചുറ്റിയ ശേഷം കടല്‍ക്കരക്ക് മടങ്ങി. എന്റെ മകള്‍ക്ക് വീണ്ടും കടല്‍ യാത്രക്കു താല്‍പ്പര്യം ഉണ്ടെന്നു പറഞ്ഞപ്പോള്‍ ആറു പേര്‍ക്ക് സഞ്ചരിക്കാവുന്ന  ഒരു ഫാമിലി ബോട്ടില്‍ കടല്‍ യാത്ര നടത്തി. ആ യാത്ര അല്‍പ്പം കടുപ്പമാണ്. സേഫ്റ്റി ഡ്രസ്സ്‌ ഇട്ടു കൊണ്ടുള്ള ആ യാത്രയില്‍ ബോട്ട് കടലില്‍ വളരെ വേഗത്തില്‍ പോയി പെട്ടെന്ന് തിരിക്കുന്നത് ഭയം ഉളവാക്കി. പിന്നീടു ഏറ്റവും രസകരമായി കണ്ടു നിന്നത് സ്കൂട്ടര്‍ ബോട്ടിലെ ജനങ്ങളുടെ യാത്രയാണ്. ഇതിനു പുറമേ ഒട്ടക സവാരിക്ക് രണ്ടു ഒട്ടകങ്ങള്‍ അവിടെയുണ്ട്. പിന്നെ കപ്പലണ്ടി, കടല, ഐസ്ക്രീം എന്നിവ കടല്‍ക്കരയില്‍ അമോഹ വില്‍പ്പനയും നടത്തുന്നുണ്ട്. ബോട്ട് യാത്രയ്ക്കായി അവിടെ എത്തുന്ന സന്ദര്‍ശകരെ   സമീപിക്കുന്ന ഏജന്റുമാര്‍ വളരെ അധികം പേരുണ്ട്. എല്ലാവര്‍ക്കും ഹിന്ദി നന്നായി അറിയാം. 


                      സവാരിക്ക് തയ്യാറാകി നില്‍ക്കുന്ന ഒട്ടകട്ടിനു സമീപം

                                                        കടല്‍ സവാരി 

                                                മുരുദേശ്വര്‍ കടല്‍ക്കര 

വൈകിട്ട് ആറു മണി ആയപ്പോഴേക്കും ജനകൂട്ടം വളരെ അധികം കാണപ്പെട്ടു. കടല്‍ അലകള്‍ ഉയരത്തില്‍ അടിക്കുവാന്‍ തുടങ്ങി. അപ്പോഴും ബോട്ട് യാത്രയും സ്കൂട്ടര്‍ ബോട്ട് സാഹസങ്ങളും തുടര്‍ന്നു കൊണ്ടേയിരുന്നു. ഞങ്ങള്‍ കടല്‍ക്കരയില്‍ നിന്നും റോഡിലേക്ക് നീങ്ങി. ടൂറിസ്റ്റ് വാനുകളും ബസ്സുകളും കാറുകളും കൊണ്ട് റോഡില്‍ നല്ല തിരക്ക്. വാഹന നിയന്ത്രണത്തിന് ട്രാഫിക് പോലീസും നിരത്തില്‍ ഉണ്ട്. റോഡിലൂടെ നടന്ന് മുരുദേശ്വര്‍ ബസ്റ്റാന്‍റ്റില്‍ എത്തി. അവിടെ ബസ്സുകളുടെ സമയമോ യാത്രാ വിവരണങ്ങളോ ഒന്നും തന്നെ ഇല്ല. കന്നടത്തില്‍ ഒന്നോ രണ്ടോ ടൌണ്‍ ബസ്സിന്റെ സമയം മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്. നിരാശാജനകമായ അവസ്ഥയാണ് ഇത്രയധികം ടൂറിസ്റ്റുകള്‍ എത്തുന്ന മുരുദേശ്വര്‍ ബസ്റ്റാന്‍റ്റിന്റെ സ്ഥിതി. 

നല്ല ഒരു സസ്യാഹാര ഹോട്ടല്‍ തേടിപ്പിടിച്ചു. മുപ്പതു രൂപയ്ക്ക് തരക്കേടില്ലാത്ത ആഹാരവും കഴിച്ചു രാത്രി എട്ടര മണിയോടെ ഞങ്ങള്‍ ഹോട്ടല്‍ മുറിയില്‍ എത്തി. മിസ്റ്റര്‍. കമ്മത്ത് ഞങ്ങള്‍ക്കായി അവിടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ മടക്കയാത്ര സമയം അറിയുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹം ഞങ്ങളുടെ അടുത്ത പദ്ധതിയെ പറ്റി ആരാഞ്ഞു. ഇനി മടക്കയാത്ര എന്ന് പറഞ്ഞപ്പോള്‍ ഏഴു മണിക്ക് ഞങ്ങളെ യാത്രയാക്കുവാന്‍
മിസ്റ്റര്‍. കമ്മത്തിന് താല്‍പ്പര്യം എന്ന് മനസ്സിലായി. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം ഞങ്ങള്‍ രാവിലെ ഏഴുമണിക്ക്  യാത്രക്കുള്ള തയ്യാറെടുപ്പോടെ റൂം വിടുമ്പോള്‍  കമ്മത്ത്‌ അടുത്ത പാര്‍ട്ടിയെയും കൂട്ടി എത്തികഴിഞ്ഞിരുന്നു. 
ഒരു ഓട്ടോ പിടിച്ച് ഞങ്ങള്‍ കൊച്ചിന്‍- പനവേല്‍ ഹൈവേ റോഡില്‍ എത്തി. സുമാര്‍ ഒരു മണിക്കൂര്‍ നേരം അവിടെ കാത്തു നിന്നും ഉദ്ദേശിച്ചതു പോലെ ഉള്ള യാത്ര സൗകര്യം ലഭിച്ചില്ല. ഉടുപ്പിക്ക് പോകുന്ന ഒരു കാര്‍ അവിടെ നിര്‍ത്തി. അതില്‍ ഞങ്ങള്‍ക്ക് ഇടം കിട്ടിയതും ഇല്ല. അവിടെ നിന്നിരുന്ന പല യാത്രക്കാരും ബട്ക്കല്‍, കുന്തപുരാ, ബൈന്തൂര്‍ എന്നീ സ്ഥലങ്ങളിലേക്ക് പോകേണ്ടവര്‍ എന്ന് മനസ്സിലാക്കി. അടിക്കടി മിനിവാന്‍ സര്‍വീസ് കണ്ടപ്പോള്‍ അത് എവിടെ വരെ പോകും എന്ന് തിരക്കി. ബട്ക്കല്‍ എത്തിയാല്‍ അവിടെ നിന്നും യാത്രാ സൗകര്യം ഉണ്ടെന്നു അറിഞ്ഞപ്പോള്‍ ഇനി വരുന്ന അടുത്ത മിനിവാനില്‍ ബട്ക്കലിലേക്ക് യാത്രയാവുക എന്ന് തീരുമാനിച്ചു. 

മിനിവാന്‍ യാത്ര അത്ര സുഖകരം എന്ന് പറയുവാന്‍ സാധിക്കുന്നില്ല എങ്കിലും ബട്ക്കല്‍  എത്തിച്ചേരുവാന്‍ നല്ല മാര്‍ഗ്ഗം വേറൊന്നും ഇല്ലാത്തതിനാല്‍ അത് ഒരു യാത്രാ അനുഭവമായി കണ്ടു. മിനിവാനിലെ യാത്രക്കാര്‍ ഞങ്ങളെ അന്യ  സംസ്ഥാനത്തില്‍ നിന്നും വന്നവര്‍ എന്ന് നല്ലവണ്ണം മനസ്സിലാക്കിയിരുന്നു. യാത്രക്കാര്‍ കയറിയും ഇറങ്ങിയും സുമാര്‍ നാല്‍പ്പതു നിമിഷത്തില്‍ ബട്ക്കലില്‍ വാന്‍ എത്തിച്ചേര്‍ന്നു. ഞങ്ങള്‍ വാനില്‍ നിന്നും ഇറങ്ങിയ ഉടന്‍ ഒരു സഹയാത്രികന്‍ നിങ്ങള്‍ക്ക്  എവിടെയാണ് പോകേണ്ടത് എന്ന് ഹിന്ദിയില്‍  ചോദിച്ചു. മംഗലാപുരത്തിന് എന്ന് പറഞ്ഞപ്പോള്‍ അവിടെ നിര്‍ത്തിയിരുന്ന ഒരു ബസ് ചൂണ്ടിക്കാട്ടി ആ ബസ്സില്‍ കുന്തപുരയില്‍ പോയി അവിടെനിന്നും ഉടുപ്പിക്കു പോവുക. ഉടുപ്പിയില്‍ നിന്നും ധാരാളം ബസ്സുകള്‍ മംഗലാപുരത്തിന് കിട്ടും എന്ന് പറഞ്ഞു. സുമാര്‍ ഒരു മണിക്കൂര്‍ യാത്ര ചെയ്തു കുന്തപുരായില്‍ എത്തി. അവിടെ ഒരു ഹോട്ടലില്‍ ടിഫിന്‍ കഴിച്ചു വെളിയില്‍ വന്നപ്പോള്‍ ഉടുപ്പിക്കു ഒരു പ്രൈവറ്റ് ബസ് റെഡിയായി നില്‍ക്കുന്നുണ്ടായിരുന്നു.  ഒരു മണിക്കൂര്‍ യാത്ര ചെയ്തപ്പോള്‍ ഉടുപ്പിയിലും അവിടെ നിന്നും അടുത്ത ഒരു മണി നേരത്തില്‍ ഞങ്ങള്‍ മംഗലാപുരത്തും എത്തിച്ചേര്‍ന്നു. 
വളരെ നേരത്തെ റെയില്‍വേ സ്റ്റേഷനില്‍ എത്തി. നാലു മണിക്കാണ് ട്രെയിന്‍.   ആഹാരം കഴിഞ്ഞു  ഒരു ആട്ടോയില്‍ മംഗലാപുരം നഗരം ഒന്ന് ചുറ്റിക്കണ്ടു. ട്രെയിന്‍ പുറപ്പെടുന്നതിനു അര മണിക്കൂറിനു മുന്‍പ് റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തി. അവിടെ എത്തുമ്പോള്‍ ചെന്നൈക്കുള്ള ട്രെയിന്‍ പ്ലാറ്റ് ഫോമില്‍  ഉണ്ട്. ലഗേജുകള്‍ എടുത്തു കൊണ്ട് ട്രെയിനില്‍ കയറി. 

 
കൃത്യ സമയത്തു തന്നെ ട്രെയിന്‍ പുറപ്പെട്ടു. മംഗലാപുരം വിട്ടു ട്രെയിന്‍ കേരളത്തിന്റെ അതിര്‍ത്തിയിലേക്ക്  വളരെ വേഗത്തില്‍ നീങ്ങിക്കൊണ്ടിരുന്നു.