Tuesday, March 14, 2017

അഴീക്കൽ


അഴീക്കൽ കൊല്ലം ജില്ലയുടെ ഭാഗമാണ്. അഴീക്കൽ ബീച്ച് സന്ദർശകരെ വളരെയധികം ആകർഷിക്കുന്നുണ്ട്. എന്നാൽ പകൽ നേരങ്ങളിൽ സൂര്യൻറെ വെയിൽ കിരണങ്ങൾ നമ്മെ വല്ലാതെ കഷ്ടപ്പെടുത്തും എന്നതിന് സംശയവും വേണ്ട.  കരുനാഗപ്പള്ളിയിൽ നിന്നും ചെറിയഴീക്കൽ ആയിരംതെങ്ങു് അമൃതപുരി വഴിയാണ് യാത്രാ സൗകര്യം.  അഴീക്കൽ കഴിഞ്ഞാൽ കായൽ പ്രദേശമുണ്ട്. കായൽ കടന്ന് വേണം ആലപ്പുഴ ജില്ലയുടെ ഭാഗമായ വലിയഴീക്കലിൽ എത്തുവാൻ. വലിയഴീക്കലിൽ നിന്നും ആറാട്ടുപുഴ തൃക്കുന്നപ്പുഴ പല്ലന വഴി തോട്ടപ്പള്ളി എന്നീ ഭാഗത്തേക്ക് യാത്രാസൗകര്യം ഉണ്ട്. കായംകുളം കായലിൽ കൂടി ബോട്ട് യാത്ര ചെയ്തുകൊണ്ട് ആസ്വദിക്കുവാനുള്ള സൗകര്യങ്ങൾ ഉണ്ട്. കായംകുളത്തിനു സമീപം കീരിക്കാട് ജെട്ടിയിലെത്തി കായലിലൂടെ സഞ്ചരിച്ചാൽ പ്രകൃതി രമണീയമായ കേരളത്തിൻറെ ഭംഗി നമുക്ക് ആസ്വദിക്കാനാകും. 


\

\

കടലും കായലും തമ്മിൽ കരിങ്കൽ അടുക്കി ക്ഷോഭത്തോടെ കരയിലേക്ക് അടുക്കുന്ന  തിരമാലകളെ  നിയന്ത്രിച്ചിരിക്കുകയാണ് ഇവിടെ.  കായലിൽ വഴിയാകെ  കടലിലേക്ക്  മീൻ പിടിക്കാൻ ചെറുതും വലുതുമായ ബോട്ടുകളിൽ പോവുകയും മടങ്ങുകയും ചെയ്യുന്നത്   ഒരു നല്ല കാഴ്ചയാണ്. 


അഴീക്കലിൽ നിന്നും വലിയഴീക്കലിലേക്കും അവിടെനിന്നും തിരിച്ചും യാത്രാ ബോട്ടുകൾ ഉണ്ട്. പത്തു രൂപയാണ് യാത്രാക്കൂലി. കായലിന്റെ മനോഹാരിത ചുറ്റിക്കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം ബോട്ടുകൾ  സുലഭമാണ്.  

  
ആലപ്പുഴയിൽ നിന്നും കായൽ വഴിയാകെ കൊല്ലം വരെ സഞ്ചരിക്കാവുന്ന ജലപാത ധാരാളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. അവർക്ക് വേണ്ടി നിർമ്മിച്ച് അവരുമായി കടന്നുപോകുന്ന അനേകം ഹവുസ്  ബോട്ടുകൾ  അഴീക്കൽ കായലിലെ ആകർഷണീയമായ കാഴ്ചയാണ്. 

ഒരു കാലത്ത് പ്രസിദ്ധമായിരുന്ന  മീൻപിടി ചീനവല. കാലം പുരോഗമിച്ചപ്പോൾ ചീനവല പലരും ഉപേക്ഷിച്ചു. പ്രവേശിക്കുന്ന ചീനവലയുടെ അസ്ഥിക്കൂടം മാത്രം കാഴ്ചവസ്തുവായി മാറി. 


ചെറുമൽസ്യങ്ങൾ തേടിയുള്ള ഈ കൊക്കിൻറെ കാത്തിരിപ്പും കാണാൻ ഒരു രസമാണ്. കൂട്ടമായി ചെറുമൽസ്യങ്ങൾ തേടി കായലിനു ചുറ്റും പറക്കുകയും ഇര കണ്ണിൽ പെട്ടാൽ കായലിലേക്ക് കുതിച്ചു ഇരയുടെ പൊങ്ങി മറയുന്ന പലതരം പക്ഷികൾ അഴീക്കൽ കായലിലെ മനോഹരമായ കാഴ്ചകളിൽ ഉൾപ്പെടുന്നു. 
അഴീക്കലിന്റെ മുഖം മാറുന്ന കാഴ്ചയും നമുക്ക് കാണാവുന്നതാണ്. അഴീക്കലിനെയും വലിയഴീക്കലിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിൻറെ പണി തുടങ്ങിക്കഴിഞ്ഞു. പാലം പണി പൂർത്തിയായാൽ കൊല്ലം ജില്ലയിൽ നിന്നും ആലപ്പുഴ ജില്ലയിലേക്ക് ഇതുവഴി യാത്ര ചെയ്യുന്നവർക്ക് അഴീക്കലിൽ ഇറങ്ങാതെ തന്നെ യാത്ര തുടരാം. 

Friday, July 29, 2016

"മറുനാടൻ മലയാളികളും മാതൃഭാഷാ സ്നേഹവും"


തമിഴ് നാട്ടിൽ സുമാർ 30 വർഷം താമസിച്ച പല (എല്ലാവരും അങ്ങിനെയല്ല) മലയാളികളും മാതൃഭാഷ മറന്ന് വീട്ടിൽ തമിഴ് സംസാരിക്കുന്നു. മുംബയിലും അന്തമാനിലും മറ്റും 30 വർഷം താമസിച്ച പല മലയാളികളും മാതൃഭാഷ മറന്ന് (മലയാളം അറിയാവുന്നവരും) വീട്ടിൽ ഹിന്ദി സംസാരിക്കുന്നു. ഒരു തമിഴനോ ആന്ധ്രാക്കാരനോ, കന്നടക്കാരനോ മാതൃഭാഷയിൽ മാത്രമേ വീട്ടിൽ കുടുംബാംഗങ്ങളോട് സംസാരിക്കാറുള്ളൂ. തമിഴ് നാട്ടിലുള്ള മിക്ക ഗ്രാമങ്ങളിൽ പോലും വീട്ടിൽ  തെലുങ്ക്  സംസാരിക്കുന്നവരുണ്ട്. അവർ പരമ്പരയായി തമിഴ്‌നാട്ടിൽ ജീവിക്കുന്നു എങ്കിലും അവരുടെ മാതൃഭാഷ അവർ മറക്കുന്നില്ല. ഈ മാതൃഭാഷാ സ്നേഹം നിലനിർത്തുന്നതിന് പ്രധാന പങ്കു വഹിക്കുന്നത് മാതാവാണ്. ഒരു കുഞ്ഞു ജനിക്കുന്ന അന്നുമുതൽ  മാതാവ് അതിനെ  താരാട്ടു പാടുന്നതും കുഞ്ഞിനോട് കൊഞ്ചുന്നതും എല്ലാം മാതൃഭാഷയിൽ തന്നെയായിരിക്കും.  

ഗുജറാത്ത് വംശരായ ധാരാളം  മാർവാടികൾ തമിഴ് നാട്ടിലുണ്ട്.  ബിസ്സിനസ്സ് സംബന്ധപ്പെട്ട് തമിഴ് ജനതയുമായി വളരെയധികം സമ്പർക്കം പുലർത്തുന്നവരാണ് മാർവാടികൾ. എന്നാൽ മാതൃഭാഷയെ മറന്നൊരു ജീവിതം അവർക്കില്ല.  തമിഴ് നാടിൻറെ തെക്കൻ ജില്ലകളിൽ  സൗരാഷ്ട്ര ഭാഷ സംസാരിക്കുന്ന ജനങ്ങൾ ഉണ്ട്. തമിഴരായി ജീവിക്കുന്ന ഇവരും വീട്ടിലും കുടുംബാംഗങ്ങളോടും തൻറെ   മാതൃഭാഷയിൽ മാത്രമേ സാംസാരിക്കുകയുള്ളൂ. 

തമിഴ് നാട്ടിൽ നൂറ്റാണ്ടുകളായി ജീവിക്കുന്ന നരിക്കുരവർ എന്നൊരു സമൂഹം ഉണ്ട്. ഈ നാടോടികളുടെ മാതൃഭാഷ തമിഴ് അല്ല. അവരുടെ മാതൃഭാഷയുടെ പേര് എന്താണ് എന്ന് അവർക്കു അറിവ് ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ അവർക്കുള്ളിൽ അവർ സംസാരിക്കുന്നതു അവരുടെ മാതൃഭാഷയായ  വഗ്രിബോളിയിലാണ്.   വഗ്രിബോളി ഒരു ഇൻഡോ ആര്യൻ ഭാഷയാണ്.  വഗ്രിബോളിക്കു    സ്ക്രിപ്റ്റുകൾ നിലവിലില്ല. 

രിക്കുരവർ  സാംസ്കാരികമായി  അവർ വളർന്നുവരുന്നത്   ഈ കാലഘട്ടത്തിലാണ്.  മുത്തുമാലകൾ വിറ്റും കുപ്പകൾ പെറുക്കിയും ജീവിച്ചു വരുന്ന ഈ സമൂഹം  അവർക്കിടയിൽ അവരുടെ ഭാഷയിൽ  മാത്രമേ  സംസാരിക്കുകയുള്ളു. അവരുടെ മാതൃഭാഷയോടുള്ള സ്നേഹം അവർ നിലനിർത്തുന്നു. പുറത്തെത്തിയാൽ മാത്രം തമിഴ് സംസാരിക്കും.

                                          മാതൃഭാഷയെ  സ്നേഹിക്കുന്ന  നരിക്കുറവസ്ത്രീ. 

                                                                     നരിക്കുറവർ 


                                                                 നരിക്കുറവർ 

തമിഴ് ജനതയെ നോക്കൂ. തമിഴ്വിട്ട് അവർക്കു ഒന്നും ഇല്ല. തമിഴ് നാട്ടിൽ പലയിടത്തും നടക്കുന്ന സാംസ്കാരിക ചടങ്ങുകളിലും "തമിഴ്വാഴ്‌ക" എന്നൊരു ബോർഡ് കാണാൻ സാധിക്കും. ഞാൻ ജോലി ചെയ്തിരുന്ന തമിഴ്‌നാട്ടിലുള്ള അണുശക്തി  നിലയത്തിൽ നടക്കുന്ന എല്ലാ ഫങ്ക്ഷൻ തുടങ്ങുമ്പോഴും ഈശ്വര പ്രാർത്ഥനക്കു പകരം "തമിഴ്‌തായ് വാഴ്ത്ത്" (തമിഴ്അമ്മ സ്തുതി) എന്ന പ്രാർത്ഥനാ ഗീതമാണ് ആലപിക്കാറുള്ളത് എന്നത് നാം മനസ്സിലാക്കേണ്ടതാണ്. ശ്രീലങ്കയിലോ മൊറീഷ്യസിലോ, സിങ്കപ്പൂരിലോ, മലേഷ്യയിലോ എന്നല്ല ലോകത്തിൻറെ ഏതു മൂലയിലായാലും തമിഴർ  തൻറെ  മാതൃഭാഷയെ മറക്കില്ല. തമിഴ്‌നാട് ഭരിക്കുന്ന ഗവണ്മെന്റും തമിഴ്ഭാഷയുടെ വളർച്ചയ്ക്ക് മുൻഗണന നൽകുന്നുണ്ട്. ഈ നാടുകളിലേക്ക് അവിടെ പഠിക്കുന്ന തമിഴ് കുട്ടികൾക്ക് തമിഴ് പാഠപുസ്തകം എത്തിക്കുവാൻ തമിഴ്നാട് സർക്കാർ കാണിക്കുന്ന ശ്രദ്ധയും സ്മരണീയമാണ്.

ഒരിക്കൽ ഞാൻ ചെന്നൈയിൽ നിന്നും നാട്ടിലേക്കു പോകുമ്പോൾ ഒരു വിവാഹ പാർട്ടി ട്രെയിനിൽ ഉണ്ടായിരുന്നു. അവർ ഏതോ എനിക്ക് മനസിലാകാത്ത ഒരു  ഭാഷയാണ് സംസാരിച്ചിരുന്നത്. എന്നാൽ ട്രെയിനിൽ ചായ, കാപ്പി, ബിസ്‌കറ്റ് തുടങ്ങിയവ വിൽക്കുവാൻ എത്തുന്നവരോട് വളരെ ശുദ്ധമായ തമിഴിൽ സംസാരിക്കുകയും ചെയ്തപ്പോൾ അവരുടെ ഭാഷ എന്താണ് എന്ന് അറിയുവാൻ അതിയായ ആഗ്രഹം തോന്നി. തുടർന്ന് അവരോടു സംസാരിക്കുകയും ചെയ്തു. അവർ സംസാരിക്കുന്ന ഭാഷ "മാറാട്ടി"യാണ് എന്നാണ് എന്നോട് പറഞ്ഞത്. തമിഴ്‌നാടിൻറെ ചരിത്രത്തിൽ മറാട്ടിയ രാജാക്കന്മാർ  ഭരിച്ചിരുന്നതായി പറയുന്നുണ്ട്. ആ കാലഘട്ടത്തിൽ തമിഴ്‌നാട്ടിൽ കുടിയേറിയ മറാട്ടിയ  വംശരാണ്  അവർ. പല പരമ്പരകൾ പിന്നിട്ട  അവർ ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരായാണ് ഇന്ന് ജീവിക്കുന്നത് എങ്കിലും  തൻറെ മാതൃഭാഷയെ ഇന്നും കൈവിട്ടിട്ടില്ല എന്നത് സ്മരണീയമാണ്. 

ചെന്നൈയിൽ താമസിക്കുന്ന എനിക്ക് എൻ്റെ മകനും മകൾക്കും വേണ്ടി വിവാഹ ആലോചനകൾ വന്നു തുടങ്ങിയപ്പോഴാണ് പല പല മറുനാടൻ മലയാളി കുടുംബങ്ങളും മലയാളം മറന്ന് ജീവിക്കുന്ന അവസ്ഥ മനസിലാക്കുവാൻ സാധിച്ചത്. തമിഴ് സംസാരിക്കാനറിയുന്ന മലയാളി വരനെയോ വധുവിനെയോ ആണ് ആവശ്യം എന്നാണ് ചിലർ പറയുന്നത്. തിരുച്ചി, തഞ്ചാവൂർ, കാരക്കുടി, കരൂർ എന്നിങ്ങനെ തമിഴ്‌നാടിൻറെ പല നഗരങ്ങളിൽ താമസിക്കുന്ന മലയാളി കുടുംബങ്ങൾ വീട്ടിൽ സംസാരിക്കുന്നത് തമിഴാണ്.       അന്തമാൻ നിക്കോബാറിൽ താമസിക്കുന്ന പല മലയാളി കുടുംബങ്ങൾ ഉണ്ട്. അവരുടെ മക്കൾ ചെന്നൈയിൽ ജോലി ചെയ്യുന്നുമുണ്ട്. അവരുടെ വീട്ടിൽ ഹിന്ദിയാണ് സംസാരിക്കുന്നതത്രേ. കേരളം വിട്ടുള്ള മറുനാട്ടിൽ നിന്നും എന്റെ മകനും മകൾക്കും വിവാഹ ആലോചനകൾ വരുമ്പോൾ ഞാൻ ചോദിക്കാറുള്ളത് "വീട്ടിൽ  മലയാളമാണോ സംസാരിക്കുന്നത്"  എന്നാണ്. കാരണം  അത്ര ബുദ്ധിമുട്ടിയാണ് അവർ മലയാള വാക്കുകൾ പറയുന്നത് എന്ന് മനസിലാക്കുവാൻ കഴിയുന്നതു കൊണ്ടാണ്. 

 മാതൃഭാഷ സംബന്ധിച്ചു തമിഴർക്ക് ഒരു പൊതു ബോധം ഉണ്ട്. "തായ് മൊഴിയെ ശ്വാസി പിറമൊഴിയെ നേശി" എന്നാണത്. 
"മാതൃഭാഷയെ ശ്വസിക്കുക മറ്റു ഭാഷകളെ സ്നേഹിക്കുക" എന്നാണ് അവർ ഉദ്ദേശിക്കുന്നത്.

തമിഴർ,  തെലുങ്കർ, മാർവാടികൾ, സൗരാഷ്ട്രർ,     മറാട്ടിയ രാജഭരണ കാലത്ത് തമിഴ് നാട്ടിൽ കുടിയേറിയ മറാട്ടിയർ എന്നിങ്ങനെയുള്ള പല പല സമൂഹങ്ങളും  തൻ്റെ മാതൃഭാഷയെ അണു അളവിൽ പോലും കൈവിടാതെ സ്നേഹിക്കുമ്പോൾ ഒരു  നരിക്കുരവനുള്ള  മാതൃ ഭാഷാസ്നേഹം പോലുമില്ലാത്ത ചില മറുനാടൻ മലയാളികളെ  അവജ്ഞയോടു മാത്രമേ എന്നാൽ  കാണുവാൻ സാധിക്കുകയുള്ളു.
"അല്ലയോ മനുഷ്യാ, നീ ഉപജീവനം തേടി ലോകത്തിൻറെ ഏതു മൂലയിൽ പോയി   ജീവിക്കേണ്ടി വന്നാലും നിൻറെ മാതൃഭാഷയെ കൈവിടരുത്. നിൻറെ ഓരോ ശ്വാസത്തിലും മാതൃഭാഷയുടെ സ്പന്ദനം ഉണ്ടായിരിക്കണം".   

Wednesday, July 27, 2016

എൻറെ ഡ്രൈവിംഗ് പഠനം .


എൻറെ ഉദ്യോഗിക ജീവിതം അവസാനിക്കുന്ന 2014 നവംബർ 31 ന്  മുൻപ് ഡ്രൈവിംഗ് പഠിക്കണം എന്ന് അതിയായ മോഹം എനിക്ക് ഉണ്ടായി. ഡ്രൈവിംഗ് പഠിക്കുവാൻ വളരെ താൽപ്പര്യം പ്രകടിപ്പിച്ചു കൊണ്ടിരുന്ന  എൻറെ മകളും ഞാനും കൂടി തിരുക്കഴികുണ്ഡ്രം ( തമിഴ് നാട്)   ഒരു ഡ്രൈവിംഗ് സ്‌കൂളിൽ ചേർന്നു. ഡ്രൈവിംഗ് സ്‌കൂളിലെ കാറിൽ ഞങ്ങളെ ഒന്നിച്ചു കൂട്ടി പോകും. ആണുപുരം ടൗൺഷിപ്പിൻറെ മുന്നിൽ നിന്നും ഞങ്ങളെ ഇ. സി. ആർ റോഡുവഴി മഹാബലിപുരം- ചെങ്കൽപ്പട്ടു റോഡ് വഴി കൂട്ടി പോകും. പോകുമ്പോൾ എൻറെ മകൾക്കു കാർ ഓടിക്കാനുള്ള ട്രെയിനിങ്ങും മടക്കയാത്രയിലാവും എനിക്കുള്ള ട്രെയിനിങ്. ക്ലച്ചും ബ്രേക്കും ഗിയറും തമ്മിലൊക്കെ സാധാരണമായി ഉണ്ടാകാവുന്ന കൺഫ്യൂഷൻസിൽ നിന്നെല്ലാം ചുരുങ്ങിയ ദിവസങ്ങളിൽ തന്നെ എൻറെ മകൾ കരകയറി. എന്നാൽ പ്രായം കൊണ്ടാകാം ഒരു മാറ്റവും ഇല്ലാതെ തന്നെ ഞാൻ കൺഫ്യൂഷൻസിൽ തന്നെ നിലനിന്നുകൊണ്ടിരുന്നു. വളരെ മര്യാദയോടെ "സാറേ" എന്ന് സംബോധന ചെയ്തു എനിക്ക് ഡ്രൈവിംഗ് പഠിപ്പിച്ചു കൊണ്ടിരുന്ന ഡ്രൈവിംഗ് വാദ്ധ്യാർ സഹികെട്ടപ്പോൾ അൽപ്പം കടുത്ത ഭാഷ ഉപയോഗിക്കുവാൻ തുടങ്ങി. കുറച്ചു ദിവസമൊക്കെ സഹിച്ചു കൊണ്ട് ഞാനും ക്ലാസ് തുടർന്നു. ഒരു ഘട്ടത്തിൽ ഡ്രൈവിംഗ് വാദ്ധ്യാർ അൽപ്പം കൂടി കടുകടുത്ത വാർത്തയിൽ എന്നെ ശകാരിച്ചു. അദ്ദേഹത്തിൻറെ കോപം കണ്ടപ്പോൾ എന്നെ പ്രഹരിക്കുമോ എന്ന് പോലും ഞാൻ ഭയപ്പെട്ടു.   കാറിൻറെ പിൻസീറ്റിൽ ഇരുന്ന എൻറെ മകൾ വായ് പൊത്തിക്കൊണ്ട്  അടക്കി ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ആകപ്പാടെ ഒരു നാണക്കേട്. 
അന്നത്തോടെ ഞാൻ നിർത്തി എൻറെ ഡ്രൈവിംഗ് പഠനം.
ആദ്യ ഡ്രൈവിംഗ് ടെസ്റ്റിൽ തന്നെ മകൾ പാസ്സായി മകൾ ലൈസൻസും നേടി. അപ്പോൾ എൻറെ ഡ്രൈവിംഗ് വാദ്ധ്യാർ എന്നെ സമീപിച്ചുകൊണ്ട് വീണ്ടും ക്ലാസ് അറ്റൻഡ് ചെയ്യാനും ഡ്രൈവിംഗ് ലൈസെൻസ് നേടിയെടുക്കുവാനും എന്നെ നിർബ്ബന്ധിക്കുകയും എന്നെ ശകാരിക്കില്ല എന്ന് ഉറപ്പുപറയുകയും ചെയ്തു.
 
എന്തായാലും ഇനി ഒരു പരീക്ഷണത്തിന് ഞാനില്ല എന്നുള്ള ഉറച്ച തീരുമാനമാണ് ഞാൻ മറുപടിയായി അദ്ദേഹത്തെ അറിയിച്ചത് .

Tuesday, January 19, 2016

ജനുവരി 19 ,2016. പുതുപ്പാക്കം.


ഞാൻ 2015 മാർച്ച്‌ മാസത്തിലാണ് കൽപാക്കം, അണുപുരം ടൌൺഷിപ്പ് വിട്ട് ചെന്നൈയ്ക്ക് സമീപമുള്ള പുതുപാക്കത്തിലുള്ള ഫ്ലാറ്റ്സ് ഒന്നിൽ താമസമായത്. ഒരു ഫ്ലോറിൽ 4 വീടുകൾ എന്ന കണക്കിൽ ഒരു entrance - ൽ 16 വീടുകൾ ഉണ്ട്. ഞാൻ താമസിക്കുന്ന ഫ്ലാറ്റിൽ താമസക്കാർ വളരെ കുറവായിരുന്നു. അയൽക്കാർ ആരും തന്നെ ഇല്ലാതെയാണ് ആദ്യത്തെ ചില മാസങ്ങൾ കടന്നുപോയത്. ഈ സന്ദര്ഭത്തിലാണ് എന്റെ വീടിന്റെ മുകളിലേക്ക് ഒരു താമസക്കാർ എത്തിയത്. എല്ലാം college Students. എന്റെ ബാച്ചിലർ ജീവിതം എന്നെ ഓര്മ്മിപ്പിക്കുന്ന അനുഭവം തന്നെയായിരുന്നു തുടർന്നുള്ള ചില മാസങ്ങൾ. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രികാലം മുഴുവനും മദ്യസേവയും പിന്നീട് ആഡിയോ സിസ്റ്റം പ്രവര്ത്തിപ്പിച്ചുള്ള വെസ്റ്റേൺ മ്യൂസിക്കും അതിനു അനുസരിച്ചുള്ള ആട്ടവും . ഉറക്കം നഷ്ടപ്പെടുമ്പോൾ പലപ്പോഴും അവരോട് പരാതി പറഞ്ഞിട്ടുണ്ട്. എന്ത് പ്രയോജനം? പലമുറ സെക്യൂരിറ്റി ഇടപെട്ടു. പ്രയോജനം ഇല്ല. ഏതാനും ചില മാസങ്ങൾക്ക് മുൻപ് (students ) അവർക്കിടയിൽ എന്തോ ചില പ്രശ്നങ്ങൾ ഉണ്ടായതിന്റെ പേരിൽ അവർ വീട് വെക്കേറ്റ് ചെയ്തു പോയി.

അടുത്ത സ്ട്രീറ്റിലും ബാച്ചിലർമാർ താമസമുണ്ട്. അവരെകൊണ്ട് വലിയ ശല്ല്യം ഒന്നുമില്ല. അസമയത്ത് വെളിയിൽ നിന്ന് ഫോണിൽ സംസാരിക്കും എന്ന ചെറിയ വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അവരിൽ ഒരുവന്റെ ജന്മനാൾ ആഘോഷിക്കുന്നു എന്ന പേരിൽ ഒരു ശനിയാഴ്ച രാത്രി 12 മണി മുതൽ പുലരും വരെ പാട്ടും ആട്ടവും. എന്റെയും മറ്റു പലരുടെയും പരാതി പ്രകാരം സെക്യൂരിറ്റി ഇടപെട്ട ശേഷം അവരെക്കൊണ്ട് വലിയ ശല്ല്യം ഒന്നും ഉണ്ടായില്ല. രണ്ടു മാസങ്ങള്ക്ക് മുൻപ് രാത്രി 2 മണിക്ക് എന്തോ ശബ്ദം കേട്ട് ഞാൻ ഉണർന്നു. ജനാലയിൽ കൂടി എന്താണ് സംഭവിച്ചത് എന്ന് ശ്രദ്ധിച്ചപ്പോൾ രണ്ടു ചെറുപ്പക്കാർ ഒരു ബൈക്കിൽ നിന്നും പെട്രോൾ മോഷ്ടിക്കുന്നതാണ് എനിക്ക് കാണാൻ സാധിച്ചത്. ഞാൻ ശബ്ദം ഉണ്ടാക്കിയപ്പോൾ അവർ ശ്രമം ഉപേക്ഷിച്ച് വീടിനുള്ളിലേക്ക് പോയെങ്കിലും ചില നിമിഷങ്ങൾക്ക് ശേഷം മടങ്ങി വന്ന് മുടങ്ങിപ്പോയ ജോലി തുടർന്നു. പെട്രോൾ മോഷണം നടക്കുന്ന വിവരം ഞാൻ സെക്യൂരിറ്റിയെ അറിയിച്ചു. സെക്യൂരിറ്റി എത്തി. തൊണ്ടി സഹിതം പിടികൂടി. പിന്നീട് സെക്യൂരിറ്റി ഓഫീസർ എത്തി. അന്വേഷണത്തിന്റെ ഭാഗമായി പെട്രോൾ മോഷണ വിദഗ്ദരുടെ റൂമിൽ പരിശോധന നടത്തി. റൂമിൽ പത്തോളം ചെറുപ്പക്കാർ താമസിച്ചിരിക്കുന്നു എന്ന് കണ്ടെത്തിയ സെക്യൂരിറ്റി പോലീസിനെയും വീട്ടുടമയെയും വിവരം അറിയിച്ചു. പോലീസ് എത്തി. അറസ്റ്റും ജാമ്യമെടുക്കലും തുടർന്ന് അവരെല്ലാം വീട് ഒഴിഞ്ഞു പോവുകയും ചെയ്തു.

ഇന്ന് (ജനുവരി-19) ഉച്ചയ്ക്ക് ഒന്നര മണിക്ക് ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ വീടിനു വെളിയിൽ ആരോ വിളിച്ചു കൂവുന്ന ശബ്ദം കേട്ട് വെളിയിൽ ചെല്ലുമ്പോൾ മൂന്നു ചെറുപ്പക്കാർ ഒന്നു ചേർന്ന് ഒരു സെക്യൂരിറ്റി ജീവനക്കാരനെ ഓടിച്ചിട്ട്‌ മർദ്ദിക്കുന്നതാണ് കണ്ടത്. ചെറുപ്പക്കാർക്ക് സപ്പോര്ട്ട് ചെയ്ത് കൊണ്ട് ഒരു സ്ത്രീയും. മൂന്നു ചെറുപ്പക്കാരുടെ മര്ദ്ദനമേറ്റ് അവശനായ ആ ബംഗാളി സെക്യൂരിറ്റിയുടെ ദീനരോദനം കേട്ട് എത്തിയ സഹ സെക്യൂരിറ്റി ജീവനക്കാർ ചെറുപ്പക്കാരെ നേരിട്ടു. പൊരിഞ്ഞ അടി എന്നാണ് പറയേണ്ടത്. സിനിമയിൽ കാണുന്നതുപോലുള്ള ഒരു സംഘട്ടനം. ആ സ്തീയുടെ അസഭ്യവാക്കുകൾ അസ്സഹനീയം തന്നെയായിരുന്നു. ഇതിനിടെ ഫ്ലാറ്റ്സുമായി ബന്ധപ്പെട്ട അധികാരികൾ എത്തി ചെറുപ്പക്കാരെയും സെക്യൂരിറ്റി ജീവനക്കാരെയും സമാധാനപ്പെടുത്തി. അപ്പോഴും ചെറുപ്പക്കാർ സെക്യൂരിറ്റി ജീവനക്കാരോട് ഭീഷണി മുഴക്കിക്കൊണ്ടിരുന്നു. പിന്നീട് ആ സ്ത്രീയെയും കൂട്ടി ചെറുപ്പക്കാർ മൂന്നുപേരും കാറിൽ യാത്രയാവുകയും ചെയ്തു.

സുമാർ 15 ദിവസങ്ങള്ക്ക് മുൻപ് പ്രസ്തുത സ്ത്രീ (സിനിമ സഹനടി എന്നാണ് പറയുന്നത്) ഉള്പ്പെടുത്തി ഫ്ലാറ്റ്സ് കോമ്പ്ലെക്സിൽ ഒരു ചെറിയ പരസ്യഫിലിം ഷൂട്ടിങ്ങ് നടന്നു എന്നാണ് പറയപ്പെടുന്നത്‌. അതിൽ അഭിനയിച്ച ഈ സ്ത്രീയുടെ പ്രതിഫലം കൃത്യ സമയത്ത് നൽകാത്തതിന്റെ പേരിൽ പണം മിരട്ടി വാങ്ങുവാൻ ഒരു കാറിൽ ഡ്രൈവറും 2 അടിയാളുകളായ ചെറുപ്പക്കാരെയും കൂട്ടി ആ സ്ത്രീ എത്തുകയും ഷൂട്ടിങ്ങുമായ ബന്ധപ്പെട്ട് പണം നല്കേണ്ട വ്യക്തിയുമായി വാക്വാദം ഉണ്ടാവുകയും തുടർന്ന് പണം നൽകേണ്ടവന്റെ ബൈക്ക് ഈ ചെറുപ്പക്കാർ അടിച്ചു നശിപ്പിക്കുകയും ചെയ്തു. ഫ്ലാറ്റ്സ് കാമ്പസ്സിൽ ബൈക്ക് അടിച്ചു നശിപ്പിക്കുന്നത് കണ്ട് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ കാറിന്റെ ഡ്രൈവറും അടിയാളുകളായ ചെറുപ്പക്കാരും ചേർന്ന് മർദിക്കുകയായിരുന്നു. ഈ ഷൂട്ടിങ്ങ് ഇടപാടുകളും  തകരാറുകളും നടന്ന വീട്ടിൽ താമസിച്ചിരുന്നതും ഷൂട്ടിങ്ങ് നടത്തിയതും   വിദ്യാർത്ഥികൾ തന്നെയായിരുന്നു എന്നതാണ് ശ്രദ്ധേയമായ വിഷയം. പഠിക്കുന്ന കാലഘട്ടത്തിൽ പരസ്യത്തിന്റെയോ മറ്റേതെങ്കിലും സംബന്ധിച്ച സിനിമ ഷൂട്ടിങ്ങ് നടത്തേണ്ട ആവശ്യവും സിനിമ നടികളുമായുള്ള ബന്ധവും    ആവശ്യം ഉണ്ടോ  എന്നും  ചിന്തിക്കേണ്ടതാണ്. 

പിന്നീട് പോലീസ്   എത്തി വിവരങ്ങൾ ശേഖരിച്ചു എങ്കിലും ഒരു സിനിമനടി ഉൾപ്പെട്ട വിഷയമായതിനാലും സിനിമാ നടിയ്ക്കുള്ള സ്വാധീനവും  ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട പലരും പിടിപാടുള്ളവരും ആകയാൽ ഒരു നടപടികളും ഉണ്ടാകാൻ സാധ്യത ഇല്ല എന്നാണ് പറയപ്പെടുന്നത്‌. ജീവിക്കാൻ വേണ്ടി സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്യുന്ന ഈ തൊഴിലാളികളെ കയ്യേറ്റം ചെയ്യുകയും ജീവന് ഭീഷണി മുഴക്കുകയും ചെയ്ത കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. ഇല്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും എന്നതിന് ഒരു സംശയവും ഇല്ല.

Saturday, January 16, 2016

50 രൂപ ടിക്കറ്റ്                                                                                              50 രൂപ ടിക്കറ്റ് 

ഇത് ചെന്നൈ നഗരത്തിലും നഗരത്തിനു വെളിയിലും സർവീസ് നടത്തുന്ന MTC (Non AC) ബസ്സുകളിൽ      പുലർച്ച മുതൽ  രാത്രി 10 മണിവരെയുള്ള   ഒരു ദിവസം മുഴുവൻ  സഞ്ചരിക്കുന്നതിനുള്ള ടിക്കറ്റ് ആണ്. ഇതിനു തമിഴിൽ "വിരുപ്പം പോൽ പയനം ചെയ്യും ടിക്കറ്റ് " എന്നാണ്  പറയുന്നത്. മലയാളത്തിൽ "ഇഷ്ടത്തിനനുസരിച്ച് യാത്ര ചെയ്യാവുന്ന ടിക്കറ്റ്" എന്ന് അര്ത്ഥം. 

ചെന്നൈ - പോണ്ടിച്ചേരി  ECR റൂട്ടിലുള്ള മഹാബലിപുരത്തു  നിന്നും ചെന്നൈ KOYAMBEDU   ബസ്‌  ടെർമിനലിലേക്ക് ദൂരം 70 കിലോമീറ്ററാണ്. ചെന്നൈ KOYAMBEDU   ബസ്‌  ടെർമിനലിൽ നിന്നും എതിർ ദിശയിലുള്ള   പഴവേർകാടിനും  തിരുച്ചി റൂട്ടിലുള്ള  ചെങ്കൽപ്പട്ടിനും 56 കിലോമീറ്ററും തിരുവള്ളൂർ ജില്ലയിലെ   പെരിയപാളയത്തിനു 42 കിലോമീറ്ററും ദൂരമുണ്ട്.ഈ ഭാഗങ്ങളിലെല്ലാം MTC   ബസ് സർവീസ്‌ നടത്തുന്നുണ്ട്. 50 രൂപ ടിക്കറ്റ് ഈ ബസ്സുകളിലെല്ലാം  ലഭ്യമാണ്. ഈ 50 രൂപ ടിക്കറ്റ് വാങ്ങുന്ന ഒരു യാത്രക്കാരന്  MTC ബസ് സർവീസ്‌ നടത്തുന്ന റൂട്ടിലുള്ള  (AC ബസ്സ് ഒഴികെയുള്ള)  ഏതു   MTC ഓർഡിനറി, എക്സ്പ്രസ്സ്‌ ബസ്സുകളിലും  യാത്ര ചെയ്യാം . ഏതു  സ്റ്റോപ്പിൽ വേണമെങ്കിലും  ഇറങ്ങാം, കയറാം. എത്ര ബസ്സിലും കയറാം ഇറങ്ങാം.


ഒരു ഉദാഹരണത്തിന്  പറഞ്ഞാൽ  മഹാബലിപുരത്തു നിന്നും രാവിലെ 50 രൂപ ടിക്കറ്റ് വാങ്ങുന്ന ഒരു യാത്രക്കാരൻ 70 കിലോമീറ്റർ ദൂരമുള്ള KOYAMBEDU   ബസ്‌  ടെർമിനലിൽ എത്തിയശേഷം അവിടെ നിന്നും 56 കിലോമീറ്റർ ദൂരമുള്ള പഴവേർകാടിനു പോയി അവിടെനിന്നും   മഹാബലിപുരത്തു മടങ്ങി എത്തുമ്പോൾ അയാൾ ചെയ്യുന്ന യാത്രാദൂരം 252 കിലോമീറ്റർ.  ജനങ്ങൾക്ക്‌ ഇങ്ങിനെ ഒരു യാത്രാ  സൌകര്യം ലഭിക്കുന്നത്   നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാടിന്റെ തലസ്ഥാനമായ   ചെന്നൈയിലാണ്. 


അഞ്ചു വര്ഷങ്ങള്ക്ക് മുന്പുള്ള 30 രൂപ ടിക്കറ്റ്  

സുമാര് അഞ്ചുവർഷങ്ങൾക്ക് മുൻപ് ശ്രീ.കരുണാനിധിയുടെ ഭരണകാലത്ത് ഈ ടിക്കറ്റിനു 30 രൂപയും 1990 കളിൽ 10 രൂപയുമായിരുന്നു.  ഈ ടിക്കറ്റ് വാങ്ങുമ്പോൾ അതിൽ യാത്രക്കാരൻ തന്റെ വയസ്സ് രേഖപ്പെടുത്തുകയും   ടിക്കറ്റിൽ ഒപ്പിടുകയും ചെയ്യണം. യാത്രാവസാനം ടിക്കറ്റ് മറ്റൊരു യാത്രക്കാരന് കൈമാറ്റം ചെയ്യാൻ പാടില്ല എന്ന ഉദ്ദേശത്തോടെയാണ്   ഈ നിയമം.  ഒരു ബസ്സിൽ നിന്നും മറ്റൊരു ബസ്സിൽ കയറുമ്പോൾ ഈ ടിക്കറ്റ് കണ്ടക്ടറെ കാണിക്കണം എന്നാണ് നിയമം. എന്നാൽ പാസ് ഉണ്ട് എന്ന് പറയുമ്പോൾ തന്നെ തൃപ്തിയടയുന്ന കണ്ടക്ടർമാർ തന്നെയാണ് അധികവും. ചുരുക്കം ചിലര് മാത്രം ടിക്കറ്റ് കാണണം എന്ന് ആവശ്യപ്പെടാറുണ്ട്.    


ചെന്നൈ സിറ്റിയിലും പരിസരങ്ങളിലുമായി ഒന്നിലധികം ആവശ്യങ്ങൾ ഉള്ളപ്പോൾ സാധാരണക്കാരായ ജനങ്ങൾക്ക്‌ ഏറ്റവും പ്രയോജനമാണ് ഈ 50 രൂപ ടിക്കറ്റ്. ഗവണ്മെന്റ് സംവിധാനങ്ങൾ ലാഭം മാത്രം പ്രതീക്ഷിച്ചു നിലനിർത്തേണ്ടവയല്ലല്ലോ,  ജന നന്മയും ലക്ഷ്യമല്ലേ ?
   

Friday, January 1, 2016

പത്തു പൈസയുടെ ഓർമ്മകൾ!


ഒരു ചായയ്ക്ക് പത്തു പൈസ, ബസ്സിലെ മിനിമം ടിക്കറ്റ് പത്തു പൈസ, മോരുംവെള്ളം  പത്തു പൈസ, സൈക്കിളിൽ കാറ്റ് അടിക്കുന്നതിന് പത്തു പൈസ   എന്നിങ്ങനെ    പത്തു പൈസയ്ക്ക്  വിലയുണ്ടായിരുന്ന കാലം സ്മരണയിൽഉണ്ട്. എന്റെ ഗ്രാമം ചെന്നിത്തലയിൽ നിന്നും മാവേലിക്കര ടവുണിലേക്ക്  പതിനഞ്ചു പൈസയും ചെറുകോൽ ജങ്ക്ഷനിൽ നിന്നും പത്തു പൈസയും നിരക്കിൽ ധാരാളം യാത്ര ചെയ്തിട്ടുള്ള ഓർമ്മകൾ ഉണ്ട്. ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികളിൽ നിറയുന്നതും പത്തു പൈസ തുട്ടുകൾ  തന്നെയായിരുന്നു.  

പണ്ട് ചെന്നിത്തലയിൽ നിന്നും തട്ടാരമ്പലത്തിനു പോകുവാൻ വലിയപെരുമ്പുഴക്കടവ്   കടക്കണം.  അതിന് വേണ്ടി ഒരു പഞ്ചായത്ത് കടത്തു വള്ളവും  പ്രൈവറ്റ് വള്ളങ്ങളും ഉണ്ടായിരുന്നു. പഞ്ചായത്ത് വള്ളത്തിൽ സൗജന്യ യാത്രയും  പ്രൈവറ്റ് വള്ളത്തിൽ കടത്തുകൂലി പത്തു പൈസയും.  

ഒരിക്കൽ എന്റെ മാതൃ ഭവനത്തിലേക്ക്‌ പോകുവാൻ വേണ്ടി  നങ്ങ്യാർകുളങ്ങരയിൽ നിന്നും കായംകുളത്തിനു പോകുന്ന KSRTC  ബസ്സിൽ   കയറി ചേപ്പാടിനു ടിക്കറ്റ് വാങ്ങി.  ബസ്ചാർജ് പത്തു പൈസ. കണ്ടക്ടർക്ക് നൽകുവാൻ എടുത്ത പത്തു പൈസ എന്റെ കയ്യിൽ നിന്നും ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ പടിക്കെട്ടിലേക്ക് വീണു. ബസ് നല്ലവേഗത്തിൽ പോയിക്കൊണ്ടിരുന്നതിനാൽ    പടിക്കെട്ടിൽ നിന്നും ആ പത്തു പൈസ നാണയം എടുക്കുവാൻ സാധിച്ചില്ല. അടുത്ത ജങ്ക്ഷൻ കാഞ്ഞൂരിൽ എത്തുമ്പോൾ ആരെങ്കിലും ബസ്സിൽ നിന്നും ഇറങ്ങുവാനോ ബസ്സിലേക്ക് കയറുവാനോ ഉണ്ടെങ്കിൽ പണം എടുക്കാം എന്ന ആശ്വാസത്തോടെ ആ പടിക്കെട്ടിൽ വീണു കിടന്നു ബസ്സിന്റെ ചലനത്താൽ ചലിക്കുന്ന ആ  പത്തു പൈസ നാണയത്തെ നോക്കിത്തന്നെ യാത്ര തുടർന്നു. കാഞ്ഞൂർ ജങ്ക്ഷനിൽ ആരും ഇറങ്ങാനോ അവിടെനിന്നും ബസ്സിൽ കയറുവാനോ  ഉണ്ടായിരുന്നില്ല എന്നു മാത്രവുമല്ല ബസ്സിന്റെ വേഗതയാൽ കാഞ്ഞൂർ കഴിഞ്ഞപ്പോൾ അടുത്ത പടിക്കെട്ടിലേക്ക് വീണ നാണയം  പിന്നീട് ബസ്സിൽ നിന്നും റോഡിലേക്ക് വീഴുകയും ചെയ്തു.  വളരെ സങ്കടത്തോടെയാണ് പോക്കറ്റിൽ നിന്നും ഒരു പത്തുപൈസാ നാണയം വീണ്ടും എടുത്ത് കണ്ടക്ടർക്ക് നല്കിയത്.      

മറ്റൊരു രസകരമായ അനുഭവം കൂടിയുണ്ട്. 1972 -1974 എന്റെ ഐ റ്റി ഐ  പഠന കാലം.  അന്ന് കായംകുളത്തു നിന്നും മാവേലിക്കര വഴി ചെങ്ങന്നൂരിനു ഒരു രൂപയായിരുന്നു ബസ്സ്‌ ചാർജ്. ഈ കാലയളവിൽ വൈകിട്ട്  അഞ്ചര മണിക്ക് കായംകുളത്തു നിന്നും ചെങ്ങന്നൂരിനു പുറപ്പെട്ട 'ജനതാ' എന്ന പ്രൈവറ്റ് ബസ്സിൽ പത്ത് അയ്യപ്പഭക്തന്മാർ  കയറി. അവർ ചെങ്ങന്നൂരിന് ടിക്കറ്റ് വാങ്ങി. അതായത് പത്ത് ഒരു രൂപ ടിക്കറ്റ്. അക്കാലത്ത് വിദ്യാർത്ഥികൾക്കുള്ള  മിനിമം യാത്രാ കണ്‍സഷൻ ടിക്കറ്റ് പത്തു പൈസ. അവർക്കുള്ള ടിക്കറ്റിൽ  C10- എന്നാവും എഴുതുക.  ബസ്സ് കോടുകുളഞ്ഞിയിൽ എത്തിയപ്പോൾ സമയം ഏതാണ്ട് വൈകിട്ട് ഏഴേകാൽ. കണ്ടക്ടർ പത്ത് അയ്യപ്പഭക്തന്മാർക്ക് നൽകിയ ഒരുരൂപാ   ടിക്കറ്റുകളുടെ കാർബണ്‍ കോപ്പികളിൽ ഒരു ചെറിയ തിരുത്ത് വരുത്തി. പത്തു ഒരു രൂപാ ടിക്കറ്റുകളും (അതായത് 1- എന്ന് എഴുതിയിരുന്നത് C10- എന്നാക്കി  (കണസഷൻ 10)   മാറ്റി  പത്തുപൈസ  ടിക്കറ്റുകളാക്കി മാറ്റി.    കോടുകുളഞ്ഞി കഴിഞ്ഞപ്പോൾ ബസ്സിൽ ചെക്കർ കയറി കണ്ടക്ടറെ കയ്യോടെ പിടികൂടി.

 പിന്നീട്  കണ്ടക്ടർക്ക് സസ്പൻഷനും .തുടർന്ന്   "ഇങ്ക്വിലാബ് സിന്ദാബാദും "

Saturday, December 12, 2015

ഒരു സമരത്തിന്റെ സ്മരണആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് സമീപമുള്ള      ചിങ്ങോലി താലൂക് ആഫീസ് കാർത്തികപ്പള്ളിയിലേക്ക് മാറ്റുവാൻ സർക്കാർ ശ്രമിക്കുന്നു എന്നൊരു വാർത്ത അറിയുവാനിടയപ്പോൾ ഏതാണ്ട് 45 വര്ഷങ്ങള്ക്ക് മുൻപ് നടന്ന ഒരു സംഭവം എന്റെ സ്മരണയിൽ എത്തുകയാണ്.സംഭവം ആലപ്പുഴജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലെ ചേപ്പാടിലാണ്  നടന്നത്.  അന്ന് ഞാൻ   ചേപ്പാട് CKHSS - ലെ വിദ്യാർത്ഥിയായിരുന്നു.  ചേപ്പാട് CKHSS -നു   നേരെ എതിരിലായിരുന്നു   സബ് രജിസ്റ്റാർ ഓഫീസ് നിലനിന്നിരുന്നത്.    പ്രസ്തുത സബ് രജിസ്റ്റാർ ഓഫീസ് നങ്ങ്യാർകുളങ്ങരയ്ക്ക് മാറ്റുവാൻ സര്ക്കാരിന്റെ   തീരുമാനം ഉണ്ടായി.  ഈ തീരുമാനത്തിന് നാട്ടുകാരുടെ കടുംഎതിർപ്പ് ഉണ്ടായി. നാട്ടുകാരുടെ എതിര്പ്പിനെ വകവെയ്ക്കാതെ സബ് രജിസ്റ്റാർ ഓഫീസ്  ഫയലുകൾ മറ്റും ഓഫീസ് ഉപകരണങ്ങൾ നങ്ങ്യാർകുളങ്ങരയ്ക്ക് കൊണ്ട് പോകുവാൻ സർക്കാർ പല ശ്രമങ്ങൾ നടത്തി. നാട്ടുകാരുടെ  ശക്തമായ എതിർപ്പ് മൂലം സര്ക്കാരിന്റെ ശ്രമം  പരാജയപ്പെട്ടുകയാണ് ഉണ്ടായത്.     

  ഒരു പുലർച്ചയിൽ അതായത് ജനങ്ങൾ ഉണരുന്നതിനു മുൻപ്    രജിസ്റ്റാർ ഓഫീസിലെ റിക്കാർഡുകൾ എല്ലാം ഒരു ലോറിയിലേക്ക്  മാറ്റുകയും  ഇത് മനസിലാക്കിയ  നാട്ടുകാരിൽ ഒരുവൻ   ചേപ്പാട്ട് പള്ളിയിലെ കപ്യാരെ ഉണര്ത്തി പള്ളിയിലെ കൂട്ടമണി അടിപ്പിക്കുകയും ചെയ്തു. അപായ സൂചനയായ കൂട്ടമണിയുടെ  ശബ്ദം കേട്ട് ഓടിയെത്തിയ പൊതു ജനങ്ങൾ പ്രസ്തുത ലോറി തടയുകയും തുടർന്ന് എതിര്പ്പിന്റെ ശബ്ദം മുഴങ്ങുകയും ഒരു സമരമായി മാറുകയും ചെയ്തു. രാവിലെ 10 മണിയോടെ സമരത്തെ തകര്ക്കുവാൻ വലിയ പോലീസ് പടയുമെത്തി.  കായംകുളം ഹരിപ്പാട്‌ പോലീസ് സ്റ്റേഷനുകളിൽ  നിന്നും പോലീസ് വാൻ എത്തി. ലോറി തടഞ്ഞ പൊതു ജനങ്ങളെ വാനിൽ കയറ്റി കായംകുളത്തെക്കും ഹരിപ്പാട്ടെക്കും മാറ്റിക്കൊണ്ടിരുന്നു. അങ്ങിനെ പൊതുജനങ്ങളുടെ സംഖ്യ കുറച്ചപ്പോൾ CKHS-ലെ വിദ്യാർത്ഥികൾ സമരം കയ്യിലെടുത്തു. വിദ്യാർത്ഥികളുടെ  സമരം തീവ്രമായപ്പോൾ ആരോ ഒരു ചതിയൻ പോലീസിനു നേരെ കല്ല്‌ എറിയുകയും തുടർന്ന് പോലീസ് ലാത്തിചാര്ജ് നടത്തി. വിദ്യാർത്ഥികൾ അടികൊണ്ടും ഭയന്നും  പലഭാഗത്തേക്ക് ഓടി. പോലീസ് സ്കൂളിനുള്ളിൽ കയറി. സ്കൂളിനുള്ളിൽ ഇരുന്ന നിരപരാധികളായ പല വിദ്യാർത്ഥികളും അടി വാങ്ങി. ഈ തക്കത്തിൽ തന്ത്രപൂർവ്വം റിക്കാർഡുകൾ നിറച്ച ലോറിയുമായി അധികാരികൾ നങ്ങ്യാർകുളങ്ങരയ്ക്ക് പോവുകയും ചെയ്തു.