Wednesday, July 27, 2016

എൻറെ ഡ്രൈവിംഗ് പഠനം .


എൻറെ ഉദ്യോഗിക ജീവിതം അവസാനിക്കുന്ന 2014 നവംബർ 31 ന്  മുൻപ് ഡ്രൈവിംഗ് പഠിക്കണം എന്ന് അതിയായ മോഹം എനിക്ക് ഉണ്ടായി. ഡ്രൈവിംഗ് പഠിക്കുവാൻ വളരെ താൽപ്പര്യം പ്രകടിപ്പിച്ചു കൊണ്ടിരുന്ന  എൻറെ മകളും ഞാനും കൂടി തിരുക്കഴികുണ്ഡ്രം ( തമിഴ് നാട്)   ഒരു ഡ്രൈവിംഗ് സ്‌കൂളിൽ ചേർന്നു. ഡ്രൈവിംഗ് സ്‌കൂളിലെ കാറിൽ ഞങ്ങളെ ഒന്നിച്ചു കൂട്ടി പോകും. ആണുപുരം ടൗൺഷിപ്പിൻറെ മുന്നിൽ നിന്നും ഞങ്ങളെ ഇ. സി. ആർ റോഡുവഴി മഹാബലിപുരം- ചെങ്കൽപ്പട്ടു റോഡ് വഴി കൂട്ടി പോകും. പോകുമ്പോൾ എൻറെ മകൾക്കു കാർ ഓടിക്കാനുള്ള ട്രെയിനിങ്ങും മടക്കയാത്രയിലാവും എനിക്കുള്ള ട്രെയിനിങ്. ക്ലച്ചും ബ്രേക്കും ഗിയറും തമ്മിലൊക്കെ സാധാരണമായി ഉണ്ടാകാവുന്ന കൺഫ്യൂഷൻസിൽ നിന്നെല്ലാം ചുരുങ്ങിയ ദിവസങ്ങളിൽ തന്നെ എൻറെ മകൾ കരകയറി. എന്നാൽ പ്രായം കൊണ്ടാകാം ഒരു മാറ്റവും ഇല്ലാതെ തന്നെ ഞാൻ കൺഫ്യൂഷൻസിൽ തന്നെ നിലനിന്നുകൊണ്ടിരുന്നു. വളരെ മര്യാദയോടെ "സാറേ" എന്ന് സംബോധന ചെയ്തു എനിക്ക് ഡ്രൈവിംഗ് പഠിപ്പിച്ചു കൊണ്ടിരുന്ന ഡ്രൈവിംഗ് വാദ്ധ്യാർ സഹികെട്ടപ്പോൾ അൽപ്പം കടുത്ത ഭാഷ ഉപയോഗിക്കുവാൻ തുടങ്ങി. കുറച്ചു ദിവസമൊക്കെ സഹിച്ചു കൊണ്ട് ഞാനും ക്ലാസ് തുടർന്നു. ഒരു ഘട്ടത്തിൽ ഡ്രൈവിംഗ് വാദ്ധ്യാർ അൽപ്പം കൂടി കടുകടുത്ത വാർത്തയിൽ എന്നെ ശകാരിച്ചു. അദ്ദേഹത്തിൻറെ കോപം കണ്ടപ്പോൾ എന്നെ പ്രഹരിക്കുമോ എന്ന് പോലും ഞാൻ ഭയപ്പെട്ടു.   കാറിൻറെ പിൻസീറ്റിൽ ഇരുന്ന എൻറെ മകൾ വായ് പൊത്തിക്കൊണ്ട്  അടക്കി ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ആകപ്പാടെ ഒരു നാണക്കേട്. 
അന്നത്തോടെ ഞാൻ നിർത്തി എൻറെ ഡ്രൈവിംഗ് പഠനം.
ആദ്യ ഡ്രൈവിംഗ് ടെസ്റ്റിൽ തന്നെ മകൾ പാസ്സായി മകൾ ലൈസൻസും നേടി. അപ്പോൾ എൻറെ ഡ്രൈവിംഗ് വാദ്ധ്യാർ എന്നെ സമീപിച്ചുകൊണ്ട് വീണ്ടും ക്ലാസ് അറ്റൻഡ് ചെയ്യാനും ഡ്രൈവിംഗ് ലൈസെൻസ് നേടിയെടുക്കുവാനും എന്നെ നിർബ്ബന്ധിക്കുകയും എന്നെ ശകാരിക്കില്ല എന്ന് ഉറപ്പുപറയുകയും ചെയ്തു.
 
എന്തായാലും ഇനി ഒരു പരീക്ഷണത്തിന് ഞാനില്ല എന്നുള്ള ഉറച്ച തീരുമാനമാണ് ഞാൻ മറുപടിയായി അദ്ദേഹത്തെ അറിയിച്ചത് .

No comments:

Post a Comment