Friday, January 1, 2016

പത്തു പൈസയുടെ ഓർമ്മകൾ!


ഒരു ചായയ്ക്ക് പത്തു പൈസ, ബസ്സിലെ മിനിമം ടിക്കറ്റ് പത്തു പൈസ, മോരുംവെള്ളം  പത്തു പൈസ, സൈക്കിളിൽ കാറ്റ് അടിക്കുന്നതിന് പത്തു പൈസ   എന്നിങ്ങനെ    പത്തു പൈസയ്ക്ക്  വിലയുണ്ടായിരുന്ന കാലം സ്മരണയിൽഉണ്ട്. എന്റെ ഗ്രാമം ചെന്നിത്തലയിൽ നിന്നും മാവേലിക്കര ടവുണിലേക്ക്  പതിനഞ്ചു പൈസയും ചെറുകോൽ ജങ്ക്ഷനിൽ നിന്നും പത്തു പൈസയും നിരക്കിൽ ധാരാളം യാത്ര ചെയ്തിട്ടുള്ള ഓർമ്മകൾ ഉണ്ട്. ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികളിൽ നിറയുന്നതും പത്തു പൈസ തുട്ടുകൾ  തന്നെയായിരുന്നു.  





പണ്ട് ചെന്നിത്തലയിൽ നിന്നും തട്ടാരമ്പലത്തിനു പോകുവാൻ വലിയപെരുമ്പുഴക്കടവ്   കടക്കണം.  അതിന് വേണ്ടി ഒരു പഞ്ചായത്ത് കടത്തു വള്ളവും  പ്രൈവറ്റ് വള്ളങ്ങളും ഉണ്ടായിരുന്നു. പഞ്ചായത്ത് വള്ളത്തിൽ സൗജന്യ യാത്രയും  പ്രൈവറ്റ് വള്ളത്തിൽ കടത്തുകൂലി പത്തു പൈസയും.  

ഒരിക്കൽ എന്റെ മാതൃ ഭവനത്തിലേക്ക്‌ പോകുവാൻ വേണ്ടി  നങ്ങ്യാർകുളങ്ങരയിൽ നിന്നും കായംകുളത്തിനു പോകുന്ന KSRTC  ബസ്സിൽ   കയറി ചേപ്പാടിനു ടിക്കറ്റ് വാങ്ങി.  ബസ്ചാർജ് പത്തു പൈസ. കണ്ടക്ടർക്ക് നൽകുവാൻ എടുത്ത പത്തു പൈസ എന്റെ കയ്യിൽ നിന്നും ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ പടിക്കെട്ടിലേക്ക് വീണു. ബസ് നല്ലവേഗത്തിൽ പോയിക്കൊണ്ടിരുന്നതിനാൽ    പടിക്കെട്ടിൽ നിന്നും ആ പത്തു പൈസ നാണയം എടുക്കുവാൻ സാധിച്ചില്ല. അടുത്ത ജങ്ക്ഷൻ കാഞ്ഞൂരിൽ എത്തുമ്പോൾ ആരെങ്കിലും ബസ്സിൽ നിന്നും ഇറങ്ങുവാനോ ബസ്സിലേക്ക് കയറുവാനോ ഉണ്ടെങ്കിൽ പണം എടുക്കാം എന്ന ആശ്വാസത്തോടെ ആ പടിക്കെട്ടിൽ വീണു കിടന്നു ബസ്സിന്റെ ചലനത്താൽ ചലിക്കുന്ന ആ  പത്തു പൈസ നാണയത്തെ നോക്കിത്തന്നെ യാത്ര തുടർന്നു. കാഞ്ഞൂർ ജങ്ക്ഷനിൽ ആരും ഇറങ്ങാനോ അവിടെനിന്നും ബസ്സിൽ കയറുവാനോ  ഉണ്ടായിരുന്നില്ല എന്നു മാത്രവുമല്ല ബസ്സിന്റെ വേഗതയാൽ കാഞ്ഞൂർ കഴിഞ്ഞപ്പോൾ അടുത്ത പടിക്കെട്ടിലേക്ക് വീണ നാണയം  പിന്നീട് ബസ്സിൽ നിന്നും റോഡിലേക്ക് വീഴുകയും ചെയ്തു.  വളരെ സങ്കടത്തോടെയാണ് പോക്കറ്റിൽ നിന്നും ഒരു പത്തുപൈസാ നാണയം വീണ്ടും എടുത്ത് കണ്ടക്ടർക്ക് നല്കിയത്.      

മറ്റൊരു രസകരമായ അനുഭവം കൂടിയുണ്ട്. 1972 -1974 എന്റെ ഐ റ്റി ഐ  പഠന കാലം.  അന്ന് കായംകുളത്തു നിന്നും മാവേലിക്കര വഴി ചെങ്ങന്നൂരിനു ഒരു രൂപയായിരുന്നു ബസ്സ്‌ ചാർജ്. ഈ കാലയളവിൽ വൈകിട്ട്  അഞ്ചര മണിക്ക് കായംകുളത്തു നിന്നും ചെങ്ങന്നൂരിനു പുറപ്പെട്ട 'ജനതാ' എന്ന പ്രൈവറ്റ് ബസ്സിൽ പത്ത് അയ്യപ്പഭക്തന്മാർ  കയറി. അവർ ചെങ്ങന്നൂരിന് ടിക്കറ്റ് വാങ്ങി. അതായത് പത്ത് ഒരു രൂപ ടിക്കറ്റ്. അക്കാലത്ത് വിദ്യാർത്ഥികൾക്കുള്ള  മിനിമം യാത്രാ കണ്‍സഷൻ ടിക്കറ്റ് പത്തു പൈസ. അവർക്കുള്ള ടിക്കറ്റിൽ  C10- എന്നാവും എഴുതുക.  ബസ്സ് കോടുകുളഞ്ഞിയിൽ എത്തിയപ്പോൾ സമയം ഏതാണ്ട് വൈകിട്ട് ഏഴേകാൽ. കണ്ടക്ടർ പത്ത് അയ്യപ്പഭക്തന്മാർക്ക് നൽകിയ ഒരുരൂപാ   ടിക്കറ്റുകളുടെ കാർബണ്‍ കോപ്പികളിൽ ഒരു ചെറിയ തിരുത്ത് വരുത്തി. പത്തു ഒരു രൂപാ ടിക്കറ്റുകളും (അതായത് 1- എന്ന് എഴുതിയിരുന്നത് C10- എന്നാക്കി  (കണസഷൻ 10)   മാറ്റി  പത്തുപൈസ  ടിക്കറ്റുകളാക്കി മാറ്റി.    കോടുകുളഞ്ഞി കഴിഞ്ഞപ്പോൾ ബസ്സിൽ ചെക്കർ കയറി കണ്ടക്ടറെ കയ്യോടെ പിടികൂടി.

 പിന്നീട്  കണ്ടക്ടർക്ക് സസ്പൻഷനും .തുടർന്ന്   "ഇങ്ക്വിലാബ് സിന്ദാബാദും "

2 comments:

  1. Nce one ambu. Your anecdots brings 10 paise memories to me too. 1973 il cherthala nss collegil paDikkumpol, vaikathu ninnum thavanakkatavinu pokan boat inu 15 ps tkt oru maasathe season tkt etuthal ithu 7.5 ps aakum! Thavanakkatavil ninnum bus inu collegil eku 10 ps concession tkt. kurachu dooram natannu atutha point il ninnum bus il kayariyaal 6 ps mathi. 4 ps laabhikkaam. Palappozhum 1ps aarute kayyilum kaanoolla. Ellaavarum 5 ps kotukkum. Appol laabham 5ps! 10 divasam laabhichaal 50 ps aakum. Athukontu colleginatuthulla katayil ninnum lavish aayi, ice itta narangavellam. Haay! Tnx ambu for bringging back these nostalgic memmories.

    ReplyDelete
  2. K. G. R. Nair : Thanks for your comments.

    ReplyDelete