Wednesday, April 6, 2011

ശിഥിലമാകുന്ന കുടുംബ ബന്ധങ്ങള്‍


പ്രിയ സുഹൃത്ത്‌ കൃഷ്ണന്‍ കുട്ടിക്ക് ഹാര്‍ട്ട് അറ്റാക്ക്‌ !. വിവരം അറിഞ്ഞ ഉടന്‍ തന്നെ ഞാന്‍ KSM  ഹോസ്പിറ്റലിലേക്ക് ചെന്നു. കൃഷ്ണന്‍ കുട്ടി ICU-വിലാണ്. ICU-വിനു മുന്‍പില്‍ വിഷാദ ചിത്തരായി നില്‍ക്കുന്ന കുട്ടിയുടെ ഭാര്യ, മകള്‍, മകന്‍, മാതാവ് ,സഹോദരന്‍, ഭാര്യയുടെ മാതാവ് എന്നിവര്‍.

  പാറ്റ്നയില്‍ ഒരു കമ്പിനിയുടെ ഔദ്യോഗിക പദവിയിലുള്ള കൃഷ്ണന്‍ കുട്ടി ലീവിന് വന്നു ചില ദിവസങ്ങള്‍ക്കുള്ളിലാണ് നെഞ്ചു വേദന അനുഭവപ്പെട്ടത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ECG, എക്കോ തുടങ്ങിയ ടെസ്റ്റുകള്‍ നടക്കുന്നു.  രോഗിയെ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിക്കുക  സാധ്യമല്ലെന്നു ഡോക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു.  അതിനാല്‍ കൃഷ്ണന്‍ കുട്ടിയെ കാണാന്‍ സാധിക്കാതെ നിരാശയോടെ മടങ്ങി. 

ഒരാഴ്ച കഴിഞ്ഞാണ് പിന്നീട് ഞാന്‍ സുഹൃത്തിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയത്. ഉച്ച സമയം. ടൌണില്‍ നിന്നും രോഗിക്ക് നല്‍കാന്‍ പഴങ്ങള്‍   വാങ്ങി ആശുപത്രിയില്‍ എത്തി. കൃഷ്ണന്‍ കുട്ടി ICU-വില്‍ നിന്നും വാര്‍ഡിലേക്ക് വന്നിരിക്കുന്നു. അദ്ദേഹത്തിന് ആഹാരം നല്‍കുകയാണ് ഭാര്യ. 

ഞാനും ആഹാരം കഴിച്ചിരുന്നില്ല. ഇന്ന് ഹോസ്പിറ്റലിലെ കാന്റീനില്‍ ആകട്ടെ  ഇന്നത്തെ ഉച്ച ഭക്ഷണം എന്ന് തീരുമാനിച്ചു കൊണ്ട് കാന്റീനിലേക്ക് നടന്നു. അവിടെ സാമാന്യം തിരക്കുണ്ട്‌. കാന്റീനില്‍ ഒന്ന്  കണ്ണോടിച്ചപ്പോഴാണ് പൊന്നമ്മ ചേച്ചി അവിടെയിരുന്നു ആഹാരം കഴിക്കുന്നത് കണ്ടത്. പൊന്നമ്മ  ചേച്ചി കൃഷ്ണന്‍ കുട്ടിയുടെ ഭാര്യയുടെ മാതാവാണ്. ചേച്ചിയുടെ സമീപം ഇരുന്നു സുഹൃത്തിന്റെ രോഗ വിവരങ്ങള്‍ ആരാഞ്ഞു കൊണ്ട് ആഹാരം കഴിച്ചു. കുട്ടിയുടെ ആരോഗ്യ നില മെച്ചമാണെന്നും എന്നും രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലേക്കു പോകാമെന്നും ഡോക്ടര്‍ പറഞ്ഞതായും ചേച്ചിയില്‍ നിന്നും അറിഞ്ഞപ്പോള്‍ ആശ്വാസമായി. 

ആഹാരം കഴിഞ്ഞു ഞങ്ങള്‍ ഒന്നിച്ചു  ആശുപത്രിയിലെ റൂമില്‍ ചെന്നപ്പോള്‍ കൃഷ്ണന്‍ കുട്ടിയുടെ സഹോദരന്‍ ബാബുവും   കൃഷ്ണന്‍ കുട്ടിയുടെ ഭാര്യയുടെ സഹോദരി രാധികയും  അവിടെയുണ്ട്. ഇരുവരുടെ കയ്യിലും ആഹാരം കൊണ്ടു വന്ന കാര്യറും ഉണ്ട്. ഹൃദയ രോഗിയോട് അധികം സംസാരിക്കുക തെറ്റാണ് എന്ന ബോധം എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. അത്യാവശ്യം രോഗ വിവരം തിരക്കിയ ശേഷം ബാബുവിനോടൊപ്പം മടങ്ങുവാന്‍  തീരുമാനിച്ചു. 

ബാബു വളരെ വേഗത്തിലാണ് ബൈക്ക് ഓടിച്ചത്. വേഗത അല്‍പ്പം കുറയ്ക്കാന്‍ ഞാന്‍ പറഞ്ഞു. വേഗത കുറച്ചു കൊണ്ടു ബാബു സംസാരിക്കുവാന്‍ തുടങ്ങി. ജ്യേഷ്ടന്‍  പാറ്റ്നയില്‍ ഒറ്റക്കാണ് താമസം. ഹോട്ടലിലെ  ആഹാരമാണ് ജ്യേഷ്ഠനെ രോഗിയാക്കിയത്. അവധിക്കു നാട്ടില്‍ വന്നാലും മനസ്സിന് സമാധാനം ഇല്ലെന്നു തന്നെ പറയാം. മകനു  അനുസരണ കുറവാണ്. ആ ദുഃഖം ചുമക്കുന്ന കൂട്ടത്തില്‍ തന്നെ വീട്ടില്‍ എത്തിയാല്‍  സ്വസ്ഥത തീരെ ഇല്ലെന്നു പറയാം.  കുടുംബ പ്രശ്നങ്ങള്‍  ജ്യേഷ്ടനെ  വല്ലാതെ അലട്ടുന്നുണ്ട്.

അമ്മ ജ്യേഷ്ടന് ആഹാരം ഉണ്ടാക്കും. ഞാന്‍  ആശുപത്രിയില്‍ എത്തിക്കും . അമ്മ ഉണ്ടാക്കുന്ന ആഹാരം   ജ്യേഷ്ടത്തി (ജ്യേഷ്ടന്റെ ഭാര്യ ) കഴിക്കില്ല. അതുകൊണ്ട് ജ്യേഷ്ടത്തിയുടെ സഹോദരി അവര്‍ക്ക് ആഹാരം ഉണ്ടാക്കി കൊണ്ടുവരും. അപ്പോഴാണ്‌ കൃഷ്ണന്‍ കുട്ടിയുടെ ഭാര്യയുടെ മാതാവ് കാന്റീനില്‍ നിന്നും ആഹാരം കഴിച്ചത് മനസ്സില്‍ തെളിഞ്ഞത്.

എന്താണ് ബാബു , രണ്ടു വീടുകളില്‍ നിന്നും ആഹാരം ആശുപത്രിയില്‍ എത്തിയും പൊന്നമ്മ ചേച്ചി എന്താണ് കാന്റീനില്‍ നിന്നും  ആഹാരം കഴിക്കുന്നത്‌ എന്ന്  ഞാന്‍ ചോദിച്ചു. 

അവിടെയും പ്രശ്നങ്ങള്‍ തന്നെ. അവിടെ മകള്‍ വെയ്ക്കുന്ന ആഹാരം അമ്മ കഴിക്കില്ലത്രേ! ബാബു പറഞ്ഞു.

ഭത്രു മാതാവ് ഉണ്ടാക്കിയ ആഹാരം കഴിക്കാത്ത മരുമകള്‍, മകള്‍ ഉണ്ടാക്കിയ ആഹാരം കഴിക്കാത്ത മാതാവ്. ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളെ ചിന്തിച്ചു കൊണ്ട്  ബൈക്ക് യാത്ര തുടര്‍ന്നു.

ബാബു ബൈക്ക് അവന്റെ വീട്ടു വാതുക്കല്‍ നിര്‍ത്തി. ഞാന്‍ ബൈക്കില്‍ നിന്നിറങ്ങി അവനോടു യാത്ര പറഞ്ഞു മുന്നോട്ടു നീങ്ങുമ്പോള്‍ ഓര്‍ത്തു.
സാക്ഷരതയില്‍ ഒന്നാം സ്ഥാനം എന്ന് നാം വീമ്പിളക്കുന്ന  നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ശിഥിലമായിക്കൊണ്ടിരിക്കുന്നത്‌ എത്ര എത്ര കുടുംബ ബന്ധങ്ങളാണ്. 




3 comments:

  1. കാലിക പ്രസക്തമായ
    ചിന്തകള്‍ ....അറിവ് കൂടുന്നത്
    വ്യക്തി ബന്ധങ്ങളെ സ്വാധീനിക്കുന്നത്
    ഇത്തരത്തില്‍ .നിര്‍ഭാഗ്യം എന്ന് അല്ലാതെ
    എന്ത് പറയാന്‍ ..

    ReplyDelete
  2. ഇത് തികച്ചും സത്യസന്ധമായ പോസ്റ്റ്‌ ആണ്...ഇങ്ങിനെയുള്ള അനുഭവങ്ങള്‍ എനിക്ക് നേരിട്ട് ഉണ്ടായിട്ടുണ്ട്...ഇതിവിടെ പറയാന്‍ തോന്നിയ ആ മനസ്സിനെ അഭിനന്ദിക്കുന്നു...

    ReplyDelete
  3. ഇങ്ങനെയൊക്കെയാണ് ഇന്നത്തെ ലോകം.... നമ്മള്‍ ആരെയാണ് കുറ്റപ്പെടുത്തെണ്ടത് ???

    ReplyDelete