Friday, August 6, 2010

അന്നമിട്ട കൈ


സി ഐ എസ് എഫ് -ലാണ്  ദിവാകരന് ജോലി . ഭാര്യ   മാലതിക്ക്   ശരീരത്തിന് സുഖം ഇല്ലാത്ത കാരണത്താല്‍ കല്പ്പാക്കത്തിനു സ്ഥലം മാറ്റം വാങ്ങി എത്തിയതാണ് ദിവാകരന്‍. കല്പാക്കത്തിലെ  അറ്റോമിക്  എനര്‍ജി ഹോസ്പിറ്റല്‍  സൗകര്യം    പ്രധാനമായും  മനസ്സില്‍  കണ്ടു കൊണ്ട് ആണ് സ്ഥലം മാറ്റത്തിന്  ശ്രമിച്ചതു തന്നെ.
 
ആശുപത്രിയില്‍ നിന്നും ഡോക്ടറെ കണ്ടു സി ഐ എസ് എഫ്  ക്വാട്ടേഴ്സിലേക്ക്  മടങ്ങുമ്പോള്‍   എതിര്‍  ദിശയില്‍ നിന്നും  വേഗമായി  സൈക്കിളില്‍   വന്ന ഒരു ബാലന്‍ പെട്ടെന്ന് സൈക്കിള്‍  നിര്‍ത്തി ഇറങ്ങി വന്നു മാലതിയുടെ മുന്‍പില്‍ നിന്നത്.
അമ്മാ, എന്നെ ഞാപകം ഇല്ലെയാ ( എന്നെ ഓര്‍മ്മിക്കുന്നില്ലേ )?
മാലതിക്ക് എത്ര ചിന്തിച്ചിട്ടും ആ ബാലനെ ഓര്‍മ്മ വന്നില്ല. പതിനാലുവര്‍ഷങ്ങള്‍ക്കു മുന്‍പ് കല്‍പ്പാക്കം വിട്ടു പോയതാണ് ദിവാകരനും കുടുംബവും.  പത്തൊന്‍പതു വയസ്സിനു മേല്‍ പ്രായം ഉള്ള ബാലനെ മാലതി എങ്ങിനെ ഓര്‍ത്തിരിക്കാന്‍ ?
അങ്ങിനെ ഒന്നും മാലതിയുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നില്ല.
മാലതിയുടെ ഭാവം ശ്രദ്ധിച്ച ആ ബാലന്‍ ഇങ്ങിനെ പറഞ്ഞു. അമ്മാ നീങ്കള്‍ എവളവു നാള്‍ എനിക്ക് സാപ്പാട്  പോട്ടീര്‍കള്‍. നാന്‍ എപ്പടി ഉങ്കളെ മറക്ക മുടിയും?
 
മാലതിക്ക് ഓര്‍മ്മ വന്നു. പതിനാലുവര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥിരമായി ഒരു അലൂമിനിയം പാത്രവും കൊണ്ട് മൂന്നോ നാലോ വയസ്സ് തോന്നിക്കുന്ന ആ  ഗ്രാമത്തു ബാലന്‍, മുഷിഞ്ഞു നാറിയ ഒരു ഹാഫ് പാന്റും ധരിച്ചു കൊണ്ട്  ദിനവും വീട്ടു വാതിലില്‍ രാവിലെ അമ്മാ അമ്മാ എന്ന് വിളിച്ചിരുന്ന ആ ബാലനെ. അവനു തലേ നാള്‍ അധികം വരുന്ന ചോറും  കറിയും രാവിലത്തെ പലഹാരത്തിന്റെ പങ്കും  ഉണ്ടെങ്കില്‍ അതും നല്‍കിയിരുന്നത്  ഓര്‍മ്മയില്‍ എത്തി.
അമ്മാ നാന്‍ ഇപ്പോള്‍ മീന്‍ പിടിക്ക ദിനവും ഇരവു  കടലുക്ക് പോകിറേന്‍. എന്‍  ഉടല്‍ ശക്തി പൂരാവും നീങ്ക പോട്ട സപ്പാട് താന്‍.   വളരെ വിനയപൂര്‍വ്വം അവന്‍ പറഞ്ഞു.
ഉന്‍ പേര് എന്നെടാ തമ്പീ ? മാലതി തിരക്കി
ശരവണന്‍
അമ്മാ നീങ്കള്‍ എന്ന നമ്പര്‍ വീട്ടില്‍ ഇരുക്കിരീങ്കെ ? അയ്യാ എപ്പോ വരുവാര്‍ ? ശരവണന്‍ തിരക്കി.
അന്ത പളയ വീട്ടില്‍ താന്‍. അയ്യാ സായന്ത്രം വരുവാര്‍.
നാന്‍ കാലെയില്‍ വീട്ടുക്ക് വരികിരേന്‍ എന്ന് പറഞ്ഞു ശരവണന്‍ സൈക്കിളില്‍ യാത്രയായി.
അടുത്ത നാള്‍ രാവിലെ ആറു മണിക്ക് അമ്മാ എന്ന ശബ്ദം കേട്ട് മാലതി വീട്ടു വാതില്‍ തുറന്നു. ശരവണന്‍ നില്‍ക്കുന്നു. ഒരു വലിയ മത്സ്യം അവന്റെ കയ്യില്‍ ഉണ്ട്. അമ്മാ ഇത് അപ്പടിയേ കുഴമ്പു വെയ്യമ്മാ , ഉങ്കള്‍ കയ്യാലെ സമച്ച സപ്പാട് സാപ്പിട്ട് എവളവു നാള്‍ ആച്ചു.
ദിവാകരനും വാതുക്കല്‍ എത്തി. ശരവണന്‍ ദിവാകരന്റെ കാലില്‍ തൊട്ടു വണങ്ങി. നാന്‍ ഉങ്കള്‍ക്ക്‌ രൊമ്പ കടമപ്പെട്ടു ഉള്ളെന്‍.
മാലതി ശരവണനെ കണ്ടത് ദിവാകരനോട്  പറഞ്ഞിരുന്നു. അതിനാല്‍ ദിവാകരന് അത്ഭുതം ഒന്നും തോന്നിയില്ല.
ശരവണാ നീ മദ്ധിയം വരുവിയാ എന്ന് ചോദിച്ചു.
ഒരു മണിക്ക് വരുകിറെന്‍ എന്ന് പറഞ്ഞു ശരവണന്‍ യാത്രയായി.
ഉച്ചക്ക് ശരവണന്‍
എത്തി. അവന്‍ വയറു നിറയെ ആഹാരം കഴിച്ചു.
ശരവണാ മീനുക്ക്  എന്ന  വില ?    യാത്ര പറയുമ്പോള്‍ മാലതി തിരക്കി
എന്നമ്മാ  മീനുക്ക് പണമോ ? എനക്ക് നീങ്കള്‍ പോട്ട സപ്പാടുക്ക് നാന്‍
എന്നാ പണമാ തന്തെന്‍ ?  
നാന്‍ കടലില്‍ പോയി പിടിച്ചു വന്ന മീന്‍. ഇനി ഞാന്‍ എപ്പോള്‍ കടലുക്ക് പോണാലും  ഉങ്കളുക്കു ഒരു  മീന്‍  കൊണ്ടു വരുവേന്‍.
ശരവണന്റെ സ്നേഹ ബന്ധം നാല് വര്‍ഷം തുടര്‍ന്നു. ശരവണന്‍ കടലില്‍ പോകാത്ത നാള്‍കളില്‍ നാട്ടു കോഴി മുട്ട പത്തെണ്ണം വീതം മാലതിയുടെ വീട്ടില്‍ എത്തിക്കും.
 ഞാന്‍ വിവാഹിതനാകുന്നു എന്ന് ശരവണന്‍ അറിയിച്ചപ്പോള്‍ വിവാഹത്തിന്  എന്ത് സമ്മാനം നല്‍കണം എന്ന് ദിവാകരന്‍ മലതിയോടു തിരക്കി.
എന്റെ സഹോദരന്റെ വിവാഹത്തിന് കൊടുത്ത പോലെ ഒരു പവന്‍ മോതിരം നല്‍കണം.
ദിവാകരനും മാലതിയും ശരവണന്റെ വിവാഹത്തിന് പങ്കെടുത്തു.
മാലതി ശരവണനു മോതിരം അണിയിച്ചപ്പോള്‍ സന്തോഷം കൊണ്ട് ശരവണന്റെ കണ്ണ് നിറഞ്ഞു.
ശരവണാ! നീ ഞായറ്റു കിഴമെ ( ഞായറാഴ്ച )  ഉന്‍  മനൈവിയെയും കൂട്ടി വീട്ടുക്ക് വാങ്കെ. ഉങ്കളുക്കു അന്ട്രേക്ക് എങ്ക വീട്ടില്  താന്‍ വിരുന്ത്‌.
ശരവണനും മനൈവിയും ഞായറാഴ്ച ഉച്ചക്ക്  എത്തി. ഇരുവര്‍ക്കും   മീന്‍ കറിയും മീന്‍ പൊരിച്ചതും എല്ലാം വെച്ച് ഒരു സാപ്പാട്   വിരുന്ത്‌  അവര്‍ നല്‍കി.
 

അമ്മാ ഇവളോട്‌ നാന്‍ ചൊല്ലിയിരുക്കിരേന്‍ നീങ്ക താന്‍ എന്‍ കടവുള്‍  എന്റു. ഉങ്കളുക്കു എന്താ ഉതവി വേണം എന്‍റാലും ഇവള്‍  ചെയ് വാള്‍.
 

രൊമ്പ സന്തോഷം ശരവണാ. നാന്‍ ഒരു വിഷയം ചൊല്ല മറന്നിട്ടെന്‍. എങ്കളുക്ക്‌  ഇടം മാറുതല്‍ ആയിട്ട്. നാങ്കള്‍ നാളേക്ക് കേരളാ പോയി ഒരു വാരം കഴിച്ചു  അങ്കിരുന്തു  നേരടിയാ  കല്ക്കട്ടാ പോകിറോം. വീട്ടു പൊരുളെല്ലാം ലാറിയില്‍ ഏറ്റി കല്ക്കട്ടാ അനുപ്പ ഏര്‍പ്പാട് ചെയ്തു ഉള്ളോം എന്ന് പറയുമ്പോള്‍ മാലതിയുടെ തൊണ്ടയും ഇടറി.

ശരവണന്റെ മുഖം പെട്ടെന്ന് വാടി. ശരീരവും മനസ്സും എല്ലാം തളരുന്നത് പോലെ അവനു തോന്നി. കുറച്ചു സമയം അങ്ങിനെ മാലതിയേയും നിശബ്ദനായി നിന്നിരുന്ന ദിവാകരനെയും നോക്കി നിന്നു. ഒടുവില്‍ ധൈര്യം സമ്പാദിച്ചു  ദിവാകരന്റെ കാലില്‍ തൊട്ടു വണങ്ങി. പിന്നീട് മാലതിയുടെ വലതു കരത്തില്‍ പിടിച്ച് ആ അന്നമിട്ട കൈ വെള്ളയില്‍ഒരു മുത്തം ഇട്ടു. പിന്നീട്  അവന്റെ ഭാര്യയുടെ കയ്യില്‍ പിടിച്ച് കൊണ്ട്   ഒന്നു മിണ്ടുകയോ  ഒന്നു തിരിഞ്ഞു നോക്കുകയോ ചെയ്യാതെ അവന്‍ നടന്നു നീങ്ങി.  

ദിവാകരനും  മാലതിയും  ഒരു നെടു വീര്‍പ്പോടെ അവര്‍ നടന്നു  നീങ്ങുന്നതും നോക്കി  കുറച്ചു സമയം  അവിടെത്തന്നെ നിന്നു.

No comments:

Post a Comment