Tuesday, December 3, 2013

ബഹുമതി03-06-1981-ന് എന്റെ 27- മത്തെ വയസ്സിൽ  കൽപ്പാക്കം ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസേർച്ച് സെന്ററിൽ  ജോലിക്ക് ചേർന്നു. എന്റെ അന്നത്തെ പോസ്റ്റ്‌: Tradesman-B. ഇപ്പോൾ Foreman- C.
2014 - നവംബറിൽ സർവീസിൽ നിന്നും വിരമിക്കും. എന്റെ ഇത്രയും കാലത്തെ സർവീസിലെ സേവനത്തെ അംഗീകരിച്ചു കൊണ്ട് ഡിപ്പാർട്ടുമെന്റ്  ഓഫ് ആറ്റമിക് എനെർജി ചെയർമാൻ ഡോക്ടർ. രത്തൻ കുമാർ സിൻഹ അവർകൾ 2013 ഒക്ടോബർ 30-ന് മുംബൈ ബി.എ.ആർ.സിയിൽ വെച്ച് എനിക്ക് അവാർഡ് നൽകുകയുണ്ടായി. 
എനിക്ക് ഈ ബഹുമതി ലഭിക്കുവാൻ എന്നെ സഹായിച്ച എൻറെ മേലധികരികൾ, സഹ പ്രവർത്തകർ  എല്ലാവർക്കും എന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

Sunday, December 1, 2013

ബസ്റ്റാന്റിൽ ഒരു രാത്രി


1987- ലെ ഒരു ദിവസം. ഞാന്‍ ചെന്നൈയില്‍ നിന്നും രാവിലെ നാട്ടിലേക്ക് ബസ്സില്‍ യാത്ര തിരിച്ചു. തിരുച്ചി,  തേനി, കമ്പം, കോട്ടയം വഴി   തിരുവല്ലയില്‍ എത്തിയപ്പോൾ രാത്രി പതിനൊന്നു മണി. മാന്നാർ വഴി മാവേലിക്കരയ്ക്ക് പോകുവാന്‍ അടുത്ത ദിവസം രാവിലെ ആറുമണിക്ക് മാത്രമേ ബസ്സുള്ളൂ.     അത്യാവശ്യം ഒന്നും ഇല്ലാത്തതിനാൽ ടാക്സി പിടിച്ചു പോകേണ്ടതില്ല എന്ന് തീര്‍ച്ചയാക്കി. ഇതിനിടെ കായംകുളം ഭാഗത്തേക്ക് ഏതെങ്കിലും ചരക്കു ലോറികൾ പോകുന്നുണ്ടോ എന്ന് അറിയാൻ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. 

ഒടുവിൽ പുലരും വരെ തിരുവല്ല KSRTC ബസ്സ്‌ സ്റ്റാന്‍ഡില്‍ അഭയം തേടി.  ആ രാത്രിയില്‍ തിരുവല്ല KSRTC ബസ്സ്‌ സ്റ്റാന്‍ഡില്‍ നടന്ന ഒരു കാമനാടകം എന്നെ വളരെ ലജ്ജിപ്പിച്ചു. ബസ്സ്‌ സ്റ്റാന്‍ഡില്‍ സുമാര്‍ നാല്‍പ്പത്തി അഞ്ചു വയസ്സിലധികം പ്രായമുള്ള ഒരു കറുത്തു വിരൂപിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. മുണ്ടും ബ്ലൌസും വേഷം. ഒരു തോര്‍ത്തു ചുറ്റിയിട്ടുമുണ്ട്. അവർക്ക് പോകേണ്ട ഭാഗത്തേക്കുള്ള ബസ് പതിവിലും നേരത്തേ പോയതിനാൽ മടങ്ങനായില്ല എന്നാണ് പറയപ്പെടുന്നത്‌. 

ഒരു സാമാന്യം യോഗ്യതയും ഒത്ത ശരീരഘടനയുമുള്ള ഒരു വ്യക്തി, അദ്ദേഹം ഒരു ഡ്രൈവര്‍ ആണ്. സ്വന്തം വണ്ടി ടാക്സി പെര്‍മിറ്റ്‌ എടുത്തു ഓട്ടുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം ഷര്‌ട്ടിന്റെ മുകളിലത്തെ മൂന്നു ബട്ടന്‍സ് ഓപ്പണ്‍ ചെയ്തിട്ട് അദ്ദേഹം ധരിച്ചിരിക്കുന്ന സ്വര്‍ണ്ണമാല വെളിയിൽ  കാണും വിധമാണ് ബസ്സ്‌ സ്റ്റാന്‍ഡില്‍ ചുറ്റിയത്. അദ്ദേഹത്തിനോടൊപ്പം നാല് ആട്ടോ ഡ്രൈവറന്മാരും. അവരുടെ ഒരേ ലക്‌ഷ്യം ആ സ്ത്രീയെ എങ്ങിനെയെങ്കിലും തട്ടിക്കൊണ്ടു വെളിയില്‍ പോകണം. ഇവര്‍ മാറി മാറി ആ സ്ത്രീയെ സമീപിക്കുകയും, കയ്യാട്ടി വിളിക്കുകയും ഒടുവില്‍ പിടിച്ചു വലിച്ചു കൊണ്ടുപോകും എന്ന നിലയില്‍ എത്തിയപ്പോള്‍ KSRTC - യിലെ ഒരു ഉദ്യോഗസ്ഥന്‍ ആ സ്ത്രീയെ അദ്ദേഹത്തിന്‍റെ റൂമിന്റെ വാതുക്കല്‍ ഇരിക്കുവാന്‍ അനുവദിച്ചു. പുലര്‍ച്ച നാലര മണിക്ക് ശേഷമാണ് അവര്‍ ശ്രമം ഉപേക്ഷിച്ചു പിരിഞ്ഞത്. ആ സ്ത്രീ അവിടെ നിന്നും അഞ്ചേ മുക്കാല്‍ മണിക്കുള്ള ഒരു ബസ്സില്‍ യാത്രയായി.

 പോലീസും നിയമവും എല്ലാം ഉള്ള നമ്മുടെ നാട്ടില്‍ യാത്രയ്ക്കിടയില്‍ ഒരു സ്ത്രീ ഇങ്ങിനെ ഒരു ബസ്സ്‌ സ്റ്റാന്‍ഡില്‍ എത്തിപ്പെട്ടാല്‍ അവള്‍ നേരിടേണ്ടി വരുന്നത് എന്താണ് എന്ന് പറഞ്ഞു അറിയിക്കുവാന്‍ സാധ്യമല്ല എന്നുള്ള അനുഭവം. അതാണ് നമ്മുടെ നാടിൻറെ ശാപം.

Saturday, November 9, 2013

യാത്രയിലെ അലക്ഷ്യംഒക്ടോബർ 27, മുംബൈ BARC- യിലേക്ക് രാത്രി പത്തു അൻപതിനു ചെന്നൈയിൽ നിന്നും മുംബൈയ്ക്ക് പോകുന്ന മുംബൈ മെയിലിൽ ഞാൻ 3rd AC- യിൽ ടിക്കറ്റ് റിസർവ് ചെയ്തിരുന്നു. ട്രെയിൻ പുറപ്പെടുന്നതിനു സുമാർ അരമണിക്കൂർ മുൻപ് ഞാൻ  സ്റ്റേഷനിൽ എത്തി. കമ്പാർട്ട്മെന്റിൽ പല യാത്രക്കാരും നേരത്തേ അവരവരുടെ സീറ്റിൽ ഇടം പിടിച്ചിരുന്നു. ട്രെയിൻ യാത്ര തുടങ്ങിയാൽ ഉടൻ ശയിക്കണം എന്ന ഉദ്ദേശമാണ് എല്ലാ യാത്രക്കാരിലും ഉണ്ടായിരുന്നത്. കൃത്യ സമയത്തിനു തന്നെ ട്രെയിൻ പുറപ്പെട്ടു.  

TTR എത്തി ടിക്കറ്റ് പരിശോധന ചെയ്തു. അടുത്ത സീറ്റിലെ ഒരു യാത്രക്കാരി മാത്രം എത്തിയിരുന്നില്ല. ഞങ്ങൾ എല്ലാ യാത്രക്കാരും അവരവരുടെ ബർത്ത് ശരിചെയ്ത് കിടന്നു. രാത്രി രണ്ടു മണിക്ക് ട്രെയിൻ  RENIGUNTA ജംഗ്ഷനിൽ എത്തി. സുമാർ ഇരുപത്തി രണ്ടു വയസുള്ള ഒരു പെണ്‍കുട്ടി കയ്യിൽ നിറയെ ലഗേജുമായി കമ്പാർട്ടുമെൻറ്റിൽ എത്തി. ചെന്നൈയിൽ നിന്നും പൂനയിലേക്ക്‌ ടിക്കറ്റ് റിസർവ് ചെയ്തിരുന്ന കുട്ടിയാണ് . 

10: 50-ന്  ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിടിക്കാൻ 10:30-ന് ചെന്നൈ തരമണിയിൽ നിന്നും യാത്ര തിരിച്ച പെണ്‍കുട്ടി  സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേർന്നപ്പൊഴേക്കും ട്രെയിൻ പുറപ്പെട്ടു കഴിഞ്ഞിരുന്നു. ഉടനെ തന്നെ സ്റ്റേഷൻ വിട്ടു വെളിയിൽ എത്തിയ ആ പൂനാക്കാരി പെണ്‍കുട്ടി ഒരു ടാക്സി പിടിച്ച് RENIGUNTA സ്റ്റേഷനിൽ എത്തുകയായിരുന്നു. ചെന്നൈയിൽ നിന്നും 113 കിലോമീറ്ററോളം ദൂരം വരുന്ന RENIGUNTA-യിൽ എത്തിച്ചേരാൻ Rs. 2500 ടാക്സി ചാർജ് നൽകേണ്ടിവന്നു. രാത്രിയിൽ സുരക്ഷിതമായി എത്തിച്ചേർന്നതു തന്നെ വളരെ ആശ്വാസം എന്നേ കരുതേണ്ടൂ.
 


TTR എത്തി, ആ പെണ്‍കുട്ടിയുടെ ടിക്കറ്റ് പരിശോധിച്ചു. ഇന്റർനെറ്റ് റിസർവേഷൻ നിയമപ്രകാരമുള്ള  identity പ്രൂഫ്‌ കാണിക്കുവാൻ TTR ആവശ്യപ്പെട്ടപ്പോഴാണ് താൻ identity card എടുക്കാതെയാണ് യാത്ര തിരിച്ചത് എന്ന് മനസിലാക്കിയത്. identity card ഇല്ലാതെയുള്ള ഇന്റർനെറ്റ് റിസർവേഷൻ യാത്രയിൽ അസാധുവാണ് എന്നും   penalty പണമായി  ടിക്കറ്റ്‌ ചാർജിന്റെ ഇരട്ടി കെട്ടിയാൽ മാത്രമേ യാത്ര ചെയ്യാൻ അനുമതിയുള്ളൂ എന്ന് TTR അറിയിച്ചപ്പോൾ ആ പെണ്‍കുട്ടി Rs. 2600 /- കെട്ടി രസീത് വാങ്ങി യാത്ര തുടർന്നു. 

യാത്രയിലെ അലസത മൂലം ആ പെണ്‍കുട്ടി അനുഭവിച്ച സാമ്പത്തീക നഷ്ടം (2500+ 2600), മാനസീകമായ tension എന്നിവ യാത്രക്കാർക്ക് ഒരു നല്ല പാഠമായി ഭവിക്കട്ടെ.

സ്നേഹിതരെയും സൂക്ഷിക്കുക


  കഴിഞ്ഞ ഒക്ടോബർ- 18 വെള്ളിയാഴ്ച പകലിലാണ് ആ സംഭവം അരങ്ങേറിയത്. കാൽപ്പാക്കം ആറ്റമിക്ക് എനർജി ടവുണ്‍ ഷിപ്പിലെ  ഒരു ഫ്ലാറ്റിന്റെ കതകിനു പർദ്ദ അണിഞ്ഞ ഒരു സ്ത്രീ തട്ടി. വീട്ടമ്മ കതകു തുറന്നപ്പോൾ ആഗത, വീട്ടമ്മയുടെ മുഖത്തേക്ക് കയ്യിൽ സൂക്ഷിച്ചിരുന്ന ഏതോ സ്പ്രേ തളിച്ചു കൊണ്ട് അകത്തേക്ക് കയറി. വീടിന്റെ കതകു ഉള്ളിൽ നിന്നും പൂട്ടിയ ശേഷം പർദാക്കാരി വീട്ടമ്മയെ അടുക്കളയിലേക്ക് തള്ളിക്കൊണ്ടു പോയി മർദ്ദിച്ചു. അപ്രതീക്ഷിതമായ ആക്രമണം വീട്ടമ്മയെ ആദ്യം തളർത്തിയെങ്കിലും പിന്നീട് അവർ ധൈര്യപൂർവ്വം നേരിടുവാൻ ശ്രമിച്ചു. ആഗത, വീട്ടമ്മയുടെ കഴുത്തിലെ ആഭരണത്തിൽ പിടിച്ചപ്പോൾ തമ്മിൽ ഒരു മൽപ്പിടുത്തമായി. ഇതിനിടയിൽ പർദയ്ക്കടിയിലൂടെ ആഗതയുടെ സാരിയുടെ ഭാഗം കണ്ടപ്പോൾ വീട്ടമ്മ ഞെട്ടിപ്പോയി. ആഗത വേറെയാരും അല്ല, തന്റെ മിത്രം തന്നെയെന്നു മനസിലാക്കി. വീട്ടമ്മ പരമാവധി ഉച്ചത്തിൽ നിലവിളിച്ചു. നിലവിളി കേട്ട് ഓടിക്കൂടിയ ജനം, ഫ്ലാറ്റിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പർദാക്കാരിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

പ്രതി മോഷണത്തിനു വേണ്ടിയാണ് പർദ ധരിച്ചത്. വീട്ടമ്മയുടെ മുഖത്തും ശരീരത്തിലും എർപ്പെട്ട മുറിവുകളോടെ ചെന്നൈയിലെ   ഒരു പ്രധാന ആശുപത്രിയിലാണ്.

അറിഞ്ഞോ അറിയാതെയോ നാം വാങ്ങുന്നതും വീട്ടിൽ സൂക്ഷിക്കുന്ന ആഭരണങ്ങളുടെ വിവരങ്ങൾ നമ്മുടെ ഉറ്റ സ്നേഹിതരോടു പോലും പറയരുത്.  മനുഷ്യമനസ്സിൽ എപ്പോഴാണ് കലി ബാധിക്കുന്നത് എന്ന് അറിയുവാൻ സാധിക്കുകയില്ലല്ലോ ?