Thursday, December 20, 2012

പര്‍വതമല യാത്ര (A trip to Parvathamalai)



   തമിഴ് നാട്ടിലെ  തിരുവണ്ണാമല ജില്ലയില്‍ ചെങ്കം - പോളൂര്‍  റോഡിലുള്ള  കടലാടിവനത്തിലാണ്  പര്‍വതമല സ്ഥിതി ചെയ്യുന്നത്.  ഈ മലയെ മരകതാംബിക  എന്നും   പറയപ്പെടുന്നുണ്ട്.  മലയിലുള്ള  ചെങ്കുത്തായ പാറമലയെ കടപ്പാരമല എന്ന് അറിയപ്പെടുന്നു. മലമുകളില്‍  ഒരു ക്ഷേത്രം ഉണ്ട്. സുമാര്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് സിദ്ധര്‍കളാല്‍  പ്രതിഷ്ഠിക്കപ്പെട്ടതാണ്  ഈ ക്ഷേത്രം എന്നും AD 300- കാലത്ത് വാണിരുന്ന  രാജാവ് മാമന്നന്‍  ഈ ക്ഷേത്രത്തില്‍ അടിക്കടി ദര്‍ശനം ചെയ്തിരുന്നു എന്നും പറയപ്പെടുന്നു. ഇപ്പോള്‍ പുതിയ  ക്ഷേത്രത്തിന്റെ പണികള്‍ നടന്നുവരുന്നു. അവിടെ ശിവന്‍, പാര്‍വതി, മുരുകന്‍,  ഗണപതി എന്നീ പ്രതിഷ്ഠകളാണുള്ളത്.

 മലയിലേക്കു ട്രക്കിംഗ് പോകുന്നവര്‍ക്ക്  പ്രധാനമായി രണ്ടു  വഴികളാണ് ഉപയോഗിക്കുവാനുള്ളത്.  തെന്‍മാദിമംഗലം, കടലാടി എന്നീ സ്ഥലങ്ങളില്‍ എത്തി അവിടെ നിന്നും  മലയിലേക്കു കയറാവുന്നതാണ്.  
 
 15-12-2012 ശനിയാഴ്ച പത്തു മണിക്ക് ഞാനും എന്റെ മകനും  സുഹൃത്തുക്കളും കൂടി കടലാടിയില്‍ നിന്നും മലയിലേക്കു കയറി .
 വളരെ അകലെ പര്‍വതമല  കണ്ടു  കൊണ്ട് ഗ്രാമം വഴി മുന്നോട്ട് നീങ്ങി. ഒന്നര കിലോമീറ്റര്‍ ദൂരം ചെല്ലുമ്പോള്‍ ഒരു ആശ്രമം കാണാം. ഈ ആശ്രമത്തില്‍ ഭക്തര്‍കള്‍ക്ക് അന്നദാനം  നല്‍കുന്നുണ്ട് എന്നാണ് അറിവ്.   ആശ്രമത്തിന്റെ മുന്നില്ലൂടെ അല്പദൂരം ചെന്നാല്‍ മലയിലേക്കുള്ള തുടക്കമായി. വനത്തിന്റെ തുടക്കത്തില്‍ ഒരു ഗണപതിയുടെ  പ്രതിഷ്ഠയും ശിവലിംഗവും ഉണ്ട്.  ചെമ്മണ്‍  പാതയിലൂടെ  നീങ്ങി പുല്ലുകളും പാറകളും മരങ്ങളും   നിറഞ്ഞ  വനപ്രദേശത്തിലൂടെ നടന്നു നീങ്ങി.   പകലില്‍  ധാരാളം ആടുകള്‍  ഈ വനപ്പകുതിയില്‍ മേയുന്നുണ്ടാവും.   സന്ധ്യയാകുമ്പോള്‍ ആ ആടുകള്‍ മലയടിവാരത്തിലേക്ക് തനിയെ മടങ്ങുകയും ചെയ്യും. അങ്ങുമിങ്ങും വിറകു വെട്ടുന്ന ചിലരെയും  ആടുകളെ മേയ്ക്കുന്നവരെയും കാണുവാന്‍ സാധിച്ചു.   മലയിലുള്ള  ക്ഷേത്ര ദര്‍ശനം കഴിഞ്ഞു  ഒറ്റയ്ക്കും കൂട്ടമായും  ഭയമില്ലാതെ മലയിറങ്ങുന്ന സ്ത്രീകളെ  അത്ഭുതത്തോടെയാണ്   കാണാന്‍ കഴിഞ്ഞത്. 


                                           കടലാടിയില്‍  നിന്നും  പര്‍വതമലയുടെ ദൃശ്യം


                                           കടലാടിയില്‍  നിന്നും  പര്‍വതമലയിലേക്ക് 
                              വനത്തിന്റെ തുടക്കത്തില്‍ ഗണപതി, ശിവലിംഗ പ്രതിഷ്ടയും 

                            പുല്ലുകളും മരങ്ങളും നിറഞ്ഞ വനത്തിലൂടെ പര്‍വതമലയിലേക്ക്

                                                 മലയുടെ തുടക്ക ഭാഗത്തുള്ള പുല്‍ക്കാട്

                                                 പുല്‍ക്കാട്ടിലൂടെ മലയിലേക്കുള്ള യാത്ര

                                                         പാറകള്‍ നിറഞ്ഞ വഴി



                                                           പാറകള്‍ നിറഞ്ഞ വഴി





                                                    പര്‍വതമലയുടെ മുകളിലേക്ക്

                                        കടപ്പാര മലയിലൂടെ പര്‍വതമലയുടെ മുകളിലേക്ക്

ആറു ചെറിയ  മലകള്‍ കടന്നു വേണം പര്‍വതമലയുടെ മുകളില്‍ എത്തുവാന്‍.  മലകളുടെ നാലില്‍ മൂന്നു ഭാഗം കൊടുംവനമാണ്. മലയുടെ മുകളിലുള്ള വലിയ ചെങ്കുത്തായ   പാറകളിലൂടെ യാത്ര ചെയ്യുന്നത്  കഠിനം തന്നെയാണ് . പാറകളില്‍ കടപ്പാരയും , കമ്പികളും  അടിച്ചിറക്കി അതില്‍ ചങ്ങലയും ഘടിപ്പിച്ചിട്ടുണ്ട്.  ഇവയില്‍ പിടിച്ചു കൊണ്ട് പാറയുടെ മുകളിലേക്ക് കയറുവാന്‍  സാധിക്കും . ചെങ്കുത്തായ പാറയില്‍ റയിലിന്റെ പാളം,  പാലം പോലെ ഘടിപ്പിച്ചിട്ടുണ്ട്.  കടലാടിയില്‍ നിന്നും മലയുടെ അഗ്രഭാഗത്തു എത്തുവാന്‍ അഞ്ചു മണിക്കൂര്‍ സമയം എടുത്തു. മലയുടെ മുകളില്‍ കുളിര്‍ കാറ്റ് ശക്തിയായി വീശിയിരുന്നു. മലയില്‍ നിന്നുകൊണ്ട് ചുറ്റും വീക്ഷിച്ചാല്‍ കണ്ണിനു കുളിര്‍മ  ഉണ്ടാക്കുന്ന കാഴ്ചകള്‍ നമ്മെ കൂടുതല്‍ ആനന്ദത്തില്‍  എത്തിക്കുന്നു. വിവിധ തരത്തിലുള്ള പാറകള്‍, പാറകള്‍ക്ക്  ഇടയിലൂടെ  വളര്‍ന്നു നില്‍ക്കുന്ന  പച്ച മരങ്ങള്‍, ചെറിയ കുന്നുകള്‍ എന്നിവ വളരെ ആകര്‍ഷകമായി തോന്നും.  

 ക്ഷേത്ര ദര്‍ശനം കഴിഞ്ഞു ഞങ്ങള്‍ കരുതിയിരുന്ന ആഹാരം കഴിച്ച ശേഷം കൃത്യം നാലുമണിക്ക് മലയിറങ്ങുവാന്‍ തുടങ്ങി. മലയുടെ ഏതാണ്ട് പകുതി ഭാഗത്തു നിന്നും പിരിഞ്ഞു പോകുന്ന   തെന്‍മാദിമംഗലം വഴിയാണ്  മലയിറങ്ങിയത്. ധാരാളം ഭക്തര്‍കള്‍ മലയിലേക്കു എത്തിയിരുന്നു. ഈ  കൊടുംവനത്തില്‍ ഇലക്ട്രിസിറ്റിയില്ല.  കുറ്റാകുറ്റിരിട്ടിലും ഈ കൊടുംവനത്തിലൂടെ ഒരു വിശ്വാസത്തിന്റെ പേരിലുള്ള ഭക്തരുടെ യാത്ര നമ്മെ തികച്ചും  ആശ്ചര്യപ്പെടുത്തുന്നതാണ് 

                         മലയില്‍ നിന്നുകൊണ്ട് ആസ്വദിക്കാവുന്ന  കാഴ്ചകള്‍ 

                         മലയില്‍ നിന്നുകൊണ്ട് ആസ്വദിക്കാവുന്ന  കാഴ്ചകള്‍

                                                     മിസ്റ്റര്‍. ആനന്ദന്‍ പാരയുടെ മുകളില്‍ 

                                                                   മിസ്റ്റര്‍. ബാലാജി 

                              ബാലാജി , മുരുകന്‍, മണി , പഥാന്‍ , അനീഷ്‌ 
 

                                                          മലയുടെ മുകളില്‍ ക്ഷേത്രം

                                        മലയില്‍ വിശ്രമത്തിനായി ഒരു കല്‍മണ്ഡപം

                                            രണ്ടു പാറകള്‍ക്കിടയിലൂടെ മല മുകളിലേക്ക്

  പകലില്‍ മല കയറി വൈകിട്ട്  മടങ്ങുന്ന ഭക്തരെക്കാള്‍ കൂടുതലും രാത്രിയില്‍ മലകയറി അര്‍ദ്ധരാത്രിയിലെ  പൂജ കണ്ടു മടങ്ങി  പുലര്‍ച്ചയില്‍ അടിവാരത്തില്‍ എത്തുന്നവരാണ്.   എഴുപതിലേറെ  പ്രായമുള്ള അമ്മുമ്മമാരും അപ്പുപ്പന്മാരും ഇവിടെയെത്തി ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന കാഴ്ച നമുക്ക് അത്ഭുതത്തോടു മാത്രമേ കാണുവാന്‍ സാധിക്കുക്കയുള്ളൂ

 എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും  പൌര്‍ണ്ണമി  തുടങ്ങിയ  വിശേഷ ദിവസങ്ങളിലും  ഈ ക്ഷേത്രത്തിലേക്ക് ഭക്തരുടെ പ്രവാഹം ഉണ്ടാകും. അതിനാല്‍  ഈ ദിവസങ്ങളില്‍  വനത്തില്‍ പലയിടങ്ങളിലും  താല്‍ക്കാലിക കടകളും  ഉണ്ടാകും. മറ്റു സാധാരണ ദിവസങ്ങളില്‍ കടകള്‍ ഉണ്ടാവുകയില്ല.  ക്ഷേത്രത്തിന്റെ പണിക്കായി ഭക്തര്‍കള്‍ പലരും  രണ്ടു മുതല്‍ നാല് കിലോ വരെയുള്ള സിമിന്റ് പായ്ക്കറ്റുകള്‍, രണ്ടോ അതിലധികമോ  ചെങ്കല്ലുകള്‍  മലയിലേക്കു എടുത്തു   ചെല്ലുന്നുണ്ട്.   ഇന്നുവരെ ദുഷ്ട മൃഗങ്ങളെയോ, വിഷ ജന്തുക്കളുടെ  ഉപദ്രവമോ, അപകട മരണമോ  ഉണ്ടായതായി അറിവില്ല. വാനരന്മാരുടെ സാന്നിദ്ധ്യം ക്ഷേത്ര പരിസരത്തുള്ള വന പ്രദേശത്തു  ധാരാളം ഉണ്ട്.
 


                                           പാറകള്‍ക്കിടയിലൂടെ നടന്നു പോകേണ്ട വഴി

                                                  മലമുകളിലെ പണിനടക്കുന്ന ക്ഷേത്രം

                                                                 സ്വാമി ദര്‍ശനം

മലയുടെ മുകളില്‍  

                                                                        മലയിറക്കം

                                                                     മലയിറക്കം

                                                                       മലയിറക്കം

തെന്മാദിമംഗലം വഴി പോകുമ്പോള്‍   വനം അവസാനിക്കുന്ന  ഭാഗത്ത്  1800- പടികള്‍ കെട്ടി  യാത്ര  സുഗമമാക്കിയിട്ടുണ്ട്. മലയടിവാരത്തില്‍ നിന്നും സുമാര്‍ അഞ്ചു  കിലോമീറ്റര്‍  നടന്നാല്‍ ഫോറെസ്റ്റ്  ഡിപ്പാര്‍ട്ടുമെന്‍റ്  ചെക്ക്  പോസ്റ്റുണ്ട്.  അവിടെ ചില കടകള്‍ പ്രവര്‍ത്തിക്കുണ്ട്. വീണ്ടും  അഞ്ചു കിലോമീറ്ററോളം  നടന്നാല്‍ തെന്‍മാദിമംഗലത്തെത്താം.  മലയിറങ്ങി തെന്‍മാദിമംഗലത്തെത്താന്‍ മൂന്നര മണിക്കൂര്‍ സമയമെടുത്തു.  വളരെ സാഹസീകത നിറഞ്ഞ ഈ യാത്ര വളരെ നല്ല ഒരു അനുഭവം തന്നെയാണ് എന്നതിന് സംശയം ഇല്ല.

(ചെങ്കത്തുനിന്നും, പോളൂരില്‍  നിന്നും  കടലാടിയിലും   തെന്മാദിമംഗലത്തും എത്തുവാന്‍ രാത്രി പത്തു മണി വരെ  അരമണിക്കൂര്‍ ഇടവിട്ട്‌ ബസ് സൗകര്യം ഉണ്ട്. പോളൂരില്‍ നിന്നും ചെന്നൈ, വേലൂര്‍, കാഞ്ചീപുരം , തിരുവണ്ണാമലൈ, വിഴുപ്പുറം ഭാഗത്തേക്ക് ബസ് സൗകര്യം ഉണ്ട്. മല കയറുവാന്‍ ആഗ്രഹിക്കുന്നവര്‍ കുടിവെള്ളം, ഭക്ഷണം എന്നിവ  കൊണ്ടു പോകണം.     വീഡിയോ കാണുവാന്‍ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.)


Link for Vedios:
http://youtu.be/mxKDmoGUYc4http://youtu.be/Jl2c0HI1cTs
http://youtu.be/7bb0ibBwS_g
http://youtu.be/qGSH6Fv0BQs
http://youtu.be/469HGbIUIo0
http://youtu.be/sGJa2fgx-H8


Sunday, December 2, 2012

കുമളിയില്‍ നിന്നും ഗവി വഴി ഒരു യാത്ര

23-11-2012 രാവിലെ അഞ്ചു മുപ്പതു മണിക്ക്  കുമളിയില്‍ നിന്നും KSRTC -യുടെ ഗവി  വഴി പത്തനംതിട്ടയ്ക്കുള്ള ബസ്സില്‍ യാത്ര ആരംഭിച്ചു. വണ്ടിപ്പെരിയാര്‍, വള്ളക്കടവ്, ഗവി, പമ്പാഡാം, ആനത്തോട് , കക്കിഡാം,  മൂഴിയാര്‍, ആങ്ങമൂഴി, സീതത്തോട്‌,  ചിറ്റാര്‍, വടശേരിക്കര,  മണ്ണാരക്കുളഞ്ഞി വഴി ബസ്  പതിനൊന്നു മണിക്കാണ് പത്തനംതിട്ടയില്‍ എത്തുന്നത്. 
കുമളിയില്‍ നിന്നും വള്ളക്കടവ് എത്തുന്നതു വരെ യാത്രയുടെ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. വള്ളക്കടവ് ഫോറെസ്റ്റ് ചെക്ക് പോസ്റ്റില്‍ കണ്ടക്ടര്‍ ഇറങ്ങി വനത്തിലേക്ക് ബസ് പ്രവേശിക്കുന്നതിനു മുന്‍പ് രജിസ്റ്ററില്‍ ഒപ്പുവെച്ചിട്ടാണ് യാത്ര തുടര്‍ന്നത്.
 
 Kumali to Pathanamthitta via Gavi























                                     മൂഴിയാര്‍ പവര്‍ പ്രോജക്ടിലേക്കുള്ള വാട്ടര്‍ പൈപ്പുകള്‍ 










വളരെ മനോഹരവും പ്രകൃതി രമണീയവുമായ വന കാഴ്ചകള്‍ ആസ്വദിക്കുവാന്‍ ഈ യാത്ര വളരെ സഹായിക്കുന്നുണ്ട്. കാട്ടിനുള്ളില്‍ ജീവിക്കുന്ന ധാരാളം അഭയാര്‍ത്ഥികളായ ശ്രീലങ്കന്‍ തമിഴരും കുറച്ചു  മലയാളികളും ഫോറെസ്റ്റ്  ഡിപ്പാര്‍ട്ടുമെന്റ്  ജീവനക്കാരും ഈ ബസ്സില്‍ യാത്രക്കാരായി എത്തുന്നുണ്ട്. ഗവിയില്‍ എത്തുന്നതിനു മുന്‍പ് കാട്ടുപാതയില്‍ മൂന്നു നാല് കുട്ടികളെ കണ്ടു. അവര്‍ വനത്തില്‍ ജീവിക്കുന്നവരാണ് എന്ന് കാഴ്ചയില്‍ തന്നെ മനസിലായി. ഗവിയില്‍ ഒന്ന് രണ്ടു ആട്ടോറിക്ഷയും കണ്ടിരുന്നു. ഗവിയില്‍ ടൂറിസ്റ്റുകള്‍ക്കുള്ള  സൌകര്യങ്ങള്‍  ഉണ്ട്. രാവിലെ ആറുമണി മുതല്‍ വനപാതയില്‍ പ്രവേശനത്തിനു അനുവാദം ഫോറെസ്റ്റ്  ഡിപ്പാര്‍ട്ടുമെന്റ്  നല്‍കും. വൈകിട്ട് ആറുമണിക്ക് ശേഷം പ്രവേശനം അനുവദിക്കുകയില്ല  എന്നാണ് മനസിലാക്കുവാന്‍ കഴിഞ്ഞത്.  ഗവിക്കു സമീപം  കേരള ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പേരില്‍ നടത്തുന്ന ഒരു കാന്റീന്‍ ഉണ്ട്. ബസ്  അവിടെ നിര്‍ത്തി. ആന, കടുവ തുടങ്ങിയ കാട്ടുജീവികള്‍ ആ ഭാഗത്ത് ധാരാളം ഉണ്ടെന്നും രാത്രിയില്‍ അവയുടെ വിഹാരകേന്ദ്രമാണ് അവിടം എന്നും കാന്റീന്‍ ജീവനക്കാര്‍ പറഞ്ഞു . കാന്റീനില്‍ നിന്നും  പൂരിയും കിഴങ്ങുകറിയും കഴിച്ച്   ഒരു ചൂട് ചായയും കുടിച്ച ശേഷം യാത്ര തുടര്‍ന്നു. 




                           ഈ ഫോട്ടോ ശ്രദ്ധിച്ചാല്‍ പെണ്‍ മയിലിനെയും ഒപ്പം അതിന്റെ
                                           രണ്ടു കുട്ടികളെയും റോഡില്‍ കാണാം .






                      കുമളിയില്‍ നിന്നും പത്തനംതിട്ടയ്ക്കും  പത്തനംതിട്ടയില്‍ നിന്നും കുമളിക്കും 
                                             പോകുന്ന ബസ്സുകള്‍ വന മദ്ധ്യത്തില്‍ ക്രോസ് ചെയ്യുന്നു. 


വള്ളക്കടവ് ചെക്ക്പോസ്റ്റ്  കഴിഞ്ഞാല്‍  ആങ്ങമൂഴിയില്‍ എത്തും വരെ കൂടുതല്‍  വാഹനങ്ങള്‍  യാത്രയില്‍ കാണുവാന്‍ സാധിക്കുക പ്രയാസം ആണ്. എന്നാല്‍ പത്തനംതിട്ടയില്‍ നിന്നും കുമളിയിലേക്ക് പോകുന്ന KSRTC- യുടെ ബസ് ഈ റോഡില്‍ കൂടി പോകുമ്പോള്‍ ബസിനുള്ളിലെ യാത്രക്കാര്‍ക്ക് ഒരു സന്തോഷം ഉണ്ടാകുന്ന കാഴ്ച കാണുവാന്‍ സാധിക്കും. 










വനത്തിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന കാട്ടു പാതയില്‍ പലയിടത്തും പേരിനു മാത്രമാണ് റോഡ്‌. ചെറിയ കാട്ടു പാതയിലൂടെ പോകുന്ന ബസ് കാത്തു നില്‍ക്കുന്ന പലരെയും കണ്ടു അത്ഭുതപ്പെട്ടുപോയി. പമ്പാ ഡാമിലൂടെയും  കക്കി ഡാമിലൂടെയും  ബസ്സ് കടന്നു പോകുമ്പോള്‍ വളരെ മനോഹരമായ അനുഭവം ആണ് ഉണ്ടാവുക. ബസ് പോകുമ്പോള്‍  റോഡരികില്‍ നിന്നും വനത്തിനുള്ളിലേക്ക് ഓടി മറയുന്ന  ധാരാളം കാട്ടുകോഴികളെ കാണാന്‍ സാധിച്ചു. മയിലുകള്‍ അതിന്റെ കുട്ടികളുമായി റോഡരികില്‍ വിരഹിക്കുന്നതും ബസ് വരുമ്പോള്‍ ഒതുങ്ങുന്നതും രസകരമായിരുന്നു. മലഅണ്ണാന്‍, കാട്ടുപന്നി, വാനരന്മാര്‍ എന്നിവരെയും നമുക്ക് കാണാന്‍ കഴിയും. വഴി മുഴുവന്‍ ആനപ്പിണ്ടം ഉണ്ടായിരുന്നു. കക്കിഡാം കഴിഞ്ഞപ്പോള്‍ വളരെ അകലെ ആനക്കൂട്ടം കണ്ടു. പത്തനംതിട്ടയില്‍ നിന്നും കുമളിയിലേക്ക് വരുന്ന ബസ് കണ്ട് ഡ്രൈവര്‍ ആ ബസ്സിനു പോകാന്‍ സൌകര്യത്തിനു വഴി നല്‍കി.









  ബസ്  മൂഴിയാറില്‍ എത്തിയപ്പോള്‍ യാത്രക്കാരും  KSEB ജീവനക്കാരും കയറി.  വളരെ മനോഹരമായ മൂഴിയാര്‍ പ്രദേശം കഴിഞ്ഞ്  ആങ്ങമൂഴിയില്‍ എത്തിയപ്പോഴാണ്  ഒരു നാട്ടു പ്രദേശത്തിന്റെ  ഭംഗി  ദൃശ്യമായത്. സീതത്തോട് ,  ചിറ്റാര്‍, വടശേരിക്കര  തുടങ്ങിയ പ്രദേശങ്ങളില്‍ റബ്ബര്‍ മരങ്ങളും ചിലയിടങ്ങളില്‍ പൈനാപ്പിള്‍ തോട്ടങ്ങളും  മനോഹരമായ കുന്നുകളും കണ്ണിനു ആനന്ദകരമായ കാഴ്ചയാണ് എന്നതിന് സംശയം ഇല്ല. 
നമ്മുടെ കൊച്ചു കേരളത്തിനു സ്വന്തമായ ഈ  മനോഹരമായ ഈ പ്രദേശങ്ങള്‍ കണ്ടു രസിക്കുവാന്‍   Rs.115 ടിക്കറ്റില്‍  KSRTC ഒരുക്കിയിരിക്കുന്ന  ഈ യാത്രാ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ എല്ലാ മലയാളികള്‍ക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
 (ഈ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തിട്ടുള്ള ഫോട്ടോകള്‍ എല്ലാം മൊബൈല്‍ മൂലം എടുത്തിട്ടുള്ളതാണ്.)
GAVI - വഴി ബസ്‌  പുറപ്പെടുന്ന സമയ വിവരം 
  കുമളി - 5:30 Hrs  and  13: 20 Hrs   
 പത്തനംതിട്ട - 6: 30 Hrs  and 12: 30 Hrs
(കുമളി - ഗവി യാത്രാ സമയം  ഒന്നര മണി നേരവും ഗവിയില്‍ നിന്നും പത്തനംതിട്ടയ്ക്ക് നാലുമണിക്കൂര്‍ നേരവും )
Those who are interested to stay at Gavi, please see this link.
http://www.hotelsgavi.com/index.html