Sunday, January 23, 2011

കൊല്ലൂര്‍ / മുരുദേശ്വര്‍ യാത്ര - 5

ധാരാളം ടൂറിസ്റ്റ് വാനുകള്‍, ബസ്സുകള്‍, കാറുകള്‍ എന്നിവ മുരുദേശ്വര്‍  ക്ഷേത്രത്തിലേക്ക് വന്നു പോകുന്നതിന്റെ  തിരക്കുകള്‍ കാണാമായിരുന്നു. കടല്‍ത്തീരത്ത്‌ കടലിനു ഉള്ളിലേക്ക് തള്ളി നില്‍ക്കുന്ന  കന്തുകഗിരി എന്ന  കുന്നില്‍ മനോഹരമായി പണി കഴിപ്പിച്ചിരിക്കുന്ന ഗോപുരം, ക്ഷേത്രം, ഉരഗാഭരനനായ പരമശിവന്‍, നന്തി,   ഗീതോപദേശം, സൂര്യദേവന്‍, രാവണനില്‍ നിന്നും ബ്രാഹ്മണ വേഷധാരിയായ ഗണപതി ആത്മലിംഗം സ്വീകരിക്കുന്നത്  തുടങ്ങിയ  മനോഹരമായ ശിലകള്‍ എന്നിവ കാണാം. കുന്നിന്‍ ചരുവില്‍ മനോഹരമായി ഒരുക്കിയിരിക്കുന്ന പൂന്തോട്ടം, താമസ സൗകര്യങ്ങള്‍ എന്നിവയും കടല്‍ തീരത്ത് ഒരു റെസ്റ്റോറന്റ്, കടലില്‍ കൂടി  കന്തുകഗിരി ചുറ്റി കാണുവാന്‍ ബോട്ട് സൌകര്യങ്ങള്‍, മിനിബോട്ട്, കാര്‍ബോട്ട്, സ്കൂട്ടര്‍ബോട്ട് ,  ഒട്ടക സവാരി തുടങ്ങി ഭക്ത ജനങ്ങളെയും ടൂറിസ്റ്റുകളെയും  ആകര്‍ഷിക്കുവാനുള്ള എല്ലാ പദ്ധതികളും ആസൂത്രണം ചെയ്തിരിക്കുന്നു. കുന്നിലേക്ക് ഒരു (approach bridge) പാലം മൂലം ബന്ധിച്ചിരിക്കുന്നു. 

മുരുദേശ്വര്‍  ക്ഷേത്രത്തിന്റെ ഗോപുരത്തിന് മുന്‍പില്‍ ആനയുടെ (അതേ വലിപ്പത്തിലുള്ള)  രണ്ട് പ്രതിമകള്‍ ഉണ്ട്. ധാരാളം ഭക്ത ജനങ്ങളും വിനോദ സഞ്ചാരികളും ഈ പ്രതിമകളുടെ മുന്‍പില്‍ നിന്നു ഫോട്ടോകള്‍ എടുത്തു കൊണ്ടിരുന്നു. ഈ രണ്ട് പ്രതിമകളുടെ ഇടയിലൂടെയാണ് ഗോപുരത്തിന് ഉള്ളിലേക്കും ക്ഷേത്രത്തിന് ഉള്ളിലേക്കും കയറേണ്ടത്.

                               
                                              ഗോപുര വാതില്‍
                              
രാജഗോപുരത്തിനു മുകളില്‍ എത്തുവാന്‍ രണ്ടു ലിഫ്റ്റ്‌ സൌകര്യങ്ങള്‍ ഉണ്ട്. പത്തു രൂപയാണ് ഒരാള്‍ക്ക്‌ അതിനുള്ള ഫീസ്‌. കാറ്റിന്റെ ശക്തി കണക്കിലെടുത്ത് ചെറിയ വെന്റിലേഷന്‍
സൗകര്യം ആണ് ഗോപുരത്തിന് കൊടുത്തിട്ടുള്ളത്. അതിനാല്‍

                                 രാജഗോപുരത്തില്‍ നിന്നുള്ള വീക്ഷണം                     

                                          കുന്തകഗിരിയിലെ പൂന്തോട്ടം

                                          മുരുദേശ്വര്‍ ക്ഷേത്രം

                                         ക്ഷേത്രത്തിന്റെ ഒരു ഭാഗം

തിരക്കുള്ള സന്ദര്‍ഭങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്.  ഗോപുരം വിട്ടിറങ്ങി ക്ഷേത്രത്തിന് ഉള്ളിലേക്ക് കടക്കാന്‍ വലിയ തിരക്ക്. ഇഞ്ച് കണക്കിന് നീങ്ങിയാണ് 
മുരുദേശ്വര്‍ ദര്‍ശനം നടത്തിയത്.  പ്രസാദവും വിഭൂതിയും വാങ്ങി വെളിയില്‍ എത്തി, ഗോപുരവാതില്‍ വഴിയാകെ  വെളിയില്‍ വന്നു കുന്നിന്‍ മുകളിലേക്ക് കയറും മുന്‍പു "തങ്കരഥം" കാണാം. കുന്നിനു മുകളിലാണ് വലിയ ശിവന്‍ പ്രതിമയും, രാവണന്റെയും ഗണപതിയുടെയും, നന്തിയുടെയും, ഗീതോപദേശം, സൂര്യദേവന്‍  എന്നീ പ്രതിമകള്‍ വെച്ചിട്ടുള്ളത്‌.   
         
             
                           ശിവന്‍, രാവണനും ഗണപതിയും, പശുക്കള്‍ (ശിലകള്‍) 


                               ഭക്ത ജനങ്ങള്‍ ശിവന്‍ ശിലയുടെ സമീപത്തേക്ക് 

                                   ഗീതോപദേശം


                                                                    ഗീതോപദേശം

                                                        തങ്കത്തില്‍ ഉണ്ടാക്കിയ രഥം 
                            
                                                               സൂര്യദേവന്റെ ശില       
                                              
                                          ഭക്ത ജനങ്ങള്‍ നന്തി ശിലക്ക് അരുകില്‍  
                                      
                       ശിലകള്‍ക്ക്  അരുകില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ 
                                            കന്തുകഗിരിയിലെ ശിവശില അരുകില്‍

                                     കന്തുകഗിരിയിലേക്കുള്ള പാലം,  റെസ്റ്റോറന്റ്

                          ഗോപുരത്തിനു മുകളില്‍ നിന്നും റെസ്റ്റോറന്റ് വീക്ഷണം 
                  
കാറുകള്‍  മിനിവാന്‍ എന്നിവ  കന്തുകഗിരിയിലെ ശിലകള്‍ക്ക് വളരെ അരുകില്‍  എത്തിക്കാനുള്ള സൗകര്യം ഉള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ശിലകളും കുന്നിന്റെ സൌന്ദര്യങ്ങളും അവിടെ നിന്നുകൊണ്ടുള്ള കടലും തെങ്ങുകള്‍ നിറഞ്ഞ തീരവും  എല്ലാം കണ്ടു ആസ്വദിച്ചു.   
ഞങ്ങള്‍ പിന്നീടു കടല്‍ക്കരയിലേക്ക് നീങ്ങി. വെയില്‍ കുറഞ്ഞപ്പോഴെക്കും ജനക്കൂട്ടം വളരെ അധികം കാണപ്പെട്ടു. മുപ്പതുപേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടില്‍  ഒരാള്‍ക്ക്‌ നാല്‍പ്പതു രൂപ എന്ന നിരക്കില്‍ കടലില്‍ ഒരു ചെറിയ  യാത്രക്കു പദ്ധതിയിട്ടു കൊണ്ടു  ഞങ്ങള്‍ അറബി കടലിന്റെ മനോഹരമായ തീരത്ത് എത്തി.

Wednesday, January 19, 2011

കൊല്ലൂര്‍ / മുരുദേശ്വര്‍ യാത്ര - 3

കൊല്ലൂരില്‍ നിന്നും ഏഴര മണിക്ക് ബൈന്തൂര്‍ വഴി പോകുന്ന ഒരു പ്രൈവറ്റു ബസ്സില്‍ ബൈന്തൂരിലേക്ക്  യാത്ര തിരിച്ചു. ബസ്സിലെ യാത്രക്കാരില്‍ അധികവും മലയാളികള്‍ തന്നെ.   ഒരു ചെറിയ  വന പ്രദേശത്തിലൂടെ ബസ് പൊയ്ക്കൊണ്ടിരുന്നു. അഞ്ചു നിമിഷത്തെ  യാത്രക്കു ശേഷം  വഴിയരികില്‍  ഒരു  നാഗരാജ പ്രതിഷ്ഠ  ഉണ്ട്. അവിടെ ബസ് നിര്‍ത്തി. അവിടുത്തെ പൂജാരി ഒരു തട്ടില്‍ ഭസ്മം നിറച്ച് അതില്‍ കര്‍പ്പൂരം കത്തിച്ചു കൊണ്ട്

                                 നാഗരാജ പ്രതിഷ്ഠ                          

ബസിനുള്ളില്‍ എത്തി. പലരും തട്ടില്‍ പണം ഇട്ടശേഷം ഭസ്മം എടുത്തു നെറ്റിയില്‍ പൂശി. ഞാനും ആ കര്‍മ്മത്തില്‍ നിന്നും പിന്മാറിയില്ല.  ആ പൂജാരിക്ക് എന്തെങ്കിലും ലഭിക്കട്ടെ എന്ന ഉദ്ദേശം കൊണ്ടാണ് ഡ്രൈവര്‍ അവിടെ ബസ് നിര്‍ത്തുന്നത്. അവിടെ നിന്നും തിരിച്ചു കുറച്ചു കഴിഞ്ഞപ്പോള്‍ വഴിയില്‍ ഒരു ചെറിയ  ചായക്കടയുടെ   മുന്‍പില്‍ ബസ് നിര്‍ത്തി. സഹ യാത്രക്കാരോടൊപ്പം  ഞങ്ങളും അവിടെ ഇറങ്ങി ഓരോ ചായ കുടിച്ചു. കൊല്ലൂരില്‍ ഒരു ചായക്ക് ആറു രൂപയാണ്. എന്നാല്‍ ഈ ചായക്കടയില്‍ നല്ല ചായക്ക് മൂന്നു രൂപ മാത്രമേ ഉള്ളൂ. പിന്നീടുള്ള യാത്രയില്‍  ജന സംഖ്യ വളരെ കുറഞ്ഞ ഗ്രാമ പ്രദേശങ്ങള്‍, കുന്നുകള്‍, മലകള്‍, കശുവണ്ടിത്തോപ്പുകള്‍  എന്നിവ എല്ലാം കടന്നു സുമാര്‍ ഒരു മണിക്കൂര്‍ യാത്ര ചെയ്തു ബൈന്തൂരില്‍ എത്തി.




                                       

                   കൊല്ലൂര്‍ ബൈന്തൂര്‍ റോഡിലെ ഗ്രാമ പ്രദേശങ്ങള്‍

ബൈന്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലാണ് ഞങ്ങള്‍ ഇറങ്ങിയത്‌. അവിടെ ഞങ്ങളുടെ ബസ് എത്തുമ്പോള്‍ തന്നെ കുറച്ചു മലയാളികള്‍ ബസ്സും കാത്തു നില്‍പ്പുണ്ടായിരുന്നു. അടുത്തുള്ള ഒരു കടയില്‍ മുരുദേശ്വര്‍  പോകുന്നത് എങ്ങിനെ എന്നു ഞാന്‍ ചോദിച്ചു. കടക്കാരന്‍  റെയില്‍വേ സ്റ്റേഷന്‍ എന്നു പറഞ്ഞു റെയില്‍വേ റോഡിലേക്ക് കൈ ചൂണ്ടി. ഞങ്ങള്‍  റെയില്‍വേ റോഡിലൂടെ നടക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെ ബസ്സ്‌ കത്ത് നിന്നിരുന്ന പല മലയാളി കുടുംബങ്ങളും ഞങ്ങളുടെ പിന്നാലെ വരുവാന്‍ തുടങ്ങി. റോഡ്‌ നന്നേ വിജനമാണ്. അല്‍പ്പം നടന്നപോള്‍ ഒരു ചെറിയ പാലം കണ്ടു . പാലം കഴിഞ്ഞപ്പോള്‍ എതിരില്‍ ഒന്നു രണ്ട്  ഗ്രാമവാസികള്‍ വരുന്നുണ്ട്.  ഞാന്‍ വന്ന വഴിയെ തിരിഞ്ഞു  നോക്കിയപ്പോള്‍  പല മലയാളി യാത്രക്കാരും ഞങ്ങളുടെ പിറകെ വരുന്നത് കാണാന്‍ കഴിഞ്ഞു.  പാലത്തിനടിയില്‍ കൂടി റെയില്‍വേ ട്രാക്ക് കാണാം. അതു കൊങ്കണ്‍ റെയില്‍വേ ആണ്. പാലം കഴിഞ്ഞു റെയില്‍വേ ട്രാക്കിന് സമാന്തരമായി ഏതാണ്ട് ഒരു ഫര്‍ലോങ്ങ്‌ നടന്നപ്പോള്‍ വളരെ ചെറിയ ഒരു റെയില്‍വേ  സ്റ്റേഷന്‍ കണ്ടു.  



                                         ബൈന്തൂര്‍ റെയില്‍വേ  സ്റ്റേഷനിലേക്ക്

 
ഞങ്ങളുടെ പിന്നാലെ എത്തുന്ന മലയാളികള്‍ 

 
കൊങ്കണ്‍ റെയില്‍വേ ട്രാക്ക് 

 
മൂകാംബിക റോഡ്‌ , ബൈന്തൂര്‍

 
                         ബൈന്തൂര്‍ സ്റ്റേഷനിലെ വൈറ്റിംഗ് റൂം 
                            
                                 അക്ഷമയോടെ ബൈന്തൂര്‍ സ്റ്റേഷനില്‍
 

                                ഞങ്ങളുടെ യാത്രക്കുള്ള പാസ്സഞ്ചര്‍

സ്റ്റേഷനിലെ വൈറ്റിംഗ് ഷെറൂമിലും പ്ലാറ്റ് ഫോമിലുമായി കുറെ ജനങ്ങള്‍ നില്‍ക്കുന്നുണ്ട്. അവരില്‍ അധികവും മലയാളികള്‍ തന്നെ. എല്ലാവരും മുരുദേശ്വര്‍ പോകുവാന്‍ ഉള്ളവരാണ്. ഈ സ്റ്റേഷനില്‍  സ്റ്റേഷന്‍ മാസ്റ്റര്‍ ഇല്ല. ഇതു വഴി കടന്നു പോകുന്ന  "വെര്‍ണാ" പാസ്സഞ്ചര്‍ മാത്രമാണ്‌  ബൈന്തൂരില്‍ നില്‍ക്കുന്നത്. അതിനാല്‍ ആ സമയത്തു മാത്രം ഒരു സ്റ്റാഫ് അവിടെ എത്തി ടിക്കറ്റ് നല്‍കും. അവരുടെ കൈവശം ഒരു യാത്രക്കാരനുള്ള  നിറയെ ടിക്കറ്റുകള്‍ ഉണ്ടാകും. അതില്‍ ഡേറ്റ് സീല്‍ അടിച്ചു യാത്രക്കാര്‍ക്ക് നല്‍കും. ബൈന്തൂരില്‍ നിന്നും മുരുടേശ്വരിലേക്ക്  സുമാര്‍ നാല്‍പ്പത്തി അഞ്ചു കിലോമീറ്റര്‍ ദൂരമുണ്ട്. "വെര്‍ണാ" പാസ്സഞ്ചര്‍ രാവിലെ ആറു അന്‍പതിനു മാംഗ്ളൂരില്‍ നിന്നു പുറപ്പെട്ടു ഒന്‍പതു ഇരുപത്തി അഞ്ചിന് ബൈന്തൂരില്‍ എത്തും. രണ്ട് നിമിഷം മാത്രമാണ് അവിടെ നില്‍ക്കുന്നത്. മുരുടേശ്വരില്‍ പത്തരക്ക് എത്തുകയും ചെയ്യും.  ടിക്കറ്റ് ചാര്‍ജ് ഏഴു രൂപാ മാത്രം. കൃത്യ സമയത്ത്  ട്രെയിന്‍ എത്തി. ട്രെയിനില്‍ വലിയ തിരക്കുണ്ടായിരുന്നു. മുരുദേശ്വര്‍ സ്റ്റേഷനില്‍ എത്തും മുന്‍പു തന്നെ  വലിയ ശിവന്റെ ശില വളരെ ദൂരത്തില്‍ കാണാന്‍ സാധിച്ചിരുന്നു. അതാണ്‌  മുരുദേശ്വര്‍ ക്ഷേത്രം എന്നു പലരും ട്രെയിനില്‍ ഇരുന്നു കൊണ്ട് ചൂണ്ടി കാട്ടിയിരുന്നു.

 ഒരു തമിഴ് കുടുംബം നിറയെ ലഗേജുമായി ഞങ്ങള്‍ക്ക് മുന്‍പേ ഇറങ്ങുവാന്‍ ഉണ്ടായിരുന്നതിനാല്‍  ട്രെയിനില്‍ ഇറങ്ങുവാന്‍ കുറച്ചു പ്രയാസപ്പെടേണ്ടി വന്നു. സ്റ്റേഷന്‍ വിട്ടു വെളിയില്‍ വന്നപ്പോള്‍ നിറയെ ഓട്ടോ റിക്ഷാക്കള്‍ ക്യൂവില്‍ നിര്‍ത്തി വെച്ചിരിക്കുന്നത് കണ്ടു. അതില്‍ ഒന്നില്‍ ഞങ്ങള്‍ കയറി കൊച്ചി - പനവേല്‍ (മുംബൈ) റോഡിലുള്ള ബൈ പാസ് റോഡിലൂടെ  മുരുദേശ്വര്‍  ക്ഷേത്ര  സമീപം എത്തി. രണ്ട് കിലോമീറ്ററില്‍ അധികം ദൂരമുള്ള യാത്രക്ക് ഇരുപത്തി അഞ്ചു രൂപാകൂലി നല്‍കി.

   കൊച്ചി- പനവേല്‍ റോഡിലുള്ള മുരുദേശ്വര്‍ ബൈ പാസ് റോഡ്‌ 

 മുരുദേശ്വരില്‍ റൂമിനായി അധികം പ്രയാസപ്പെടേണ്ടി വന്നില്ല. മുരുദേശ്വര്‍ ബസ്‌ സ്റ്റാന്റിനു സമീപം ഉള്ള  കമ്മത്ത് ഹോട്ടലില്‍ അറനൂറു രൂപയ്ക്ക് റൂം വാങ്ങി തരാമെന്ന് പറഞ്ഞ് ഒരു ബ്രോക്കര്‍ ഞങ്ങളെ കൂട്ടി പോയി.  അവിടെ 500 രൂപാക്ക്  ഒരു റൂം വാങ്ങി തന്ന് 100 രൂപാ കീശയിലാക്കി ആ ബ്രോക്കര്‍ സ്ഥലം വിടുകയും ചെയ്തു. തല്ക്കാലം യാത്ര ക്ഷീണം മാറ്റിയിട്ടാകാം ക്ഷേത്ര ദര്‍ശനം എന്നു തീരുമാനത്തോടെ ഞങ്ങള്‍ റൂമിലേക്ക്‌ കയറി.

Saturday, January 15, 2011

കൊല്ലൂര്‍ / മുരുദേശ്വര്‍ യാത്ര - 2

കൊല്ലൂര്‍ ബസ്‌ സ്റ്റാന്റില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്ക് ഞങ്ങള്‍ പതുക്കെ നടന്നു. ഭക്ത ജനങ്ങള്‍ പലരും ബസ് വിട്ടിറങ്ങി ആട്ടോയില്‍ ക്ഷേത്രത്തിലേക്കു പോകുന്നുണ്ട്. ധാരാളം അയ്യപ്പ ഭക്തന്മാരും  വാനിലും മിനി ബസ്സുകളിലുമായി വന്നു പോകുന്നു.  കൊല്ലൂരില്‍ എത്തുന്ന ജനങ്ങളില്‍ അധികവും മലയാളികള്‍ തന്നെ.  

                               കൊല്ലൂര്‍ ബസ്‌സ്റ്റാന്റ് 

                               കൊല്ലൂര്‍ ബസ്‌സ്റ്റാന്റ് 




                         കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള വഴി 
            
ബസ്‌ സ്റ്റാന്റില്‍ നിന്നും ഏതാണ്ട് അര കിലോമീറ്ററോളം ദൂരം ക്ഷേത്രത്തിലേക്കുണ്ട് . കുറച്ചു ദൂരം നടന്നപ്പോള്‍ പലരും ലോഡ്ജ്ജുകളില്‍ റൂം ലഭിക്കാതെ അങ്ങും ഇങ്ങും അലയുന്നതായി മനസ്സിലായി. ഭാര്യയെയും മകളെയും കൊല്ലൂര്‍ ദേവസ്വം സത്രത്തിനു മുന്‍പില്‍ നിര്‍ത്തിയിട്ടു റൂമിന് വേണ്ടി ഒരു ശ്രമം നടത്തി. എല്ലാ ഹോട്ടലുകളിലും "no room" എന്ന വിവരമാണ്  ലഭിച്ചത്. എന്നാല്‍ പല വലിയ  ഹോട്ടലുകളിലും പന്ത്രണ്ടു മണിക്കൂറിന് നാലായിരം അഞ്ചായിരം രൂപ എന്നീ റേറ്റില്‍


                              കൊല്ലൂര്‍ ശ്രീ. ശങ്കര ആശ്രമം 

 റൂം തരാം എന്ന് പറയുന്നുമുണ്ട്. ക്ഷേത്ര റോഡിലുള്ള   ശ്രീ.
ശങ്കര ആശ്രമത്തിനു നേരെ എതിരിലെ   ചന്ദ്രാ ലോഡ്ജില്‍ റൂം ഉണ്ടെന്നും രാവിലെ എട്ടുമണി വരെ താമസിക്കുന്നതിനു 800 രൂപ മുതല്‍ 1000 രൂപ വരെ കൊടുത്താല്‍ മതിയെന്നും ഒരു അറിവ് ലഭിച്ചപ്പോള്‍ കുടുംബത്തെയും കൂട്ടി ചന്ദ്രാ ലോഡ്ജിലേക്ക് ചെന്നു. ചെക്ക്‌ ഔട്ട്‌ 12:30 Noon എന്നുള്ള ബോര്‍ഡ്‌ അവിടെ തൂക്കിയിട്ടുണ്ട്‌.  സ്വര്‍ണ്ണ പണിക്കാരനായ ചന്ദ്രാ  ലോഡ്ജ്ജു മാനേജരുമായി സംസാരിച്ച്‌  ഒരു രാത്രിക്ക് 800 രൂപക്ക്  ഒരു സിംഗിള്‍ റൂം എടുത്തു. ലോഡ്ജ്ജ്  മാനേജര്‍ നല്ലവണ്ണം മലയാളം സംസാരിക്കുന്നുണ്ട്.  വൈകിട്ട് മൂന്നു മണി മുതല്‍ ക്ഷേത്രം തുറന്നിരിക്കും എന്നും സുഖമായ ദര്‍ശനത്തിന് നാലു മണിക്ക്  അവിടേക്ക് പോകുന്നതാണ് നല്ലതെന്നും   ആറു കഴിഞ്ഞാല്‍  തിരക്ക് അധികമാകും  എന്നും  മാനേജര്‍ അറിയിച്ചു. കുളി കഴിഞ്ഞു നാലുമണിയോടെ ക്ഷേത്രത്തിലേക്കു ഞങ്ങള്‍ തിരിച്ചു.

ഞങ്ങള്‍ ക്ഷേത്രത്തില്‍ എത്തി. തിരക്ക് അധികം ഇല്ല. മൂകാംബിക ദേവിയെ ദര്‍ശിച്ചു, വണങ്ങി കുങ്കുമവും, അവിടുത്തെ പ്രസാദവും വാങ്ങി.  തിരക്ക് കുറവിലും നടയ്ക്കു  നേരെ അധിക സമയം നില്‍ക്കാന്‍ സന്ദര്‍ശകരെ  ആരെയും അനുവദിക്കുന്നില്ല.

                                  മൂകാംബികാ ക്ഷേത്ര നട  

                                          മൂകാംബികാദേവി പ്രതിഷ്ഠ
 

                     ക്ഷേത്ര ഗോപുരത്തിന് വെളിയില്‍ 
                     ക്ഷേത്ര ഗോപുരത്തിന് വെളിയില്‍
ക്ഷേത്ര ദര്‍ശനം കഴിഞ്ഞു ഞങ്ങള്‍ സൌപര്‍ണ്ണിക എന്ന പുഴയിലേക്ക് യാത്ര തിരിച്ചു. ക്ഷേത്രത്തിനു മുന്നില്‍ എത്തി കുറച്ചു ദൂരം സഞ്ചരിച്ചാല്‍ "സൌപര്‍ണ്ണിക പുഴയിലേക്കുള്ള വഴി" എന്ന് ഒരു ചെറിയ ബോര്‍ഡ് ഉണ്ട്. ആ വഴിയിലൂടെ നടന്നാല്‍  ഒരു വലിയ സ്കൂള്‍ കാണാം. സ്കൂള്‍ കഴിഞ്ഞാല്‍  വഴി ചെന്ന് അവസാനിക്കുന്നത് സൌപര്‍ണ്ണിക പുഴയിലാണ്. പുഴയുടെ അപ്പുറം വലിയ മലയും കാടുമാണ്.  പുഴയുടെ തീരത്ത് ഭക്ത ജനങ്ങളെ കാത്തു ധാരാളം കുരങ്ങുകള്‍ ഉണ്ട്. അവ ഉപദ്രവകാരികള്‍ ആണെന്ന് പറയപ്പെടുന്നു. ധാരാളം മൂകാംബിക ഭക്തന്മാരും, അയ്യപ്പ ഭക്തന്മാരും മറ്റും അവിടെ എത്തി തീര്‍ത്ഥസ്നാനം ചെയ്തു വരുന്നു. അതു കൊണ്ടു തന്നെ ഒഴുക്ക് കുറവാണെങ്കില്‍  ജലം മലിനമായി തീരും. 

                                  ഭക്തന്മാരുടെ  സൌപര്‍ണ്ണിക സ്നാനം               
                        സൌപര്‍ണ്ണികയില്‍               
                                 ഭക്തന്മാരുടെ  സൌപര്‍ണ്ണിക സ്നാനം 
                                  സൌപര്‍ണ്ണിക 

                                         കുരങ്ങന്‍ സമീപത്തില്‍ ഉള്ളത് അറിയാതെ         
   
സൌപര്‍ണ്ണിക പുഴയില്‍ കൈ കാല്‍ കഴുകിയ ശേഷം ആറു മണിയോടെ വീണ്ടും ക്ഷേത്രത്തിലേക്കു തിരിച്ചു.  അപ്പോഴേക്കും വലിയ തിരക്ക് അനുഭവപ്പെട്ടു. ക്ഷേത്രതിനുള്ളിലേക്ക് പോകാന്‍ ഭക്ത ജനങ്ങളുടെ വലിയ ക്യൂ കണ്ടപ്പോള്‍ ദര്‍ശനം  നേരത്തെ കഴിച്ചത് ഭാഗ്യമായി തോന്നി. ക്ഷേത്രത്തില്‍  സംഗീതം, ഭരതനാട്യം  എന്നിവ  അഭ്യസിച്ച കുട്ടികള്‍  അവരുടെ കലാ പ്രകടനങ്ങള്‍ നടത്തുന്നു. ദീപാരാധന സമയം ആയപ്പോള്‍ തമിഴ് ഭക്തരുടെ നേതൃത്വത്തില്‍ ദീപക്കാഴ്ച തെളിച്ചു.

                           
                                          ദീപ ആരാധനയ്ക്ക് വിളക്ക്
                                     
                         ദീപ ആരാധനയ്ക്ക് വിളക്ക്

ദീപാരാധനക്ക് ശേഷം അന്നദാനം ക്ഷേത്രത്തില്‍ പതിവാണ്. അന്നദാനത്തിന്  വലിയ ക്യൂ ഉണ്ട്. സുമാര്‍ മുപ്പതു നിമിഷത്തോളം ക്യൂവില്‍ നിന്ന ശേഷമാണ് അന്നദാന ഹാളിനുള്ളില്‍ കടക്കാന്‍  സാധിച്ചത്. അന്നദാനം കഴിഞ്ഞ ഉടന്‍ റൂമിലേക്ക്‌ മടങ്ങി. ലോഡ്ജിന്റെ മുന്‍പില്‍ ധാരാളം കാറുകള്‍. എല്ലാം കേരളത്തില്‍ നിന്നും വന്നിട്ടുള്ളതാണ്‌. കണ്ണൂര്‍, പയ്യന്നൂര്‍,  കാസര്‍കോട് എന്നീ  ഭാഗത്തു നിന്നുമാണ്  കൂടുതല്‍. 

 ക്ഷേത്രത്തില്‍ നിന്നും മടങ്ങുമ്പോള്‍ നല്ല തണുപ്പ് അനുഭവപ്പെട്ടു. കുറച്ചു സമയം ലോഡ്ജിന്റെ മുന്‍പില്‍ ഉള്ള ചെയറില്‍ ഇരുന്നു കൊണ്ട് അവിടെ വന്ന് റൂം ഉണ്ടോ എന്നു തിരക്കി പോകുന്ന ജനങ്ങളെ കണ്ടു കൊണ്ട് സമയം ചിലവഴിച്ചു. പലരും ഞാന്‍ ലോഗ്ജിന്റെ ഉടമ എന്നു തെറ്റിദ്ധരിച്ചു എങ്ങിനെ എങ്കിലും ഒരു റൂം തരപ്പെടുത്തി തരുവാന്‍ അപേക്ഷിച്ചു. ഞാന്‍ പിന്നീടു റൂം വേക്കന്റ് ഇല്ല എന്നു പലരോടും പറയുകയും ചെയ്തു.


അടുത്ത നാള്‍ ശ്രുംഗേരിക്കു പോകണം എന്നുദ്ദേശിച്ചു കൊണ്ട് അതിനുള്ള യാത്രാ സൗകര്യം ലോഡ്ജിന്റെ മാനേജരോട് തിരക്കി. കൊല്ലൂരില്‍ നിന്നും  നേരിട്ട് ബസ്സുകള്‍ കുറവാണ് എന്നും നിങ്ങള്‍ മുരുദേശ്വര്‍ ക്ഷേത്രത്തിലേക്കു പോകുന്നതാണ് നല്ലത് എന്നു പറഞ്ഞു. കൊല്ലൂരില്‍ നിന്നും ബൈന്തൂരിനു പോകാന്‍ രാവിലെ ഏഴു മണിക്ക് ബസ്  ഉണ്ടെന്നും അവിടെ നിന്നും ബസ് അല്ലെങ്കില്‍ ട്രെയിനില്‍ മുരുദേശ്വര്‍  എത്താന്‍ വിഷമം ഇല്ല എന്നും അദ്ദേഹം അറിയിച്ചു. ഞങ്ങളെ രാവിലെ തന്നെ അവിടെ നിന്നും യാത്രയാക്കിയാല്‍ ലോഡ്ജില്‍ രാവിലെ വരുന്ന ഭക്തര്‍ക്ക്‌ റൂം നല്‍കി  പണം സമ്പാദിക്കാം  എന്ന ഉദ്ദേശം തന്നെയാണ് അദ്ദേഹത്തിന് എന്നു ഞാന്‍ മനസ്സിലാക്കി. 
തുടര്‍ന്നു അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ അവധി സമയങ്ങളില്‍ തിരക്ക് കൂടുമ്പോള്‍ ഹോട്ടലുകളില്‍  "NO ROOM" എന്ന ബോര്‍ഡ്‌ ഉപയോഗിക്കുന്ന തന്ത്രം കൊല്ലൂരില്‍ സര്‍വ്വ സാധാരണം എന്ന് അദ്ദേഹം സമ്മതിച്ചു. രാത്രി പത്തര മണിക്ക് റൂമിലേക്ക്‌ പോയി മൂകാംബിക ദേവിയെ മനസ്സില്‍ ഉറപ്പിച്ചു കൊണ്ട്  ഉറങ്ങാന്‍ കിടന്നു.


  

                                                                                         


 




   
        

Wednesday, January 5, 2011

കൊല്ലൂര്‍ / മുരുദേശ്വര്‍ യാത്ര -1

23-12- 2010 വൈകിട്ട്  വ്യാഴാഴ്ച  അഞ്ചു മണിക്ക് ഞാനും കുടുംബവും  കൊല്ലൂരിലേക്കുള്ള യാത്രയുടെ തുടക്കം    ചെന്നൈയില്‍  നിന്നും ഞങ്ങള്‍ മാംഗ്ളൂര്‍ എക്സ്പ്രസ്സില്‍ ആരംഭിച്ചു.  സെക്കണ്ട്  ക്ലാസ്  ഏ. സി. കോച്ചിലെ  യാത്ര വളരെ സുഖകരം തന്നെ എങ്കിലും സഹയാത്രികര്‍ പരസ്പരം സംസാരിക്കാന്‍  മുതിരുന്നില്ല എന്നത്  ഒട്ടും തന്നെ തൃപ്തികരം അല്ല. ഫ്രഞ്ച് താടിയും കണ്ണടയും വെച്ചിരുന്ന സഹയാത്രികന്‍ മൊബൈല്‍ ഫോണില്‍ വന്ന ഒരു ഒഫിഷ്യല്‍ മെസ്സേജ്,  മൊബൈല്‍ വെച്ചു ഗെയിംസ് കളിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ  ഭാര്യ കൃത്യ സമയത്ത് അദ്ദേഹത്തെ അറിയിക്കാത്തതിനെ തുടര്‍ന്നു  ഇംഗ്ലീഷില്‍ ഭാര്യയോട്‌ കയര്‍ക്കുന്നത് കാതില്‍ വീണു. ഇനി എന്റെ മൊബൈലില്‍ തൊടരുത് എന്നു ഒരു മുന്നറിയിപ്പും.  കര്‍ട്ടന്‍ പതുക്കെ നീക്കി ഞങ്ങള്‍ ഈ ശകാരം  കേള്‍ക്കുന്നുണ്ടോ എന്നു അദ്ദേഹത്തിന്റെ ഭാര്യ ഞങ്ങളെ ശ്രദ്ധിക്കുന്നത് കണ്ടു. അവരുടെ മകന്‍ പന്ത്രണ്ടു വയസ്സ് തോന്നിക്കുന്ന ഗോവിന്ദ്  ഞങ്ങളെ  ശ്രദ്ധിക്കുകയോ, ഒന്നു പുഞ്ചിരിക്കയോ ചെയ്യാതെ കംപാര്‍ട്ട്മെന്റില്‍ ഒരു യന്ത്രം പോലെ പെരുമാറുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി. ഞങ്ങള്‍ രാത്രിയില്‍ സുഖമായി ഉറങ്ങി. അഞ്ചു മണിയോടെ ഉറക്കം മതിയാക്കി (സഹയാത്രികന്റെ ഭാര്യ) മാഡം എഴുനേറ്റു. ലൈറ്റ് ഇട്ടുകൊള്ളൂ എന്നു ഞാന്‍ അങ്ങോടു പറഞ്ഞു. അത്ഭുതം!  എനിക്ക് ഒരു താങ്ക്സ് പറഞ്ഞു കൊണ്ടു മുഖം കഴുകി വന്നു ഇംഗ്ലീഷ് നോവല്‍ വായിക്കാന്‍ തുടങ്ങി. പയ്യന്നൂര്‍ വന്നതും അവര്‍ മൂവരും ഇറങ്ങി.

                 

ട്രെയിനില്‍ ഇരുന്നു കൊണ്ടു തന്നെ കേരളത്തിന്റെ ദൃശ്യ ഭംഗികള്‍ കുറയൊക്കെ ക്യാമറയില്‍ പകര്‍ത്തി. വടക്കേ മലബാറിന്റെ പ്രകൃതി ഭംഗികള്‍ ആസ്വദിക്കാന്‍ കിട്ടിയ അവസരം ഒട്ടും തന്നെ പാഴാക്കാന്‍ ഞങ്ങള്‍  തയ്യാറായില്ല.  പ്രഭാത കര്‍മ്മങ്ങള്‍  കഴിഞ്ഞു ആ   മനോഹരമായ  പ്രകൃതി ഭംഗികള്‍ ആസ്വദിച്ചു







                  










                  
           ട്രെയിനില്‍ നിന്നും  പ്രഭാതത്തില്‍ എടുത്ത വടക്കന്‍ കേരളത്തിലെ ചില ദൃശ്യങ്ങള്‍ 

 കൊണ്ടിരുന്നു. ഞങ്ങളുടെ ട്രെയിന്‍  ഒരു മണിക്കൂര്‍ വൈകി (ഡിസംബര്‍ 24) രാവിലെ പത്തു മണിക്ക് മാംഗ്ലൂരില്‍ എത്തിച്ചേര്‍ന്നു.  റെയില്‍വേ സ്റ്റേഷനിലെ റെസ്റ്റോറന്‍റ്റില്‍ ലഘു ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ റെയില്‍വേ സ്റ്റേഷന്‍ വിട്ടു വെളിയില്‍ എത്തി.


 
                                 മാംഗ്ലൂര്‍ റെയില്‍വേ സ്റ്റേഷന്‍
 കൊല്ലൂരിലേക്ക് പോകാന്‍ ബസ്‌സ്റ്റാന്റില്‍ പോകണം എന്ന് ഒരു ഓട്ടോ ഡ്രൈവറോട്‌ പറഞ്ഞു. അദ്ദേഹം സ്റ്റേഷനില്‍ പാര്‍ക്കു ചെയ്തിരുന്ന ഒരു പ്രൈവറ്റ്  ബസ് ചൂണ്ടി കാട്ടി ആ ബസ്‌ കൊല്ലൂരിലേക്ക് ഉള്ളതാണ് എന്ന് പറഞ്ഞു. ഞങ്ങള്‍ ആ ബസ്സില്‍ കയറി സൈഡ് സീറ്റ് പിടിച്ചു. പതിനൊന്നു മണിക്ക് പുറപ്പെട്ട ബസ്‌   മാംഗ്ലൂര്‍ ബസ്‌ സ്റ്റാന്റില്‍  എത്തി യാത്ര തുടര്‍ന്നു. ബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അധികവും മലയാളികള്‍ തന്നെ. തുടര്‍ന്നു ഒരു ആഴ്ച്ചയോളം  കൃസ്തുമസ് അവധിക്കാലം ആയതിനാല്‍  തിരക്ക് അധികം കാണപ്പെട്ടു. ബസ് സാമാന്യം സ്പീഡില്‍ തന്നെയാണ് പൊയ്ക്കൊണ്ടിരുന്നത്. 128 കിലോ മീറ്റര്‍ ദൂരമാണ് മാംഗ്ലൂരില്‍ നിന്നും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക്.  മനോഹരമായ  പ്രകൃതി ഭംഗികള്‍ നിറഞ്ഞ പ്രദേശങ്ങള്‍, പുഴകള്‍,   വീടുകള്‍,    തെങ്ങും പ്ലാവും മാവും നിറഞ്ഞു നില്‍ക്കുന്ന കേരളം പോലെ തന്നെ എന്ന അനുഭവം ഉണ്ടായി.



                     ബസ്സില്‍ ഇരുന്നു എടുത്ത ദൃശ്യങ്ങള്‍
  
സുമാര്‍ മുപ്പതു  നിമിഷത്തില്‍  മുല്‍ക്കി എന്ന ടൌണില്‍ എത്തി. അവിടെ നിന്നും മുപ്പത്തി അഞ്ചു  നിമിഷം  കഴിഞ്ഞപ്പോള്‍ ബസ്‌ ഉടുപ്പിയില്‍ എത്തി. അവിടെ അഞ്ചു നിമിഷം ബസ്‌ നിര്‍ത്തിയ ശേഷം യാത്ര തുടര്‍ന്നു.  പകല്‍ കൃത്യം  രണ്ടര മണിക്ക് കൊല്ലൂരില്‍ എത്തി. വിദ്യാ പ്രദായിനിയായ സരസ്വതീ ദേവി കുടി കൊള്ളും കൊല്ലൂരിലെ പുണ്യ ഭൂമിയില്‍ എന്റെ  വലതു  കാല്‍ വെച്ച് ബസ്സില്‍ നിന്നും ഇറങ്ങി. 



Monday, December 6, 2010

ശാസ്ത്രജ്ഞന്റെ ഭയം

മിക്ക ദിവസങ്ങളിലും പുലര്‍ച്ച നാലു മണിക്ക് ഒരു സ്പീഡ് വാക്കിംഗ് പതിവുണ്ട്. ഡിസംബറിന്റെ തുടക്കം മഴ ആയിരുന്നതു കൊണ്ട് അന്ന് നല്ല തണുപ്പ് തോന്നിച്ചു. അതു കൊണ്ട് തലയില്‍ ഒരു തോര്‍ത്ത്‌ കെട്ടിയാണ് അന്ന് നാലുമണിക്ക് നടക്കാന്‍ ഇറങ്ങിയത്‌. ടൌണ്‍ ഷിപ്പിലെ DAE സ്കൂള്‍ റോഡില്‍ അന്ന് എന്തു കൊണ്ടോ സ്ട്രീറ്റ് ലൈറ്റ് പ്രവര്‍ത്തിച്ചിരുന്നില്ല. ഞാന്‍ നടക്കുമ്പോള്‍ എന്റെ എതിര്‍ ദിശയില്‍ നിന്നും സാധാരണ നടക്കാന്‍ വരാറുള്ള ശാസ്ത്രജ്ഞനായ എന്റെ ഒരു സുഹൃത്ത്‌ വരുന്നത് കണ്ടു. ഞാന്‍ അടുക്കും തോറും സുഹൃത്തിന്റെ നടപ്പിനു വേഗത കുറയുന്നതു പോലെ ഒരു തോന്നല്‍. അദ്ദേഹത്തിന്റെ തയക്കം എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. 

ഞാന്‍ ഒരു ലോഹ്യം എന്നോണം ഇന്നെന്തു പറ്റി വളരെ നേരത്തെ ഇറങ്ങിയോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പെട്ടെന്ന് പറഞ്ഞു.
ഇതെന്തു പണിയാ സുഹൃത്തേ ? താന്‍ എന്നെ ശരിക്കും  ഭയപ്പെടുത്തിയല്ലോ!   എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം നടന്നു നീങ്ങി.
അദ്ദേഹം ഭയപ്പെടുവാന്‍ ഉണ്ടായ കാരണം മനസ്സിലാക്കുവാന്‍ അധിക നേരം വേണ്ടി വന്നില്ല. ഞാന്‍ ഒരു നീല നിറ പാന്റും പച്ച നിറ ഷര്‍ട്ടും ധരിച്ചു, വെള്ള നിറ തോര്‍ത്ത്‌ തലയിലും കെട്ടിയപ്പോള്‍ ഇരുട്ടില്‍ ഞാന്‍ തലയില്‍ കെട്ടിയിരുന്ന തോര്‍ത്തിന്റെ വെളുപ്പ്‌ നിറം മാത്രം നീങ്ങുന്നത്‌ കണ്ടു അദ്ദേഹം ഭയന്നതാണ് എന്ന് മനസ്സിലായി.
 ശാസ്ത്രജ്ഞനും മനുഷ്യനല്ലേ!