Wednesday, April 13, 2011

ക്രൂരമായ സ്നേഹം

 തമിഴ് നാട് ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്ന മുനുസ്വാമിയുടെ ഭാര്യയാണ്  കുപ്പമ്മാള്‍. മുനുസ്വാമി മരിച്ച ശേഷം തന്റെ ഏക മകളായ മാരിയമ്മായോടു ഒപ്പമാണ് കുപ്പമ്മാളുടെ ജീവിതം. 

മാരിയമ്മയുടെ   ഭര്‍ത്താവ് എന്റെ ഓഫീസിലെ ഡ്രൈവറാണ് . അഞ്ചു മക്കള്‍. ക്വാട്ടെഴ്‌സിലെ ഫ്ലാറ്റില്‍   താമസം. എഴുപതു വയസ്സുള്ള കുപ്പമ്മാള്‍ക്ക് കണ്ണിനു കാഴ്ച മങ്ങി. രണ്ടു മുറികളും ഒരു അടുക്കളയും മാത്രമുള്ള ഫ്ലാറ്റിന് വെളിയില്‍ എവിടെയെങ്കിലും  കിടന്നു  കുപ്പമ്മാള്‍ പകല്‍ മുഴുവന്‍ കഴിച്ചു കൂട്ടും. രാത്രിയില്‍ പലപ്പോഴും പത്തു മണിക്ക് ശേഷവും  അവര്‍  ഫ്ലാറ്റിനു വെളിയില്‍ തന്നെ ഉണ്ടാവും. 

പകല്‍ മുഴുവനും വീടിനു വെളിയില്‍ കഴിയുന്ന കുപ്പമ്മാള്‍ തന്റെ  പ്രാഥമീക ആവശ്യങ്ങള്‍ക്ക് മകളുടെയോ കൊച്ചുമക്കളുടെയോ സഹായം തേടും.  ഇവരെ ആ വീട്ടില്‍ ആരും ശ്രദ്ധിക്കാതെ വരുമ്പോള്‍ വീട്ടു വാതുക്കല്‍ തന്നെ  കുപ്പമ്മാള്‍ പ്രാഥമീക ആവശ്യങ്ങള്‍ നിറവേറ്റിയിട്ടുണ്ട് . അപ്പോള്‍ മകളോ, കൊച്ചു മക്കളോ നല്‍കുന്ന ശിക്ഷയുടെ കാഠിന്യം കൊണ്ടുള്ള  അവരുടെ നിലവിളിയും  ഉയരും.

കുപ്പമ്മാള്‍ക്ക് എല്ലാ മാസവും പത്താം തീയതിയോ അടുത്ത ആഫീസ്  പ്രവര്‍ത്തന ദിവസമോ ഭര്‍ത്താവിന്റെ പെന്‍ഷന്‍ പണം ലഭിക്കും. പെന്‍ഷന്‍ പണം വാങ്ങുവാന്‍ പതിനാലു കിലോമീറ്റര്‍ ദൂരമുള്ള തിരുക്കഴുകുണ്ട്രം എന്ന ചെറിയ ടൌണില്‍ കുപ്പമ്മാള്‍ നേരിട്ട്  ഹാജരാകണം. കുപ്പമ്മാളെ അന്ന് കുളിപ്പിച്ച്, തിലകമിട്ട് , നല്ല പട്ടുവസ്ത്രവും ഉടുപ്പിച്ചു പത്തു മണിക്ക് ആട്ടോ റിക്ഷായില്‍ തിരുക്കഴുകുണ്ട്രം കൂട്ടി പോകുന്നത് മകള്‍ മാരിയമ്മാവാണ്.

ഉച്ചക്ക് സുമാര്‍ ഒരു മണിയോടെ കുപ്പമ്മാളും മാരിയമ്മയും  മടങ്ങുക   ബസ്സിലാകും. ടവുണ്‍ ഷിപ്പ് ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും വീടു വരെ ഒരു ഫര്‍ലോങ്ങ്‌ ദൂരം നടന്നു വരണം. പ്രായാധിക്ക്യം കൊണ്ടും കണ്ണിനു കാഴ്ചക്കുറവു കൊണ്ടും കുപ്പമ്മാള്‍ക്ക് വേഗം നടക്കുവാന്‍ സാധിക്കില്ല .  മാരിയമ്മയ്ക്ക് വേഗം വീട്ടില്‍ എത്തുകയും വേണം. വഴി നീളെ  മാരിയമ്മ തന്റെ മാതാവായ കുപ്പമ്മാളെ  പിടിച്ചു വലിച്ചും, ഇടയ്ക്കിടെ അടിച്ചും ചീത്ത വിളിച്ചും കൊണ്ട്  വരുന്ന കാഴ്ചയാണ് വേദനാജനകം.


പെന്‍ഷന്‍ പണത്തിനു വേണ്ടി ഒരു മാസത്തില്‍ ഒരുദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം പെറ്റ അമ്മയ്ക്ക്  മകള്‍ നല്‍കുന്ന സ്നേഹം.
അതെ ക്രൂരമായ സ്നേഹം.




3 comments:

  1. വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യം....! ഇങ്ങിനെ ക്രൂരമായി സ്നേഹിക്കപ്പെടുന്ന ഒരുപാടാളുകള്‍ നമുക്കിടയില്‍ ഉണ്ട്.

    ReplyDelete
  2. മകള്‍ക്ക് അമ്മയോട് ഇങ്ങനെ പെരുമാറാന്‍ കഴിയുമോ ?? :(

    ReplyDelete