Saturday, April 23, 2011

മിസ്റ്റര്‍. പാപ്പുരാജ്

മിസ്റ്റര്‍. പാപ്പുരാജ് എന്റെ നേരെ  എതിര്‍വീട്ടുകാരനാണ്. പാപ്പുരാജിന്റെ മാതാവ് അന്തോണി അമ്മയും  മൂത്ത സഹോദരന്റെ അഞ്ചു വയസ്സുള്ള മകന്‍  ജോസും  ഒന്നിച്ചാണ്  താമസം. ഇന്നത്തെ കാലഘട്ടത്തില്‍ അമ്മയെ സ്നേഹിക്കുന്ന നല്ല മകന്‍ എന്ന അഭിപ്രായം  ഫ്ലാറ്റിലെ എല്ലാവര്‍ക്കും പാപ്പുരാജിന്റെ പേരില്‍ ഉണ്ട്. 

ഞാന്‍ ജോലിക്ക് പോയി കഴിഞ്ഞാല്‍ എന്റെ കുടുംബിനിക്ക് നല്ല ഒരു കൂട്ടാണ് അന്തോണിഅമ്മ . ആ അമ്മയ്ക്ക് അവരുടെ മൂത്ത മകനെപറ്റിയാണ്  ദുഃഖം. അവന്റെ വിവാഹം കഴിഞ്ഞു. ഒരു നല്ല ജോലി ഇല്ല. മരുമകള്‍ ഉദ്യോഗസ്ഥയാണ്. ചെന്നൈയില്‍ ഹോസ്റ്റലില്‍ താമസം. അവരുടെ മകനാണ് ജോസ്. ജോലി കഴിഞ്ഞു വന്നാല്‍ പാപ്പുരാജ് ജോസിനെ ഇംഗ്ലീഷ്  പഠിപ്പിക്കും. അതു കഴിഞ്ഞ ശേഷമേ വെളിയില്‍ പോകാറുള്ളൂ. 

ഞങ്ങളുടെ ടവുണ്‍ ഷിപ്പില്‍ നെസ്കോ എന്ന സംഘടനയുടെ ചുമതലയില്‍  ഒരു ഓപ്പണ്‍ എയര്‍ തിയേറ്റര്‍ ഉണ്ട്. വെള്ളി, ശനി, ഞായര്‍  എന്നീ ദിവസങ്ങളില്‍ ഈ തിയേറ്ററില്‍ തമിഴ്, മലയാളം, ഹിന്ദി  തുടങ്ങിയ ഏതെങ്കിലും ഭാഷയിലെ സിനിമ പ്രദര്‍ശിപ്പിക്കാറുണ്ട്. ഒരു വെള്ളിയാഴ്ച ദിവസം ഞാന്‍ അഞ്ചുമണിക്ക് ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ അന്തോണി അമ്മയും ജോസും ഒരുങ്ങി വെളിയില്‍ നില്‍ക്കുന്നു. 

അമ്മാ എങ്കെ പോരിങ്കെ? ( അമ്മാ നിങ്ങള്‍ എവിടെ പോകുന്നു ) എന്ന് ഞാന്‍ ഒരു സാമാന്യ മര്യാദയോടെ ചോദിച്ചു.  

 കേളുങ്കെ തമ്പി, നെസ്കോയില്‍ പടം ഉണ്ട്.  അതെ പോയി പാത്തുകിട്ടു വാ എന്നു ചൊല്ലി രൊമ്പ തൊല്ല പണ്ണി അനുപ്പിറാന്‍ പാപ്പു   (നെസ്കൊവില്‍ സിനിമാ ഉണ്ടെന്നു പറഞ്ഞു നിര്‍ബ്ബന്ധിച്ചു അയയ്ക്കുകയാണ് പാപ്പുരാജ് ‍). അന്തോണി അമ്മാ മനസ്സില്ലാ മനസ്സോടെ നടന്നു നീങ്ങി.

ഞാന്‍ ചായകുടി കഴിഞ്ഞു അല്‍പ്പം വിശ്രമിച്ച ശേഷം  മാര്‍ക്കെറ്റിലേക്ക്  പോകാന്‍ വീടു വിട്ടു വെളിയില്‍ വരുമ്പോള്‍ ഒരു സൈക്കിളില്‍ ഒരു സല്‍വാര്‍ കമ്മീസുകാരി വന്നിറങ്ങി. അവള്‍ നേരെ പാപ്പുരാജിന്റെ വീട്ടിനുള്ളില്‍ കയറുന്നതും ശ്രദ്ധിച്ചു.  ഞാന്‍ എന്റെ സൈക്കിള്‍ എടുത്തു കൊണ്ട്   മാര്‍ക്കറ്റില്‍ പോയി തിരികെ വരുമ്പോള്‍ അന്തോണി അമ്മയും കൊച്ചു മകനും മടങ്ങി വരുന്നതു കണ്ടു. 

എന്നമ്മാ ഇന്ന് പടം ഇല്ലെയാ ( എന്താ അമ്മെ സിനിമ ഇല്ലേ) ഞാന്‍ ചോദിച്ചു.
ഇല്ല തമ്പി. പെട്ടി വരലെ. നാളെ പടം ഇരുക്കും ( സിനിമാ പെട്ടി വന്നില്ല. നാളെ സിനിമ ഉണ്ടാകും) എന്നു അന്തോണി അമ്മാ പറഞ്ഞു. ഞാന്‍ വീട്ടു വാതുക്കല്‍ വരുമ്പോഴും സല്‍വാര്‍ കമ്മീസുകാരിയുടെ സൈക്കിളില്‍ അവിടെ തന്നെ ഉണ്ട്.

അന്തോണി അമ്മ അവരുടെ വീട്ടില്‍ ചെന്ന് ബെല്‍ അടിച്ചാല്‍ പാപ്പുരാജും സല്‍വാര്‍ കമ്മീസുകാരിയും ധര്‍മ്മ സങ്കടത്തിലാവും. തന്നെയുമല്ല പിന്നീടു അവിടെ പ്രശ്നങ്ങള്‍ ഉണ്ടാകുവാന്‍ സാദ്ധ്യതകളും ഉണ്ട്. എന്താണ് ചെയ്യേണ്ടത് എന്ന് ചിന്തിച്ചു കൊണ്ട് വീട്ടില്‍ എത്തി.
 മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ സാധനങ്ങള്‍ ഭാര്യയെ എല്പ്പിച്ച ശേഷം പാപ്പുരാജിന്റെ വീട്ടിനുള്ളില്‍ ഒരു സല്‍വാര്‍ കമ്മീസുകാരി പോയിട്ടുണ്ടെന്നും അന്തോണിയമ്മ വന്നു കൊണ്ടിരിക്കുന്ന  വിവരവും പറഞ്ഞു.

ആ  കുടുംബത്തില്‍ ഒരു പ്രശ്നം ഉണ്ടാകാതിരിക്കട്ടെ എന്നുള്ള എന്റെ  ഭാര്യയുടെ താല്‍പ്പര്യം കൂടി കണ്ടപ്പോള്‍ എനിക്ക് ഒരു ധൈര്യം ഉണ്ടായി. ഞാന്‍ നേരെ പാപ്പുരാജിന്റെ വീടിന്റെ ബെല്ലില്‍ കൈ വെച്ചു. ഒന്നു രണ്ടു തവണ ബെല്‍ അടിച്ചിട്ടും കതകു തുറന്നില്ല. പിന്നീട് ഒന്നും ആലോചിച്ചില്ല മൂന്നാം തവണ സ്വിച്ചില്‍  നിന്നും കയ്യെടുത്തില്ല. ബെല്‍ ശബ്ദം ആരോചകമായപ്പോള്‍  പാപ്പുരാജ് കതകു ചെറുതായി തുറന്നു. അയാള്‍ ആകെ വിയര്‍ത്തിരുന്നു. മുഖത്തു എന്നോടുള്ള കോപം ദൃശ്യമായിരുന്നു.

എന്ന സാര്‍ എന്ന വേണം (സാറിനു എന്താണ് വേണ്ടിയത്) എന്നു അയാള്‍ ചോദിച്ചു.
എനക്ക് എതുവും വേണ്ടാ, ഉങ്കള്‍ അമ്മാ വരാങ്കെ. അന്ത പൊന്നെ അനുപ്പിവിട്‌  (എനിക്ക് ഒന്നും വേണ്ടാ, നിന്റെ അമ്മ വരുന്നുണ്ട് . നീ ആ പെണ്ണിനെ പറഞ്ഞു വിട്)  എന്നു പറഞ്ഞു ഞാന്‍ എന്റെ വീട്ടിനുള്ളിലേക്ക് കയറി  ഡോര്‍ അടച്ചു. 

ഞാന്‍ ജന്നല്‍ വഴി നോക്കികൊണ്ട്‌ ഇരിക്കുമ്പോള്‍ ആ പെണ്‍കുട്ടി  വെപ്രാളം പിടിച്ചു വെളിയില്‍ വന്നു സൈക്കിളില്‍ യാത്രയാകുന്നത് കണ്ടു. അല്‍പ്പ സമയത്തിനുള്ളില്‍ അന്തോണി അമ്മ വീട്ടില്‍ എത്തുകയും ചെയ്തു.

അതിനു ശേഷം പാപ്പുരാജിനു എന്നോട് ബഹുമാനം കുറച്ചു അധികം ആയോ എന്നു എനിക്ക് സംശയം തോന്നി. പിന്നീടു ഒരു  വര്‍ഷക്കാലം ഞങ്ങളുടെ അയല്‍ക്കാരായി അവര്‍ താമസിച്ചിരുന്നു എങ്കിലും  ആ പെണ്‍കുട്ടി  പിന്നീട് അവിടെ വന്നിട്ടില്ല . പാപ്പുരാജ് പിന്നീടു ജോലി രാജി വെച്ചു ഗള്‍ഫിലേക്ക്  പോയി. അന്തോണി അമ്മയും കൊച്ചു മകനും സ്വന്ത സ്ഥലമായ ദിണ്ടുക്കലിലേക്ക് പോവുകയും ചെയ്തു.  ആ സല്‍വാര്‍ കമ്മീസുകാരി  പെണ്‍കുട്ടി കല്‍പ്പാക്കത്ത് തന്നെ ഉണ്ട്. അവള്‍ ചര്‍ച്ചില്‍ പോകുന്നത്  പലപ്പോഴും കണ്ടിട്ടുണ്ട്.

അവള്‍ ഇന്ന് വിവാഹിതയാണ്, ഭര്‍ത്താവ് പാപ്പുരാജ് അല്ല. ഒരു കുട്ടിയുടെ മാതാവും . അവള്‍ക്കും എന്നോട്  വളരെ ബഹുമാനം ഉണ്ട്. എന്നെ ദൂരെ കണ്ടാല്‍ മതി അവള്‍ തല കുനിച്ചു കൊണ്ട്  നടന്നു നീങ്ങും.


3 comments:

 1. വളരെ നന്നായി പറഞ്ഞു...രണ്ടുപേരും സുഖമായിരിക്കട്ടെ... :-)

  ReplyDelete
 2. ആരേയും വേദനിപ്പിക്കാതെ സംയമനത്തോടെ കൈകാര്യം ചെയ്തു....നല്ലത് വരട്ടെ...!

  ReplyDelete
 3. :)

  കുഞ്ഞൂസിന്റെ അഭിപ്രായം തന്നെ എന്റെതും.

  ReplyDelete