Friday, July 29, 2016

"മറുനാടൻ മലയാളികളും മാതൃഭാഷാ സ്നേഹവും"


തമിഴ് നാട്ടിൽ സുമാർ 30 വർഷം താമസിച്ച പല (എല്ലാവരും അങ്ങിനെയല്ല) മലയാളികളും മാതൃഭാഷ മറന്ന് വീട്ടിൽ തമിഴ് സംസാരിക്കുന്നു. മുംബയിലും അന്തമാനിലും മറ്റും 30 വർഷം താമസിച്ച പല മലയാളികളും മാതൃഭാഷ മറന്ന് (മലയാളം അറിയാവുന്നവരും) വീട്ടിൽ ഹിന്ദി സംസാരിക്കുന്നു. ഒരു തമിഴനോ ആന്ധ്രാക്കാരനോ, കന്നടക്കാരനോ മാതൃഭാഷയിൽ മാത്രമേ വീട്ടിൽ കുടുംബാംഗങ്ങളോട് സംസാരിക്കാറുള്ളൂ. തമിഴ് നാട്ടിലുള്ള മിക്ക ഗ്രാമങ്ങളിൽ പോലും വീട്ടിൽ  തെലുങ്ക്  സംസാരിക്കുന്നവരുണ്ട്. അവർ പരമ്പരയായി തമിഴ്‌നാട്ടിൽ ജീവിക്കുന്നു എങ്കിലും അവരുടെ മാതൃഭാഷ അവർ മറക്കുന്നില്ല. ഈ മാതൃഭാഷാ സ്നേഹം നിലനിർത്തുന്നതിന് പ്രധാന പങ്കു വഹിക്കുന്നത് മാതാവാണ്. ഒരു കുഞ്ഞു ജനിക്കുന്ന അന്നുമുതൽ  മാതാവ് അതിനെ  താരാട്ടു പാടുന്നതും കുഞ്ഞിനോട് കൊഞ്ചുന്നതും എല്ലാം മാതൃഭാഷയിൽ തന്നെയായിരിക്കും.  

ഗുജറാത്ത് വംശരായ ധാരാളം  മാർവാടികൾ തമിഴ് നാട്ടിലുണ്ട്.  ബിസ്സിനസ്സ് സംബന്ധപ്പെട്ട് തമിഴ് ജനതയുമായി വളരെയധികം സമ്പർക്കം പുലർത്തുന്നവരാണ് മാർവാടികൾ. എന്നാൽ മാതൃഭാഷയെ മറന്നൊരു ജീവിതം അവർക്കില്ല.  തമിഴ് നാടിൻറെ തെക്കൻ ജില്ലകളിൽ  സൗരാഷ്ട്ര ഭാഷ സംസാരിക്കുന്ന ജനങ്ങൾ ഉണ്ട്. തമിഴരായി ജീവിക്കുന്ന ഇവരും വീട്ടിലും കുടുംബാംഗങ്ങളോടും തൻറെ   മാതൃഭാഷയിൽ മാത്രമേ സാംസാരിക്കുകയുള്ളൂ. 

തമിഴ് നാട്ടിൽ നൂറ്റാണ്ടുകളായി ജീവിക്കുന്ന നരിക്കുരവർ എന്നൊരു സമൂഹം ഉണ്ട്. ഈ നാടോടികളുടെ മാതൃഭാഷ തമിഴ് അല്ല. അവരുടെ മാതൃഭാഷയുടെ പേര് എന്താണ് എന്ന് അവർക്കു അറിവ് ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ അവർക്കുള്ളിൽ അവർ സംസാരിക്കുന്നതു അവരുടെ മാതൃഭാഷയായ  വഗ്രിബോളിയിലാണ്.   വഗ്രിബോളി ഒരു ഇൻഡോ ആര്യൻ ഭാഷയാണ്.  വഗ്രിബോളിക്കു    സ്ക്രിപ്റ്റുകൾ നിലവിലില്ല. 

രിക്കുരവർ  സാംസ്കാരികമായി  അവർ വളർന്നുവരുന്നത്   ഈ കാലഘട്ടത്തിലാണ്.  മുത്തുമാലകൾ വിറ്റും കുപ്പകൾ പെറുക്കിയും ജീവിച്ചു വരുന്ന ഈ സമൂഹം  അവർക്കിടയിൽ അവരുടെ ഭാഷയിൽ  മാത്രമേ  സംസാരിക്കുകയുള്ളു. അവരുടെ മാതൃഭാഷയോടുള്ള സ്നേഹം അവർ നിലനിർത്തുന്നു. പുറത്തെത്തിയാൽ മാത്രം തമിഴ് സംസാരിക്കും.

                                          മാതൃഭാഷയെ  സ്നേഹിക്കുന്ന  നരിക്കുറവസ്ത്രീ. 

                                                                     നരിക്കുറവർ 


                                                                 നരിക്കുറവർ 

തമിഴ് ജനതയെ നോക്കൂ. തമിഴ്വിട്ട് അവർക്കു ഒന്നും ഇല്ല. തമിഴ് നാട്ടിൽ പലയിടത്തും നടക്കുന്ന സാംസ്കാരിക ചടങ്ങുകളിലും "തമിഴ്വാഴ്‌ക" എന്നൊരു ബോർഡ് കാണാൻ സാധിക്കും. ഞാൻ ജോലി ചെയ്തിരുന്ന തമിഴ്‌നാട്ടിലുള്ള അണുശക്തി  നിലയത്തിൽ നടക്കുന്ന എല്ലാ ഫങ്ക്ഷൻ തുടങ്ങുമ്പോഴും ഈശ്വര പ്രാർത്ഥനക്കു പകരം "തമിഴ്‌തായ് വാഴ്ത്ത്" (തമിഴ്അമ്മ സ്തുതി) എന്ന പ്രാർത്ഥനാ ഗീതമാണ് ആലപിക്കാറുള്ളത് എന്നത് നാം മനസ്സിലാക്കേണ്ടതാണ്. ശ്രീലങ്കയിലോ മൊറീഷ്യസിലോ, സിങ്കപ്പൂരിലോ, മലേഷ്യയിലോ എന്നല്ല ലോകത്തിൻറെ ഏതു മൂലയിലായാലും തമിഴർ  തൻറെ  മാതൃഭാഷയെ മറക്കില്ല. തമിഴ്‌നാട് ഭരിക്കുന്ന ഗവണ്മെന്റും തമിഴ്ഭാഷയുടെ വളർച്ചയ്ക്ക് മുൻഗണന നൽകുന്നുണ്ട്. ഈ നാടുകളിലേക്ക് അവിടെ പഠിക്കുന്ന തമിഴ് കുട്ടികൾക്ക് തമിഴ് പാഠപുസ്തകം എത്തിക്കുവാൻ തമിഴ്നാട് സർക്കാർ കാണിക്കുന്ന ശ്രദ്ധയും സ്മരണീയമാണ്.

ഒരിക്കൽ ഞാൻ ചെന്നൈയിൽ നിന്നും നാട്ടിലേക്കു പോകുമ്പോൾ ഒരു വിവാഹ പാർട്ടി ട്രെയിനിൽ ഉണ്ടായിരുന്നു. അവർ ഏതോ എനിക്ക് മനസിലാകാത്ത ഒരു  ഭാഷയാണ് സംസാരിച്ചിരുന്നത്. എന്നാൽ ട്രെയിനിൽ ചായ, കാപ്പി, ബിസ്‌കറ്റ് തുടങ്ങിയവ വിൽക്കുവാൻ എത്തുന്നവരോട് വളരെ ശുദ്ധമായ തമിഴിൽ സംസാരിക്കുകയും ചെയ്തപ്പോൾ അവരുടെ ഭാഷ എന്താണ് എന്ന് അറിയുവാൻ അതിയായ ആഗ്രഹം തോന്നി. തുടർന്ന് അവരോടു സംസാരിക്കുകയും ചെയ്തു. അവർ സംസാരിക്കുന്ന ഭാഷ "മാറാട്ടി"യാണ് എന്നാണ് എന്നോട് പറഞ്ഞത്. തമിഴ്‌നാടിൻറെ ചരിത്രത്തിൽ മറാട്ടിയ രാജാക്കന്മാർ  ഭരിച്ചിരുന്നതായി പറയുന്നുണ്ട്. ആ കാലഘട്ടത്തിൽ തമിഴ്‌നാട്ടിൽ കുടിയേറിയ മറാട്ടിയ  വംശരാണ്  അവർ. പല പരമ്പരകൾ പിന്നിട്ട  അവർ ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരായാണ് ഇന്ന് ജീവിക്കുന്നത് എങ്കിലും  തൻറെ മാതൃഭാഷയെ ഇന്നും കൈവിട്ടിട്ടില്ല എന്നത് സ്മരണീയമാണ്. 

ചെന്നൈയിൽ താമസിക്കുന്ന എനിക്ക് എൻ്റെ മകനും മകൾക്കും വേണ്ടി വിവാഹ ആലോചനകൾ വന്നു തുടങ്ങിയപ്പോഴാണ് പല പല മറുനാടൻ മലയാളി കുടുംബങ്ങളും മലയാളം മറന്ന് ജീവിക്കുന്ന അവസ്ഥ മനസിലാക്കുവാൻ സാധിച്ചത്. തമിഴ് സംസാരിക്കാനറിയുന്ന മലയാളി വരനെയോ വധുവിനെയോ ആണ് ആവശ്യം എന്നാണ് ചിലർ പറയുന്നത്. തിരുച്ചി, തഞ്ചാവൂർ, കാരക്കുടി, കരൂർ എന്നിങ്ങനെ തമിഴ്‌നാടിൻറെ പല നഗരങ്ങളിൽ താമസിക്കുന്ന മലയാളി കുടുംബങ്ങൾ വീട്ടിൽ സംസാരിക്കുന്നത് തമിഴാണ്.       അന്തമാൻ നിക്കോബാറിൽ താമസിക്കുന്ന പല മലയാളി കുടുംബങ്ങൾ ഉണ്ട്. അവരുടെ മക്കൾ ചെന്നൈയിൽ ജോലി ചെയ്യുന്നുമുണ്ട്. അവരുടെ വീട്ടിൽ ഹിന്ദിയാണ് സംസാരിക്കുന്നതത്രേ. കേരളം വിട്ടുള്ള മറുനാട്ടിൽ നിന്നും എന്റെ മകനും മകൾക്കും വിവാഹ ആലോചനകൾ വരുമ്പോൾ ഞാൻ ചോദിക്കാറുള്ളത് "വീട്ടിൽ  മലയാളമാണോ സംസാരിക്കുന്നത്"  എന്നാണ്. കാരണം  അത്ര ബുദ്ധിമുട്ടിയാണ് അവർ മലയാള വാക്കുകൾ പറയുന്നത് എന്ന് മനസിലാക്കുവാൻ കഴിയുന്നതു കൊണ്ടാണ്. 

 മാതൃഭാഷ സംബന്ധിച്ചു തമിഴർക്ക് ഒരു പൊതു ബോധം ഉണ്ട്. "തായ് മൊഴിയെ ശ്വാസി പിറമൊഴിയെ നേശി" എന്നാണത്. 
"മാതൃഭാഷയെ ശ്വസിക്കുക മറ്റു ഭാഷകളെ സ്നേഹിക്കുക" എന്നാണ് അവർ ഉദ്ദേശിക്കുന്നത്.

തമിഴർ,  തെലുങ്കർ, മാർവാടികൾ, സൗരാഷ്ട്രർ,     മറാട്ടിയ രാജഭരണ കാലത്ത് തമിഴ് നാട്ടിൽ കുടിയേറിയ മറാട്ടിയർ എന്നിങ്ങനെയുള്ള പല പല സമൂഹങ്ങളും  തൻ്റെ മാതൃഭാഷയെ അണു അളവിൽ പോലും കൈവിടാതെ സ്നേഹിക്കുമ്പോൾ ഒരു  നരിക്കുരവനുള്ള  മാതൃ ഭാഷാസ്നേഹം പോലുമില്ലാത്ത ചില മറുനാടൻ മലയാളികളെ  അവജ്ഞയോടു മാത്രമേ എന്നാൽ  കാണുവാൻ സാധിക്കുകയുള്ളു.
"അല്ലയോ മനുഷ്യാ, നീ ഉപജീവനം തേടി ലോകത്തിൻറെ ഏതു മൂലയിൽ പോയി   ജീവിക്കേണ്ടി വന്നാലും നിൻറെ മാതൃഭാഷയെ കൈവിടരുത്. നിൻറെ ഓരോ ശ്വാസത്തിലും മാതൃഭാഷയുടെ സ്പന്ദനം ഉണ്ടായിരിക്കണം".   

Wednesday, July 27, 2016

എൻറെ ഡ്രൈവിംഗ് പഠനം .


എൻറെ ഉദ്യോഗിക ജീവിതം അവസാനിക്കുന്ന 2014 നവംബർ 31 ന്  മുൻപ് ഡ്രൈവിംഗ് പഠിക്കണം എന്ന് അതിയായ മോഹം എനിക്ക് ഉണ്ടായി. ഡ്രൈവിംഗ് പഠിക്കുവാൻ വളരെ താൽപ്പര്യം പ്രകടിപ്പിച്ചു കൊണ്ടിരുന്ന  എൻറെ മകളും ഞാനും കൂടി തിരുക്കഴികുണ്ഡ്രം ( തമിഴ് നാട്)   ഒരു ഡ്രൈവിംഗ് സ്‌കൂളിൽ ചേർന്നു. ഡ്രൈവിംഗ് സ്‌കൂളിലെ കാറിൽ ഞങ്ങളെ ഒന്നിച്ചു കൂട്ടി പോകും. ആണുപുരം ടൗൺഷിപ്പിൻറെ മുന്നിൽ നിന്നും ഞങ്ങളെ ഇ. സി. ആർ റോഡുവഴി മഹാബലിപുരം- ചെങ്കൽപ്പട്ടു റോഡ് വഴി കൂട്ടി പോകും. പോകുമ്പോൾ എൻറെ മകൾക്കു കാർ ഓടിക്കാനുള്ള ട്രെയിനിങ്ങും മടക്കയാത്രയിലാവും എനിക്കുള്ള ട്രെയിനിങ്. ക്ലച്ചും ബ്രേക്കും ഗിയറും തമ്മിലൊക്കെ സാധാരണമായി ഉണ്ടാകാവുന്ന കൺഫ്യൂഷൻസിൽ നിന്നെല്ലാം ചുരുങ്ങിയ ദിവസങ്ങളിൽ തന്നെ എൻറെ മകൾ കരകയറി. എന്നാൽ പ്രായം കൊണ്ടാകാം ഒരു മാറ്റവും ഇല്ലാതെ തന്നെ ഞാൻ കൺഫ്യൂഷൻസിൽ തന്നെ നിലനിന്നുകൊണ്ടിരുന്നു. വളരെ മര്യാദയോടെ "സാറേ" എന്ന് സംബോധന ചെയ്തു എനിക്ക് ഡ്രൈവിംഗ് പഠിപ്പിച്ചു കൊണ്ടിരുന്ന ഡ്രൈവിംഗ് വാദ്ധ്യാർ സഹികെട്ടപ്പോൾ അൽപ്പം കടുത്ത ഭാഷ ഉപയോഗിക്കുവാൻ തുടങ്ങി. കുറച്ചു ദിവസമൊക്കെ സഹിച്ചു കൊണ്ട് ഞാനും ക്ലാസ് തുടർന്നു. ഒരു ഘട്ടത്തിൽ ഡ്രൈവിംഗ് വാദ്ധ്യാർ അൽപ്പം കൂടി കടുകടുത്ത വാർത്തയിൽ എന്നെ ശകാരിച്ചു. അദ്ദേഹത്തിൻറെ കോപം കണ്ടപ്പോൾ എന്നെ പ്രഹരിക്കുമോ എന്ന് പോലും ഞാൻ ഭയപ്പെട്ടു.   കാറിൻറെ പിൻസീറ്റിൽ ഇരുന്ന എൻറെ മകൾ വായ് പൊത്തിക്കൊണ്ട്  അടക്കി ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ആകപ്പാടെ ഒരു നാണക്കേട്. 
അന്നത്തോടെ ഞാൻ നിർത്തി എൻറെ ഡ്രൈവിംഗ് പഠനം.
ആദ്യ ഡ്രൈവിംഗ് ടെസ്റ്റിൽ തന്നെ മകൾ പാസ്സായി മകൾ ലൈസൻസും നേടി. അപ്പോൾ എൻറെ ഡ്രൈവിംഗ് വാദ്ധ്യാർ എന്നെ സമീപിച്ചുകൊണ്ട് വീണ്ടും ക്ലാസ് അറ്റൻഡ് ചെയ്യാനും ഡ്രൈവിംഗ് ലൈസെൻസ് നേടിയെടുക്കുവാനും എന്നെ നിർബ്ബന്ധിക്കുകയും എന്നെ ശകാരിക്കില്ല എന്ന് ഉറപ്പുപറയുകയും ചെയ്തു.
 
എന്തായാലും ഇനി ഒരു പരീക്ഷണത്തിന് ഞാനില്ല എന്നുള്ള ഉറച്ച തീരുമാനമാണ് ഞാൻ മറുപടിയായി അദ്ദേഹത്തെ അറിയിച്ചത് .