Sunday, December 2, 2012

കുമളിയില്‍ നിന്നും ഗവി വഴി ഒരു യാത്ര

23-11-2012 രാവിലെ അഞ്ചു മുപ്പതു മണിക്ക്  കുമളിയില്‍ നിന്നും KSRTC -യുടെ ഗവി  വഴി പത്തനംതിട്ടയ്ക്കുള്ള ബസ്സില്‍ യാത്ര ആരംഭിച്ചു. വണ്ടിപ്പെരിയാര്‍, വള്ളക്കടവ്, ഗവി, പമ്പാഡാം, ആനത്തോട് , കക്കിഡാം,  മൂഴിയാര്‍, ആങ്ങമൂഴി, സീതത്തോട്‌,  ചിറ്റാര്‍, വടശേരിക്കര,  മണ്ണാരക്കുളഞ്ഞി വഴി ബസ്  പതിനൊന്നു മണിക്കാണ് പത്തനംതിട്ടയില്‍ എത്തുന്നത്. 
കുമളിയില്‍ നിന്നും വള്ളക്കടവ് എത്തുന്നതു വരെ യാത്രയുടെ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. വള്ളക്കടവ് ഫോറെസ്റ്റ് ചെക്ക് പോസ്റ്റില്‍ കണ്ടക്ടര്‍ ഇറങ്ങി വനത്തിലേക്ക് ബസ് പ്രവേശിക്കുന്നതിനു മുന്‍പ് രജിസ്റ്ററില്‍ ഒപ്പുവെച്ചിട്ടാണ് യാത്ര തുടര്‍ന്നത്.
 
 Kumali to Pathanamthitta via Gavi                                     മൂഴിയാര്‍ പവര്‍ പ്രോജക്ടിലേക്കുള്ള വാട്ടര്‍ പൈപ്പുകള്‍ 


വളരെ മനോഹരവും പ്രകൃതി രമണീയവുമായ വന കാഴ്ചകള്‍ ആസ്വദിക്കുവാന്‍ ഈ യാത്ര വളരെ സഹായിക്കുന്നുണ്ട്. കാട്ടിനുള്ളില്‍ ജീവിക്കുന്ന ധാരാളം അഭയാര്‍ത്ഥികളായ ശ്രീലങ്കന്‍ തമിഴരും കുറച്ചു  മലയാളികളും ഫോറെസ്റ്റ്  ഡിപ്പാര്‍ട്ടുമെന്റ്  ജീവനക്കാരും ഈ ബസ്സില്‍ യാത്രക്കാരായി എത്തുന്നുണ്ട്. ഗവിയില്‍ എത്തുന്നതിനു മുന്‍പ് കാട്ടുപാതയില്‍ മൂന്നു നാല് കുട്ടികളെ കണ്ടു. അവര്‍ വനത്തില്‍ ജീവിക്കുന്നവരാണ് എന്ന് കാഴ്ചയില്‍ തന്നെ മനസിലായി. ഗവിയില്‍ ഒന്ന് രണ്ടു ആട്ടോറിക്ഷയും കണ്ടിരുന്നു. ഗവിയില്‍ ടൂറിസ്റ്റുകള്‍ക്കുള്ള  സൌകര്യങ്ങള്‍  ഉണ്ട്. രാവിലെ ആറുമണി മുതല്‍ വനപാതയില്‍ പ്രവേശനത്തിനു അനുവാദം ഫോറെസ്റ്റ്  ഡിപ്പാര്‍ട്ടുമെന്റ്  നല്‍കും. വൈകിട്ട് ആറുമണിക്ക് ശേഷം പ്രവേശനം അനുവദിക്കുകയില്ല  എന്നാണ് മനസിലാക്കുവാന്‍ കഴിഞ്ഞത്.  ഗവിക്കു സമീപം  കേരള ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പേരില്‍ നടത്തുന്ന ഒരു കാന്റീന്‍ ഉണ്ട്. ബസ്  അവിടെ നിര്‍ത്തി. ആന, കടുവ തുടങ്ങിയ കാട്ടുജീവികള്‍ ആ ഭാഗത്ത് ധാരാളം ഉണ്ടെന്നും രാത്രിയില്‍ അവയുടെ വിഹാരകേന്ദ്രമാണ് അവിടം എന്നും കാന്റീന്‍ ജീവനക്കാര്‍ പറഞ്ഞു . കാന്റീനില്‍ നിന്നും  പൂരിയും കിഴങ്ങുകറിയും കഴിച്ച്   ഒരു ചൂട് ചായയും കുടിച്ച ശേഷം യാത്ര തുടര്‍ന്നു. 
                           ഈ ഫോട്ടോ ശ്രദ്ധിച്ചാല്‍ പെണ്‍ മയിലിനെയും ഒപ്പം അതിന്റെ
                                           രണ്ടു കുട്ടികളെയും റോഡില്‍ കാണാം .


                      കുമളിയില്‍ നിന്നും പത്തനംതിട്ടയ്ക്കും  പത്തനംതിട്ടയില്‍ നിന്നും കുമളിക്കും 
                                             പോകുന്ന ബസ്സുകള്‍ വന മദ്ധ്യത്തില്‍ ക്രോസ് ചെയ്യുന്നു. 


വള്ളക്കടവ് ചെക്ക്പോസ്റ്റ്  കഴിഞ്ഞാല്‍  ആങ്ങമൂഴിയില്‍ എത്തും വരെ കൂടുതല്‍  വാഹനങ്ങള്‍  യാത്രയില്‍ കാണുവാന്‍ സാധിക്കുക പ്രയാസം ആണ്. എന്നാല്‍ പത്തനംതിട്ടയില്‍ നിന്നും കുമളിയിലേക്ക് പോകുന്ന KSRTC- യുടെ ബസ് ഈ റോഡില്‍ കൂടി പോകുമ്പോള്‍ ബസിനുള്ളിലെ യാത്രക്കാര്‍ക്ക് ഒരു സന്തോഷം ഉണ്ടാകുന്ന കാഴ്ച കാണുവാന്‍ സാധിക്കും. 


വനത്തിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന കാട്ടു പാതയില്‍ പലയിടത്തും പേരിനു മാത്രമാണ് റോഡ്‌. ചെറിയ കാട്ടു പാതയിലൂടെ പോകുന്ന ബസ് കാത്തു നില്‍ക്കുന്ന പലരെയും കണ്ടു അത്ഭുതപ്പെട്ടുപോയി. പമ്പാ ഡാമിലൂടെയും  കക്കി ഡാമിലൂടെയും  ബസ്സ് കടന്നു പോകുമ്പോള്‍ വളരെ മനോഹരമായ അനുഭവം ആണ് ഉണ്ടാവുക. ബസ് പോകുമ്പോള്‍  റോഡരികില്‍ നിന്നും വനത്തിനുള്ളിലേക്ക് ഓടി മറയുന്ന  ധാരാളം കാട്ടുകോഴികളെ കാണാന്‍ സാധിച്ചു. മയിലുകള്‍ അതിന്റെ കുട്ടികളുമായി റോഡരികില്‍ വിരഹിക്കുന്നതും ബസ് വരുമ്പോള്‍ ഒതുങ്ങുന്നതും രസകരമായിരുന്നു. മലഅണ്ണാന്‍, കാട്ടുപന്നി, വാനരന്മാര്‍ എന്നിവരെയും നമുക്ക് കാണാന്‍ കഴിയും. വഴി മുഴുവന്‍ ആനപ്പിണ്ടം ഉണ്ടായിരുന്നു. കക്കിഡാം കഴിഞ്ഞപ്പോള്‍ വളരെ അകലെ ആനക്കൂട്ടം കണ്ടു. പത്തനംതിട്ടയില്‍ നിന്നും കുമളിയിലേക്ക് വരുന്ന ബസ് കണ്ട് ഡ്രൈവര്‍ ആ ബസ്സിനു പോകാന്‍ സൌകര്യത്തിനു വഴി നല്‍കി.

  ബസ്  മൂഴിയാറില്‍ എത്തിയപ്പോള്‍ യാത്രക്കാരും  KSEB ജീവനക്കാരും കയറി.  വളരെ മനോഹരമായ മൂഴിയാര്‍ പ്രദേശം കഴിഞ്ഞ്  ആങ്ങമൂഴിയില്‍ എത്തിയപ്പോഴാണ്  ഒരു നാട്ടു പ്രദേശത്തിന്റെ  ഭംഗി  ദൃശ്യമായത്. സീതത്തോട് ,  ചിറ്റാര്‍, വടശേരിക്കര  തുടങ്ങിയ പ്രദേശങ്ങളില്‍ റബ്ബര്‍ മരങ്ങളും ചിലയിടങ്ങളില്‍ പൈനാപ്പിള്‍ തോട്ടങ്ങളും  മനോഹരമായ കുന്നുകളും കണ്ണിനു ആനന്ദകരമായ കാഴ്ചയാണ് എന്നതിന് സംശയം ഇല്ല. 
നമ്മുടെ കൊച്ചു കേരളത്തിനു സ്വന്തമായ ഈ  മനോഹരമായ ഈ പ്രദേശങ്ങള്‍ കണ്ടു രസിക്കുവാന്‍   Rs.115 ടിക്കറ്റില്‍  KSRTC ഒരുക്കിയിരിക്കുന്ന  ഈ യാത്രാ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ എല്ലാ മലയാളികള്‍ക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
 (ഈ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തിട്ടുള്ള ഫോട്ടോകള്‍ എല്ലാം മൊബൈല്‍ മൂലം എടുത്തിട്ടുള്ളതാണ്.)
GAVI - വഴി ബസ്‌  പുറപ്പെടുന്ന സമയ വിവരം 
  കുമളി - 5:30 Hrs  and  13: 20 Hrs   
 പത്തനംതിട്ട - 6: 30 Hrs  and 12: 30 Hrs
(കുമളി - ഗവി യാത്രാ സമയം  ഒന്നര മണി നേരവും ഗവിയില്‍ നിന്നും പത്തനംതിട്ടയ്ക്ക് നാലുമണിക്കൂര്‍ നേരവും )
Those who are interested to stay at Gavi, please see this link.
http://www.hotelsgavi.com/index.html
 
 

3 comments:

 1. Dear Ambuchettan,
  I heard about the place Gavi. Thanks for the details.

  ReplyDelete

 2. :Anub Mulakuzha K H commented in face book:

  Anub Mulakuzha wrote: "നമ്മുടെ കേരളത്തില്‍ തന്നെയുള്ള സ്ഥലങ്ങള്‍ കാണാതെയാണ് ഊട്ടിയും കാശ്മീരും എല്ലാം നമ്മള്‍ ചുറ്റി നടക്കുന്നത്.ഗവിയെ പറ്റി മുന്‍പ് കേട്ടിട്ടുണ്ടെങ്ങിലും ഇത്ര സൗന്ദര്യം ഉണ്ടെന്നു കരുതിയില്ല .ബസ്‌ സമയം ഉള്‍പടെ നല്ല ഒരു വിവരണം തന്ന നായര്‍ ചേട്ടന് നന്ദി.ഇനി നാട്ടില്‍ പോകുമ്പോള്‍ കുമിളി, ഗവി വഴി പോകാന്‍ തീരുമാനിച്ചു. നന്ദി........... നന്ദി......... നന്ദി"

  ReplyDelete
 3. nice എല്ലാ ആശംസകളും .... ബസിലുള്ള യാത്ര കൊള്ളാം...

  ReplyDelete