Sunday, June 14, 2015

മലയാളമാസം ഒന്നാം തീയതി



എന്റെ വീടിന്റെ  അയൽ വീട്ടിൽ മിക്ക ദിവസങ്ങളിലും കുടുംബ വഴക്ക് പതിവായിരുന്നു. ഒരു സാധുവായ, അനാരോഗ്യവാനായ ഗൃഹനാഥൻ. അദ്ദേഹത്തിൻറെ ഭാര്യയും നാല് പെണ്മക്കളും അടങ്ങുന്ന കുടുംബം. മൂത്ത പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞ് മരുമകനും ഒപ്പം താമസം. മരുമകനാണ് വില്ലൻ. 
മിക്ക ദിവസങ്ങളിലും രാത്രിയിൽ മരുമകൻ മദ്യപിച്ചാവും എത്തുക. മദ്യപിച്ച് എത്തുന്ന മരുമകന്റെ രീതികളോട് കുടുംബാംഗങ്ങൾ പ്രതികരിച്ചു തിടങ്ങും. അൽപ്പസമയത്തിനുള്ളിൽ അവിടെ  ഒരു കൂട്ട ബഹളമാവും തുടർന്ന് മരുമകന്റെ അസഭ്യവാക്കുകളും.

ഞാൻ SSLC പൂർത്തിയാക്കിയ വര്ഷമാണ് (1970) എന്നാണ് ഓർമ്മ. അപ്രതീക്ഷിതമായി ഒരു മലയാളമാസം ഒന്നാം തീയതി രാവിലെ എന്തോ ആവശ്യത്തിനായി ഞാൻ ആ വീട്ടിലേക്കു പോകേണ്ടതായി വന്നു. എന്തുകൊണ്ടോ അന്നു മുതൽ ഒരു മാസം മുഴുവൻ മരുമകൻ മദ്യപിച്ചില്ല. അതിനാൽ അവിടെ പതിവ് ബഹളമോ ചീത്ത വിളിയോ ഉണ്ടായില്ല. എല്ലാ അയൽവാസികൾക്കും ആശ്ചര്യവും   ആശ്വാസവുമായി. പലരും ഗൃഹനാഥനോടും ഗൃഹനാഥയോടും മരുമകൻ സ്ഥലത്തില്ലേ  എന്ന് ചോദിക്കുവാനും  തുടങ്ങി.  മരുമകൻ സ്ഥലത്തുണ്ട്. ഈ മാസം  ഒന്നാം തീയതി രാവിലെ ശ്രീരംഗത്തെ അംബുജൻ ഞങ്ങളുടെ വീട്ടിൽ  രാവിലെ കാലുകുത്തിയതിന്റെ ഐശ്യര്യമാണ് ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ സമാധാനം എന്ന് അവർ മറുപടി പറഞ്ഞും തുടങ്ങി. ഇതിനിടെ പ്രസ്തുത വീട്ടിലെ കുടുംബാംഗങ്ങളെല്ലാം ഈ സന്ദേശം  പറഞ്ഞു പരത്തുകയും ചെയ്തു.

അടുത്ത മലയാളമാസം ഒന്നാം തീയതി രാവിലെ മറ്റാരും ആ വീട്ടിലേക്കു ചെല്ലുന്നതിനു മുൻപ് ഞാൻ ചെല്ലണം എന്ന് ആ വീട്ടിലെ ഗൃഹനാഥ എന്റെ വീട്ടിലെത്തി എന്നെ അറിയിച്ചു. എനിക്കും വളരെ സന്തോഷമായി. ഞാൻ പ്രസ്തുത ദിവസം അതിരാവിലെ കുളിച്ച് സമീപ ക്ഷേത്രത്തിൽ ദർശനവും കഴിഞ്ഞ് ആ വീട്ടിലേക്കു ചെന്നു. എന്നെ വളരെ സ്നേഹത്തോടെ സ്വീകരിക്കുകയും ചെയ്തു. രാവിലത്തെ കാപ്പികുടി കഴിഞ്ഞാണ് ഞാൻ അവിടെ നിന്നും മടങ്ങിയത്.

അന്ന് ആ വീട്ടിലെ മരുമകന് ലോട്ടറി അടിച്ച് കുറച്ചു പണം ലഭിച്ചു. പണം ലഭിച്ച സന്തോഷത്താൽ നല്ലതുപോലെ മദ്യപിച്ചാണ് അയാൾ എത്തിയത്. ഒരു മാസം അദ്ദേഹം നിർത്തി വെച്ചിരുന്ന ബഹളം വീണ്ടും ആരഭിച്ചു. രാത്രി ഒന്പത് മണിയോടെ ബഹളം തീവ്രതയിലെത്തി. മരുമകൻ അമ്മായിയച്ഛനെ അടിക്കുകയും ചെയ്തു. പിന്നീട് അവിടെ ഒരു കൂട്ടയടി തന്നെയാണ് നടന്നത്. കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് അയാളെ തിരിച്ചടിച്ചു. അടിയും ബഹളവും കേട്ട് എല്ലാ അയൽവാസികളും അവിടേക്ക് ഓടിച്ചെന്ന് അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഞാൻ മാത്രം അവിടേക്ക് പോയില്ല. എന്റെ ഉള്ളിൽ ഒരു നേരിയ ഭയം. 

ഒരു മാസം ബഹളം ഉണ്ടാകാതിരുന്നതിനു ഞാൻ കാരണമെന്ന് വിശ്വസിച്ചിരുന്ന ആ കുടുംബാംഗങ്ങൾ ഇന്നത്തെ ഈ ബഹളത്തിനു ഞാനാണ് കാരണമെന്ന് അവർ വിശ്വസിക്കുന്നതിൽ തെറ്റില്ലല്ലോ ? 

Friday, April 24, 2015

"പണം കണ്ടാൽ പിണവും "


ഇരുപത്തി അഞ്ചു വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ ഞാനും എന്റെ കുടുംബവും കൂടി ചെന്നൈ VGP ഗോൾഡൻ ബീച്ച് സന്ദർശിച്ചു. എന്ററൻസിന് സമീപം ഒരു കാവലാളി ഉണ്ടായിരുന്നു. ദൃഷ്ടി ചലിപ്പിക്കുകയോ ഒന്ന് മിണ്ടുകയോ ചെയ്യാതെയുള്ള അദ്ദേഹത്തിൻറെ സ്റ്റെഡിയായുള്ള നിൽപ്പ് സന്ദർശകരിൽ പലരെയും ആകര്ഷിച്ചതായി കാണാൻ സാധിച്ചു. ചില കുട്ടികൾ, കൗമാരപ്രായമുള്ളവർ ഈ കാവലാളിയുടെ ശ്രദ്ധ തിരിക്കാനും സംസാരിപ്പിക്കുവാനും ശ്രമിച്ചു കൊണ്ടിരുന്നു. ചിലർ പച്ചത്തെറിവരെ പറഞ്ഞു നോക്കി. അദ്ദേഹം ചലിച്ചില്ല. അദ്ദേഹം മൌനമായി തന്റെ ജോലിയോടുള്ള ആത്മാർത്ഥത പാലിച്ചു. കൈക്കൂലി വാങ്ങുന്ന എത്രയോ അധികാരികൾ ഉള്ള നമ്മുടെ രാജ്യത്ത് തുശ്ചമായ വരുമാനം വാങ്ങിക്കൊണ്ട് ഈ നിശ്ചലമായി നിൽക്കുന്ന കാവലാളിയെ അഭിമാനത്തോടെ ഞാനും കുറച്ചു സമയം നോക്കി നിന്നു.

                                                VGP Golden beach -ലെ ഒരു കാവലാളി 

ഈ സന്ദർഭത്തിലാണ് രണ്ടു കോളേജു വിദ്യാർത്ഥികൾ അവിടെയെത്തി കാവലാളിയെക്കൊണ്ട് ചലിപ്പിക്കുവാൻ ശ്രമിച്ചത്‌. ഇവർ പരിശ്രമം തുടങ്ങിയപ്പോൾ കാഴ്ചക്കാരും കൂടി. കാവലാളിയുടെ മുഖത്തേക്ക് നോക്കി അസഭ്യവും മറ്റും പറഞ്ഞിട്ടും കാവലാളി പ്രതികരിച്ചില്ല. അപ്പോഴാണ്‌ ഒരു വിരുതൻ തന്റെ പോക്കറ്റിൽ നിന്നും "ഇരുപതു രൂപയുടെ ഒരു നോട്ട് "എടുത്ത് കാവലാളിയുടെ പോക്കറ്റിൽ വെച്ചത്. അപ്പോഴും കാവലാളി കുലുങ്ങിയില്ല. 

      VGP Golden beach -ലെ ഒരു കാവലാളിയെ ചലിപ്പിക്കുവാൻ ശ്രമിക്കുന്ന വിരുതന്മാർ  

രണ്ടു മിന്നിട്ടു കഴിഞ്ഞപ്പോൾ മറ്റൊരു വിരുതൻ കാവലാളിയുടെ പോക്കറ്റിൽ നിന്നും ആ ഇരുപതു രൂപാ നോട്ട് എടുക്കാനായി ശ്രമിച്ചപ്പോഴാണ് കാവലാളിയുടെ തനിനിറം പുറത്തു വന്നത്. രൂപ എടുക്കാൻ ശ്രമിച്ചവന്റെ കയ്യിൽ നിന്നും പണം പിടിച്ചു വാങ്ങി തന്റെ പാന്റിന്റെ പോക്കറ്റിൽ തിരുകിക്കൊണ്ട് നാല് തെറിയും പറഞ്ഞിട്ട് പഴയത്പോലെ അറ്റൻഷനായി ഒരു നിൽപ്പും.

Sunday, April 12, 2015

"നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും".


1990 - ൽ ഞാൻ നാട്ടിലെത്തി ചെന്നൈയ്ക്ക് മടങ്ങുവാൻ ചെന്നിത്തല കല്ലുംമൂട്ടിൽ മാവേലിക്കരയ്ക്ക് ബസുകാത്തു നില്ക്കുമ്പോഴാണ് മാവേലിക്കരയിൽ നിന്നും പുത്തുവിളപ്പടി, എണ്ണയ്ക്കാട്‌ , പുലിയൂർ വഴി ചെങ്ങന്നൂരിനു പോകുന്ന ഒരു പ്രൈവറ്റ് ബസ് വന്നത്. ചെങ്ങന്നൂർ റെയിൽവേസ്റ്റേഷൻ വഴി പോകുന്ന ബസ് ആകയാൽ യാത്രാസൗകര്യം കണക്കിലെടുത്ത് അതിൽ കയറി. എണ്ണയ്ക്കാട്‌ കഴിഞ്ഞാൽ കുറെ വളവുകൾ ഉണ്ട്. ഒരു വളവിൽ വെച്ച് എതിരെ വന്ന ഒരു കാറുമായി ബസ് കൂട്ടിമുട്ടി.ഭാഗ്യത്തിന് കാറിനു നിസ്സാരമായ കേടുപാടുകൾ മാത്രമേ സംഭവിച്ചുള്ളൂ.

55 വയസ്സിനുമേൽ പ്രായം തോന്നിക്കുന്ന ഒരു അച്ചായന്റെ കാറായിരുന്നു അത്. അച്ചായാൻ കാറിനു വെളിയിൽ എത്തി ബസ്സിന്റെ ഡ്രൈവറോട് കയർത്തു. ബസ്സിന്റെ ഡ്രൈവർ ഒന്നും പ്രതികരിക്കാതെ സീറ്റിൽ തന്നെ ഒരേ ഇരിപ്പ്. അയാൾ ആ ബസ്സിലെ സ്ഥിരം ഡ്രൈവർ അല്ല. പകരത്തിനു കൂട്ടി വന്നതാണ്. അതുകൊണ്ടായിരിക്കാം മൌനമായിരുന്നത്. അച്ചായനെ സമാധാനപ്പെടുത്തുവാൻ ബസ്സിന്റെ കണ്ടക്റ്ററും ചില യാത്രക്കാരും ശ്രമിച്ചു കൊണ്ടിരുന്നു. അച്ചായാൻ ഒട്ടും വിടുന്ന ലക്ഷണമില്ല എന്ന് വന്നപ്പോൾ എന്റെ അന്നത്തെ യാത്ര മുടങ്ങിപ്പോകും എന്ന് ഞാൻ ഉറപ്പിച്ചു. പോലീസ്സിനെ അറിയിക്കാം. പോലീസ് വന്നിട്ടാകാം ബാക്കി എന്ന് പറഞ്ഞുകൊണ്ട് ബസ്സിലുണ്ടായിരുന്ന ഒരുവൻ പ്രതികരിക്കുവാൻ തുടങ്ങി. അപ്പോൾ ബസ് ഓടിച്ചിരുന്ന ഡ്രൈവർക്കും കാർ ഓടിച്ചുവന്ന കാറിന്റെ ഉടമയുമായ അച്ചായനും ചെറിയ പരിഭ്രമം ഉണ്ടായതായി മനസിലാക്കുവാൻ കഴിഞ്ഞു.

അച്ചായന്റെ കാറിനു പറ്റിയ കേടുപാടുകൾ ശരിചെയ്യാൻ എന്ത് തുക വേണം എന്ന് പറഞ്ഞാൽ ആതുക നല്കാം എന്ന് പറഞ്ഞ് ഒരു കോമ്പ്രമൈസിന് ബസ്സിന്റെ കണ്ടക്റ്റർ തയ്യാറായി. എനിക്ക് നിങ്ങളുടെ പണം ആവശ്യമില്ല എന്ന് അൽപ്പം ഇടറിയ സ്വരത്തിൽ പറഞ്ഞുകൊണ്ട് ഒരു കോമ്പ്രമൈസിന്അച്ചായാൻ തയ്യാറായി. അച്ചായാൻ ബസ്സിന്റെ പേര് നോക്കി. (രാജേശ്വരി എന്നോ മറ്റോ ആയിരുന്നു ആ ബസ്സിന്റെ പേര്. ഈ അപകടം നടന്ന സ്ഥലത്തിനു കുറച്ചു മുൻപ് ഒരു ക്ഷേത്രമുണ്ട്. കുട്ടംപേരൂർ ദേവീക്ഷേത്രം.) എന്നിട്ട് നൂറു രൂപ കുട്ടംപേരൂർ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ ഇടുക എന്നതായിരുന്നു അച്ചായൻ വിധിച്ച ശിക്ഷ.

ഉടൻ തന്നെ ബസ്സ് തിരിച്ചു വിട്ട് കാണിക്ക സമർപ്പിച്ച്‌ യാത്ര തുടരുവാൻ തയ്യാറായപ്പോൾ അച്ചായൻ ഒരു കണ്‍സ്സഷൻ കൂടി അനുവദിച്ചു. ബസ്സ് മടങ്ങി വരുമ്പോൾ കാണിക്ക സമർപ്പിച്ചാൽ മതിയെന്ന്. അച്ചായന്റെ സന്മനസ്സിന് ഒരായിരം നന്ദി മനസാ പറഞ്ഞു കൊണ്ടാണ് ആ  യാത്ര തുടർന്നത്.
കുട്ടംപേരൂർ ദേവിയുടെയും അച്ചായൻ വിശ്വസിക്കുന്ന യേശുദേവന്റെയും അനുഗ്രഹം കൊണ്ടുതന്നെയാവും ട്രെയിൻ എത്തുന്നതിനു ചില നിമിഷങ്ങൾക്ക് മുൻപ് ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാൻ സാധിച്ചത്

Wednesday, February 4, 2015

ടൂറിസ്റ്റ് ഹോം


1981- ജൂണിലാണ്  തമിഴ് നാട്ടിലുള്ള കൽപ്പാക്കം ആറ്റോമിക് റിസർച്ച് സെന്ററിൽ ഞാൻ ഉദ്യോഗസ്ഥനാകുന്നത്. 1983- ൽ തമിഴ് നാട്ടിലുള്ള  തഞ്ചാവൂർ ക്ഷേത്രം, വേളാങ്കണ്ണി ചർച്ച്, നാഗൂർ ദർഗ എന്നിങ്ങനെ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം ആരാധനാലയങ്ങൾ സന്ദർശിക്കുവാൻ അവസരം ഉണ്ടായി. 
വേളാങ്കണ്ണി ബസ് സ്റ്റാൻഡിൽ ചെന്നിറങ്ങുമ്പോൾ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് നിരീശ്വരവാദികളുടെ റിക്കാർഡു  ചെയ്യപ്പെട്ട പ്രസംഗത്തിന്റെ ശബ്ദമാണ്. 
"ദൈവം ഇല്ല", "ദൈവത്തെ വിശ്വസിക്കുന്നവൻ മൂഡൻ", 
"ദൈവത്തെ മറക്കൂ മനുഷ്യനെ സ്നേഹിക്കൂ",     കൊള്ളക്കാരുടെ താവളമാണ് ആരാധനാലയങ്ങൾ.     
 ഒരു നിമിഷം മനുഷ്യനെ ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന അതി ഗംഭീരമായ വചനങ്ങൾ!
ക്ഷേത്രത്തിലും, ചർച്ചിലും, ദർഗ്ഗയിലും സന്ദർശിക്കാൻ ഇറങ്ങിത്തിരിച്ച എനിക്ക് ദ്രാവിഡ കഴകം എന്ന സംഘടനയുടെ പ്രസ്തുത നിരീശ്വരവാദത്തിലും മനുഷ്യ സ്നേഹത്തിലും അൽപ്പം താല്പ്പര്യം തോന്നാതിരുന്നില്ല.

വേളാങ്കണ്ണി ചർച്ചും ബീച്ചും മറ്റും സന്ദർശിച്ച് ഒരു രാത്രി വേളാങ്കണ്ണിയിൽ താമസിച്ച് മടങ്ങുമ്പോൾ പ്രസ്തുത പ്രസംഗം എന്റെ ഹൃദയത്തിൽ പതിഞ്ഞിരുന്നു. പ്രസംഗത്തിൽ എന്തൊക്കയോ സത്യങ്ങൾ ഇല്ലേ? എന്നൊരു തോന്നൽ, അത് എന്റെ മനസ്സിനെ അപ്പോഴപ്പോൾ അലട്ടിക്കൊണ്ടിരുന്നു.

ദക്ഷിണ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഉത്സവകാലങ്ങളിൽ ശ്രീകൃഷ്ണനായും, ശ്രീരാമനായും, അർജുനനായും, ബ്രഹ്മവാചാ നളനെയും ദമയന്തിയും ഒന്നിപ്പികാൻ ഭൂമിയിലെത്തിയ "ഹംസ"മായുമൊക്കെ കഥകളി അരങ്ങുകളിൽ എന്റെ പിതാവ് വേഷമിട്ടു സമ്പാദിച്ചാണ് എന്നെ വളർത്തി വലുതാക്കിയത്. ദൈവസങ്കല്പം ഇല്ലെങ്കിൽ ക്ഷേത്രമില്ല, ക്ഷേത്രമില്ലെങ്കിൽ കഥകളി ഇല്ല എന്നൊരു കാലഘട്ടമായിരുന്നു അന്ന്.

മൂന്ന് നാലുവർഷം ഈശ്വര വിശ്വാസവും നിരീശ്വരവിശ്വാസവും എന്റെ മനസ്സിനെ തകിടം മറിച്ചുകൊണ്ടേയിരുന്നു. പിന്നീടൊരിക്കൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുവാൻ വേളാങ്കണ്ണിയിൽ എത്തിയപ്പോഴാണ് ഈ നിരീശ്വരവാദവും കഥകളിയിൽ നടന്മാർ ഒരു അരങ്ങിൽ ദുര്യോധനൻ, രാവണൻ വേഷങ്ങൾ ചെയ്യുകയും അടുത്ത അരങ്ങിൽ രൗദ്രഭീമനും, കൃഷ്ണനും, ശ്രീരാമനും ചെയ്യുന്നത് പോലെ ഒരു വേഷംകെട്ടൽ മാത്രമാണ് എന്ന് എനിക്ക് മനസിലാക്കുവാൻ സാധിച്ചത്. 
ഇപ്പോൾ അവിടെ നിരീശ്വരവാദികളുടെ പ്രസംഗം ഇല്ല. എങ്ങും ശാന്തമായ അന്തരീക്ഷം.
ഞാൻ വളരെ അത്ഭുതത്തോടെ ചുറ്റും നോക്കി. ഞാൻ മുൻപ് വേളാങ്കണ്ണിയിൽ എത്തിയപ്പോൾ ഒരു രാത്രി താമസിച്ച വീട് നിന്ന സ്ഥലത്ത് വേളാങ്കണ്ണിയിൽ എത്തുന്ന ഭക്തർക്കായി താമസിക്കുവാൻ വേണ്ടി പുതിയ ടൂറിസ്റ്റ് ഹോം കെട്ടിയിരിക്കുന്നു. തമിഴിൽ എഴുതി വെച്ചിരുന്ന ടൂറിസ്റ്റ് ഹോമിന്റെ പേര് ഞാൻ വായിച്ചു നോക്കി. 
കഴിഞ്ഞ തവണ ഞാൻ എത്തിയപ്പോൾ നിരീശ്വരവാദം പ്രചരിപ്പിച്ച സംഘടനയായ "ദ്രാവിഡ കഴകം" നിർമ്മിച്ച ടൂറിസ്റ്റ് ഹോം.
"വേളാങ്കണ്ണിയിൽ എത്തുന്ന ഭക്തജനങ്ങൾക്ക്‌ താമസ സൗകര്യം ഒരുക്കി അവരെ സ്വീകരിക്കുന്ന നിരീശ്വരവാദികൾ"!.

Saturday, January 24, 2015

ഒരിക്കൽ കൂടി ഞാൻ മണ്ടനായി

ഞാൻ താമസിക്കുന്ന അണുപുരം  ടവുണ്‍ഷിപ്പിൽ നിന്നും ചെന്നൈ - പോണ്ടിച്ചേരി കിഴക്കുകടൽക്കരശാലയിലുള്ള വെങ്കപ്പാക്കം ജംഗഷനിലേക്ക്  സുമാർ രണ്ടരകിലോമീറ്റർ ദൂരമുണ്ട്.  ചെന്നൈയിൽ നിന്നും   കിഴക്കുകടൽക്കരശാല വഴി അണുപുരം ടവുണ്‍ഷിപ്പിൽ ബസ്സുമൂലം എത്തുവാൻ വെങ്കപ്പാക്കം ജംഗഷനിൽ ഇറങ്ങിവേണം വരേണ്ടത്. ചെന്നൈയിൽ നിന്നും എന്റെ മകനും മകളും ഉറ്റ സ്നേഹിതരും എത്തുമ്പോൾ ഞാൻ  സ്കൂട്ടറിൽ വെങ്കപ്പാക്കം ചെന്ന് അവരെ വീട്ടിലേക്ക് കൂട്ടി വരികയാണ് പതിവ്. 

16-01-2015 വെള്ളിയാഴ്ച വൈകിട്ട് ഏഴരമണിക്ക് വെങ്കപ്പാക്കം ജംഗ്ഷനിൽ നിന്നും എൻറെ മകളെ കൂട്ടിവരുവാനായി ഞാൻ സ്കൂട്ടറിൽ  പുറപ്പെട്ടു. ടവുണ്‍ഷിപ്പ് വിട്ട് വെളിയിൽ എത്തിയപ്പോൾ ഒരാൾ ലിഫ്റ്റ്‌ ചോദിച്ചു. അദ്ദേഹത്തിൻറെ മട്ട് കണ്ടപ്പോൾ എന്തോ അത്യാവശ്യം ഉള്ളതുപോലെ  എനിക്ക് തോന്നി. വെങ്കപ്പാക്കംവരെയാണ് എന്റെ യാത്രയെന്നു പറഞ്ഞപ്പോൾ  അദ്ദേഹം മതി എന്ന് പറഞ്ഞു. 

ഞാൻഅദ്ദേഹത്തിന്  ലിഫ്റ്റ് നല്കി. 45 കിലോമീറ്റർ വേഗതയിൽ ഞാൻ സ്കൂട്ടർ ഓടിച്ചിരുന്ന എന്നോട് കുറച്ചുകൂടി സ്പീടായി വണ്ടി ഓടിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഞാൻ  ആദ്യം വഴങ്ങിയില്ല.  അതേ  ആവശ്യം വീണ്ടും ആവർത്തിച്ചപ്പോൾ അദ്ദേഹത്തിന് അത്രകണ്ട്   അത്യാവശ്യം  ഉണ്ടാകും എന്ന ധാരണയിൽ ഞാൻ സ്കൂട്ടറിന്റെ വേഗത കൂട്ടി. വെങ്കപ്പാക്കം ജംഗ്ഷനിൽ എത്തിയപ്പോൾ അദ്ദേഹം എനിക്ക് നന്ദി പറഞ്ഞുകൊണ്ട് വേഗത്തിൽ ഇറങ്ങി റോഡ്‌ ്രോസ് ചെയ്ത് ചെന്നുകയറിയത് തമിഴ്നാട് ഗവണ്മേന്റ് നടത്തുന്ന (TASMAC) മദ്യശാലയിലേക്കായിരുന്നു. 




ഒരു മദ്യപാനി എന്നെ മണ്ടനാക്കിയതോർത്ത് ഒരു ജാള്യതയോടെയാണ് ഞാൻ എന്റെ മകളെയും     കൂട്ടി വീട്ടിലേക്കു മടങ്ങിയത്. 

Tuesday, October 21, 2014

ദീപാവലി

എല്ലാ സ്നേഹിതർക്കും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ!
മനുഷ്യ സ്നേഹമാണ് എല്ലാ ആഘോഷങ്ങളുടെയും പിന്നിൽ മറഞ്ഞിരിക്കുന്ന പ്രധാന മർമ്മം. ദീപാവലി കേരള ജനതയെക്കാൾ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നവർ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളാണ്. പുതിയ വസ്ത്രങ്ങൾ  ധരിച്ചും മധുരപലഹാരങ്ങൾ കൈമാറിയും വെടികൾ വെടിച്ചും പൂത്തിരി കത്തിച്ചും ജനങ്ങൾ ദീപാവലി കൊണ്ടാടുന്നു. 

തമിഴ് നാട്ടിലും വളരെ ഉത്സാഹത്തോടെയാണ് ജനങ്ങൾ ദീപാവലി കൊണ്ടാടുന്നത്. ചെന്നൈയ്ക്ക് തെക്ക് സുമാർ 80 കിലോമീറ്റർ ദൂരത്തിൽ 'വേടന്താങ്കൽ' എന്നൊരു പ്രദേശം ഉണ്ട്. വേടന്താങ്കലെ ചുറ്റി ധാരാളം ഗ്രാമങ്ങൾ ഉണ്ട്. ഈ ഗ്രാമീണർ ദീപാവലിയുടെ ആഘോഷത്തിന്റെ ഭാഗമായി 'വെടികൾ' ഉപയോഗിക്കുകയില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.   അതിനു പ്രധാനമായ കാരണം പക്ഷി സ്നേഹമാണ്. 



'വേടന്താങ്കൽ' വടക്ക് തമിഴ് നാട്ടിലെ പ്രധാന പക്ഷികൾ ശരണാലയമാണ്. പല വിദേശപക്ഷികൾ ഇവിടെ പറന്നെത്തും. ആസ്ത്രേലിയ, ഇന്തോനേഷ്യ , തായ് ലാന്ഡ്, മ്യാൻമാർ, ശ്രീലങ്ക തുടങ്ങിയ നാടുകളിൽ നിന്നും പലതരത്തിലുള്ള പക്ഷികൾ ഇവിടെ എത്തുന്നു. ഇനപ്പെരുക്കത്തിനു അനുകൂലമായ കലാവസ്ഥയിലാണ് അവയുടെ വരവ്. ഈ പക്ഷികൾ ഇവിടെയെത്തി കൂടുകൾ നിർമ്മിച്ച്‌, മുട്ടയിട്ട് അടകാത്ത് പിറന്ന അതിന്റെ കുഞ്ഞു പക്ഷികളുമായി സീസണ്‍ കഴിഞ്ഞാൽ സ്വദേശത്തേക്ക് പറന്നു പോകും.  തങ്ങളുടെ പ്രദേശത്തു എത്തി വാഴുന്ന ഈ പറവകൾ വെടിയുടെ ശബ്ദം കേട്ട് ഭയന്ന് പോകാതിരിക്കുവാൻ വേണ്ടിയാണ് ഇവർ തങ്ങളുടെ എല്ലാ ആഘോഷങ്ങളിലും 'വെടി' ഒഴിവാക്കിയിരിക്കുന്നത്. 







നാം അറിഞ്ഞോ അറിയാതെയോ നമ്മുടെ ആഘോഷങ്ങളിൽ പല നന്മകളും കടപിടിക്കുന്നതിന്റെ ഉത്തമ ഉദാഹരണങ്ങളിൽ ഒന്നാണ് 'വേടന്താങ്കൽ' പ്രദേശങ്ങളിലെ ഗ്രാമീണരുടെ ദീപാവലി ആഘോഷങ്ങളിൽ കാണുന്ന ഈ പ്രത്യേകത.

Sunday, June 29, 2014

മലയാളിയുടെ ദുർവിധി


കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും നാല് മലയാളികൾ അയൽ സംസ്ഥാനമായ തമിഴ് നാടിന്റെ തലസ്ഥാനം ചെന്നൈയിലേക്ക് യാത്ര തിരിച്ചു. ചെന്നൈയിലെത്തിയ അവരെ അവരുടെ സുഹൃത്തുക്കൾ സസന്തോഷം സ്വീകരിച്ചുകൊണ്ട് അന്വേഷിച്ചു  "യാത്ര സുഖകരമായിരുന്നോ"?
"വളരെ സുഖകരമായിരുന്നു" എന്ന് മറുപടി. ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് മറുപടി തുടർന്നു. 
"നമ്മുടെ തിരുവനന്തപുരത്തു നിന്നും 68.4 കിലോമീറ്റർ ദൂരമുള്ള തമിഴ് നാട്ടിലെ നാഗർകോവിൽ വരെ എത്തിച്ചേരുവാനാണ് പ്രയാസം. ട്രാഫിക് ജാം കൊണ്ട് വലഞ്ഞു. നാഗർകോവിലിൽ എത്തിക്കഴിഞ്ഞാൽ പിന്നീട് ചെന്നൈ സിറ്റിയിൽ പ്രവേശിക്കുന്നതുവരെ, അതായത് 697.6 കിലോമീറ്റർ ദൂരം യാത്ര വളരെ സുഖകരം. 
ടോൾ നൽകിയാലെന്താ വളരെ സുഖകരമായ  യാത്ര, മനോഹരമായ റോഡ്‌. 
ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള ഈ രണ്ടു സംസ്ഥാനങ്ങളിൽ കേരളത്തിനു മാത്രം എന്തേ ഈ ദുർവിധി ?