Thursday, September 10, 2015

'എന്റെ ജന്മദിന ആഘോഷം'


എന്റെ ജന്മദിനം സർട്ടിഫിക്കറ്റ് പ്രകാരം 20 -11 -1954. സ്കൂളിൽ ചേർക്കുവാൻ വേണ്ടി കൊടുത്ത തീയതിയാണിത് എന്നാണ് എന്റെ അമ്മ പറയുന്നത്. 1955 -ലെ അഷ്ടമിരോഹിണിക്ക് ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കഥകളിയും കഴിഞ്ഞ് രാവിലെ എന്റെ അച്ഛൻ വീട്ടിൽ എത്തുമ്പോൾ ഞാൻ ജനിച്ചിരുന്നു എന്നാണ് അമ്മ പറയുന്നത്. അതായത് അഷ്ടമിരോഹിണിയുടെ അടുത്ത നാൾ പുലർച്ചയിൽ മകയിരം നക്ഷത്രത്തിലാണ് എന്റെ ജനനം. ആ നിലയ്ക്ക് ഇന്ന് 06-09- 2015 -നാണ് എനിക്ക് അറുപതു വയസ്സ് തികയുന്നത്.

അംബുജാക്ഷൻ എന്ന് എനിക്ക് എന്റെ പിതാവ് പേരിടുകയും അംബുജാ എന്ന് എന്നെ വിളിക്കുകയും ചെയ്തിരുന്നു. അധികം ആർക്കും ഇല്ലാത്ത ഈ പേര് എനിക്ക് വളരെ ഇഷ്ടവുമായിരുന്നു. സ്കൂൾ ജീവിതം ആരംഭിച്ചപ്പോൾ അംബുജാക്ഷൻ നായർ എന്ന് ചേർത്തിരുന്ന എന്റെ പേര് സുഹൃത്തുക്കൾ ചുരുക്കി 'അംബു' എന്നാക്കി. അതിലും എനിക്ക് സന്തോഷം തന്നെയായിരുന്നു. എന്നാൽ ഉദ്യോഗിക ജീവിതം തമിഴ് നാട്ടിലായപ്പോൾ ഈ പേര് എനിക്ക് ഒരു ഉപദ്രവമായി മാറി എന്നതാണ് സത്യം. തമിഴ് സുഹൃത്തുക്കൾ അംബുതാച്ചൻ നായർ , അംബികാച്ചൻ നായർ, അംബുജകഷായം നായർ, അമൃതാഞ്ജൻ നായർ, അംബുജാഷ് നായർ എന്നിങ്ങനെ പല പല പേരുകളിലാണ് എന്നെ വിളിച്ചിരുന്നത്‌. തമിഴ്ഭാഷാ ജ്ഞാനികൾക്ക്‌ തോന്നാത്ത ഒരു പേരായിരുന്നു എന്റേത്.

എന്റെ മകൻ ഡിപ്ലോമ പഠിച്ചുകൊണ്ടിരുന്നപ്പോൾ അവന്റെ പ്രോഗ്രസ്സ് റിപ്പോർട്ടിൽ അംജത്കാൻനൂർ എന്നാണ് എന്റെ പേര് ചേർത്തു വെച്ചിരുന്നത്. അവരുടെ റിക്കാർഡുകളിൽ അങ്ങിനെ ചേർത്തിരുന്ന എന്റെ ഈ പേര് തിരുത്തി വാങ്ങാൻ പോകുമ്പോഴെല്ലാം അംബുജാക്ഷൻ എന്നാൽ തമിഴിൽ കമലക്കണ്ണൻ എന്നാണ് എന്ന് ഞാൻ അവർക്ക് പറഞ്ഞു മനസിലാക്കി കൊടുത്തിരുന്നു.

വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുവാൻ എത്തിയത് ഒരു തമിഴ്ടീച്ചർ ആയിരുന്നു. അവരോട് എന്റെ പേര് റേഷൻകാർഡുൾപ്പടെയുള്ള പല റിക്കാർഡിലും തെറ്റായി രേഖപ്പെടുത്തുകയും അത് മാറ്റിയെടുക്കുവാൻ വളരെ ബുദ്ധി മുട്ടിയിട്ടുള്ളതിനാൽ ഞാൻ തന്നെ എന്റെ പേര് തമിഴിൽ എഴുതിത്തരാം എന്ന് അറിയിച്ചപ്പോൾ അവർക്ക് എന്നോട് ദേക്ഷ്യമാണ് ഉണ്ടായത് .
ഞാൻ എത്രവർഷമായി ഒരു സ്കൂൾ ടീച്ചറായി ജോലി നോക്കുന്നു, പല പ്രാവശ്യം വോട്ടർ ലിസ്റ്റ് തയ്യാർ ചെയ്തിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് എന്റെ പേര് അവർ തന്നെ എഴുതിക്കൊണ്ടുപോയി. എന്റെ പേര് വോട്ടർലിസ്റ്റിൽ തമിഴിൽ എഴുതിയിരുന്നത് അമിതാപച്ചൻ നായർ എന്നായിരുന്നു. പാൻകാർഡിന് അപേക്ഷ നൽകിയപ്പോൾ എന്റെ പേരിന് എന്തുകൊണ്ടോ കുഴപ്പം സംഭവിച്ചില്ല എന്നാൽ എന്റെ അച്ഛന്റെ പേരിനാണ് മാറ്റം സംഭവിച്ചത്. മലയാളിയായ എന്റെ അച്ഛൻ ചെല്ലപ്പൻപിള്ളയെ 'ചെല്ലപാണ്ടി' എന്ന് തമിഴനാക്കി എന്നെ ഞെട്ടിച്ചു കളഞ്ഞു. പിന്നീട് അത് മാറ്റിയെടുക്കുവാൻ ഞാൻ പെട്ട കഷ്ടവും ചെറുതല്ല.


എന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും സർട്ടിഫിക്കറ്റ് പ്രകാരം 2014 നവംബറിൽ ഞാൻ വിരമിച്ചുകഴിഞ്ഞിരുന്നു എങ്കിലും എന്റെ മാതാവും സഹോദരങ്ങളും 2015 -ലെ അഷ്ടമിരോഹിണി കഴിഞ്ഞുള്ള ദിവസമാണ് എനിക്ക് 60 വയസ്സ് പൂർത്തിയാകുന്നത് എന്നാണ് എന്നെ അറിയിചിരുന്നത്. പിറന്നനാൾ ആഘോഷം എങ്ങിനെയെന്നും അവരെല്ലാം ഫോണ്‍ ചെയ്ത് അന്വേഷിച്ചിരുന്നു. രാവിലെ പുതുപ്പാക്കത്തിനു സമീപത്തു ചെറിയ ഒരു കുന്നിന്റെ മുകളിലുള്ള ശ്രീരാമ- ഹനുമാൻ ക്ഷേത്രത്തിൽ പോയി ദർശനം ചെയ്യുക എന്നു മാത്രമേ ഞാൻ ഉദ്ദേശിച്ചിരുന്നുള്ളൂ. അപ്പോഴാണ് ഞാൻ താമസിക്കുന്ന കോസ്മോസിറ്റി ഫ്ലാറ്റ്സ് കോമ്പ്ലെക്സിലെ മലയാളികളുടെ ഓണാഘോഷം ഇന്ന് നടത്തുവാൻ തീരുമാനിച്ചത്. എനിക്ക് വളരെ സന്തോഷം തോന്നി. ഏകദേശം അഞ്ചു മാസക്കാലമായി ഇവിടെ താമസിക്കുന്നു എങ്കിലും മൂന്നോ നാലോ മലയാളി കുടുംബങ്ങളെ മാത്രമേ പരിചയപ്പെടുവാൻ സാധിച്ചിരുന്നുള്ളൂ. ഇവിടെ ധാരാളം ഫ്ലാറ്റ്സ് താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്നതും ഭാര്യയും ഭർത്താവും ഉദ്യോഗസ്ഥരായ കുടുംബങ്ങളാണ് അധികമെന്നതും പരിചയപ്പെടലിനു ഒരു തടസ്സമായി കാണുന്നു.



































രാവിലെ ഒൻപത് മണിയോടെ കേളംബാക്കം- വണ്ടലൂർ റോഡിലുള്ള അമിറ്റി ഹോട്ടൽ ആഡിറ്റോറിയത്തിൽ അത്തപ്പൂവിട്ട് ഓണാഘോഷപരിപാടികൾ ആരംഭിച്ചു. ആദരിക്കപ്പെട്ട seiner citizen അംഗംഗങ്ങളിൽ എന്നെയും ഉൾപ്പെടുത്തുകയും ചെയ്തു. മഹാബലിചക്രവർത്തിയുടെയും വാമനബാലന്റെയും വേഷം ധരിച്ച് ഒരു അംഗവും ഒരു കൊച്ചുബാലനും ആഘോഷം കലക്കി. തിരുവാതിരകളി, അന്താക്ഷരി, സംഗീതം എന്നിങ്ങനെയുള്ള പരിപാടികൾക്ക് പുറമേ ഗംഭീര സദ്യയും നടന്നു. കലാപരിപാടികൾ നടന്നു കൊണ്ടിരിക്കുമ്പോഴും ഏവരുടെയും ശ്രദ്ധ ആകർഷിച്ചത് അംഗങ്ങളുടെ കുട്ടികളുടെ കുസൃതിക്കളികളാണ്. വളരെയധികം സമയം കൊണ്ട് ഉണ്ടാക്കിയ അത്തപ്പൂ നിമിഷനേരം കൊണ്ട് അവർ ചിതറിയ പൂക്കളാക്കി മാറ്റി. എവിടെ നിന്നോ തെർമോക്കോൾ എടുത്ത്‌ വന്ന് അതും കഷണങ്ങളാക്കി ആഡിറ്റോറിയത്തിൽ പരത്തി. ഫ്ലാറ്റ്സിലെ മുറികൾക്കുള്ളിൽ അടഞ്ഞുകിടന്ന ബാലചാപല്ല്യം പുറത്തെടുക്കുവാൻ കിട്ടിയ അവസരം അവർ ശരിക്കും ആഘോഷിച്ചു. ആവരെ പിന്തിരിപ്പിക്കുവാൻ അവരുടെ മാതാപിതാക്കൾ നടത്തുന്ന പരിശ്രമങ്ങൾ തോൽവിയടയുന്നതും കണ്ടു നിന്ന ഞങ്ങൾക്കും ഒരു ഉത്സാഹം തന്നെയായിരുന്നു. അങ്ങിനെ എന്റെ നക്ഷത്രപ്രകാരമുള്ള ജന്മനാൾ ആഘോഷം ഇന്നത്തെ ഓണാഘോഷത്തിൽ ലയിച്ചു.

No comments:

Post a Comment