Wednesday, January 19, 2011

കൊല്ലൂര്‍ / മുരുദേശ്വര്‍ യാത്ര - 3

കൊല്ലൂരില്‍ നിന്നും ഏഴര മണിക്ക് ബൈന്തൂര്‍ വഴി പോകുന്ന ഒരു പ്രൈവറ്റു ബസ്സില്‍ ബൈന്തൂരിലേക്ക്  യാത്ര തിരിച്ചു. ബസ്സിലെ യാത്രക്കാരില്‍ അധികവും മലയാളികള്‍ തന്നെ.   ഒരു ചെറിയ  വന പ്രദേശത്തിലൂടെ ബസ് പൊയ്ക്കൊണ്ടിരുന്നു. അഞ്ചു നിമിഷത്തെ  യാത്രക്കു ശേഷം  വഴിയരികില്‍  ഒരു  നാഗരാജ പ്രതിഷ്ഠ  ഉണ്ട്. അവിടെ ബസ് നിര്‍ത്തി. അവിടുത്തെ പൂജാരി ഒരു തട്ടില്‍ ഭസ്മം നിറച്ച് അതില്‍ കര്‍പ്പൂരം കത്തിച്ചു കൊണ്ട്

                                 നാഗരാജ പ്രതിഷ്ഠ                          

ബസിനുള്ളില്‍ എത്തി. പലരും തട്ടില്‍ പണം ഇട്ടശേഷം ഭസ്മം എടുത്തു നെറ്റിയില്‍ പൂശി. ഞാനും ആ കര്‍മ്മത്തില്‍ നിന്നും പിന്മാറിയില്ല.  ആ പൂജാരിക്ക് എന്തെങ്കിലും ലഭിക്കട്ടെ എന്ന ഉദ്ദേശം കൊണ്ടാണ് ഡ്രൈവര്‍ അവിടെ ബസ് നിര്‍ത്തുന്നത്. അവിടെ നിന്നും തിരിച്ചു കുറച്ചു കഴിഞ്ഞപ്പോള്‍ വഴിയില്‍ ഒരു ചെറിയ  ചായക്കടയുടെ   മുന്‍പില്‍ ബസ് നിര്‍ത്തി. സഹ യാത്രക്കാരോടൊപ്പം  ഞങ്ങളും അവിടെ ഇറങ്ങി ഓരോ ചായ കുടിച്ചു. കൊല്ലൂരില്‍ ഒരു ചായക്ക് ആറു രൂപയാണ്. എന്നാല്‍ ഈ ചായക്കടയില്‍ നല്ല ചായക്ക് മൂന്നു രൂപ മാത്രമേ ഉള്ളൂ. പിന്നീടുള്ള യാത്രയില്‍  ജന സംഖ്യ വളരെ കുറഞ്ഞ ഗ്രാമ പ്രദേശങ്ങള്‍, കുന്നുകള്‍, മലകള്‍, കശുവണ്ടിത്തോപ്പുകള്‍  എന്നിവ എല്ലാം കടന്നു സുമാര്‍ ഒരു മണിക്കൂര്‍ യാത്ര ചെയ്തു ബൈന്തൂരില്‍ എത്തി.




                                       

                   കൊല്ലൂര്‍ ബൈന്തൂര്‍ റോഡിലെ ഗ്രാമ പ്രദേശങ്ങള്‍

ബൈന്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലാണ് ഞങ്ങള്‍ ഇറങ്ങിയത്‌. അവിടെ ഞങ്ങളുടെ ബസ് എത്തുമ്പോള്‍ തന്നെ കുറച്ചു മലയാളികള്‍ ബസ്സും കാത്തു നില്‍പ്പുണ്ടായിരുന്നു. അടുത്തുള്ള ഒരു കടയില്‍ മുരുദേശ്വര്‍  പോകുന്നത് എങ്ങിനെ എന്നു ഞാന്‍ ചോദിച്ചു. കടക്കാരന്‍  റെയില്‍വേ സ്റ്റേഷന്‍ എന്നു പറഞ്ഞു റെയില്‍വേ റോഡിലേക്ക് കൈ ചൂണ്ടി. ഞങ്ങള്‍  റെയില്‍വേ റോഡിലൂടെ നടക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെ ബസ്സ്‌ കത്ത് നിന്നിരുന്ന പല മലയാളി കുടുംബങ്ങളും ഞങ്ങളുടെ പിന്നാലെ വരുവാന്‍ തുടങ്ങി. റോഡ്‌ നന്നേ വിജനമാണ്. അല്‍പ്പം നടന്നപോള്‍ ഒരു ചെറിയ പാലം കണ്ടു . പാലം കഴിഞ്ഞപ്പോള്‍ എതിരില്‍ ഒന്നു രണ്ട്  ഗ്രാമവാസികള്‍ വരുന്നുണ്ട്.  ഞാന്‍ വന്ന വഴിയെ തിരിഞ്ഞു  നോക്കിയപ്പോള്‍  പല മലയാളി യാത്രക്കാരും ഞങ്ങളുടെ പിറകെ വരുന്നത് കാണാന്‍ കഴിഞ്ഞു.  പാലത്തിനടിയില്‍ കൂടി റെയില്‍വേ ട്രാക്ക് കാണാം. അതു കൊങ്കണ്‍ റെയില്‍വേ ആണ്. പാലം കഴിഞ്ഞു റെയില്‍വേ ട്രാക്കിന് സമാന്തരമായി ഏതാണ്ട് ഒരു ഫര്‍ലോങ്ങ്‌ നടന്നപ്പോള്‍ വളരെ ചെറിയ ഒരു റെയില്‍വേ  സ്റ്റേഷന്‍ കണ്ടു.  



                                         ബൈന്തൂര്‍ റെയില്‍വേ  സ്റ്റേഷനിലേക്ക്

 
ഞങ്ങളുടെ പിന്നാലെ എത്തുന്ന മലയാളികള്‍ 

 
കൊങ്കണ്‍ റെയില്‍വേ ട്രാക്ക് 

 
മൂകാംബിക റോഡ്‌ , ബൈന്തൂര്‍

 
                         ബൈന്തൂര്‍ സ്റ്റേഷനിലെ വൈറ്റിംഗ് റൂം 
                            
                                 അക്ഷമയോടെ ബൈന്തൂര്‍ സ്റ്റേഷനില്‍
 

                                ഞങ്ങളുടെ യാത്രക്കുള്ള പാസ്സഞ്ചര്‍

സ്റ്റേഷനിലെ വൈറ്റിംഗ് ഷെറൂമിലും പ്ലാറ്റ് ഫോമിലുമായി കുറെ ജനങ്ങള്‍ നില്‍ക്കുന്നുണ്ട്. അവരില്‍ അധികവും മലയാളികള്‍ തന്നെ. എല്ലാവരും മുരുദേശ്വര്‍ പോകുവാന്‍ ഉള്ളവരാണ്. ഈ സ്റ്റേഷനില്‍  സ്റ്റേഷന്‍ മാസ്റ്റര്‍ ഇല്ല. ഇതു വഴി കടന്നു പോകുന്ന  "വെര്‍ണാ" പാസ്സഞ്ചര്‍ മാത്രമാണ്‌  ബൈന്തൂരില്‍ നില്‍ക്കുന്നത്. അതിനാല്‍ ആ സമയത്തു മാത്രം ഒരു സ്റ്റാഫ് അവിടെ എത്തി ടിക്കറ്റ് നല്‍കും. അവരുടെ കൈവശം ഒരു യാത്രക്കാരനുള്ള  നിറയെ ടിക്കറ്റുകള്‍ ഉണ്ടാകും. അതില്‍ ഡേറ്റ് സീല്‍ അടിച്ചു യാത്രക്കാര്‍ക്ക് നല്‍കും. ബൈന്തൂരില്‍ നിന്നും മുരുടേശ്വരിലേക്ക്  സുമാര്‍ നാല്‍പ്പത്തി അഞ്ചു കിലോമീറ്റര്‍ ദൂരമുണ്ട്. "വെര്‍ണാ" പാസ്സഞ്ചര്‍ രാവിലെ ആറു അന്‍പതിനു മാംഗ്ളൂരില്‍ നിന്നു പുറപ്പെട്ടു ഒന്‍പതു ഇരുപത്തി അഞ്ചിന് ബൈന്തൂരില്‍ എത്തും. രണ്ട് നിമിഷം മാത്രമാണ് അവിടെ നില്‍ക്കുന്നത്. മുരുടേശ്വരില്‍ പത്തരക്ക് എത്തുകയും ചെയ്യും.  ടിക്കറ്റ് ചാര്‍ജ് ഏഴു രൂപാ മാത്രം. കൃത്യ സമയത്ത്  ട്രെയിന്‍ എത്തി. ട്രെയിനില്‍ വലിയ തിരക്കുണ്ടായിരുന്നു. മുരുദേശ്വര്‍ സ്റ്റേഷനില്‍ എത്തും മുന്‍പു തന്നെ  വലിയ ശിവന്റെ ശില വളരെ ദൂരത്തില്‍ കാണാന്‍ സാധിച്ചിരുന്നു. അതാണ്‌  മുരുദേശ്വര്‍ ക്ഷേത്രം എന്നു പലരും ട്രെയിനില്‍ ഇരുന്നു കൊണ്ട് ചൂണ്ടി കാട്ടിയിരുന്നു.

 ഒരു തമിഴ് കുടുംബം നിറയെ ലഗേജുമായി ഞങ്ങള്‍ക്ക് മുന്‍പേ ഇറങ്ങുവാന്‍ ഉണ്ടായിരുന്നതിനാല്‍  ട്രെയിനില്‍ ഇറങ്ങുവാന്‍ കുറച്ചു പ്രയാസപ്പെടേണ്ടി വന്നു. സ്റ്റേഷന്‍ വിട്ടു വെളിയില്‍ വന്നപ്പോള്‍ നിറയെ ഓട്ടോ റിക്ഷാക്കള്‍ ക്യൂവില്‍ നിര്‍ത്തി വെച്ചിരിക്കുന്നത് കണ്ടു. അതില്‍ ഒന്നില്‍ ഞങ്ങള്‍ കയറി കൊച്ചി - പനവേല്‍ (മുംബൈ) റോഡിലുള്ള ബൈ പാസ് റോഡിലൂടെ  മുരുദേശ്വര്‍  ക്ഷേത്ര  സമീപം എത്തി. രണ്ട് കിലോമീറ്ററില്‍ അധികം ദൂരമുള്ള യാത്രക്ക് ഇരുപത്തി അഞ്ചു രൂപാകൂലി നല്‍കി.

   കൊച്ചി- പനവേല്‍ റോഡിലുള്ള മുരുദേശ്വര്‍ ബൈ പാസ് റോഡ്‌ 

 മുരുദേശ്വരില്‍ റൂമിനായി അധികം പ്രയാസപ്പെടേണ്ടി വന്നില്ല. മുരുദേശ്വര്‍ ബസ്‌ സ്റ്റാന്റിനു സമീപം ഉള്ള  കമ്മത്ത് ഹോട്ടലില്‍ അറനൂറു രൂപയ്ക്ക് റൂം വാങ്ങി തരാമെന്ന് പറഞ്ഞ് ഒരു ബ്രോക്കര്‍ ഞങ്ങളെ കൂട്ടി പോയി.  അവിടെ 500 രൂപാക്ക്  ഒരു റൂം വാങ്ങി തന്ന് 100 രൂപാ കീശയിലാക്കി ആ ബ്രോക്കര്‍ സ്ഥലം വിടുകയും ചെയ്തു. തല്ക്കാലം യാത്ര ക്ഷീണം മാറ്റിയിട്ടാകാം ക്ഷേത്ര ദര്‍ശനം എന്നു തീരുമാനത്തോടെ ഞങ്ങള്‍ റൂമിലേക്ക്‌ കയറി.

2 comments:

  1. Hindukalum ,Muslimukalum , Christainsum orumayode jeevikunu ennu paranjalo..idak,idakk vargeeya kalapangal undakunna stalam anu athu...bhatakal muthal murudeshwar vare road ildharalam police check postukal kanam......

    ReplyDelete
  2. സുഹൃത്തേ,
    മിസ്റ്റര്‍. കമ്മത്തില്‍ നിന്നും കിട്ടിയ അറിവാണ് ഞാന്‍ എഴുതിയിട്ടുള്ളത്. അവിടുത്തെ കടല്‍ക്കരയില്‍ ധാരാളം മുസ്ലീം ജനങ്ങളെ കണ്ടു. അവര്‍ സന്തോഷമായി ജീവിക്കുന്നു. അതല്ലേ നമുക്കും സന്തോഷം.

    ReplyDelete