Wednesday, August 25, 2010

പൌലോസ് അച്ചായന്‍

പൌലോസ് അച്ചായന്‍ ഒരു കൊച്ചു ഫൈനാന്‍സര്‍ കൂടി ആയിരുന്നു. പലിശ നിരക്ക് വളരെ കുറവാണ്. നൂറു രൂപയ്ക്ക് വെറും മൂന്നു രൂപ മാത്രം. അച്ചായാൻ ഒരു വലിയ വിശ്വാസികൂടിയാണ്. പലിശക്കു പണം കടം നല്കുന്നത് പാപമല്ലേ, ബൈബിളിൽ പലിശവാങ്ങരുത് എന്ന് പറഞ്ഞിട്ടില്ലേ എന്ന് ആരെങ്കിലും അച്ചായനോട് ചോദിച്ചാൽ "എന്റെ ദുഃഖം കർത്താവിനു നല്ലതു പോലെ അറിയാം എന്നാവും മറുപടി. 

 ടൌണ്‍ ഷിപ്പില്‍ അപകട മരണം നടന്നാല്‍ അച്ചായന്‍ അവിടെ എത്തിയിരിക്കും. അപ്പോള്‍ ഷര്‍ട്ടിന്റെ  പോക്കറ്റ് വീര്‍ത്തിരിക്കും. പതിനായിരം രൂപയില്‍ കുറയാതെ അദ്ദേഹം  പോക്കറ്റിൽ  കരുതിയിട്ടുണ്ടാവും.  വീർത്ത പോക്കറ്റ് മരണ വീട്ടിലുള്ളവരുടെ ശ്രദ്ധയിൽപ്പെടും വിധത്തിലാവും അച്ചായന്റെ അവിടെയുള്ള പ്രകടനങ്ങൾ. ഈ സമയങ്ങളില്‍ മരണവീട്ടില്‍ പണത്തിനു ബുദ്ധിമുട്ട് ഉണ്ടാകാന്‍ സാദ്ധ്യതകള്‍ മുന്നില്‍ കണ്ടു കൊണ്ടാകും അച്ചായന്റെ ഈ പദ്ധതി. എന്നാല്‍ ഇത് വലിയ ഒരു സഹായം എന്നാണ് അച്ചായന്‍ വിശ്വസിക്കുന്നത്.  എന്ത് തന്നെ അത്യാവശ്യം ആയാലും ആദ്യ മാസത്തെ പലിശ എടുത്തു കൊണ്ട് മാത്രമേ ആവശ്യക്കാരന് അച്ചായന്‍ പണം നല്‍കുക ഉള്ളൂ. മരണ വീട്ടുകാര്‍  പണം വാങ്ങിയില്ലെങ്കില്‍ അദ്ദേഹം നിരാശനാകും. ഞാന്‍ പണവുമായിട്ടാണ് എത്തിയത് , അവര്‍ എന്നോട് പണം ചോദിച്ചില്ല  എന്ന് പരിചയക്കാരോട് തൊണ്ട ഇടറിക്കൊണ്ട് പറയും.

പണത്തിനു ആവശ്യക്കാര്‍ ഏറുമ്പോള്‍ സ്നേഹിതരോട് പണം കടമായി വാങ്ങി ആവശ്യക്കാര്‍ക്ക് കൊടുക്കും.  സ്നേഹിതന്റെ പണത്തിനുളള  പലിശ അച്ചായന് സൌജന്യമായി ലഭിക്കുകയും ചെയ്യും.
ചില സമയങ്ങളില്‍ അച്ചായനോട് പണം വാങ്ങിയവര്‍ അസ്സല്‍ തുക നല്‍കാന്‍ അമാന്തിക്കാറുണ്ട്. അപ്പോള്‍ സ്നേഹിതന്മാരില്‍  നിന്നും വാങ്ങിയ പണം തിരികെ നല്‍കാന്‍ അച്ചായനും അമാന്തിക്കുക സഹജം ആണല്ലോ?. പണം തിരികെ ചോദിയ്ക്കാന്‍ സ്നേഹിതര്‍ വീട്ടില്‍ എത്തുന്നത്‌ അച്ചായന് തൃപ്തികരം അല്ല. അവര്‍ നിര്‍ബ്ബന്ധം കാട്ടിയാല്‍ അച്ചായന്‍ അല്‍പ്പം പൌരുഷത്തോടെ പറയും.
എന്താ എന്നെ വിശ്വാസം ഇല്ലേ? . ശരി. ഞാന്‍ തന്നോട് വാങ്ങിയ പണം തിരികെ തരുന്നില്ല എന്ന് തന്നെ കരുതുക. എന്ത് ചെയ്യും? അടിക്കുമോ? എങ്കില്‍ അടിച്ചോളൂ. ഞാന്‍ തന്നോട് വാങ്ങിയ മൂവായിരം രൂപയ്ക്കു ഉള്ള അടി, എത്ര വേണം എങ്കിലും അടിച്ചോളൂ. അടിച്ചാല്‍ പിന്നെ ഞാന്‍ പണം തരേണ്ടതില്ലല്ലോ ?.
അടിക്കുന്നില്ലെങ്കില്‍ ഇനി എന്നോട് പണം ചോദിച്ചു കൊണ്ട് വീട്ടിലേക്കു വരരുത്.  എന്റെ കയ്യില്‍ പണം വരുമ്പോള്‍ താങ്കളുടെ പണം വീട്ടില്‍ എത്തിക്കാം.
അച്ചായനെ അടിച്ചിട്ട് ആ സ്നേഹിതന് എന്ത് നേടാന്‍ ? രോഷം അടക്കി തല കുനിഞ്ഞു കൊണ്ട് അയാള്‍ മടങ്ങും.എന്ത് ചെയ്യാം നല്കിയ പണം  തിരികെ ലഭിക്കണം എന്നതല്ലേ ആവശ്യം.

1 comment:

  1. ഇപ്പോള്‍ അച്ചായന്മാറ്ക്കു പകരം തമിഴന്മാരും ഉണ്ടു. പല സാധാരണ കചവടക്കാരും രാവിലെ തൊണ്ണൂറു വാങ്ങി വൈകുന്നേരം നൂറു കൊടുക്കുന്നതു കണ്ടിട്ടുണ്ടു. മീന്‍ വില്‍കുന്നവരും മറ്റും. പണം തിരിച്ചു കിട്ടിയില്ലെങ്കില്‍ വീട്ടിലെ പെണ്ണുങ്ങളെ വരെ ഉപദ്രവിക്കും, പാവപ്പെട്ടവരാണെങ്കിലും അഭിമാനികളായ അവര്‍ പണം കൃത്യമായി തിരിച്ചു കൊടുക്കും, അടുത്ത ദിവസവും വാങ്ങാന്‍!!!

    ReplyDelete