Tuesday, January 19, 2016

ജനുവരി 19 ,2016. പുതുപ്പാക്കം.


ഞാൻ 2015 മാർച്ച്‌ മാസത്തിലാണ് കൽപാക്കം, അണുപുരം ടൌൺഷിപ്പ് വിട്ട് ചെന്നൈയ്ക്ക് സമീപമുള്ള പുതുപാക്കത്തിലുള്ള ഫ്ലാറ്റ്സ് ഒന്നിൽ താമസമായത്. ഒരു ഫ്ലോറിൽ 4 വീടുകൾ എന്ന കണക്കിൽ ഒരു entrance - ൽ 16 വീടുകൾ ഉണ്ട്. ഞാൻ താമസിക്കുന്ന ഫ്ലാറ്റിൽ താമസക്കാർ വളരെ കുറവായിരുന്നു. അയൽക്കാർ ആരും തന്നെ ഇല്ലാതെയാണ് ആദ്യത്തെ ചില മാസങ്ങൾ കടന്നുപോയത്. ഈ സന്ദര്ഭത്തിലാണ് എന്റെ വീടിന്റെ മുകളിലേക്ക് ഒരു താമസക്കാർ എത്തിയത്. എല്ലാം college Students. എന്റെ ബാച്ചിലർ ജീവിതം എന്നെ ഓര്മ്മിപ്പിക്കുന്ന അനുഭവം തന്നെയായിരുന്നു തുടർന്നുള്ള ചില മാസങ്ങൾ. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രികാലം മുഴുവനും മദ്യസേവയും പിന്നീട് ആഡിയോ സിസ്റ്റം പ്രവര്ത്തിപ്പിച്ചുള്ള വെസ്റ്റേൺ മ്യൂസിക്കും അതിനു അനുസരിച്ചുള്ള ആട്ടവും . ഉറക്കം നഷ്ടപ്പെടുമ്പോൾ പലപ്പോഴും അവരോട് പരാതി പറഞ്ഞിട്ടുണ്ട്. എന്ത് പ്രയോജനം? പലമുറ സെക്യൂരിറ്റി ഇടപെട്ടു. പ്രയോജനം ഇല്ല. ഏതാനും ചില മാസങ്ങൾക്ക് മുൻപ് (students ) അവർക്കിടയിൽ എന്തോ ചില പ്രശ്നങ്ങൾ ഉണ്ടായതിന്റെ പേരിൽ അവർ വീട് വെക്കേറ്റ് ചെയ്തു പോയി.

അടുത്ത സ്ട്രീറ്റിലും ബാച്ചിലർമാർ താമസമുണ്ട്. അവരെകൊണ്ട് വലിയ ശല്ല്യം ഒന്നുമില്ല. അസമയത്ത് വെളിയിൽ നിന്ന് ഫോണിൽ സംസാരിക്കും എന്ന ചെറിയ വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അവരിൽ ഒരുവന്റെ ജന്മനാൾ ആഘോഷിക്കുന്നു എന്ന പേരിൽ ഒരു ശനിയാഴ്ച രാത്രി 12 മണി മുതൽ പുലരും വരെ പാട്ടും ആട്ടവും. എന്റെയും മറ്റു പലരുടെയും പരാതി പ്രകാരം സെക്യൂരിറ്റി ഇടപെട്ട ശേഷം അവരെക്കൊണ്ട് വലിയ ശല്ല്യം ഒന്നും ഉണ്ടായില്ല. രണ്ടു മാസങ്ങള്ക്ക് മുൻപ് രാത്രി 2 മണിക്ക് എന്തോ ശബ്ദം കേട്ട് ഞാൻ ഉണർന്നു. ജനാലയിൽ കൂടി എന്താണ് സംഭവിച്ചത് എന്ന് ശ്രദ്ധിച്ചപ്പോൾ രണ്ടു ചെറുപ്പക്കാർ ഒരു ബൈക്കിൽ നിന്നും പെട്രോൾ മോഷ്ടിക്കുന്നതാണ് എനിക്ക് കാണാൻ സാധിച്ചത്. ഞാൻ ശബ്ദം ഉണ്ടാക്കിയപ്പോൾ അവർ ശ്രമം ഉപേക്ഷിച്ച് വീടിനുള്ളിലേക്ക് പോയെങ്കിലും ചില നിമിഷങ്ങൾക്ക് ശേഷം മടങ്ങി വന്ന് മുടങ്ങിപ്പോയ ജോലി തുടർന്നു. പെട്രോൾ മോഷണം നടക്കുന്ന വിവരം ഞാൻ സെക്യൂരിറ്റിയെ അറിയിച്ചു. സെക്യൂരിറ്റി എത്തി. തൊണ്ടി സഹിതം പിടികൂടി. പിന്നീട് സെക്യൂരിറ്റി ഓഫീസർ എത്തി. അന്വേഷണത്തിന്റെ ഭാഗമായി പെട്രോൾ മോഷണ വിദഗ്ദരുടെ റൂമിൽ പരിശോധന നടത്തി. റൂമിൽ പത്തോളം ചെറുപ്പക്കാർ താമസിച്ചിരിക്കുന്നു എന്ന് കണ്ടെത്തിയ സെക്യൂരിറ്റി പോലീസിനെയും വീട്ടുടമയെയും വിവരം അറിയിച്ചു. പോലീസ് എത്തി. അറസ്റ്റും ജാമ്യമെടുക്കലും തുടർന്ന് അവരെല്ലാം വീട് ഒഴിഞ്ഞു പോവുകയും ചെയ്തു.

ഇന്ന് (ജനുവരി-19) ഉച്ചയ്ക്ക് ഒന്നര മണിക്ക് ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ വീടിനു വെളിയിൽ ആരോ വിളിച്ചു കൂവുന്ന ശബ്ദം കേട്ട് വെളിയിൽ ചെല്ലുമ്പോൾ മൂന്നു ചെറുപ്പക്കാർ ഒന്നു ചേർന്ന് ഒരു സെക്യൂരിറ്റി ജീവനക്കാരനെ ഓടിച്ചിട്ട്‌ മർദ്ദിക്കുന്നതാണ് കണ്ടത്. ചെറുപ്പക്കാർക്ക് സപ്പോര്ട്ട് ചെയ്ത് കൊണ്ട് ഒരു സ്ത്രീയും. മൂന്നു ചെറുപ്പക്കാരുടെ മര്ദ്ദനമേറ്റ് അവശനായ ആ ബംഗാളി സെക്യൂരിറ്റിയുടെ ദീനരോദനം കേട്ട് എത്തിയ സഹ സെക്യൂരിറ്റി ജീവനക്കാർ ചെറുപ്പക്കാരെ നേരിട്ടു. പൊരിഞ്ഞ അടി എന്നാണ് പറയേണ്ടത്. സിനിമയിൽ കാണുന്നതുപോലുള്ള ഒരു സംഘട്ടനം. ആ സ്തീയുടെ അസഭ്യവാക്കുകൾ അസ്സഹനീയം തന്നെയായിരുന്നു. ഇതിനിടെ ഫ്ലാറ്റ്സുമായി ബന്ധപ്പെട്ട അധികാരികൾ എത്തി ചെറുപ്പക്കാരെയും സെക്യൂരിറ്റി ജീവനക്കാരെയും സമാധാനപ്പെടുത്തി. അപ്പോഴും ചെറുപ്പക്കാർ സെക്യൂരിറ്റി ജീവനക്കാരോട് ഭീഷണി മുഴക്കിക്കൊണ്ടിരുന്നു. പിന്നീട് ആ സ്ത്രീയെയും കൂട്ടി ചെറുപ്പക്കാർ മൂന്നുപേരും കാറിൽ യാത്രയാവുകയും ചെയ്തു.

സുമാർ 15 ദിവസങ്ങള്ക്ക് മുൻപ് പ്രസ്തുത സ്ത്രീ (സിനിമ സഹനടി എന്നാണ് പറയുന്നത്) ഉള്പ്പെടുത്തി ഫ്ലാറ്റ്സ് കോമ്പ്ലെക്സിൽ ഒരു ചെറിയ പരസ്യഫിലിം ഷൂട്ടിങ്ങ് നടന്നു എന്നാണ് പറയപ്പെടുന്നത്‌. അതിൽ അഭിനയിച്ച ഈ സ്ത്രീയുടെ പ്രതിഫലം കൃത്യ സമയത്ത് നൽകാത്തതിന്റെ പേരിൽ പണം മിരട്ടി വാങ്ങുവാൻ ഒരു കാറിൽ ഡ്രൈവറും 2 അടിയാളുകളായ ചെറുപ്പക്കാരെയും കൂട്ടി ആ സ്ത്രീ എത്തുകയും ഷൂട്ടിങ്ങുമായ ബന്ധപ്പെട്ട് പണം നല്കേണ്ട വ്യക്തിയുമായി വാക്വാദം ഉണ്ടാവുകയും തുടർന്ന് പണം നൽകേണ്ടവന്റെ ബൈക്ക് ഈ ചെറുപ്പക്കാർ അടിച്ചു നശിപ്പിക്കുകയും ചെയ്തു. ഫ്ലാറ്റ്സ് കാമ്പസ്സിൽ ബൈക്ക് അടിച്ചു നശിപ്പിക്കുന്നത് കണ്ട് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ കാറിന്റെ ഡ്രൈവറും അടിയാളുകളായ ചെറുപ്പക്കാരും ചേർന്ന് മർദിക്കുകയായിരുന്നു. ഈ ഷൂട്ടിങ്ങ് ഇടപാടുകളും  തകരാറുകളും നടന്ന വീട്ടിൽ താമസിച്ചിരുന്നതും ഷൂട്ടിങ്ങ് നടത്തിയതും   വിദ്യാർത്ഥികൾ തന്നെയായിരുന്നു എന്നതാണ് ശ്രദ്ധേയമായ വിഷയം. പഠിക്കുന്ന കാലഘട്ടത്തിൽ പരസ്യത്തിന്റെയോ മറ്റേതെങ്കിലും സംബന്ധിച്ച സിനിമ ഷൂട്ടിങ്ങ് നടത്തേണ്ട ആവശ്യവും സിനിമ നടികളുമായുള്ള ബന്ധവും    ആവശ്യം ഉണ്ടോ  എന്നും  ചിന്തിക്കേണ്ടതാണ്. 

പിന്നീട് പോലീസ്   എത്തി വിവരങ്ങൾ ശേഖരിച്ചു എങ്കിലും ഒരു സിനിമനടി ഉൾപ്പെട്ട വിഷയമായതിനാലും സിനിമാ നടിയ്ക്കുള്ള സ്വാധീനവും  ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട പലരും പിടിപാടുള്ളവരും ആകയാൽ ഒരു നടപടികളും ഉണ്ടാകാൻ സാധ്യത ഇല്ല എന്നാണ് പറയപ്പെടുന്നത്‌. ജീവിക്കാൻ വേണ്ടി സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്യുന്ന ഈ തൊഴിലാളികളെ കയ്യേറ്റം ചെയ്യുകയും ജീവന് ഭീഷണി മുഴക്കുകയും ചെയ്ത കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. ഇല്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും എന്നതിന് ഒരു സംശയവും ഇല്ല.

1 comment:

  1. നല്ല ഓർമ്മകൾ!!!


    ചെറിയ ഫ്ലാറ്റ്സമുച്ചയങ്ങളിലും അടി കൊള്ളേണ്ടത്‌ സെക്യൂരിറ്റിക്കാരാണല്ലോ!!!!!

    ReplyDelete