Saturday, December 12, 2015

ഒരു സമരത്തിന്റെ സ്മരണ



ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് സമീപമുള്ള      ചിങ്ങോലി താലൂക് ആഫീസ് കാർത്തികപ്പള്ളിയിലേക്ക് മാറ്റുവാൻ സർക്കാർ ശ്രമിക്കുന്നു എന്നൊരു വാർത്ത അറിയുവാനിടയപ്പോൾ ഏതാണ്ട് 45 വര്ഷങ്ങള്ക്ക് മുൻപ് നടന്ന ഒരു സംഭവം എന്റെ സ്മരണയിൽ എത്തുകയാണ്.



സംഭവം ആലപ്പുഴജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലെ ചേപ്പാടിലാണ്  നടന്നത്.  അന്ന് ഞാൻ   ചേപ്പാട് CKHSS - ലെ വിദ്യാർത്ഥിയായിരുന്നു.  ചേപ്പാട് CKHSS -നു   നേരെ എതിരിലായിരുന്നു   സബ് രജിസ്റ്റാർ ഓഫീസ് നിലനിന്നിരുന്നത്.    പ്രസ്തുത സബ് രജിസ്റ്റാർ ഓഫീസ് നങ്ങ്യാർകുളങ്ങരയ്ക്ക് മാറ്റുവാൻ സര്ക്കാരിന്റെ   തീരുമാനം ഉണ്ടായി.  ഈ തീരുമാനത്തിന് നാട്ടുകാരുടെ കടുംഎതിർപ്പ് ഉണ്ടായി. നാട്ടുകാരുടെ എതിര്പ്പിനെ വകവെയ്ക്കാതെ സബ് രജിസ്റ്റാർ ഓഫീസ്  ഫയലുകൾ മറ്റും ഓഫീസ് ഉപകരണങ്ങൾ നങ്ങ്യാർകുളങ്ങരയ്ക്ക് കൊണ്ട് പോകുവാൻ സർക്കാർ പല ശ്രമങ്ങൾ നടത്തി. നാട്ടുകാരുടെ  ശക്തമായ എതിർപ്പ് മൂലം സര്ക്കാരിന്റെ ശ്രമം  പരാജയപ്പെട്ടുകയാണ് ഉണ്ടായത്.     

  ഒരു പുലർച്ചയിൽ അതായത് ജനങ്ങൾ ഉണരുന്നതിനു മുൻപ്    രജിസ്റ്റാർ ഓഫീസിലെ റിക്കാർഡുകൾ എല്ലാം ഒരു ലോറിയിലേക്ക്  മാറ്റുകയും  ഇത് മനസിലാക്കിയ  നാട്ടുകാരിൽ ഒരുവൻ   ചേപ്പാട്ട് പള്ളിയിലെ കപ്യാരെ ഉണര്ത്തി പള്ളിയിലെ കൂട്ടമണി അടിപ്പിക്കുകയും ചെയ്തു. അപായ സൂചനയായ കൂട്ടമണിയുടെ  ശബ്ദം കേട്ട് ഓടിയെത്തിയ പൊതു ജനങ്ങൾ പ്രസ്തുത ലോറി തടയുകയും തുടർന്ന് എതിര്പ്പിന്റെ ശബ്ദം മുഴങ്ങുകയും ഒരു സമരമായി മാറുകയും ചെയ്തു. രാവിലെ 10 മണിയോടെ സമരത്തെ തകര്ക്കുവാൻ വലിയ പോലീസ് പടയുമെത്തി.  കായംകുളം ഹരിപ്പാട്‌ പോലീസ് സ്റ്റേഷനുകളിൽ  നിന്നും പോലീസ് വാൻ എത്തി. ലോറി തടഞ്ഞ പൊതു ജനങ്ങളെ വാനിൽ കയറ്റി കായംകുളത്തെക്കും ഹരിപ്പാട്ടെക്കും മാറ്റിക്കൊണ്ടിരുന്നു. അങ്ങിനെ പൊതുജനങ്ങളുടെ സംഖ്യ കുറച്ചപ്പോൾ CKHS-ലെ വിദ്യാർത്ഥികൾ സമരം കയ്യിലെടുത്തു. വിദ്യാർത്ഥികളുടെ  സമരം തീവ്രമായപ്പോൾ ആരോ ഒരു ചതിയൻ പോലീസിനു നേരെ കല്ല്‌ എറിയുകയും തുടർന്ന് പോലീസ് ലാത്തിചാര്ജ് നടത്തി. വിദ്യാർത്ഥികൾ അടികൊണ്ടും ഭയന്നും  പലഭാഗത്തേക്ക് ഓടി. പോലീസ് സ്കൂളിനുള്ളിൽ കയറി. സ്കൂളിനുള്ളിൽ ഇരുന്ന നിരപരാധികളായ പല വിദ്യാർത്ഥികളും അടി വാങ്ങി. ഈ തക്കത്തിൽ തന്ത്രപൂർവ്വം റിക്കാർഡുകൾ നിറച്ച ലോറിയുമായി അധികാരികൾ നങ്ങ്യാർകുളങ്ങരയ്ക്ക് പോവുകയും ചെയ്തു.

No comments:

Post a Comment