Tuesday, January 25, 2011

കൊല്ലൂര്‍ / മുരുദേശ്വര്‍ യാത്ര - 4



ഹോട്ടല്‍ മുറിയിലെ അല്‍പ്പ  വിശ്രമത്തിന് ശേഷം മുരുദേശ്വര്‍ ക്ഷേത്രം സംബന്ധിച്ച വിവരങ്ങള്‍ ഹോട്ടല്‍ ഉടമയായ മിസ്റ്റര്‍. കമ്മത്തിനോട് ചോദിച്ചു മനസ്സിലാക്കണം എന്നുറച്ചു. മിസ്റ്റര്‍. കമ്മത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇപ്രകാരമാണ്. 

ഉത്തര കര്‍ണ്ണാടകത്തിലെ ബട്ക്കല്‍ താലൂക്കിലാണ് മുരുദേശ്വര്‍. ‌ ഹിന്ദുക്കളും മുസ്ലീങ്ങളും കൃസ്ത്യാനികളും വളരെ സൌഹൃദത്തോടെ ഇവിടെ  ജീവിക്കുന്നു. കടല്‍ക്കര പ്രദേശം ആകയാല്‍    മീന്‍ പിടിത്തമാണ്‌   ഇവിടുത്തെ പ്രധാന തൊഴില്‍. മുരുദേശ്വര്‍ ക്ഷേത്രം, മുരുദേശ്വര്‍ ബീച്ച് എന്നിവ ധാരാളം സന്ദര്‍ശകരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു. ബസ്റ്റാന്റു കഴിഞ്ഞാല്‍ ഒരു തെപ്പക്കുളം ഉണ്ട്. തെപ്പക്കുളം കഴിഞ്ഞു മുന്നോട്ടു  പോകുമ്പോള്‍ ഒരു രാജഗോപുരവും പരമശിവന്റെ ഉയരത്തിലുള്ള ശിലയും  മനോഹരമായ  അറബിക്കടലിന്റെ തീരവുമാണ്  നമ്മെ അധികം ആകര്‍ഷിക്കുന്നത്.


                                 മുരുദേശ്വരിലെ  തെപ്പക്കുളം

                                  മുരുദേശ്വര്‍  ദൂര വീക്ഷണം


                                         മുരുദേശ്വര്‍ ക്ഷേത്രത്തിലെ ഗോപുരം 

                         മുരുദേശ്വര്‍ ക്ഷേത്രം വെളിയില്‍ നിന്നും ഒരു വീക്ഷണം

                                 രാജഗോപുരവും ശിവശിലയും (ദൂര വീക്ഷണം) 

അറബിക്കടലിന്റെ തീരത്ത്  കടലിലേക്ക്‌ അല്‍പ്പം തള്ളി നിന്നിരുന്ന കന്തുകഗിരി എന്ന കുന്നിലാണ്‌ രാജഗോപുരവും ക്ഷേത്രവും പണി കഴിപ്പിചിട്ടുള്ളത്.  ഈ രാജഗോപുരം ഇരുപതു നില കൊണ്ടതും രണ്ട് ലിഫ്റ്റ്‌ സൗകര്യം ഉള്ളതുമാണ്.  ഈ രാജഗോപുരത്തിന്  249 അടി ഉയരവും  ശിവശിലയ്ക്കു   123 അടി  ഉയരവും ഉണ്ട്.  കന്തുകഗിരിയില്‍ ഈ ഗോപുരവും ക്ഷേത്രവും  എല്ലാം പ്രസിദ്ധനായ  ശ്രീ. R.N.ഷെട്ടി (Businessman‍) അവര്‍കളാല്‍ നിര്‍മ്മിക്കപ്പെട്ടതാണ്.

                                ക്ഷേത്ര വീക്ഷണം             

"മുരുദേശ്വര്‍" എന്ന പ്രദേശം ഹിന്ദു പുരാണ കഥയുമായി  ബന്ധപ്പെട്ടതാണ്‌. പരമശിവന്റെ ആത്മലിംഗം വെച്ച് പൂജ ചെയ്താല്‍ മരണം ഇല്ലാത്തവനും അജയ്യനുമായി തീരും എന്ന ഒരു സങ്കല്പം ഹിന്ദു പുരാണത്തിലെ  കഥാപാത്രങ്ങളില്‍ ഉണ്ട്.    
അത്തരത്തില്‍ മരണം ഇല്ലാത്തവനും അജയ്യനും ആകുവാന്‍   വേണ്ടി ലങ്കാധിപനായ രാവണന്‍  ആത്മലിംഗം നേടുവാന്‍ പരമശിവനെ തപസ്സു ചെയ്തു രാവണന്റെ തപസ്സില്‍ പ്രീതനായി പരമശിവന്‍ പ്രത്യക്ഷപ്പെട്ട്  നിനക്ക് എന്തു വരമാണ് വേണ്ടത് എന്നു രാവണനോടു ചോദിച്ചു. രാവണന്റെ തപസ്സു അറിഞ്ഞു നാരദന്‍ മഹാവിഷ്ണുവിനെ കണ്ടു  സങ്കടം ഉണര്‍ത്തി.  നാരദന്റെ സങ്കടം അറിഞ്ഞു കൊണ്ട് വിഷ്ണു ശക്തിയാല്‍  രാവണന്റെ മനോനിലക്ക് മാറ്റം ഉണ്ടായി, ആത്മലിംഗത്തിനു പകരം രാവണന്‍ ആവശ്യപ്പെട്ടത്‌ പാര്‍വതിയെയാണ്. രാവണന്‍ പാര്‍വതിയുമായി ലങ്കയിലേക്ക് പോകുമ്പോള്‍ വഴിയില്‍ നാരദന്‍ സന്ധിച്ച് പരമശിവന്‍ നിന്നെ ഏല്‍പ്പിച്ചത് യഥാര്‍ത്ഥ പാര്‍വതിയെ അല്ലെന്നും യഥാര്‍ത്ഥ പാര്‍വതി പാതാളത്തില്‍ ആണെന്നും അറിയിച്ചു. ഇതു വിശ്വസിച്ച രാവണന്‍ പാര്‍വതിയെ വഴിയില്‍  ഉപേക്ഷിച്ചു പാതാളത്തിലേക്ക്‌ യാത്രയായി. അവിടെ ചെന്ന് പാതാള രാജാവിന്റെ പുത്രിയെ വിവാഹം ചെയ്തു ലങ്കയില്‍ എത്തി. ലങ്കയില്‍ എത്തിയ രാവണനോടു നീ തപസ്സു ചെയ്തു നേടിയ ആത്മലിംഗം എവിടെ എന്നു രാവണന്റെ മാതാവ് ചോദിച്ചപ്പോഴാണ് തനിക്കു സംഭവിച്ച അപദ്ധത്തിന്റെ   എല്ലാം പിന്നില്‍ മഹാവിഷ്ണുവിന്റെയും നാരദമുനിയുടെയും ചതി മനസ്സിലായത്‌.  രാവണന്‍  ശിവനെ വീണ്ടും തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തി. ശിവനോട് രാവണന്‍ ആത്മലിംഗം ആവശ്യപ്പെട്ടു.  ഒരിക്കലും ആത്മലിംഗം താഴെ വെയ്ക്കാന്‍ പാടില്ല എന്നും അങ്ങിനെ താഴെ വെച്ചാല്‍ നീ നേടിയ എല്ലാ ശക്തികളും നഷ്ടപ്പെടും എന്നു അറിയിച്ചുകൊണ്ട് ശിവന്‍ രാവണന് ആത്മലിംഗം നല്‍കി മറഞ്ഞു

                                    
                                പരമശിവന്റെ  ശിലയുടെ തലഭാഗം 
                                          

  രാവണനില്‍ നിന്നും ബ്രാഹ്മണ വേഷധാരിയായ ഗണപതി ആത്മലിംഗം വാങ്ങുന്നു.

 ആത്മലിംഗവുമായി ലങ്കക്ക് രാവണന്‍ യാത്ര തിരിച്ചത് അറിഞ്ഞ നാരദന്‍ ഭാവിയില്‍ ഭൂമിയില്‍ രാവണന്‍  ഉപദ്രവം ഉണ്ടാക്കും എന്നു മനസ്സിലാക്കി ഗണപതിയോട് രാവണന്റെ കയ്യില്‍ നിന്നും എങ്ങിനെ എങ്കിലും ആത്മലിംഗം കൈക്കലാക്കുവാന്‍ അപേക്ഷിച്ചു. രാവണന്‍ ആത്മലിംഗവുമായി ലങ്കയിലേക്കുള്ള യാത്രാ മദ്ധ്യേ   ഗോകര്‍ണ്ണത്തിനു സമീപം എത്തിയപ്പോള്‍ മഹാവിഷ്ണു തന്റെ  സുദര്‍ശനം കൊണ്ട് സൂര്യനെ മറച്ചു. നേരം സന്ധ്യയായി എന്നു ധരിച്ചു രാവണന്‍ തന്റെ പതിവു  സന്ധ്യാപൂജക്ക്‌ ഒരുങ്ങി. അപ്പോള്‍ ഒരു ബ്രാഹ്മണ ബാലന്റെ വേഷം ധരിച്ചു ഗണപതി അവിടെ എത്തി.  താന്‍ പൂജ ചെയ്തു തീരും വരെ ആത്മലിംഗം പിടിച്ചു കൊള്ളണം എന്നും, എക്കാരണത്തെ കൊണ്ടും ലിംഗം  താഴെ വെയ്ക്കരുതെന്നും രാവണന്‍ ആ ബ്രാഹ്മണ ബാലനോട് അപേക്ഷിച്ചു. മൂന്ന് തവണ ഞാന്‍ അങ്ങയെ വിളിക്കും. അതിനുള്ളില്‍ താങ്കള്‍ എത്തിയില്ലാ എങ്കില്‍ ആത്മലിംഗം താഴെ വെയ്ക്കും എന്നു ബ്രാഹ്മണ ബാലന്‍ പറഞ്ഞു. രാവണന്‍ വന്ന് ചേരുന്നതിനു മുന്‍പു ബ്രാഹ്മണ ബാലന്‍ ആത്മലിംഗം താഴെ വെച്ചിരുന്നു. വിഷ്ണു തന്റെ സുദര്‍ശനം മാറ്റിയപ്പോള്‍ പകല്‍ തെളിഞ്ഞു. താന്‍ വീണ്ടും
കബളിപ്പിക്കപ്പെട്ടു  എന്നു മനസ്സിലാക്കിയ രാവണന്‍ ശിവന്‍ നല്‍കിയ  ആത്മലിംഗം അടിച്ചുടച്ചു നശിപ്പിച്ചു. അങ്ങിനെ ഉടയ്ക്കപ്പെട്ട ആത്മലിംഗത്തിന്റെ ഭാഗങ്ങള്‍ പലയിടത്തുമായി ചിതറി വീണു.   സുരത്കല്‍, സജ്ജീശ്വര, ഗുണേശ്വര, ധരേശ്വര എന്നീ പ്രദേശങ്ങള്‍  ആത്മലിംഗത്തിന്റെ ഭാഗങ്ങള്‍ ചിതറി വീണ സ്ഥലങ്ങളായി അറിയപ്പെടുന്നു .   ഉടയ്ക്കപ്പെടും  മുന്‍പു ആത്മലിംഗം പൊതിഞ്ഞു വെച്ചിരുന്ന തുണി വന്നു വീണ പ്രദേശം  മൃദേശലിംഗം  അഥവാ മുരുദേശ്വരാ (മുരുദേശ്വര്‍) എന്നു അറിയപ്പെടുന്നത് എന്നാണ് സങ്കല്പം. 

മിസ്റ്റര്‍. കമ്മത്തിന്  നന്ദി പറഞ്ഞ ശേഷം ഉച്ചക്ക് 12 മണിക്ക് ക്ഷേത്ര പരിസരത്തേക്കു ഞങ്ങള്‍  യാത്ര തിരിച്ചു. 

2 comments:

  1. സുഖകരമായ വായന നല്‍കി..ഒത്തിരി കാര്യങ്ങള്‍ അറിഞ്ഞു..ഒരുപാടിഷ്ടപ്പെട്ടു...

    ReplyDelete
  2. എന്റെ ബ്ലോഗ്‌ വായിച്ചതിനും അഭിപ്രായം പങ്കുവെച്ചതിനും വളരെ മഞ്ഞു തുള്ളിക്ക് നന്ദി.

    ReplyDelete