Saturday, December 12, 2015

ആന ചങ്ങാതി


ഫേസ്ബുക്കിൽ "ആന ചങ്ങാതി" എന്നൊരു ഗ്രൂപ്പ് ഉണ്ട്. ഞാൻ അതിലെ ഒരു അംഗവുമാണ്. പ്രസ്തുത ഗ്രൂപ്പിലെ പല പോസ്റ്റുകളും വായിക്കുമ്പോൾ എന്റെ ചിറ്റപ്പൻ,( "നാട്ടുകാരുടെ ചിറ്റ" ) ശ്രീ. എൻ. ശങ്കരനാരായണൻ നായർ അതായത് എന്റെ പിതൃ സഹോദരനാണ് മനസ്സിൽ എത്തുക.

                                                ശ്രീ. എൻ. ശങ്കരനാരായണൻ നായർ

ചിറ്റപ്പൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥനായിരുന്നു. ചങ്ങനാശേരിയ്ക്ക് സമീപം വാകത്താനം, മണിണ്ഠപുരം ക്ഷേത്രത്തിലായിരുന്നു അദ്ദേഹം ആദ്യമായി ജോലിക്ക് ചേർന്നത്‌. ക്ഷേത്രത്തിലെ വാച്ചർ ജോലിയിലാണ് ആദ്യമായി പ്രവേശിച്ചത്. കടുത്ത അദ്ധ്വാനശീലം സ്വഭാവമാക്കി ശീലിച്ചിരുന്ന ചിറ്റപ്പൻ മണിണ്ഠപുരം ക്ഷേത്രപരിസരം വളരെ വൃത്തിയാക്കുകയും ക്ഷേത്ര പരിസരങ്ങളിൽ ക്ഷേത്രാവശ്യങ്ങൾക്കുള്ള പൂക്കൾ ലഭിക്കും വിധം ചെത്തി, ചെമ്പരത്തി തുടങ്ങിയ ചെടികൾ വെച്ചു പിടിപ്പിക്കുകയും ചെയ്ത്‌ ഒരു "മാതൃകാ വാച്ചർ" എന്ന പേര് സമ്പാദിച്ചു. പിന്നീട് ദേവസ്വം ഗാര്ഡ് എന്ന പോസ്റ്റിൽ വടക്കൻ പറവൂർ ക്ഷേത്രത്തിൽ സേവനം അനുഷ്ടിച്ചു. തുടർന്ന് അമ്പലപ്പുഴ, ഹരിപ്പാട്‌, തിരുവല്ല, ശബരിമല ക്ഷേത്രങ്ങളിലും സേവനം അനുഷ്ടിച്ചിരുന്നു. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ സേവനം അനുഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം പെൻഷ്യൻ (സുമാർ 22 വർഷങ്ങൾക്ക് മുൻപ്) ആകുന്നത്. വിശിഷ്ട സേവനത്തിനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അവാര്ഡ് ചിറ്റപ്പൻ നേടിയിട്ടുമുണ്ട്.

തിരുവല്ല ക്ഷേത്രമതിലിനുള്ളിലെ ഭണ്ഡാരമായിരുന്നു ചിറ്റപ്പന്റെ ഡ്യൂട്ടി സ്ഥലം. റൌണ്ട് ക്ലോക്ക് ഡ്യൂട്ടി. തിരുവല്ല ക്ഷേത്രത്തിൽ ജയചന്ദ്രൻ എന്നൊരു ആന ഉണ്ടായിരുന്നു. രാത്രികാലങ്ങളിൽ ക്ഷേത്ര മതിലിനുള്ളിൽ ജയചന്ദ്രൻ സ്വതന്ത്രനായിരുന്നു. ചിറ്റപ്പൻ ഡ്യൂട്ടിയിലുണ്ടെങ്കിൽ ക്ഷേത്ര നിവേദ്യത്തിന്റെ പങ്കോ അല്ലെങ്കിൽ വാഴപ്പഴമോ എന്തെങ്കിലും ജയചന്ദ്രന് വേണ്ടി കരുതി വെയ്ക്കും. ഇത് ജയചന്ദ്രന് അറിയാം. ഉറക്കത്തിനു മുൻപ് ജയചന്ദ്രൻ ഭണ്ഡാരത്തിനു മുൻപിൽ എത്തുകയും ചിറ്റപ്പന്റെ കയ്യിൽ നിന്നും ഭക്ഷണം സ്വീകരിക്കുകയും ചെയ്യുകയും ചെയ്ത്‌ വന്നിരുന്നു. ഇക്കാരണത്താൽ ജയചന്ദ്രന്റെ പരിപാലകനായ ആനക്കാരനും ചിറ്റപ്പനോട് അല്പ്പം മമത ഉണ്ടായിരുന്നു. ചിറ്റപ്പൻ പെൻഷ്യൻ ആയി വീട്ടിൽ താമസമായ ശേഷം പല സന്ദർഭങ്ങളിൽ അതായത് ഉത്സവ സീസണിൽ മറ്റു ക്ഷേത്രത്തിലെ എഴുന്നള്ളത്തിനായി ജയചന്ദ്രനെ ചെന്നിത്തല വഴി കൊണ്ടു പോകേണ്ടി വന്നിട്ടുള്ള സന്ദർഭങ്ങളിൽ ആനക്കാരൻ, ആനയെ ചിറ്റപ്പന്റെ വീടിനു മുന്പിലുള്ള വഴിയിൽ കൂടി കൊണ്ടു വരികയും ചിറ്റപ്പനെ കാണുകയും ചിറ്റപ്പൻ ആനയ്ക്ക് വാഴപ്പഴമോ ശർക്കരയൊ എന്തെങ്കിലും നല്കുകയും അത് സന്തോഷമായി ആന സ്വീകരിക്കുകയും ചിറ്റപ്പന്റെ മുഖത്തും തലയിലും തുമ്പിക്കയ്യുകൊണ്ട്‌ തലോടി സ്നേഹപ്രകടനം ചെയ്യുന്ന പതിവും ഉണ്ടായിരുന്നു.

                                                            തിരുവല്ല ജയചന്ദ്രൻ 

പിന്നീട് ഒരു അവസരത്തിൽ ഒരു ഉത്സവ സീസണിൽ ജയചന്ദ്രനെ ഏതോ ക്ഷേത്രത്തിലേക്ക് പോകും വഴിയിൽ ചെന്നിത്തല വഴിയാണ് ആനക്കാർ കൂട്ടി വന്നത്. രണ്ട് ആനക്കാരും പുതിയവർ. അവര്ക്ക് ചിറ്റപ്പനെയോ ജയചന്ദ്രനും ചിറ്റപ്പനുമായുള്ള ബന്ധമോ ഒന്നും അറിയില്ല. യാത്രയിൽ കളരിക്കൽ സ്കൂൾ ജംഗ്ഷനിൽ നിന്നും മുൻപോട്ട് പോകാതെ ജയചന്ദ്രൻ നിന്നു. ആനയുടെ മുകളിൽ ഇരുന്ന ബാകനും (ആനക്കാരൻ) ആനയോടൊപ്പം നടന്നു വന്നിരുന്ന ബാകനും എത്ര ശ്രമിച്ചിട്ടും ആന മുൻപോട്ട് നീങ്ങാൻ തയ്യാറായില്ല. അപ്പോൾ കളരിക്കൽ ജംഗ്ഷനിലെ ഒരു കട വ്യാപാരിയാണ് ചിറ്റപ്പനും ജയചന്ദ്രനും തമ്മിലുള്ള ബന്ധ വിവരം ആനക്കാരെ അറിയിച്ചത്.
ആനയെ ഈ സ്കൂളിന്റെ സൈഡിൽ കൂടിയുള്ള വഴിയേ കൂട്ടി പോകൂ. ഒരു വീടിന്റെ വാതുക്കൽ ആന നിൽക്കും. അവിടെ "ചിറ്റ" എന്നൊരു വ്യക്തി ഉണ്ട്. അദ്ദേഹത്തെ കാണാനാണ് ആന ആഗ്രഹിക്കുന്നത് (ചെന്നിത്തല കളരിക്കൽ ജംഗ്ഷനിലുള്ള മഹാത്മാ ഗേൾസ്‌ ഹൈസ്കൂളിന്റെ സൈഡിൽ കൂടിയുള്ള വഴിയേവേണം ചിറ്റപ്പന്റെ വീട്ടിലേക്കു പോകുവാൻ.) അങ്ങിനെ ആനക്കാരൻ മാറിയിട്ടും ചിറ്റപ്പനെ കാണാൻ വീട്ടിൽ ആനയെത്തി.
ഇന്ന് തിരുവല്ല ജയചന്ദ്രൻ എന്ന ആന ഇല്ല. എന്നാൽ ചിറ്റപ്പന്റെ മനസ്സിൽ ജയചന്ദ്രൻ നിറഞ്ഞു നില്ക്കുന്നുണ്ട് എന്നതിൽ ഒരു സംശയവും ഇല്ല. 

1 comment:

  1. ആനക്കു ബുദ്ധിയില്ലെന്നും അതുകൊണ്ടാണ് ആനയെ അപേക്ഷിച്ച് ചെറിയ ജീവിയായ മനുഷ്യനെ അനുസരിപ്പിക്കുന്നതെന്നും പൊതുവേ ഒരു തോന്നലുണ്ട്. എല്ലാ ജീവികൾക്കും ബുദ്ധിയുണ്ടെന്നാണ് എന്റെ വിശ്വാസം. മനുഷ്യർ അത് മര്യാദക്ക് ഉപയോഗിക്കുന്നില്ലെന്നും. പാപ്പാന്മാരറിയാതെ ശർക്കരയിൽ പൊതിഞ്ഞ പുളി സ്ഥിരമായി കൊടുക്കുന്ന ഒരു പിള്ളച്ചേട്ടനെ എനിക്കറിയാം. പുളി തിന്നിട്ട് ഒരു കുസൃതി നോട്ടമെറിയുന്ന കൊമ്പനെ ഇപ്പോഴും ഞാനോർക്കുന്നു.

    ReplyDelete