Tuesday, July 14, 2015

ബുദ്ധിമാനായ സേവ്യർ.കേന്ദ്രഗവണ്‍മെന്റ് ജീവനക്കാർക്ക് ലഭിക്കുന്ന  ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നതാണ് എൽ. റ്റി. സി, ഹോം ടവുണ്‍ യാത്രാ ആനുകൂല്യം. നാല് വർഷത്തിൽ രണ്ട് തവണ ഹോം ടവുണ്‍ യാത്ര അല്ലെങ്കിൽ ഒരു ഹോം ടവുണ്‍ യാത്രയും ഇന്ത്യയുടെ ഏതെങ്കിലും ഒരു സ്ഥലത്ത് സന്ദർശിക്കുവാനുള്ള യാത്രാ ആനുകൂല്യവുമാണ് ജീവനക്കാർക്ക് ലഭിക്കുക. ഇന്റർനെറ്റ് സൌകര്യം പ്രബല്ല്യമാകുന്നതിനു മുൻപ് ഈ യാത്രാ ആനുകൂല്യം പലരും ദുരുപയോഗം ചെയ്തിരുന്നതായി അറിവുണ്ട്. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ സെക്കന്റ് ക്ലാസ്, ഫസ്റ്റ് ക്ലാസ്, എസി കോച്ച് എന്നിവയിൽ യാത്ര ചെയ്യുവാൻ അനുവാദം ഉണ്ട്. യാത്രയ്ക്ക് മുൻപ് ഇതിനുള്ള അഡ്വാൻസ് തുക വാങ്ങി    ടിക്കറ്റ് റിസർവ് ചെയ്തു ഓഫീസിൽ കാണിക്കണം എന്നാണ് നിയമം. യാത്ര കഴിഞ്ഞു വന്ന് ക്ലൈം സബ്മിറ്റ് ചെയ്ത് ബാക്കിയും വാങ്ങാം.  യാത്ര കഴിഞ്ഞു വന്നാൽ ഒറിജിനൽ റയിൽ ടിക്കറ്റ് സബ്മിറ്റ് ചെയ്യേണ്ടതില്ല . 

ചില വിരുതന്മാർ ഇങ്ങിനെ അഡ്വാൻസ് തുക വാങ്ങി  ഫസ്റ്റ് ക്ലാസ്, എസി കോച്ച് എന്നിവയിൽ  ടിക്കറ്റ് റിസർവ് ചെയ്തു ഓഫീസിൽ കാണിച്ച  ശേഷം  ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്ത് സെക്കന്റ് ക്ലാസിൽ യാത്ര ചെയ്യുകയും, ചിലർ യാത്ര ചെയ്യാതെ തന്നെ പണം ക്ലൈം ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.  ചില സാഹചര്യങ്ങളിൽ ഇവ അധികാരികളുടെ ശ്രദ്ധയിൽ പെടുമ്പോൾ കുറ്റം കണ്ടു പിടിക്കപ്പെട്ട് ജീവനക്കാർ ശിക്ഷിക്കപ്പെടുക അല്ലെങ്കിൽ യാത്രയ്ക്ക് വാങ്ങിയ പണം തിരികെ പലിശ സഹിതം ശമ്പളത്തിൽ നിന്നും ഈടാക്കുക തുടങ്ങിയ നടപടികൾ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ കുറ്റം ചെയ്യപ്പെട്ടതായി ഒരു ജീവനക്കാരനിൽ സംശയം ഉണ്ടായാൽ റയിൽവെയിൽ നിന്നും അന്വേഷണത്തിനു സഹായം ലഭിക്കാൻ പണ്ട് പ്രയാസം ആയിരുന്നു. അതിനാൽ ഈ യാത്രാ കാലഘട്ടത്തിൽ എവിടെ താമസിച്ചു എന്നതാണ് തെളിവിനായി അധികാരികൾ അന്വേഷിച്ചിരുന്നത്.  

ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലും ഇത് പോലെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 1982 -83 കാലഘട്ടത്തിൽ  ഇങ്ങിനെ  എൽ. റ്റി. സി യാത്ര ദുരുപയോഗം ചെയ്തതായി കണ്ടു പിടിക്കപ്പെട്ട് പലരും ശിക്ഷിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ നിന്നും ഒരാൾ മാത്രം തന്റെ ബുദ്ധി ഉപയോഗിച്ച് രക്ഷപ്പെട്ടു. അയാൾ ഒരു മലയാളിയും. പേര് സേവ്യർ.  സെവ്യരുടെ  എൽ. റ്റി. സി യാത്രയിൽ സംശയം തോന്നിയ അധികാരികൾ സേവ്യറെ ആഫീസിൽ വിളിച്ചു വരുത്തി അഞ്ചംഗം അടങ്ങുന്ന അധികാരികളാണ് എന്ക്വയറി ചെയ്തത്. കുറ്റം സമ്മതിച്ചാൽ ശിക്ഷയും ഒപ്പം പണം തിരികെ കെട്ടുകയും ചെയ്യണം എന്ന് മനസിലാക്കിയിരുന്ന സേവ്യർ വളരെ ജാഗ്രതയോടെയാണ് എന്ക്വയറിയെ നേരിട്ടത്.  തന്റെ പേരിൽ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളും സേവ്യർ ധൈര്യപൂർവ്വം നിഷേധിച്ചു.    ഒടുവിൽ എൽ. റ്റി. സി യാത്രയുടെ കാലയളവിൽ ഡൽഹിയിൽ എവിടെയാണ് താങ്കൾ താമസിച്ചത് എന്ന് അധികാരികൾ ചോദിച്ചപ്പോൾ വളരെ വിനീതനായി സേവ്യർ അറിയിച്ചത് ഇപ്രകാരമായിരുന്നു.

 "എന്റെ പൊന്നു സാറന്മാരെ, ഡൽഹി റയിൽവേ സ്റ്റേഷനിൽ നിന്നും വെളിയിലേക്ക് നോക്കിയപ്പോൾ ഒരേ ജന- വാഹന പ്രളയമാണ് ഞാൻ കണ്ടത്. ഞാൻ ഭയന്നു പോയി. സ്റ്റേഷൻ വിട്ടു വെളിയിൽ പോയില്ല.  നാല് ദിവസം ഡൽഹി റയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോറത്തിൽത്തന്നെ താമസിക്കുകയും ഹിന്ദിയും ഇംഗ്ലിഷും അറിയാത്ത ഞാൻ അഞ്ചാം ദിവസം മടങ്ങി വരികയും ചെയ്തു". 
ബുദ്ധിമാനായ സേവ്യരുടെ മറുപടിയിൽ തൃപ്തിപ്പെടുകയല്ലാതെ മറ്റു മാര്ഗ്ഗം കാണാതെ അധികാരികൾ അദ്ദേഹത്തിൻറെ പേരിലുണ്ടായ ആരോപണം തള്ളിക്കളയുകയാണ് ചെയ്തത്. 

No comments:

Post a Comment