Tuesday, July 6, 2010

ആദ്യത്തെ മദ്രാസ്‌ ഡ്യൂട്ടി

  1981 - ല്‍ കല്പ്പാക്കത്തു ജോലി കിട്ടിയ ശേഷം ഓഫീസിലെ ജോലിക്കായി മദ്രാസ്‌ നഗരത്തിലേക്ക്  ഒരു ആദ്യ യാത്ര. മദ്രാസിലെ   ബ്രോഡ്‌ വേക്ക് സമീപം തമ്പുചെട്ടി സ്ട്രീറ്റില്‍ പോയി അഞ്ചു   "ഓറിംഗ് " വാങ്ങി വരണം.  അത് മാത്രമാണ്  ജോലി.  ആ  യാത്രക്ക് വളരെ അധികം സന്തോഷം തോന്നി. കാരണം വേറൊന്നുമല്ല. എന്റെ അമ്മയുടെ ഇളയ  സഹോദരി  സകുടുംബം മദ്രാസില്‍ താമസിച്ചിരുന്നു. ജോലി വേഗം തീര്‍ന്നാല്‍ കുഞ്ഞമ്മയെയും കുടുംബാംഗങ്ങളെയും കണ്ടു വരികയും ചെയ്യാം എന്നുള്ളതു തന്നെ.    തമ്പുചെട്ടി സ്ട്രീറ്റില്‍ പോയി ഓഫീസിലേക്കുള്ള സാധനം വാങ്ങിക്കഴിഞ്ഞാല്‍  വേറെ  ജോലികള്‍ ഒന്നും ഇല്ലല്ലോ. അതുകൊണ്ട് രാവിലെ തന്നെ കല്പാക്കത്ത് നിന്നും മദ്രാസിനു തിരിച്ചു. തമ്പുചെട്ടി സ്ട്രീറ്റിലെ കടയുടെ അഡ്രസ്‌, സാമ്പിള്‍ "ഓറിംഗ് " ഇതെല്ലം ഭദ്രമായി കയ്യില്‍ ഉണ്ടോ എന്ന് ഉറപ്പു വരുത്തി. എല്ലാം ഭദ്രം. എന്റെ മേലുദ്യോഗസ്ഥന്‍ ഒരു "ഓറിംഗ് " നുള്ള വില സൂചിപ്പിച്ചതും ഒന്ന് ഓര്‍ത്തു നോക്കി. വെറും അമ്പതു പൈസ മാത്രം.

രാവിലെ എട്ടര  മണിക്ക് ബ്രോഡ്‌വേ ബസ്‌ സ്റ്റാന്‍ഡില്‍ എത്തി തമ്പുചെട്ടി സ്ട്രീറ്റ് ലക്ഷ്യമാക്കി നടന്നു. തമിഴ് നാട്ടില്‍ എത്തിയിട്ട് ഒരു ചില മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.  തമിഴ്  സംസാരിക്കാന്‍ അറിയില്ല. പറഞ്ഞാല്‍ മനസിലാകും അത്ര തന്നെ. തമ്പുചെട്ടി സ്ട്രീറ്റിലൂടെ കടയുടെ അഡ്രസ്സും നോക്കി നടന്നു. തെരുവില്‍ ജനം വളരെ കുറവ്. കടകള്‍ അധികവും  തുറന്നിട്ടില്ല.  എനിക്ക് എതിരില്‍ വന്ന ഒരുവന്‍ ഞാന്‍ ഏതോ കട തേടുന്നത് മനസിലാക്കിയിട്ടു എന്നോട് ചോദിച്ചു.
എന്നാ വേണം സര്‍ ?
എന്റെ കയ്യില്‍ വെച്ചിരുന്ന അഡ്രെസ്സ് കാണിച്ചു അയാളോട് പറഞ്ഞു . "എനിക്ക് ഈ കട എവിടെ എന്ന് അറിയണം. അത്ര തന്നെ".
സര്‍. ഉങ്കളുക്ക്‌ എന്നാ വേണം ? അത് ചോല്ലുങ്കോ? എന്നായി അയാള്‍.
എന്റെ കയ്യില്‍ ഇരുന്ന "ഓറിംഗ് "  കാട്ടി ഇത് അഞ്ചു നമ്പര്‍ വേണം.

അതുക്കെന്ന സര്‍. വാങ്കോ , ഒരു ഹോള്‍ സെയില്‍ കട ഇരുക്ക്‌. നാന്‍ വാങ്കി തരെന്‍ .
അയാളുടെ പിന്നാലെ ചെന്നു. അതേ സ്ട്രീറ്റില്‍ ഒരു കട  തുറന്നിരിക്കുന്നു. വെളിയില്‍ നിന്ന് നോക്കിയാല്‍ ഒരു ഓഫിസ്. അത്രതന്നെ. അവിടെ ഒരു സാധനവും വില്‍പ്പനക്ക് കണ്ടില്ല. അയാള്‍ എന്നോട് ഇരിക്കുവാന്‍ പറഞ്ഞിട്ട് ഓഫീസിനു ഉള്ളിലേക്ക് പോയി. അയാള്‍ തിരികെ വരുമ്പോള്‍ കൂടെ ഒരു ടിപ് ടോപ്‌ ആസാമിയും.
ടിപ് ടോപ്‌ ആസാമി എന്നോട് എന്തൊക്കയോ ചോദിച്ചു . അയാളുടെ  ഭാഷ  എന്താണെന്നു എന്ന് എനിക്ക് മനസിലായില്ല. എന്നെ കൂട്ടി വന്ന അയാള്‍ സാമ്പിള്‍ "ഓറിംഗ് " എന്റെ കയ്യില്‍ നിന്നും വാങ്ങി വെളിയിലേക്ക് പോയി.
ചില നിമിഷങ്ങള്‍ക്കുള്ളില്‍ ഓഫിസ് ബോയി ഒരു കാഫിയുമായി എത്തി. ഞാന്‍ അത് കുടിക്കുകയും ചെയ്തു.

സുമാര്‍ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സാമ്പിള്‍  "ഓറിംഗ് " വാങ്ങിപ്പോയ അയാള്‍ തിരികെ വന്നു ഓഫീസിനു ഉള്ളിലേക്ക് പോയി. അഞ്ചു നിമിഷങ്ങള്‍ കഴിഞ്ഞു ടിപ് ടോപ്‌ ആസാമി ഒരു ബില്ല് ,   "ഓറിംഗ് "അടങ്ങുന്ന ഒരു പാക്കട്ട് , എന്റെ കയ്യില്‍ നിന്നും വാങ്ങിയ  സാമ്പിള്‍ "ഓറിംഗ് "  ഇവ എന്നെ ഏല്‍പ്പിച്ചു.
ഞാന്‍ പാക്കെറ്റ് തുറന്നു നോക്കി.  പത്തു "ഓറിംഗ് ". ബില്ല് നോക്കിയപ്പോള്‍ വില അമ്പതു രൂപ.

സര്‍, ഞാന്‍ അഞ്ചു രൂപയേ കൊണ്ട് വന്നിട്ടുള്ളു . ഓറിംഗ് ഒന്നിന് അമ്പതു പൈസ മാത്രമേ വിലയുള്ളൂ എന്നും അഞ്ചു ഓറിംഗ് മാത്രം മതി എന്നും ഞാന്‍ അറിയിച്ചു.
ഡേയ് ,  കാലം കാത്താലെ വന്നു തൊല്ല ചെയ്റിയാ! മര്യാദയാ പണത്തെ കൊടുത്തിട്ട് പൊരുള്‍ എടുത്തുകിട്ടു  പോ. ഇല്ലെന്നാല്‍ നീ  ഉത പെടുവേന്‍. എന്നായി ടിപ് ടോപ്‌ ആസാമി.
പണം  കൊടുത്തിട്ട്  സാധനവും എടുത്തു പോയില്ലെങ്കില്‍ അടി കിട്ടും എന്നാണ്  അവന്‍ പറഞ്ഞത്  എന്ന്  എനിക്ക് മനസിലായി . പിന്നീടൊന്നും സംസാരിക്കാതെ പണവും കൊടുത്തു ഭദ്രമായി സാധനം ബാഗില്‍ സൂക്ഷിച്ചു വെച്ച് കടയില്‍ നിന്നിറങ്ങി.

കൊച്ചമ്മയുടെ വീട്ടില്‍ ചെന്നു സുഖമായി ആഹാരം കഴിക്കുമ്പോഴും, ബസില്‍ കല്പാക്കത്തെക്കു മടങ്ങുമ്പോഴും താന്‍ കബളിപ്പിക്കപ്പെട്ടത്തിന്റെ വിഷമവും ഓഫീസില്‍ ചെന്നിട്ടു വെറും അഞ്ചു രൂപയ് വിലയുള്ള പൊരുള്‍ അമ്പതു രൂപയ്ക്ക് വാങ്ങിയതിന്റെ നാണക്കേടും അനുഭവിക്കേണ്ടി വരുമല്ലോ എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു.

1 comment:

  1. കഥ നന്നായിരിക്കുന്നു

    ReplyDelete